29 Thursday
January 2026
2026 January 29
1447 Chabân 10

മൂല്യബോധം വളര്‍ത്തി പ്രതിരോധിക്കാം

അബ്ദുല്‍ ബാസിത് ഐ എച്ച് ഐ ആര്‍ അഴിഞ്ഞിലം

ഇന്ന് പല കാമ്പസുകളിലെയും വിവാദ വര്‍ത്തമാനങ്ങളില്‍ നിന്ന്, വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ഗീയമായ ചിന്ത വളര്‍ത്തിയെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. വസ്ത്രത്തിന്റെയോ അസ്തിത്വത്തിന്റെയോ സംസ്‌കാരത്തിന്റെയോ പേരില്‍ ക്യാമ്പസുകളിലും പുറത്തും നടക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് മനുഷ്യന്‍, മനുഷ്യത്വം എന്ന വികാരങ്ങളെ അന്യമാക്കാനുള്ള ദുഷ്ടലാക്കായി കാണേണ്ടതുണ്ട്. പകരം അവരില്‍ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വേര്‍തിരിവും സ്വന്തം സുഹൃത്തിനെ പോലും മാറ്റി നിര്‍ത്തേണ്ടി വരികയും അവനോട് വെറുപ്പും വിദ്വേഷവും ശത്രുതയും മനസ്സില്‍ വളര്‍ത്തുകയും ചെയ്യുന്നു. ഒരു തലമുറയെ ഒന്നടങ്കം മൂല്യച്യുതിയില്‍ അകപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങളെ സമൂഹം ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്. വളര്‍ന്നു വരുന്ന നമ്മുടെ മക്കള്‍ ഇതെല്ലാം കണ്ട് വളരുമ്പോള്‍ അവരുടെ മനസ് വിഷലിപ്തമാവുകയും മതത്തിന്റെയും വേഷത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തില്‍ ഓരോരുത്തരെയും അവന്‍ കാണുകയും ചെയ്യും. മൂല്യബോധമുള്ളവരാക്കി മക്കളെ വളര്‍ത്താന്‍ ശ്രമിക്കുക എന്നത് മാത്രമാണ് നമുക്ക് മുന്‍പിലുള്ള പരിഹാരം. അതുതന്നെ, മതമൂല്യവും മാനുഷികമൂല്യവും എന്താണെന്നും അവയ്ക്ക് സമൂഹത്തിലുള്ള സ്ഥാനമെന്താണെന്നും നാം മനസിലാക്കിക്കൊടുക്കുമ്പോള്‍ വസ്ത്രത്തിന്റെ നീളവും നിറവും നോക്കാതെ, മതചിഹ്നങ്ങളും അടയാളങ്ങളും തിരയാതെ അവര്‍ മനുഷ്യനെ മാത്രം നോക്കാന്‍ പഠിക്കും.
പ്രത്യക്ഷമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനുഷിക മൂല്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന രീതിയിലുള്ള പഠനങ്ങളും പ്രവര്‍ത്തങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുകയും പരോക്ഷമായി മൂല്യവിരുദ്ധത നടപ്പിലാക്കുകയും ചെയ്യുമ്പോള്‍, ചെറുപ്പം മുതലേ നമ്മുടെ മക്കളെ മൂല്യബോധമുള്ളവരാക്കി വളര്‍ത്തി നമുക്ക് പ്രതിരോധം തീര്‍ക്കാം.

Back to Top