7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

അത്യുല്‍കൃഷ്ട ആദര്‍ശം

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ഞാന്‍ മുസ്ലിംകളില്‍പ്പെട്ടവനാണെന്ന് പറയുകയും ചെയ്തവനേക്കാള്‍ വിശിഷ്ടമായത് പറയുന്നവര്‍ മറ്റാരുണ്ട്? (ഫുസ്സിലത്ത് 33)

ആദര്‍ശ വ്യതിരിക്തതയിലൂടെ മുസ്ലിം രൂപപ്പെടുത്തേണ്ട വ്യക്തിത്വമാണ് ഈ സൂക്തത്തിന്റെ മുഖ്യ പ്രമേയം. അല്ലാഹുവിലുള്ള വിശ്വാസവും അവന് ജീവിതം സമര്‍പ്പിക്കുവാനുള്ള സന്നദ്ധതയുമാണ് നമ്മുടെ വ്യക്തിത്വത്തിന്റെ ശക്തിയും സൗന്ദര്യവുമായി നിലനില്‍ക്കേണ്ടത്. ഉദ്ദേശ്യശുദ്ധിയോടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ ഇതിന് ആവശ്യമാണ്.
ഈ ഭൂമിയില്‍ കുറച്ച് കാലം ജീവിക്കാന്‍ അവസരം ലഭിച്ചു എന്നതിന്റ കൃതജ്ഞതയായിരിക്കണം ഈ പ്രവര്‍ത്തനങ്ങള്‍. അല്ലാഹുവിനോട് കൃതജ്ഞതാ ബോധമുള്ള മനസ്സില്‍ നിന്ന് മാത്രമെ ഏത് സല്‍ഗുണങ്ങളും പുറത്ത് വരികയുള്ളൂ. ഇസ്ലാമിക വ്യക്തിത്വം നിലനിര്‍ത്താനാവശ്യമായ മൂന്ന് കാര്യങ്ങളാണ് ഈ വചനത്തിലുള്ളത്.
അല്ലാഹുവിലേക്കുളള ക്ഷണം: ചരിത്രാരംഭം മുതല്‍ നിയോഗിക്കപ്പെട്ട നബിമാരെല്ലാം നിര്‍വഹിച്ച ദൗത്യമാണിത്. മനുഷ്യനെ പുണ്യത്തിലേക്കും നന്‍മയിലേക്കും നയിക്കാന്‍ അടിസ്ഥാനപരമായി വേണ്ടത് അല്ലാഹുവിനെ കുറിച്ച് അവരെ ബോധ്യപ്പെടുത്തലാണ്. അത് വിശ്വാസവും ഭക്തിയും ആദര്‍ശവുമായി വളരുന്നു. മതത്തിന്റെ പ്രചാരണത്തിനും നിലനില്‍പ്പിനും നിരന്തരം ഉണ്ടാവേണ്ട കാര്യമാണിത്. അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിനോടൊപ്പം നന്മകള്‍ പ്രസരിപ്പിക്കാനും തിന്മ വര്‍ജിക്കാനും പര്യാപ്തമായ സാമൂഹികാന്തരീക്ഷവും നിലനില്‍ക്കേണ്ടതുണ്ട്.
സല്‍പ്രവര്‍ത്തനങ്ങള്‍: വ്യക്തിത്വത്തിന് കൂടുതല്‍ തിളക്കം ലഭിക്കുന്നത് പുണ്യങ്ങളുടെ തോതനുസരിച്ചാണ്. നന്‍മ ചെയ്യുവാനുളള സഹജബോധം അല്ലാഹു മനുഷ്യന്റെ മനസ്സില്‍ നിക്ഷേപിച്ചിട്ടുണ്ട്. തെറ്റ് ചെയ്യുവാനുള്ള പ്രവണതയും കൂടുതലാണ്. നിശ്ചിത ആരാധനകള്‍ക്കൊപ്പം ജീവിതം സല്‍പ്രവര്‍ത്തനനിരതമാക്കാനുള്ള ഇഛാശക്തിയാണ് വിശ്വാസിക്ക് ഉണ്ടാവേണ്ടത്.
അല്ലാഹുവിന്റെ മതത്തിലേക്കുള്ള പ്രബോധനത്തേക്കാള്‍ ശ്രമകരമാണ് സ്വന്തം ജീവിതം സല്‍പ്രവര്‍ത്തനനിരതമാക്കുകയെന്നത്. അഥവാ സല്‍പ്രവര്‍ത്തന ദീപ്തിയില്‍ കഴിയുന്നവര്‍ക്ക് മാത്രമെ ദഅവത്ത് ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂ. ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ മറ്റുള്ളവരത് സ്വീകരിക്കുകയില്ലെന്ന് മാത്രമല്ല, അല്ലാഹു വെറുക്കുകയും ചെയ്യും.(61:03)
ഞാന്‍ മുസ്ലിംകളില്‍പ്പെട്ടവനാണെന്ന് പറയുകയെന്നതാണ് മൂന്നാമത്തേത്. ഇത് പ്രഖ്യാപിക്കുന്നതിനേക്കാള്‍ അതിനുളള അര്‍ഹത നേടലാണ് പ്രധാനം. ഞാന്‍ മുസ്ലിമാകുന്നു എന്ന സാമുദായികത തെളിയിക്കല്‍ എളുപ്പമാണ്. അല്ലാഹു ആവശ്യപ്പെടുന്നത് അതല്ല. പ്രബോധനം നടത്തുക, സല്‍കര്‍മം ചെയ്യുക എന്നതിനേക്കാള്‍ മനസാന്നിധ്യമാണ് ഇതിന് വേണ്ടത്.
ആദര്‍ശ ആരാധനകള്‍ പോലെ പ്രധാനമാണ് സാംസ്‌കാരിക രംഗവും. ആദ്യത്തേതില്‍ മികവ് പുലര്‍ത്തുന്ന ഒട്ടു വളരെ പേര്‍ പരാജയപ്പെടുന്നത് സ്വഭാവ സംസ്‌കാര തലങ്ങളിലാണ്. ‘ഞാന്‍ മുസ്ലിമാകുന്നു’ എന്ന് പറയാതെ തന്നെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ നമ്മുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്താന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
ആരാണ് അത്യുല്‍കൃഷ്ടന്‍ എന്ന് നബി(സ)യോട് ചോദിക്കുകയുണ്ടായി. ‘ആരെ കാണുമ്പോഴാണോ മറ്റുള്ളവര്‍ക്ക് അല്ലാഹുവിനെ ഓര്‍മ വരുന്നത് അവരാണ് നിങ്ങളില്‍ അത്യുല്‍കൃഷ്ടര്‍’ എന്നായിരുന്നു നബിയുടെ മറുപടി. രഹസ്യ ജീവിതത്തിലും പൊതു ജീവിതത്തിലും ഇസ്ലാമിക വ്യക്തിത്വം നിലനിര്‍ത്തുന്നവര്‍ക്ക് മാത്രമെ നബി പരിചയപ്പെടുത്തിയ അംഗീകാരം ലഭിക്കുകയുള്ളൂ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x