9 Saturday
August 2025
2025 August 9
1447 Safar 14

ലൈംഗിക അരാജകത്വം ആരുടെ താല്പര്യം

ഡാനിഷ് അരീക്കോട്‌

നവലിബറലിസ്റ്റ് ആശയങ്ങള്‍ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സുഖത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഏതറ്റം വരെയും പോകാമെന്നും അതില്‍ ധാര്‍മികതക്കോ സദാചാരത്തിനോ യാതൊരു സ്ഥാനവുമില്ലായെന്നതുമാണ് അവരുടെ ആശയങ്ങളുടെ അടിസ്ഥാന തത്വം. സ്വവര്‍ഗരതി ആധുനികകാലത്തെ ശരിയാണെന്നും അതിനെ എതിര്‍ക്കുന്നവരെല്ലാം പ്രാകൃതരാണെന്നും തുടങ്ങിയ അത്യന്തം അപകടകരമായ ആശയങ്ങളാണ് ലിബറലിസം എന്ന ഓമനപ്പേരിട്ട് ഇവര്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഒരാള്‍ സ്വവര്‍ഗാനുരാഗിയാകുന്നത് അയാളുടെ പ്രശ്‌നമല്ലെന്നും ഹോമോസെക്‌സ്വല്‍ ജീനിന്റെ സാന്നിധ്യമാണെന്നുമുള്ള ബാലിശമായ ന്യായീകരണം മുന്‍നിര്‍ത്തിയാണ് ഈ രതിവൈകൃതത്തിന് ലിബറലിസ്റ്റുകള്‍ കുട പിടിക്കുന്നത്. എന്നാല്‍ 2019ല്‍ നടന്ന ഒരു പഠനപ്രകാരം ഇങ്ങനെയൊരു ജീന്‍ മനുഷ്യശരീരത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇനി ഹോമോസെക്ഷ്വല്‍ ജീന്‍ ഉണ്ടെന്ന് വാദത്തിന് അംഗീകരിച്ചാല്‍ തന്നെയും, ഈയൊരു ജീന്‍ മാത്രമാണോ മനുഷ്യര്‍ക്കിടയില്‍ കാണപ്പെടുന്ന സ്വവര്‍ഗാനുരാഗത്തിന് കാരണം?
സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ലൈംഗികാതിക്രമങ്ങളെപ്പറ്റി ഒരുപാട് ചര്‍ച്ചകളും പഠനങ്ങളും നടക്കാറുണ്ട്. എന്നാല്‍ മുതിര്‍ന്നവരില്‍ നിന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനുഭവിക്കുന്ന സ്വവര്‍ഗ ലൈംഗികാതിക്രമങ്ങളെപ്പറ്റി നാം അധികം ചര്‍ച്ച ചെയ്യാറില്ല. ഇവ്വിഷയത്തില്‍ ഒരു സര്‍വേ നടത്തിയാ ല്‍ ഞെട്ടിപ്പിക്കുന്ന കണക്കായിരിക്കും പുറത്തുവരിക.
ഭൂരിഭാഗം കുട്ടികളും സ്വവര്‍ഗലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ട് എന്നത് സങ്കടകരമായ വസ്തുതയാണ്. ഈ അതിക്രമം കാണിക്കുന്നത് ഹോമോസെക്‌സ്വല്‍ ജീനുള്ള ന്യൂനാല്‍ന്യൂനപക്ഷമായ വിഭാഗമാണോ? ഒരിക്കലുമല്ല. നൂറ് ശതമാനം ഹെറ്ററോ സെക്ഷ്വല്‍ ആയിട്ടുള്ള പീഡകരാണ്. ഇതില്‍ പലരും ഭാര്യയും കുട്ടികളുമായി കുടുംബജീവിതം നയിക്കുന്നവരുമാണ്.
സ്വവര്‍ഗരതി എന്നത് ഹോമോസെക്ഷ്വല്‍ ജീനുള്ള ഒരു പ്രത്യേകവിഭാഗം മാത്രം നടത്തുന്ന ലൈംഗികവൃത്തിയല്ല. ഹെറ്ററോ സെക്ഷ്വലായ വിഭാഗം കാമപൂര്‍ത്തീകരണത്തിന് വേണ്ടി തെരഞ്ഞെടുക്കുന്ന മ്ലേച്ച മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ആവര്‍ത്തന വിരസതയേക്കാള്‍ വ്യത്യസതമായ അനുഭൂതികള്‍ ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്ന മനുഷ്യ മനസ്സിന് കടിഞ്ഞാണിട്ടില്ലെങ്കില്‍ വ്യഭിചാരം, സ്വവര്‍ഗരതി പോലെയുള്ള അധാര്‍മിക പ്രവര്‍ത്തനങ്ങളിലേക്ക് മനുഷ്യര്‍ നീ ങ്ങുന്നത് സ്വാഭാവികം. അതിന് പ്രത്യേകിച്ചൊരു ജനിതക ഘടനയുടെ ആവശ്യമൊന്നുമില്ല. എന്നാല്‍ ഇത്തരം അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേക്ക് അടുക്കാതിരിക്കാന്‍ ധാര്‍മികബോധവും സദാചാരബോധവും ആവശ്യമാണുതാനും.
ഇസ്ലാമികേതര മതദര്‍ശനങ്ങളില്‍ മിക്കതും മനുഷ്യരുടെ ലൈംഗികാസ്വാദനത്തെ പൂര്‍ണമായും വര്‍ജിക്കുന്നത് മഹത് കാര്യമായി ഗണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യസഹജമായ ലൈംഗികതയെ പൂര്‍ണമായും വിലക്കുന്നതിലൂടെ ഇത്തരം ദര്‍ശനങ്ങള്‍ മനുഷ്യത്വവിരുദ്ധമാകുന്നു. അതേസമയം, ലിബറലിസ്റ്റുകള്‍ പരിപൂര്‍ണ ലൈംഗികസ്വാത്ര്രന്ത്യത്തെ പ്രോത്സാഹിപ്പിക്കുന്നു.
ഇവിടെയാണ് ഇസ്ലാമിന്റെ പ്രസക്തി. തിന്നുക, കുടിക്കുക, ഉറങ്ങുക തുടങ്ങിയ മൗലികാവശ്യങ്ങള്‍ പോലെ തന്നെയാണ് ലൈംഗികതയെയും ഇസ്ലാം കാണുന്നത്. ഈയൊരാശയത്തില്‍ ലിബറലിസവും ഇസ്ലാമും യോജിച്ചേക്കാം.
പക്ഷെ ഉദാരലൈംഗികതയും ഇസ്ലാമിലെ ലൈംഗികതയും വ്യത്യാസപ്പെടുന്നത് ഇനി പറയുന്ന ആശയത്തിലാണ്. നവലിബറല്‍ വീക്ഷണത്തില്‍ ലൈംഗികത എന്നത് ഏതുവിധേനയും അവനവന്റെ കാമം പൂര്‍ത്തീകരിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിലധിഷ്ഠിതമാണ്. അവിടെ വ്യക്തിബന്ധങ്ങള്‍ക്കോ കുടുംബബന്ധങ്ങള്‍ക്കോ ധാര്‍മികതക്കോ യാതൊരു സ്ഥാനവുമില്ല.
എന്നാല്‍ ഇസ്‌ലാമിലെ ലൈംഗികത കേവലം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ലൈംഗികവേഴ്ച്ചയല്ല. മറിച്ച് പരസ്പരവിശ്വാസം, പ്രകൃതിപരം, സാമൂഹിക സുസ്ഥിതി, സ്ത്രീ സുരക്ഷ, സാമ്പത്തികഭദ്രത, ചൂഷണരഹിതം, വ്യക്തിശുചിത്വം തുടങ്ങിയ പല ഘടകങ്ങളെയും സംബോധന ചെയ്തുകൊണ്ടുള്ള ഇണചേരലാണ്.

Back to Top