ഇസ്‌ലാമിക ചിഹ്നങ്ങളെ തകര്‍ക്കുന്ന ശീഈ വിശ്വാസങ്ങള്‍
അബ്ദുല്‍അലി മദനി
സാധാരണക്കാരായ മുസ്‌ലിംകള്‍ക്കിടയിലൂടെ നബി കുടുംബത്തോടുള്ള പ്രേമപ്രകടനവുമായി ചുറ്റിക്കറങ്ങിയ യഹൂദിയായ അബ്ദുല്ലാഹിബ്‌നു സബഅ് ആണ് ശീആഇസത്തിന്റെ ഉപജ്ഞാതാവും സൂത്രധാരനും. ഖുര്‍ആനിന്നെതിരിലും സ്വഹാബത്തിന്നെതിരിലും വലിയ ആരോപണങ്ങളുന്നയിച്ചും അവര്‍ ഉയര്‍ത്തിക്കാണിക്കാനുദ്ദേശിക്കുന്ന ഇമാമുകളെപ്പറ്റി അതിരുവിട്ട പുകഴ്ത്തല്‍ നടത്തിയും മുസ്‌ലിംകള്‍ക്കിടയിലൂടെ അലഞ്ഞുതിരിഞ്ഞ ഈ ജൂതന്‍, നബി(സ)യുടെ കാലശേഷം മുസ്‌ലിംകളുടെ നേതൃത്വം അലി(റ)ക്ക് കൊടുക്കാന്‍ വസിയ്യത്ത് ചെയ്തിരുന്നുവെന്ന് വാദിക്കുകയും തുടര്‍ന്ന് അലി(റ)യെ അല്ലാഹുവിന്റെ തന്നെ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തു.
മുന്‍കാലക്കാരില്‍ നിന്നും പില്‍ക്കാലക്കാരില്‍ നിന്നുമുള്ള ഒട്ടനേകം പണ്ഡിതന്മാര്‍ അവരുടെ രചനകളിലൂടെ ശീആഇസമെന്ന ഈ ആപത്തിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവരുടെ വഴിപിഴച്ച വിശ്വാസങ്ങളും അതിരുവിട്ട നുണപ്രചാരണങ്ങളും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടി ജീവിച്ച മഹാന്മാരെ പഴിച്ചും അധിക്ഷേപിച്ചുമുള്ള കുപ്രചരണങ്ങളും മുമ്പുള്ളതിനേക്കാള്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്കിടയില്‍ അറിയപ്പെടുന്ന ഖവാരിജ്, മുഅ്തസില, ത്വരീഖത്തുകള്‍, ദാഹിരികള്‍, ബാത്വിനികള്‍, അലവികള്‍, ഫാത്വിമികള്‍, ഹസനികള്‍, ഹുസൈനികള്‍, മഹ്ദികള്‍, ഇസ്‌നാ അശരികള്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം ശീഇയ്യത്തിന്റെ വകഭേദങ്ങളായിട്ടുള്ള പാര്‍ട്ടികളാണ്. ഇസ്‌ലാം മതത്തെ സംബന്ധിച്ചേടത്തോളം അത്യാപല്‍ക്കരമായിട്ടുള്ള ഒന്നാണ് ശീആഇസം.
സമുന്നതമായൊരു മതദര്‍ശനമെന്ന നിലയില്‍ ഇസ്‌ലാമില്‍ ഇല്ലാത്ത ഒന്നാണ് കുടുംബ മാഹാത്മ്യം പറഞ്ഞുകൊണ്ടുള്ള ഉയര്‍ത്തിക്കാണിക്കല്‍. അഹ്‌ലുബൈത്ത് (നബികുടുംബം) എന്ന ആശയം തന്നെ പ്രചരിപ്പിച്ചത് ശീആക്കളാണ്. നബി കുടുംബത്തെ സ്‌നേഹിക്കല്‍ (ഹുബ്ബു ആലുബൈത്ത്) പൊക്കി അതിരുവിട്ട മഹത്വപ്പെടുത്തലുണ്ടാക്കിയത് ശീആക്കളാണ്. പ്രശംസകള്‍ പറഞ്ഞു നടന്ന് അവസാനം അവര്‍ അവരുടെ ഇമാമുകളെ ആരാധിക്കുകയും അവതാരങ്ങളായി ചിത്രീകരിക്കുകയും ചെയ്തു. മതാധ്യക്ഷന്മാര്‍ക്ക് നിയമങ്ങള്‍ നിര്‍വഹിച്ചു നല്‍കാന്‍ ഉതകുമാറുള്ള മഹത്വം ഇസ്‌ലാം മതത്തില്‍ ഇല്ലാത്തതാണ്. എന്നാല്‍ ശീആക്കള്‍ അവര്‍ക്കിടയിലെ മതനേതാക്കള്‍ക്ക് മതനിയമങ്ങള്‍ ഉണ്ടാക്കാനും ഇല്ലാതാക്കാനും അധികാരമുള്ളവരായി വിശ്വസിക്കുന്നവരാണ്. അഥവാ മുസ്‌ലിംകള്‍ക്കിടയില്‍ പൗരോഹിത്യത്തിന് വലിയ നിലവാരമുണ്ടാക്കിയത് ശീആക്കളാണെന്ന് സാരം.
മുസ്‌ലിംകള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ഇബ്നു സബഅ് നടത്തിയ കുതന്ത്രങ്ങളുടെ സ്വാധീനം അറിയാന്‍ റാഫിദികളുടെ നേതാക്കള്‍ രചിച്ച ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. യഹൂദികള്‍ എക്കാലത്തും മുസ്‌ലിം സമൂഹത്തെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി ചരിത്രം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പ്രവാചകന്റെ വിയോഗത്തിനു തൊട്ടുപിന്നിലായി മുസ്‌ലിംകളില്‍ ഇത്രയും ആഴത്തില്‍ പിളര്‍പ്പുണ്ടാക്കിയത് ഈ ജൂതന്റെ പ്രവര്‍ത്തനങ്ങളാണ്. ഇബ്‌നു സബഇന്റെ അനുയായികള്‍ സബഇയ്യാക്കള്‍ എന്നാണറിയപ്പെടുന്നത്. അലി(റ) നബിയായിരുന്നെന്നും പിന്നീട് ദൈവം തന്നെയാണെന്നും അദ്ദേ ഹം വാദിച്ചു.
എല്ലാ നബിമാര്‍ക്കും അവരവരുടെ കാലശേഷം കൈകാര്യകര്‍തൃത്വം ഏല്പിച്ച ഒരു വ്യക്തിയുണ്ടാകുമെന്നും മുഹമ്മദ് നബി(സ)യുടെ കാലശേഷം പ്രസ്തുത അധികാരം അലി(റ)ക്കാണ് വസ്വിയ്യത്ത് ചെയ്യപ്പെട്ടിട്ടുള്ളതെന്നും അയാള്‍ പ്രചരിപ്പിച്ചു. അങ്ങനെ, വസ്വിയ്യത്ത്, വാനലോകത്തു നിന്നുള്ള ഇറക്കം, മറക്കു പിന്നിലിരിക്കല്‍, ഇമാമുകളെ ഇലാഹാക്കല്‍ തുടങ്ങിയ ചില വാദഗതികള്‍ അവര്‍ വ്യാപിപ്പിച്ചു.
ശീആക്കള്‍ക്ക് റാഫിദികള്‍ എന്ന പേര് ലഭിച്ചതിനെപ്പറ്റി അവരുടെ തന്നെ അവലംബ ഗ്രന്ഥമായ മജ്‌ലിസിയുടെ അല്‍ബിഹാറില്‍ ധാരാളം സൂചനകളുണ്ട് (പേജ് 68,96,97). സലഫീ പണ്ഡിതനായ ഇബ്‌നുജബ്‌റയ്ന്‍ ലംഅത്തുല്‍ ഇഅ്തിഖാദ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: അവര്‍ റാഫിദികള്‍ എന്ന് വിളിക്കപ്പെട്ടു. കാരണം, അവര്‍ സൈദുബ്‌നു അലിയുടെ അടുക്കല്‍ ചെന്ന് താങ്കള്‍ അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരെ തള്ളിപ്പറയണമന്നാവശ്യപ്പെട്ടു. അപ്പോള്‍ സൈദ് പറഞ്ഞു: അവര്‍ രണ്ടുപേരും എന്റെ വലിയുപ്പയായ അലി(റ)യുടെ അടുത്തവരാണ്. ഞാനും അവരെ ഉറ്റവരായിട്ടാണ് കാണുന്നത്. ഉടനെ അവര്‍ പ്രതികരിച്ചു: എന്നാല്‍ ഞങ്ങള്‍ താങ്കളെയും ഒഴിവാക്കുന്നു. ഇവിടം മുതലാണ് തള്ളിപ്പറയുന്നവര്‍ എന്നര്‍ഥം വരുന്ന റാഫിദ എന്ന പേര് ഉടലെടുത്തത്. (പേജ് 108). തുടര്‍ന്ന്, സൈദിനെ അനുഗമിച്ചവര്‍ സൈദിയ്യാക്കള്‍ എന്നും അറിയപ്പെട്ടു.
അബൂബക്കറിന്റെയും(റ) ഉമറിന്റെയും(റ) ഇമാമത്തിനെ തള്ളിപ്പറയുന്നതിനാലും ഇസ്‌ലാമിന്റെ മൗലിക ആശയങ്ങളെ കയ്യൊഴിക്കുന്നതിനാലുമാണ് റാഫിദുകള്‍ എന്ന പേരില്‍ അവര്‍ അറിയപ്പെട്ടതെന്ന് ചിലര്‍ പറയുന്നു (മഖാലാത്തുല്‍ ഇസ്‌ലാമിയ്യീന്‍ 1:89)
ശീആക്കള്‍ എത്ര വിഭാഗമുണ്ടെന്നതിനെപ്പറ്റി കൃത്യമായി പറയാനാവില്ല. എഴുപത്തിമൂന്നിലധികമാണെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റു ചിലര്‍ മുന്നൂറോളമുണ്ടെന്ന് പറയുന്നു. (ദാഇറത്തുല്‍ മആരിഫ് 4:67). നബി(സ) എന്റെ ഉമ്മത്ത് എഴുപത്തിമൂന്നായി പിരിയുമെന്നും അതില്‍ ഒരുവിഭാഗം മാത്രമാണ് രക്ഷപ്പെട്ടതെന്നും അവര്‍ എന്റെ ചര്യ പിന്‍പറ്റിയവരായിരിക്കുമെന്നും പറഞ്ഞ ഹദീസിനെ ശീആക്കളില്‍ പെട്ട ചിലര്‍ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്: ശീആക്കള്‍ എഴുപത്തിമൂന്നായി പിരിയും. അതില്‍ രക്ഷപ്രാപിച്ചവര്‍ ഇമാമിയ്യ വിഭാഗമായിരിക്കും. ശഹര്‍സ്താനി പറയുന്ന റാഫിദികള്‍ അഞ്ച് വിഭാഗമാണ്. കൈസാനിയ്യ, സൈദിയ്യ, ഇമാമിയ്യ, ഗാലിയ്യ, ഇസ്മാഈലിയ്യ എന്നിവയാണവ. (അല്‍മിലലു വന്നിഹല്‍ 147). അല്ലാഹുവിന്റെ സത്തയിലും ഗുണത്തിലും നാമത്തിലും പ്രവര്‍ത്തനത്തിലും അല്ലാഹുവിന്റെ മഹത്തായ സ്ഥാനത്തിന് നിരക്കാത്ത ഒട്ടനേകം അബദ്ധ ജടിലങ്ങളായ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ് ശീആക്കള്‍. അല്ലാഹു നേരത്തെ അറിവില്ലാത്തവനായിരുന്നുവെന്നും പിന്നീട് അറിവുള്ളവനായതാണെന്നും അവര്‍ക്ക് വാദമുണ്ട്. അവരുടെ ഇമാമുകള്‍ എല്ലാം അറിയുന്നവരാണെന്നും അവര്‍ക്ക് ഒന്നും മറഞ്ഞുപോകുന്നില്ലെന്നും ശീആക്കള്‍ വിശ്വസിക്കുന്നു. അല്ലാഹു നമ്മെപ്പോലെയുള്ള ശരീരമുള്ളവനാണെന്നും അവനെ പരലോകത്തുവെച്ച് കാണാനാവില്ലെന്നും അവര്‍ വിശ്വസിക്കുന്നു.
അല്ലാഹുവിനെ കാലം, സ്ഥലം, രൂപം, ചലനം, നീക്കം, അനക്കം എന്നിവകൊണ്ടൊന്നും വിശേഷിപ്പിക്കാവതല്ലെന്നും ഇബ്‌നു ബാബവൈഹി എഴുപതോളം പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുള്ള അല്ലാഹുവിന്റെ സ്വിഫാത്തുകളെ ശിആക്കള്‍ അംഗീകരിക്കുന്നില്ല. അതുവഴി അവരുടെ ശൈഖുമാര്‍ ഖുര്‍ആനില്‍ പറയപ്പെട്ട പല വിശേഷണങ്ങളും നിഷേധിക്കുകയോ ചിലത് കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നവരാണ്. അല്ലാഹുവിനെ അന്ത്യദിനത്തില്‍ കാണാനാവുമോ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ജഅ്ഫര്‍ സ്വാദിഖ് നല്‍കിയ മറുപടി: നിശ്ചയം, കണ്ണുകള്‍ക്ക് നിറങ്ങളോ രൂപമോ ഉള്ളതല്ലാതെ കാണാന്‍ കഴിയില്ല. അല്ലാഹു നിറങ്ങളും രൂപങ്ങളും സൃഷ്ടിക്കുന്നവനായതിനാല്‍ അവനെ എങ്ങനെ കാണാനാകും? എന്നാണ്. ഇത്തരം വാദങ്ങള്‍ ഇസ്‌നാ അശരിയ്യാക്കള്‍ക്കാണ് അധികവുമുള്ളത്. പിന്നീട് ജഹ്മികള്‍ ഉണ്ടായി. അവരാണ് അല്ലാഹുവിന്റെ നാമവിശേഷങ്ങളെ പാടെ തള്ളിപ്പറഞ്ഞത്.
വിശുദ്ധ ഖുര്‍ആനില്‍ സ്ഥിരപ്പെടുത്തി പ്രഖ്യാപിച്ച കാര്യത്തില്‍ വിശ്വസിച്ചവര്‍ മതത്തിന്റെ പുറത്താണെന്നാണ് ശീആക്കള്‍ കരുതുന്നത്. ഖുര്‍ആന്‍ പറയുന്നു: അന്ന് ചില മുഖങ്ങള്‍ പ്രശോഭിതമായിരിക്കും. അവ അവയുടെ രക്ഷിതാവിലേക്ക് നോക്കിക്കൊണ്ടിരിക്കും. (ഖിയാമ 22,23). ഖുര്‍ആനിനെപ്പറ്റി ശീആക്കള്‍ കരുതുന്നത് ഇന്ന് മുസ്‌ലിംകളുടെ കൈവശമുള്ള ഖുര്‍ആന്‍ യഥാര്‍ഥത്തില്‍ മുഹമ്മദ് നബി(സ)ക്ക് അല്ലാഹു ഇറക്കിയതല്ലെന്നാണ്. അത് മാറ്റത്തിരുത്തലുകള്‍ക്ക് വിധേയവുമാണത്രെ! ശീആ നേതാക്കളും അവരുടെ പണ്ഡിതന്മാരും വിശുദ്ധ ഖുര്‍ആന്‍ ശരിയായ വിധം നിലകൊള്ളുന്നില്ലെന്ന് തന്നെയാണ് വിശ്വസിക്കുന്നത് (ഫസ്‌ലുല്‍ ഖിത്താബ് തബ്‌റീസി 32).
ഖുര്‍ആന്‍ രണ്ടെണ്ണമുണ്ടെന്നും ഒന്ന് അറിയപ്പെട്ടതും രണ്ടാമത്തേത് മറച്ചുവെക്കപ്പെട്ടതുമാണെന്നും അവര്‍ പറയുന്നു. മറച്ചുവെക്കപ്പെട്ടതിലാണ് സൂറത്തുല്‍ വിലായത്തുള്ളത്. സൂറത്തുല്‍ ഇന്‍ശിറാഹില്‍ അലിയെ നാം നിന്റെ മരുമകനാക്കിയെന്നര്‍ഥം വരുന്ന ഒരു സൂക്തമുണ്ടായിരുന്നുവെന്നും അത് മനപ്പൂര്‍വം മറച്ചുവെച്ചതാണെന്നും അവര്‍ക്ക് വാദമുണ്ട്. എന്നാല്‍ ഹിജ്‌റയുടെ മുമ്പ് മക്കയില്‍ ഈ അധ്യായം അവതരിക്കുമ്പോള്‍ അലി(റ) നബി(സ)യുടെ മരുമകനായിരുന്നിട്ടില്ല. അലി(റ)ക്ക് പോലും അറിവില്ലാതിരുന്ന കാര്യങ്ങളാണ് അവര്‍ പറയുന്നത്.
നബി(സ)യുടെ സന്തത സഹചാരികളായിരുന്ന സ്വഹാബത്തിനെയും അവര്‍ വെറുതെ വിട്ടില്ല. അവരെ മുഴുവനും നിഷേധികളായി ചിത്രീകരിക്കുക അവരുടെ സ്ഥിരം പതിവായിത്തീര്‍ന്നു. അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ കാഫിറുകളാണെന്നും അവരെ സ്‌നേഹിക്കുന്നവരും കാഫിറുകളാണെന്നും ഹസന്റെ(റ) പുത്രന്‍ അലി പറഞ്ഞിട്ടുണ്ടെന്ന് ശീആക്കള്‍ വാദിക്കുന്നു.
ഉസ്മാനെ(റ) വീടുവളഞ്ഞ് നിര്‍ദാക്ഷിണ്യം കൊല നടത്തിയതോടെ ശക്തി പ്രാപിച്ച ശീആക്കള്‍ക്ക് ജമല്‍, സ്വിഫ്ഫീന്‍ മുതലായ യുദ്ധങ്ങളിലും സജീവ പങ്കുണ്ട്. എന്നാല്‍, അലിയ്യുബ്‌നു ഹുസൈനും അവരുടെ കുടുംബവും റാഫിദികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ഇത്തരം കുപ്രചരണങ്ങളെ നിഷേധിച്ചിട്ടുണ്ടെന്നതാണ് പരമാര്‍ഥം.
സൂറത്ത് നഹ്‌ലിലെ തൊണ്ണൂറാമത്തെ സൂക്തത്തിലുള്ള ‘അവന്‍ (അല്ലാഹു) ചീത്തയും നികൃഷ്ടവുമായതിനെയും അതിക്രമത്തെയും വിലക്കുന്നു’ എന്ന ആയത്തിലുള്ള ചീത്ത എന്നത് അബൂബക്കറും(റ) നികൃഷ്ടമെന്നത് ഉമറും(റ), അതിക്രമമെന്നത് ഉസ്മാനും(റ) ആണെന്നാണവരുടെ വ്യാഖ്യാനം. ദാഹിരികള്‍, ബാത്വിനികള്‍ എന്നീ സംഘങ്ങളും ശീആക്കളില്‍ നിന്നുണ്ടായതാണ്. ദാഹിരികള്‍ ബാഹ്യ അര്‍ഥം പറയുമ്പോള്‍ ബാത്വിനികള്‍ ആന്തരികവും ആഴവും പരതുന്നു. സുറത്തുല്‍ ബഖറയില്‍ ഇസ്‌റാഈല്യരോട് പശുവിനെ അറക്കാന്‍ നിര്‍ദേശിച്ചത് ആഇശ(റ)യെ വധിക്കാനാണെന്നാണവരുടെ പക്ഷം.
ശിആ ഗ്രന്ഥമായ ‘മിഫ്താഹുല്‍ ജിനാനി’ല്‍ നബി (സ)ക്ക് അനുഗ്രഹത്തിനായി പ്രാര്‍ഥിച്ച ശേഷം അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), ആഇശ(റ), ഹഫ്‌സ(റ) എന്നിവരെ ശപിക്കുന്നതായി കാണാം (പേജ് 114). കര്‍ബലയില്‍ വെച്ച് ഹുസൈന്‍(റ) വധിക്കപ്പെട്ട മുഹര്‍റം പത്തിന് ശീആക്കള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അത്യന്തം ലജ്ജാകരമായിരുന്നു.
പിശാച് അവരെ എത്രമാത്രം വഴിതെറ്റിച്ചിട്ടുണ്ടെന്ന് അതില്‍ നിന്ന് മനസ്സിലാക്കാം. അന്ന് അവര്‍ ഒരു നായയെ കൊണ്ടുവന്നു നിര്‍ത്തി ചാവുന്നതു വരെ വടികൊണ്ട് പ്രഹരിക്കുന്നു. കല്ലെടുത്തെറിയുന്നു. പ്രസ്തുത നായ സങ്കല്പത്തില്‍ ഉമര്‍(റ) ആണത്രെ. പിന്നീട് ഒരു ആടിനെ കൊണ്ടുവരും. അത് ആഇശ(റ)യാണെന്ന് പറയും. എന്നിട്ട് അത് ചാവും വരെ അതിന്റെ രോമം പറിച്ചെടുക്കുകയും ചെരിപ്പുകള്‍ കൊണ്ട് അതിനെ അടിക്കുകയും ചെയ്യും (തബ്ദീദുള്ളലാം പേജ് 27). ഉമറിന്റെ(റ) ഘാതകനായ അബൂലുഅ്‌ലുവിനെ അവര്‍ ധീരനായ ‘ബാബ’ എന്നാണ് വിളിക്കുക. മുസ്‌ലിം ലോകവും ചരിത്രവും വളരെ ഉത്തമരെന്ന് സമ്മതിച്ചവരെ മുഴുവനും അവര്‍ തള്ളിപ്പറയുന്നു. ശത്രുക്കളെ പുകഴ്ത്തുകയും ചെയ്യുന്നു.