31 Friday
October 2025
2025 October 31
1447 Joumada I 9

മാധ്യമവിലക്ക് തുടര്‍ക്കഥയാകുന്നോ?


അമേരിക്കയിലെ ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ ചെന്നാല്‍, നിങ്ങളുടെ രാജ്യം ഫാസിസത്തിലേക്ക് വഴുതിപ്പോകുന്നുണ്ടോ എന്നറിയാനായി ഫാസിസത്തിന്റെ പന്ത്രണ്ട് സൂചനകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫാസിസം രാജ്യത്തെ പിടിമുറുക്കുന്നുണ്ടോ എന്ന് അറിയാനുള്ള ഉരകല്ലായാണ് ഈ കാരണങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. അതിലെ അഞ്ചാമത്തെയും ആറാമത്തെയും കാര്യങ്ങള്‍ ഒരുമിച്ച് വാര്‍ത്തയിലേക്ക് വന്ന ദിവസങ്ങളാണ് സമകാലീന ഇന്ത്യന്‍ സാഹചര്യം. മാധ്യമനിയന്ത്രണവും ദേശീയസുരക്ഷയിലുള്ള അമിതമായ അഭിനിവേശവുമാണ് ആ കാരണങ്ങള്‍.
രാജ്യസുരക്ഷാ കാരണം പറഞ്ഞ് മീഡിയ വണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാനാവില്ല എന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് ചാനലിന്റെ പ്രവര്‍ത്തനം ഏതാനും സമയത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നു. ചാനല്‍ അധികൃതര്‍ കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിലക്കിയ നടപടിക്ക് സ്റ്റേ ലഭിക്കുകയും അതിന്റെ ആനുകൂല്യത്തില്‍ മാധ്യമ പ്രവര്‍ത്തനം മുന്നോട്ട് പോവുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. വരും ദിവസങ്ങളിലെ കോടതിവ്യവഹാരങ്ങളുടെ ഗതി എന്താകുമെന്ന് പ്രവചിക്കാനാവില്ല. നീതിയും ന്യായവും പുലരുമെന്നാണ് ഭരണഘടനയെ ബഹുമാനിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്.
മാധ്യമങ്ങളെ പലവിധത്തില്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ എല്ലാ കാലത്തും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവാറുണ്ട്. ഇതേ കേന്ദ്രസര്‍ക്കാര്‍ തന്നെ ദല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിലെ അപാകത ചൂണ്ടിക്കാണിച്ച് മീഡിയ വണ്ണിനെയും ഏഷ്യാനെറ്റിനെയും ഒരു നിശ്ചിത സമയത്തേക്ക് വിലക്കിയിരുന്നു. സത്യസന്ധമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവരെയും സര്‍ക്കാറിനെ വിമര്‍ശിച്ച് അഭിപ്രായം പറയുന്നവരെയും വേട്ടയാടുന്ന സാഹചര്യം മുമ്പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവെ, തന്റെ യൂട്യൂബ് ചാനലിലൂടെ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കേസെടുക്കുകയുണ്ടായി. എന്നാല്‍ സുപ്രീംകോടതി ഇടപെട്ടു കൊണ്ടാണ് അദ്ദേഹത്തിന്റെ വിമര്‍ശിക്കാനുള്ള മൗലികാവകാശം സ്ഥാപിച്ചു കൊടുത്തത്. അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടി പോലും പരമോന്നത കോടതികളെ സമീപിക്കേണ്ട അവസ്ഥ ദു:ഖകരമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി, വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന പേരില്‍ അമ്പതിലധികം സോഷ്യല്‍ മീഡിയ ചാനലുകളാണ് കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചത്. സര്‍ക്കാറിനെതിരെയുള്ള വാര്‍ത്തകളെല്ലാം തന്നെ ഫേക്ക് ന്യൂസാണെന്ന് വരുത്തിതീര്‍ക്കുന്ന പ്രവണതയും ശക്തമാണ്. ഈ നിരോധിക്കപ്പെട്ട ചാനലുകളില്‍ എത്രയെണ്ണമാണ് യഥാര്‍ഥത്തില്‍, വ്യാജവാര്‍ത്തകളുടെ ഫാക്ടറിയായി പ്രവര്‍ത്തിച്ചിരുന്നത് എന്നത് പരിശോധിക്കേണ്ടതാണ്.
ഏകാധിപത്യ ഭരണകൂടങ്ങളെല്ലാം തന്നെ സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനവും വസ്തുതാ വിശകലനവും ഭയപ്പെട്ടിട്ടുണ്ട്. അതിന്റെ കാരണം, ജനാധിപത്യ സംവാദങ്ങളും വിമര്‍ശനങ്ങളും ഏകപക്ഷീയമായ അജണ്ടകള്‍ക്ക് വിഘാതം സൃഷ്ടിക്കുമെന്നതാണ്. ഭരണകൂടങ്ങള്‍ക്ക് എപ്പോഴും താല്‍പ്പര്യം അവരുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുകയും അതിന് പോപ്പുലാരിറ്റി നല്‍കുകയും ചെയ്യുന്ന മാധ്യമങ്ങളെയാണ്. തെലങ്കാനയില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച നാല്‍പ്പതിലധികം പത്രപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത വേളയില്‍ പോലീസ് അധികാരികള്‍ അവരോട് ചോദിച്ചത്; നിങ്ങളെന്തിനാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് എന്നാണ്. സമാനമായി, യു പി സര്‍ക്കാര്‍ ദി വയര്‍ പോര്‍ട്ടലിനെതിരെയും കേസെടുക്കുകയുണ്ടായി.
സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന സ്വാഭാവികതയാണ് എന്ന വസ്തുത പോലും മറന്നുപോയിരിക്കുന്നു. സര്‍ക്കാറിന്റെ മെഗാഫോണാകാനും പരസ്യം നല്‍കുവാനുമാണ് മാധ്യമങ്ങള്‍ എങ്കില്‍, ഇത്രയധികം ചാനലുകളും പത്രങ്ങളും മറ്റ് സംവിധാനങ്ങളും ഇവിടെ വേണ്ടതില്ലല്ലോ. ജനാധിപത്യത്തിന്റെ നാലാം സ്തംഭം എന്ന് നാം അതിനെ വിളിക്കുമ്പോള്‍ മറ്റ് മൂന്ന് സ്തംഭങ്ങളില്‍ ഒന്നായ എക്‌സിക്യൂട്ടീവ് സര്‍ക്കാറിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് പോലെ മാധ്യമങ്ങളും പ്രവര്‍ത്തിക്കണമെന്നാണോ ഭരണകൂടം ഉദ്ദേശിക്കുന്നത്? ഇറ്റാലിയന്‍ ഫിലോസഫറായ ഉംബെര്‍ട്ടോ എക്കോ 1995 ലെ തന്റെ ഒരു പ്രബന്ധത്തില്‍ ഫാസിസത്തിന്റെ ചില സവിശേഷതകളെ എണ്ണിപ്പറയുന്നുണ്ട്. അഭിപ്രായവ്യത്യാസത്തെ ആധുനിക സംസ്‌കാരത്തില്‍ വിജ്ഞാനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗമായി കാണുമ്പോള്‍, വിമര്‍ശനത്തെ രാജ്യദ്രോഹമായാണ് ഫാസിസം കാണുന്നതെന്ന് ഉംബെര്‍ട്ടോ പറയുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഏതൊരു നീക്കവും ഫാസിസത്തിലേക്കുള്ള നീക്കിയിരുപ്പാണ്.

Back to Top