സ്ത്രീ-പുരുഷ ഭേദമില്ലാത്ത ആറ് സന്ദര്‍ഭങ്ങള്‍
ശംസുദ്ദീന്‍ പാലക്കോട്
സ്ത്രീയും പുരുഷനും ലിംഗ വ്യത്യാസത്തിന്റെ പേരില്‍ വേര്‍തിരിക്കപ്പെടരുതെന്നും അവരിരുവരും ഒരു സൈക്കിളിന്റെ രണ്ട് ടയറുകള്‍ പോലെ ഒന്നിച്ചൊരുമിച്ച് തുല്യമായി ഉരുളേണ്ടവരാണെന്നും എങ്കില്‍ മാത്രമേ സാമൂഹികസമത്വം എന്ന ആശയം യാഥാര്‍ഥ്യമാവുകയുള്ളൂവെന്നും ചില ‘അല്‍പബുദ്ധികള്‍’ പറയാറുണ്ട്. എന്നാല്‍ ആണും പെണ്ണും തമ്മില്‍ ലിംഗ വ്യത്യാസം കല്‍പിക്കപ്പെടാതെ തുല്യരായി പരിഗണിക്കപ്പെടുന്ന ആറു സന്ദര്‍ഭങ്ങളുണ്ട്.
സല്‍കര്‍മവും പ്രതിഫലവും
സല്‍കര്‍മങ്ങള്‍ക്ക് ദൈവിക പ്രതിഫലമുണ്ടാകുമെന്ന് വിശ്വസിക്കുന്നവരാണ് മതവിശ്വാസികള്‍. സല്‍കര്‍മങ്ങളെയും അതിന് നല്‍കപ്പെടുന്ന പ്രതിഫലത്തെയും ദൈവം വ്യക്തിഗതമായാണ് പരിഗണിക്കുക, ലിംഗ വ്യത്യാസം ഇവ്വിഷയത്തില്‍ മുഖവിലക്കെടുക്കപ്പെടുകയില്ല. ആണിനെയും പെണ്ണിനെയും തുല്യരായാണ് ഈ കാര്യത്തില്‍ വേദഗ്രന്ഥം നോക്കിക്കാണുന്നത്. വിശുദ്ധ ഖുര്‍ആനിന്‍ നാലിടത്ത് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
”ആണാവട്ടെ, പെണ്ണാവട്ടെ സത്യവിശ്വാസം ഉള്‍ക്കൊണ്ട് ഒരാള്‍ ഒരു സല്‍കര്‍മം ചെയ്താല്‍ നല്ല ഒരു ജീവിതം ആ വ്യക്തിക്ക് നാം നല്‍കും. അവര്‍ പ്രവര്‍ത്തിച്ച ഉത്തമമായ കര്‍മങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം നാം നല്‍കുന്നതുമാണ്.” (നഹ്ല്‍ 96). ”അല്ലാഹുവിന് ജീവിതം സമര്‍പ്പിക്കുന്ന പുരുഷന്മാരും സ്ത്രീകളും സത്യവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും, ഭക്തിയുള്ള പുരുഷന്മാരും സ്ത്രീകളും, സത്യസന്ധരായ പുരുഷന്മാരും സ്ത്രീകളും ക്ഷമാശീലരായ പുരുഷന്മാരും സ്ത്രീകളും, വിനയാന്വിതരായ പുരുഷന്മാരും സ്ത്രീകളും ദാനം ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും, വ്രതമനുഷ്ഠിക്കുന്ന പുരുഷന്മാരും സ്ത്രീകളും, ലൈംഗിക സദാചാരം കാത്തു സൂക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും, ദൈവസ്മരണയില്‍ മുഴുകുന്ന പുരുഷന്മാരും സ്ത്രീകളും – ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.” (അഹ്‌സാബ് 35)
സത്യവിശ്വാസം, അല്ലാഹുവിനുള്ള സമര്‍പ്പണം, ഭയഭക്തി, സത്യസന്ധത, ക്ഷമ, വിനയം, ദാനധര്‍മം, വ്രതാനുഷ്ഠാനം, ലൈംഗികവിശുദ്ധി കാത്തുസൂക്ഷിക്കല്‍, ദൈവസ്മരണ തുടങ്ങിയ ഉല്‍കൃഷ്ട നന്മകള്‍ ജീവിത ചര്യയാക്കുന്ന വ്യക്തികള്‍ക്ക് പടച്ചവന്‍ നിശ്ചയിച്ച പ്രതിഫലം ലിംഗ വ്യത്യാസമില്ലാതെ തുല്യനീതിയിലധിഷ്ഠിതമാണ്. അല്‍ബഖറ 62, അല്‍കഹ്ഫ് 88 എന്നീ ദിവ്യസൂക്തങ്ങളിലും ഈ തുല്യതാ നിലപാട് മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കുന്നത് കാണാം.
തുല്യ ശിക്ഷ
തെറ്റുകുറ്റങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതിലും ശിക്ഷ നടപ്പിലാക്കുന്നതിലും ലിംഗ വ്യത്യാസം കല്‍പിക്കരുതെന്നാണ് ദൈവികമത സങ്കല്‍പം. ഭാര്യാഭര്‍തൃ ബന്ധത്തിലൂടെയല്ലാത്ത എല്ലാ ലൈംഗിക ബന്ധത്തെയും വ്യഭിചാരം എന്ന കുറ്റമായി കാണുകയും വ്യഭിചാരക്കുറ്റത്തിലേര്‍പ്പെടുന്ന ഇരുവര്‍ക്കും തുല്യ ശിക്ഷ നല്‍കണം എന്നുമാണ് വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനം. ”വ്യഭിചരിക്കുന്ന ആണിനെയും വ്യഭിചരിക്കുന്ന പെണ്ണിനെയും 100 അടി വീതം അടിക്കുക. ശിക്ഷ നടപ്പിലാക്കുന്ന കാര്യത്തില്‍ അവരോട് ഒരു ദയയും തോന്നേണ്ടതില്ല.” (നൂര്‍ 2)
മനുഷ്യവംശത്തിന്റെ നിലനില്‍പിനെയും കുടുംബ ഭദ്രതയെയും തകര്‍ക്കുന്ന കുറ്റകൃത്യമാണ് വ്യഭിചാരം. ഈ വൃത്തികേട് ചെയ്യുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് നാല് സാക്ഷികളെങ്കിലും വിസ്താര വേളയില്‍ ഹാജരായി കുറ്റത്തിന്റെ സാക്ഷിത്വം സമര്‍പ്പിച്ചാല്‍ ഇരുവരെയും തുല്യരൂപത്തില്‍ ശിക്ഷിക്കണം. ഇവിടെ ലിംഗ വ്യത്യാസം കല്‍പിക്കരുത്. ഇരുവര്‍ക്കും തുല്യ ശിക്ഷ നല്‍കി ‘സ്ത്രീ പുരുഷ സമത്വം’ നടപ്പില്‍ വരുത്തണം. വ്യഭിചാരക്കുറ്റത്തിന് ശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ മാത്രമല്ല കൊലപാതകം പോലെയുള്ള മനുഷ്യഹത്യ നടത്തിയ കുറ്റവാളികള്‍ക്ക് വധശിക്ഷ വിധിക്കുമ്പോഴും ലിംഗവിവേചനം പാടില്ല. (അല്‍ബഖറ 177, 178 കാണുക)
ദാമ്പത്യത്തിലെ തുല്യത
ദമ്പതികള്‍ തമ്മില്‍ ഇണയും തുണയുമായി പരസ്പരം ബഹുമാനിച്ചും സ്‌നേഹിച്ചും അനുസരിച്ചും പരിഗണിച്ചും പരിചരിച്ചും തുല്യ പങ്കാളിത്ത ജീവിതം നയിക്കണമെന്നാണ് ദൈവികമതത്തിന്റെ അധ്യാപനം. അത് കൊണ്ടാണ് ദമ്പതികളെ പറ്റി ഭരിക്കുന്ന ഭര്‍ത്താവ്, ഭരിക്കപ്പെടുന്ന ഭാര്യ എന്ന പദ ധ്വനി പോലും ഇസ്ലാമിന്റെ ഇണ ജീവിത വിശകലനത്തില്‍ കാണാത്തത്. ശരീരത്തിന് വസ്ത്രം എപ്രകാരമാണോ അപ്രകാരം പരസ്പരം ചേര്‍ന്നു നില്‍ക്കേണ്ട മനോഹര ബന്ധമാണ് ഭാര്യാ – ഭര്‍തൃബന്ധം എന്ന ഇണ ജീവിതം.
ദാമ്പത്യത്തില്‍ ആണും പെണ്ണും ഇണകളെന്ന നിലയില്‍ തുല്യ പ്രസക്തരായ പരസ്പര പൂരകങ്ങളാണ്. വസ്ത്രമില്ലാതെ ശരീരത്തിന് പ്രസക്തിയും മാന്യതയും വ്യക്തിത്വവും സുരക്ഷിതത്വവും അഴകുമില്ലാത്തത് പോലെ ശരീരമില്ലാതെ വസ്ത്രത്തിനും പ്രസക്തിയില്ലല്ലോ. അത് കൊണ്ടാണ് ‘നിങ്ങള്‍ പരസ്പരം വസ്ത്രങ്ങളാകുന്നു’ എന്ന് വിശുദ്ധ ഖുര്‍ആന്‍ 2:187ല്‍ വ്യക്തമാക്കിയത്. നിങ്ങള്‍ പരസ്പരം വസ്ത്രങ്ങളെപ്പോലെയാണ് എന്ന് പറയാതെ, നിങ്ങള്‍ പരസ്പരം വസ്ത്രങ്ങളാകുന്നു എന്ന പ്രയോഗത്തിന്റെ അര്‍ഥസമ്പുഷ്ടത വിവരിക്കാതെ തന്നെ വ്യക്തമാണല്ലോ.
ആരെങ്കിലും ഒരാള്‍ എപ്പോഴും മറ്റേയാളുടെ വസ്ത്രമായി നിലകൊള്ളണം എന്ന വിവേചനത്തിന്റെ വിദൂര സാധ്യത പോലും ഖുര്‍ആന്‍ ഈ മനോഹര ശൈലിയിലൂടെ നിരാകരിക്കുകയാണ് എന്ന് വ്യക്തം. അഥവാ ഭാര്യ ഭര്‍ത്താവിന്റെ വസ്ത്രമാണ്. ഭര്‍ത്താവ് ഭാര്യയുടെയും വസ്ത്രമാകുന്നു എന്നര്‍ഥം.
ഇണയെ സ്വീകരിക്കാന്‍ തുല്യാവകാശം
വിവാഹ ജീവിതത്തിന്റെ ഭാഗമായി തന്റെ സങ്കല്‍പത്തിനനുയോജ്യമായ ഇണയെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് തെരഞ്ഞെടുക്കാന്‍ പുരുഷന് അവകാശവും സ്വാതന്ത്ര്യവുമുള്ളത് പോലെ തന്റെ സങ്കല്‍പത്തിലുള്ള ഇണയെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് സ്വീകരിക്കാനും നിരാകരിക്കാനുമുള്ള സ്വാതന്ത്ര്യം സ്ത്രീക്കുമുണ്ടെന്ന് ഇസ്ലാം വ്യക്തമാക്കുന്നു. ഏറെ പ്രസിദ്ധമായ രണ്ട് സംഭവങ്ങള്‍ പ്രവാചക കാലഘട്ടത്തിലുണ്ടായത് ഇപ്രകാരമാണ്:
ഒരു സ്വഹാബി തന്റെ വിവാഹ തീരുമാന വിവരം പ്രവാചകനെ സന്തോഷപൂര്‍വം അറിയിച്ചു. നബി (സ) ആ ശിഷ്യനോട് ഇപ്രകാരം ചോദിച്ചു: നീ അവളെ കണ്ടോ? അഥവാ കണ്ട് ബോധിച്ചോ എന്നര്‍ഥം. അദ്ദേഹം ഇല്ല എന്ന് മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: എങ്കില്‍ നീ പോയി അവളെ കാണുക. കണ്ട് സംസാരിച്ചു നിന്റെ ഇണയാവാന്‍ പറ്റിയവള്‍ തന്നെ ഇവള്‍ എന്ന് ബോധ്യപ്പെട്ടാല്‍ മാത്രം അവളെ കല്യാണം കഴിക്കുന്ന കാര്യം തീരുമാനിക്കുക എന്നര്‍ഥം. തീരുമാനിച്ചുറച്ച കല്യാണക്കാര്യമായിരുന്നിട്ട് പോലും കണ്ട് ബോധ്യപ്പെടാന്‍ പ്രവാചകന്‍ നിര്‍ദേശിച്ചതില്‍ ധാരാളം അര്‍ഥ തലങ്ങളുണ്ട്.
മറ്റൊരു സംഭവം. പ്രവാചക സവിധത്തില്‍ ഒരു സ്ത്രീ വന്നു ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്റെ ഉപ്പ എനിക്കിഷ്ടപ്പെടാത്ത ഒരാളെക്കൊണ്ട് എന്റെ കല്യാണമുറപ്പിച്ചിരിക്കുന്നു. അപ്പോള്‍ നബി(സ) ആ സ്ത്രീയോട് പറഞ്ഞ മറുപടി ഇപ്രകാരം:
‘നിനക്കിഷ്ടമില്ലെങ്കില്‍ അക്കാര്യം നീ പിതാവിനോട് പറയൂ.’ അപ്പോള്‍ ആ സ്ത്രീ സന്തോഷത്തോടെ പ്രതികരിച്ചതിന്റെ ആശയസംക്ഷേപം ഇപ്രകാരം: ‘ആണുങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വിവേചനാധികാരമുണ്ടെന്നെനിക്കറിയാം. പെണ്ണിനും അതേ വിവേചനാധികാരമുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായി. ഇതറിയലായിരുന്നു എന്റെ ലക്ഷ്യം.’
ഇഷ്ടമില്ലാത്ത പെണ്ണിനെ ജീവിത പങ്കാളിയാക്കാന്‍ മതം പുരുഷനെ നിര്‍ബന്ധിക്കുന്നില്ല എന്നത് പോലെ ഇഷ്ടമില്ലാത്ത പുരുഷനെ ജീവിത പങ്കാളിയാക്കാന്‍ സ്ത്രീയെയും മതം നിര്‍ബന്ധിക്കുന്നില്ല എന്നര്‍ഥം. ലിംഗവിവേചനമില്ലാത്ത തുല്യാവകാശമാണ് ഇണയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സ്ത്രീക്കും പുരുഷനുമുള്ളത്.
വിവാഹ മോചനാധികാരം
അത്യപൂര്‍വമായാണെങ്കിലും ദമ്പതികള്‍ക്ക് ഇണ ജീവിതം അസാധ്യമാകുന്ന സന്ദര്‍ഭം വരാറുണ്ട്. അഥവാ ഭര്‍ത്താവ് സ്വഭാവ ഗുണം തീരെയില്ലാത്ത ഭാര്യയെ ഉപേക്ഷിച്ച് (ത്വലാഖ് നടത്തി) ഇത്തരം സന്ദര്‍ഭങ്ങളില്‍ തടി സലാമത്താക്കുമ്പോള്‍ ദുഷ്ടനും ക്രൂരനുമായ ഭര്‍ത്താവില്‍ നിന്ന് തടി സലാമത്താക്കാന്‍ ഭാര്യക്കും ഇസ്ലാം മതത്തില്‍ തുല്യ അവസരമുണ്ട്. വിവാഹ സമയത്ത് അവന്‍ നല്‍കിയ മഹ്ര്‍ അവന് തന്നെ തിരിച്ചു നല്‍കി അവന്റെ ഭാര്യാപദവി എന്ന ബന്ധനത്തില്‍ നിന്ന് സ്വയം ഒഴിവാകുന്ന ഖുല്‍അ് എന്ന സംവിധാനമാണത്. വിശുദ്ധ ഖുര്‍ആന്‍ 2: 229 ല്‍ ഈ നിയമ വിശകലനം കാണാം.
അഥവാ മറ്റൊരു വാചകത്തില്‍ പറഞ്ഞാല്‍ പുരുഷന്‍ മുന്‍കൈയെടുത്ത് നടത്തുന്ന വിവാഹമോചനത്തിന് ത്വലാഖ് എന്നും സ്ത്രീ മുന്‍കൈയെടുത്ത് നടത്തുന്ന വിവാഹമോചനത്തിന് ഖുല്‍അ് എന്നും പറയാം.
മാനവികതയില്‍ തുല്യത
സ്ത്രീ വര്‍ഗം മനുഷ്യര്‍ തന്നെയോ? അവര്‍ക്ക് ആത്മാവുണ്ടോ അഥവാ അവള്‍ വസ്തുവോ മനുഷ്യനോ എന്നൊക്കെ സംശയിക്കുകയും ചിന്തിക്കുകയും ചെയ്തിരുന്ന കാലമുണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയുടെ ഭാര്യമാരെ അനന്തരാവകാശികള്‍ മറ്റു സ്വത്തുക്കള്‍ വീതിച്ചെടുക്കുന്നത് പോലെ വീതിച്ചെടുത്ത ഇരുണ്ട കാലഘട്ടമുണ്ടായിരുന്നു. ഇന്നും സ്ത്രീയെ വിപണിവല്‍ക്കരിക്കപ്പെടുന്ന പരസ്യവസ്തുക്കളായി കാണുകയും സ്ത്രീ ശരീരത്തെ കേവല വസ്തുവല്‍ക്കരിച്ച് പ്രദര്‍ശനത്തിന് വെക്കുന്ന ‘പുരോഗതി’ യും നാം കാണുന്നുണ്ടല്ലോ! ഇവിടെയാണ് ഇസ്ലാം സ്ത്രീയെയും പുരുഷനെയും അന്തസ്സും അഭിമാനവും വ്യക്തിത്വവുമുള്ള സ്വതന്ത്രമനുഷ്യരായി ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നത്.(വിശുദ്ധ ഖുര്‍ആന്‍ 49:13, 4:1 എന്നിവ കാണുക)
പുരുഷന്റെ അന്തസ്സും അഭിമാനവും മാത്രം പരിഗണിക്കപ്പെടുകയും സ്ത്രീയുടെ അന്തസ്സിനും അഭിമാനത്തിനും വിലകല്‍പിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന സ്ത്രീ പുരുഷ വിവേചനം ഇക്കാലത്തും പല രംഗത്തും കാണാം. എന്നാല്‍ ഇസ്ലാം ഈ വിവേചനം അംഗീകരിക്കുന്നില്ല. പുരുഷന്റെ അന്തസ്സിനെയല്ല ഇസ്ലാം ഉയര്‍ത്തിക്കാണിക്കുന്നത്, മനുഷ്യന്റെ അന്തസ്സിനെയാണ്. അഥവാ സ്ത്രീക്കും പുരുഷനും ഒരു പോലെ ബാധകമായ അന്തസ്സ്! പ്രവാചകന്‍(സ)യുടെ പ്രസിദ്ധമായ അറഫാ പ്രസംഗത്തില്‍ ഇക്കാര്യം ഊന്നിപ്പറയുന്ന ഭാഗം നമുക്കിങ്ങനെ വായിക്കാം:
‘നിങ്ങളുടെ ജീവനും സ്വത്തും അഭിമാനവും പവിത്രവുമാണ്. ആ പവിത്രത നിങ്ങള്‍ കാത്തു സൂക്ഷിക്കണം!’ ഇവിടെ നിങ്ങള്‍ എന്ന പ്രയോഗം സ്ത്രീക്കും പുരുഷനും ഒരു പോലെ ബാധകമാണ്.