10 Monday
March 2025
2025 March 10
1446 Ramadân 10

ചരിത്രസത്യങ്ങളുടെ വീണ്ടെടുപ്പുകള്‍

റഷീദ് പരപ്പനങ്ങാടി


നല്ല കഥകളില്‍ സൗന്ദര്യം മാത്രമല്ല, ചരിത്ര സത്യങ്ങളുടെ വീണ്ടെടുപ്പുകളും കാണാം. ചരിത്രാഖ്യാനം എന്ന നിലക്ക് ആവര്‍ത്തനം കൊണ്ട് വിരസമായിപ്പോവുമായിരുന്ന ചില മുഹൂര്‍ത്തങ്ങളെ പുതിയ രൂപഭാവങ്ങളോടെ അവതരിപ്പിക്കുമ്പോള്‍ വായനക്കാരെ ആകാംക്ഷാ ഭരിതരാക്കുന്ന തലത്തിലേക്ക് അവ പുനര്‍ജന്മം കൊള്ളുന്നു.
കെ പി സകരിയ്യ കുട്ടികള്‍ക്കു വേണ്ടി എഴുതിയ ‘നബിചരിതം കഥകളിലൂടെ’ എന്ന കൃതിയും ഈ അര്‍ഥത്തില്‍ കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പുസ്തകമാണ്. മുതിര്‍ന്നവരില്‍ ഒരു സര്‍ഗാത്മക കൃതിയുടെ വായന കേവലം ആസ്വാദനവും സ്വയം വിലയിരുത്തലുമായി ഒതുങ്ങുമ്പോള്‍ കുട്ടികളില്‍ അതിലപ്പുറം ജീവിതത്തില്‍ തന്നെ സ്വാധീനം ചെലുത്താന്‍ കൂടി പര്യാപ്തമാവുന്നു എന്നതുകൊണ്ടാണ് പ്രായമായവര്‍ പോലും തങ്ങളുടെ കുട്ടിക്കാലത്ത് വായിച്ചതും കേട്ടതുമായ കഥകള്‍ ഇന്നും ഓര്‍ത്തുവെക്കുകയും തന്നില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഇപ്പോഴും ചേര്‍ത്തു പറയുകയും ചെയ്യുന്നത്.
ആ നിലക്ക് ഇസ്‌ലാമിക ചരിത്ര മുഹൂര്‍ത്തങ്ങളെ ലളിതവും അനുഭവ വേദ്യമാക്കുന്നതുമായ ശൈലിയില്‍ അവതരിപ്പിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ. കഥ വായിക്കാനുള്ള കൗതുകത്തെ പുതിയ ജീവിതാനുഭവങ്ങളും ചരിത്ര സത്യങ്ങളും ഇഴചേര്‍ത്ത് നേരിട്ട് പറയുന്നതിനു പകരം അവര്‍ക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ അനുഭവ വിവരണം എന്ന രൂപത്തിലാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്നത്.
വാക്കുകളും ആശയങ്ങളും ചിന്തകളും വിശ്വാസങ്ങളും ഇഴചേര്‍ത്ത് മുഹമ്മദ് നബി(സ)യുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെ കോര്‍ത്തിണക്കിയിരിക്കുന്ന രീതി – ആത്മകഥാംശം നിറഞ്ഞ – വായനക്കാരുടെ മനസ്സില്‍ തിളക്കമേറെയുള്ള ഒരു കാഴ്ചയായി നിലനില്‍ക്കുന്നുണ്ട്, ഇവിടെ. അനുഭവിച്ചതും അറിഞ്ഞതുമായി പല നേരുകളും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ഓര്‍ത്തുപറയുന്നത് കുട്ടികളില്‍ കൗതുകമുണര്‍ത്താന്‍ പര്യാപ്തമാണ്. അതോടൊപ്പം നിശ്ചയ ദാര്‍ഢ്യത്തോടെ പ്രയാസങ്ങളെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് ധൈര്യം പകരുകയും ചെയ്യുന്നു.
കഅ്ബ പൊളിക്കാന്‍ അബ്‌റഹത്തിന്റെ സൈന്യത്തിന് കരുത്തു പകരാന്‍ ഇറങ്ങിപ്പുറപ്പെട്ട ആനയുടെ ആത്മഗതവും, മുഹമ്മദിനെ മുലയൂട്ടാന്‍ ലഭ്യമായ ഹലീമ ബീവിയുടെ ആത്മനിര്‍വൃതിയും, ഹജറുല്‍ അസ്‌വദിനെ ചൊല്ലി ഗോത്രങ്ങള്‍ തമ്മില്‍ ഉടലെടുക്കുമായിരുന്ന പോര്‍വിളിക്ക് മുഹമ്മദ് കണ്ടെത്തിയ പ്രശ്‌നപരിഹാരവും നേരത്തെ മനസ്സിലാക്കിയിരുന്ന കാര്യങ്ങളാണെങ്കില്‍ പോലും അവതരണരീതിയും ലാളിത്യവും അറിവിലേക്കുള്ള ഒരു ചേര്‍ത്തു വെപ്പായി പ്രകടമാവുന്നു എന്നതാണ് ഈ രചനയുടെ പ്രത്യേകത.
ഇരുപത് കഥകളിലായി ഒട്ടകവും ബുറാഖും മുന്തിരി വള്ളിയും വിഷപ്പാമ്പും തുടങ്ങി സത്യമതത്തിന്റെ പതാക വരെ ഒരു ചരിത്രത്തിന്റെ അനുഭവ സാക്ഷികളായി കഥ പറഞ്ഞുപോവുകയാണിവിടെ. യുവത ബുക്ഹൗസ് അതിന്റെ മഹച്ചരിത മഞ്ജരിയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ഈ കൃതി കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ഏറെ ഹൃദ്യമാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലളിതമായ ഭാഷയും ആകര്‍ഷണീയമായ സംഭവ വിവരണവും ഇസ്‌ലാമിക ചരിത്രസംഭവങ്ങളെയും മുഹമ്മദ് നബി(സ)യുടെ ജീവിതത്തെയും മനുഷ്യാവസ്ഥ നേരിടുന്ന ഭീകരമായ പ്രശ്‌നങ്ങളെയും അടുത്തറിയാന്‍ കുട്ടികള്‍ക്ക് പ്രചോദനമേകും. വായിച്ചു തള്ളേണ്ടതല്ല, ഒരു റഫറന്‍സ് ഗ്രന്ഥംപോലെ സൂക്ഷിച്ചുവെക്കേണ്ടതാണ് ഈ കൃതി.

Back to Top