ലിബറലിസം അടക്കി ഭരിക്കുമ്പോള്‍ ഇല്ലാതാകുന്ന ജീവിതങ്ങള്‍
ഷമീം കീഴുപറമ്പ്
ലിബറലിസവും അരാജകത്വവും മതനിഷേധവും അരങ്ങു വാഴുന്ന കാലത്ത് കൂടിയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയാണ് രാഷ്ട്രീയത്തിന്റെ കേന്ദ്രപ്രശ്‌നം എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ സിദ്ധാന്തമാണ് ലിബറലിസം. വ്യക്തിയുടെ സ്വയംഭരണം, അവസരങ്ങളുടെ തുല്യത, വ്യക്തിയുടെ അവകാശങ്ങളുടെ (പ്രധാനമായും ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത്) സംരക്ഷണം ഇവയാണ് ഭരണകൂടത്തിന്റെ ധര്‍മം എന്ന് അതിന്റെ വിശ്വാസികള്‍ കരുതുന്നു. എങ്കിലും ചിലപ്പോള്‍ സര്‍ക്കാര്‍ തന്നെ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് തടസമാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലിബറല്‍ ചിന്തകളുടെയും വ്യവഹാരങ്ങളുടെയും ഭാഗമായി പടിഞ്ഞാറന്‍ നാഗരികത മനുഷ്യന് വകവച്ചുനല്‍കിയതാണ് അമിത വ്യക്തി സ്വാതന്ത്ര്യവും, തീവ്രമായ വ്യക്തിചിന്തയും. അതുകാരണമായി സദാചാരവും, പാരമ്പര്യവും അതിലുപരി മതപരവുമായ ധാര്‍മികതയുടെയും, കര്‍തൃ നിര്‍വഹണത്തിന്റെയും തിരസ്‌കരണമാണ് ചരിത്രത്തിലുടനീളം കാണാന്‍ കഴിഞ്ഞത്. സ്രഷ്ടാവ് മനുഷ്യനെയും, പ്രകൃതിയെയും ഇത്തരം മാതൃകകളുമായി ചേര്‍ത്ത് സൃഷ്ടിച്ചപ്പോള്‍ പഠിപ്പിച്ച ഒരു പാഠം കൂടിയാണിത്. എന്നാല്‍ സ്വാര്‍ത്ഥവും, വഴിവിട്ടതുമായ ചിന്തകള്‍ കൊണ്ട് മാത്രം മൂടപ്പെട്ട ഈ കാലത്ത് ദൈവം എഴുതി വെച്ച പാഠങ്ങള്‍ വായിച്ചെടുക്കാനോ, കനിഞ്ഞു നല്‍കിയ പദവികള്‍ മനസ്സിലാക്കാനോ കഴിയാതെ നട്ടം തിരിയുന്നവരായി മാറിയിട്ടുണ്ട് ലോക ജനത. വെറും സുഖഭ്രമങ്ങളിലും, വ്യക്തി താല്‍പ്പര്യങ്ങളിലും ഒതുങ്ങിക്കൂടുമ്പോള്‍ കുടുംബമെന്ന പവിത്രമായ സാമൂഹ്യ സ്ഥാപനത്തിന്റെ മൂലക്കല്ലിളകുന്നത് ആരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. സ്ത്രീകളുടെ ലൈംഗികാവകാശത്തിനു കുടുംബം എന്ന സാമൂഹിക വ്യവസ്ഥ ഒരു തടസ്സമാകരുത്. അതിന് ഭര്‍ത്താവ് ഒരു കാരണവുമാകരുത്. അഥവാ സ്ത്രീകളുടെ ലൈംഗിക ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ അവര്‍ക്ക് ആരെയും എപ്പോഴും സമീപിക്കാം എന്നര്‍ത്ഥം. ഇന്നത്തെ ലിബറല്‍ ലൈംഗികതയുടെ ആശയതലം ഇതാണ്. പാശ്ചാത്യ ലൈംഗിക വേഴ്ചകളുടെ രൂപത്തെ ഇന്ത്യന്‍ ഭരണഘടനയുടെ മൂശയിലിട്ടു രൂപപ്പെടുത്തിയ ഒരു ഇന്ത്യന്‍ ലൈംഗിക സമത്വ നിയമം ഈയടുത്ത് നടപ്പിലാക്കിയപ്പോഴും പറഞ്ഞത് ഇതു തന്നെയായിരുന്നു.
ലിബറലിസം എന്ന ഈ കണ്‍സെപ്റ്റ് തന്നെ ജനങ്ങളെ മൊത്തത്തില്‍ അപഹരിക്കുന്ന ഒരു രീതിയിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. നമുക്ക് എന്തും ചെയ്യാം എന്ന രീതി എല്ലാവരിലേക്കും കുത്തി ഏല്‍പ്പിക്കുകയാണ്.
മുതലാളിത്തം നിര്‍മ്മിക്കുന്ന സാമൂഹികവ്യവസ്ഥയുടെ അടിസ്ഥാനമാണ് ലിബറലിസം എന്ന ഈ ആശയം. അവനവന്‍ അവനവന്റെ കാര്യം നോക്കി ജീവിച്ചാല്‍ എല്ലാം ശരിയായിക്കോളും. അഥവാ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അത് ആ വ്യക്തിയുടെ മാത്രം കുഴപ്പമാണ്. അതായത് ലിബറലിസം എന്നത് അടിസ്ഥാനപരമായി ഒരു കേവലവാദമാണെന്ന് വ്യക്തം. നമ്മുടെ ശ്രദ്ധയെ പരിമിതപ്പെടുത്തി മുതലാളിത്തത്തെ ന്യയീകരിക്കുകയും, വെള്ളപൂശുകയും, മുതലാളിത്ത വളര്‍ച്ചക്കുള്ള ചുറ്റുപാടുണ്ടാക്കുകയും ചെയ്യുന്ന ലിബറലിസം എന്ന ആശയം ശരിക്കും ഒരു തട്ടിപ്പാണ് എന്നതാണ് സത്യം.
സങ്കീര്‍ണതകളേയും വ്യാപ്തിയേയും സമയത്തേയും എല്ലാം മറച്ചുവെച്ച് ലിബറലിസം മിഥ്യാ ലോകം നിര്‍മിക്കുമ്പോള്‍ ഒരു ചെറിയ ന്യൂന പക്ഷത്തിന് എല്ലാ സൗകര്യങ്ങളും ആവശ്യത്തിലധികം കിട്ടും. ബാക്കി വരുന്ന ഭൂരിപക്ഷത്തിനോട് അവര്‍ക്കും ഒരു ദിവസം ആ ഉന്നത ജീവതം സാധ്യമാകും എന്ന വ്യാമോഹം സിനിമ ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെ നിരന്തരം നല്‍കിക്കൊണ്ടിരിക്കും. അങ്ങനെ അവരുടെ സമ്മതി നിര്‍മിച്ചെടുക്കുന്നു.
മുതലാളിത്തമാണ് അവരുടെ ദൈവം, ലിബറലിസം ആണ് അവരുടെ മതം, കമ്പോളമാണ് അവരുടെ പള്ളി.. ഇതില്‍നിന്ന് മാറ്റം വരേണ്ടതുണ്ട്. ലിബറലിസം എന്ന കണ്‍സെപ്റ്റ് തന്നെ തെറ്റാണ് എന്ന രീതിയില്‍ പ്രചരിപ്പിക്കുക തന്നെ വേണം. അതിനുള്ള ശ്രമങ്ങള്‍ നമ്മളില്‍ നിന്ന് ഉണ്ടാവേണ്ടതുണ്ട്. വര്‍ഗീയ തരത്തിലേക്ക് എല്ലാറ്റിനെയും ചിത്രീകരിക്കുമ്പോള്‍ ഒരുപാട് ജീവിതങ്ങള്‍ ഇല്ലാതാകുമെന്ന് ഇനിയെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്.