26 Thursday
December 2024
2024 December 26
1446 Joumada II 24

അല്ലാഹുവിന് വേണ്ടി നിലകൊള്ളുക

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


സത്യവിശ്വാസികളെ, നിങ്ങള്‍ നീതിക്ക് സാക്ഷികളായിക്കൊണ്ട്, അല്ലാഹുവിന് വേണ്ടി നിലകൊള്ളുക. ഒരു സമൂഹത്തോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നീതി പാലിക്കുക, അതാണ് തഖ്‌വയോട് അടുത്ത് നില്‍ക്കുന്നത്. അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു. (മാഇദ 8)

മുസ്ലിമിന്റെ ആദര്‍ശ വ്യതിരിക്തതയും മൗലികതയുമാണ് ഈ ആയത്ത് അനാവരണം ചെയ്യുന്നത്. അല്ലാഹുവിന് വേണ്ടി നിലകൊള്ളുകയെന്നതില്‍ ഒരു തരത്തിലുള്ള നീക്കുപോക്കുമില്ല. സമ്പത്ത്, കുടുംബം, മക്കള്‍, ജോലി തുടങ്ങിയവയെല്ലാം ഭൗതിക ജീവിതത്തില്‍ അല്ലാഹു നല്‍കിയ ആനുകൂല്യങ്ങള്‍ മാത്രമാണ്. അവക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കാന്‍ പാടില്ല. സ്വന്തം താല്‍പര്യങ്ങളും അഭിരുചിയും ദൈവഹിതത്തിന് അനുഗുണമാകുമ്പോള്‍ മാത്രമെ അല്ലാഹുവിന് വേണ്ടി നിലകൊള്ളുവാന്‍ നമുക്ക് കഴിയുകയുള്ളു. ‘അല്ലാഹുവിനെ റബ്ബായി ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു’ എന്ന ആത്മഗതം നിരന്തരം ഉണ്ടായിരിക്കണം ജീവിതത്തില്‍.
നീതിക്ക് സാക്ഷികളാകുക എന്നതാണ് ഇതിന്റെ അനുബന്ധം. നീതിബോധമാണ് ജീവിതത്തിന് ബാലന്‍സിംഗ് നല്‍കുന്നത്. അല്ലാഹുവിനെ കൂടെ നിര്‍ത്താനും അവന്റെ കൂടെ നമുക്ക് നില്‍ക്കാനും ഇത് കൂടിയേ തീരൂ.
ഖുര്‍ആന്‍ 4:135 ലും ഈ രണ്ട് കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. നീതിബോധം നഷ്ടപ്പെടാന്‍ ഇടയുള്ള സാഹചര്യങ്ങളും അവിടെ പരാമര്‍ശിക്കുന്നു. മനുഷ്യനുള്‍പ്പെടെ പ്രപഞ്ചത്തിലെ സകല പ്രവര്‍ത്തനങ്ങളും ദൈവനിശ്ചയ പ്രകാരമുളള നീതി ബോധത്തിന് വിധേയമായാണ് നടക്കുന്നത്. ദൈവിക സംവിധാനത്തിന് പരിക്കേല്‍ക്കാതെ സൂക്ഷിക്കേണ്ടതും മനുഷ്യന്‍ സ്വീകരിക്കേണ്ട നീതിബോധത്തിന്റെ ഭാഗമാണ്. മനുഷ്യേതര സൃഷ്ടികളൊന്നും തന്നെ അവക്ക് നിശ്ചയിച്ച നീതിബോധം ലംഘിക്കുന്നില്ല .
മനുഷ്യന്‍ അല്ലാഹുവിനോട് കാണിക്കേണ്ട നീതിബോധം തൗഹീദിലുടെയാണ് അവനെ ബോധ്യപ്പെടുത്തേണ്ടത്. മറ്റു ശക്തികളെ അവന്ന് സമാനമായി കാണുന്നത് അല്ലാഹുവിനോടുളള അതിക്രമവും അനീതിയുമാണ്. അത്തരം അനീതിയുടെ പ്രത്യാഘാതം മനുഷ്യനിലേക്ക് തന്നെ തിരിച്ചു വരുന്നു. ഓരോ വ്യക്തിയും നിലനിര്‍ത്തേണ്ട നീതിബോധം വിസ്മരിക്കുമ്പോളാണ് സാമൂഹ്യ ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുന്നത്.
ദുര്‍ഗുണങ്ങളായി മനുഷ്യന്‍ കാണുന്ന കാര്യങ്ങളെല്ലാം മതം വിലക്കിയിരിക്കുന്നത് മേല്‍ പറഞ്ഞ നീതിബോധവുമായി അത് പൊരുത്തപ്പെടുന്നില്ല എന്നതിനാലാണ്. സ്വഭാവങ്ങള്‍ കൂടുതല്‍ വര്‍ണാഭമാകുന്നത് തഖ്‌വയുടെ നിറവിലാണ്. നീതിബോധം മാത്രമല്ല തഖ്‌വയോട് അടുത്ത് നില്‍ക്കുന്നത്. അല്ലാഹു മനുഷ്യ മനസ്സില്‍ നിക്ഷേപിച്ച എല്ലാ സദ്ഗുണങ്ങളും തഖ്‌വയുടെ പ്രകടനമായിരിക്കണം.
മനുഷ്യ പ്രകൃതത്തിന്റെ അനിവാര്യ താല്‍പര്യമായ നീതിബോധം തമസ്‌ക്കരിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ വര്‍ധിക്കുകയാണിന്ന്. അധികാര ശക്തിയും സാമ്പത്തിക ശേഷിയും അതിന് ഉപയോഗപ്പെടുത്തുന്നു. സാംസ്‌കാരിക ജീര്‍ണതയും സദാചാര രഹിത സാമൂഹിക ഘടനയുമാണ് ഇന്ന് ഭരണകൂടങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ദൈവ നിശ്ചയങ്ങളോട് പോരാട്ടം നടത്തുന്നവര്‍ക്ക് എന്നെങ്കിലും എവിടെയെങ്കിലും വെച്ച് തിരിച്ചടി ലഭിക്കുമെന്നത് ഉറപ്പാണ്. അല്ലാഹുവിനെ കൂടെ നിര്‍ത്തി, ധര്‍മ നീതി മൂല്യങ്ങള്‍ പ്രസരിപ്പിക്കുമ്പോള്‍ മാത്രമെ ആരോഗ്യമുളള സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളു.

Back to Top