ദാമ്പത്യബന്ധങ്ങളുടെ ആധാരം
ഹസ്‌ന റീം ബിന്‍ത് അബൂനിഹാദ്
ജീവിതയാത്രയുടെ നിലനില്‍പ്പിന്റെ ആധാരം തന്നെ ഇമ്പമുള്ള കുടുംബമാണ്. ബന്ധങ്ങള്‍ ബന്ധനങ്ങളാകാതെ, സ്‌നേഹത്തിന്റെയും കരുണയുടെയും ഐക്യത്തിന്റെയും രുചിയറിഞ്ഞു ജീവിക്കുമ്പോള്‍ ഈ ജീവിതം സൗന്ദര്യമുള്ളതാകുന്നു.
തികച്ചും വ്യത്യസ്തമായ സ്വപ്‌നങ്ങളും കാഴ്ചപ്പാടുകളുമുള്ള രണ്ടു വ്യക്തികള്‍ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറയില്‍ ഒന്നിച്ചു ചലിക്കാന്‍ ആരംഭിക്കുകയാണ് വിവാഹത്തിലൂടെ. ഇരുവരുടെയും കാഴ്ചപ്പാടുകളിലും സ്വപ്‌നങ്ങളിലുമുള്ള വ്യത്യസ്തത പിണക്കങ്ങള്‍ സമ്മാനിക്കുമെന്നത് തീര്‍ച്ചയാണ്. ഇത്തരം പിണക്കങ്ങള്‍ സ്വാഭാവികമാണു താനും. ഈ വ്യത്യസ്തതകള്‍ക്കിടയിലും സ്‌നേഹം കൊണ്ട് ഇരുവരെയും ഇണക്കിച്ചേര്‍ക്കുന്നത് അല്ലാഹുവാണ്. ”നിങ്ങളില്‍ (ഇണകളില്‍) പരസ്പരം കൂടിച്ചേരാന്‍ സ്‌നേഹവും കാരുണ്യവും നാം ഉണ്ടാക്കിത്തന്നിരിക്കുന്നു.” (ഖുര്‍ആന്‍) ഈ ബന്ധത്തെ ഇത്ര എളിമയില്‍ വരച്ചിടാന്‍ അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? ദാമ്പത്യബന്ധമെന്ന ഈ അത്ഭുതത്തെ കോട്ടം തട്ടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്കെത്രത്തോളം കഴിയാറുണ്ട് എന്നത് ചിന്തയര്‍ഹിക്കുന്ന കാര്യമാണ്.
എഴുതാനെടുക്കുന്ന വെള്ളക്കടലാസില്‍, അറിയാതെ മഷിയൊന്ന് കുടഞ്ഞു പോയാല്‍ നിസ്സാരമാക്കിക്കളയുന്നതു പോലെയുള്ള വിള്ളലുകളേ മിക്കവാറും ദാമ്പത്യപ്രശ്‌നങ്ങളില്‍ കാണൂ. ചെറിയൊരു സ്വരച്ചേര്‍ച്ചയില്ലായ്മയില്ലാതെ, അത് ഇണകള്‍ പരസ്പരം പരിഹരിക്കാതെ ഈ ദാമ്പത്യബന്ധം എങ്ങനെ പൂര്‍ണമാവാനാണ്? വിട്ടുവീഴ്ചകളും ക്ഷമയും വിശ്വാസവും സ്‌നേഹവും കൂടിക്കലര്‍ന്ന വിവാഹബന്ധത്തില്‍, നേരറിഞ്ഞു മത്തുപിടിപ്പിക്കുന്ന പ്രണയസല്ലാപങ്ങള്‍ അന്യോന്യം നല്‍കാന്‍ കഴിയുന്ന ഭാര്യാഭര്‍തൃ ബന്ധം എത്ര അനുഗ്രഹമാണല്ലേ? ദിക്ര്‍ ചൊല്ലുന്ന നാവുകളില്‍ നിന്ന് അല്ലാഹുവിന് എത്ര ശുക്ര്‍ പറഞ്ഞാലും മതിവരില്ല. ഇത്രയും മധുരമായ, മനോഹരമായ ബന്ധത്തെ ഉടലിനോട് ചേര്‍ത്തുവെച്ചതിന്!
ഇന്ന് നമുക്ക് ചുറ്റും ഉയര്‍ന്നു വരുന്ന പ്രതിസന്ധികളില്‍, ചര്‍ച്ചകളില്‍ വന്നു നിറഞ്ഞു നില്‍ക്കുന്ന ട്രെന്‍ഡിംഗ് ന്യൂസാണല്ലോ പെണ്‍കുട്ടികളുടെ വിവാഹപ്രായം! പെണ്‍മക്കളുള്ള ഏതൊരു രക്ഷിതാക്കള്‍ക്കും നെഞ്ചിടിപ്പ് കൂടുന്ന തോതില്‍ ഉയര്‍ന്നു വരുന്ന വാര്‍ത്തയാണ് പലരുടെയും സ്റ്റാറ്റസുകളില്‍ കണ്ടത്. വിവാഹം ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കളുടെ സുരക്ഷിതത്വത്തെ മുന്നില്‍ കണ്ടുകൊണ്ടാണെന്ന കാര്യത്തില്‍ സംശയമേയില്ല. എന്നാല്‍ ഭൂരിഭാഗം പെണ്‍കുട്ടികളും തങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഉയര്‍ന്ന ജോലികള്‍ സ്വപ്‌നം കണ്ട്, അവരുടെ പഠനത്തില്‍ സൂക്ഷ്മത പുലര്‍ത്തി നീങ്ങുന്നവരാണ്.
പ്രായപൂര്‍ത്തിയും പക്വതയും തിരിച്ചറിയുന്ന പ്രായത്തില്‍ രക്ഷിതാക്കളും യുവാക്കളും ഒരുപോലെ നിന്ന് തീരുമാനമെടുത്തെങ്കില്‍ തീരാവുന്ന കോലാഹലങ്ങളേ ഈ വിവാഹപ്രായത്തിന്റെ വിഷയത്തിലും നിലനില്‍ക്കുന്നുള്ളൂ. കേവലം വയസ്സിന്റെ വലിപ്പച്ചെറുപ്പത്തില്‍ മാത്രം ഒതുങ്ങിക്കൂടാതെ സ്‌നേഹത്തിന്റെ തട്ടകത്തില്‍, വിവാഹത്തിന്റെ പവിത്രതകള്‍ വിരിച്ചിട്ട്, വാര്‍ധക്യത്തിന്റെ അവശതയിലും പരസ്പരം തൊട്ടുരുമ്മി ഹൃദയം കൈമാറി ജീവിക്കുന്ന നമ്മുടെ പഴയ തലമുറകള്‍ നമുക്കിന്നും ഊര്‍ജവും ഉണര്‍വുമാണ്. ആലോചനകളില്ലാതെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് നിരാശയായിരിക്കും സമ്മാനിക്കുക. ഇരു മനസ്സുകളുടെയും പൊരുത്തവും സ്‌നേഹവും കൂടി ചേരുമ്പോള്‍ മാത്രമേ ഏതു വിവാഹ ബന്ധവും വിജയതീരമണയൂ.
പ്രിയപ്പെട്ട പ്രവാചകന്റെ ദാമ്പത്യ ജീവിതം എത്ര പരിശുദ്ധമായിരുന്നുവെന്നും എത്ര ലളിതമായിരുന്നെന്നും നമുക്കു മുന്നില്‍ ഓരോ ഹദീസുകളും വിവരിച്ചത് സ്പഷ്ടമായി ഓര്‍ത്തിരിക്കുന്നവരാണല്ലോ നാം. ആരാവണം നല്ലൊരു ഭാര്യയും, ഭര്‍ത്താവുമെന്ന് തന്റെ ദാമ്പത്യ ജീവിതം കൊണ്ട് സാക്ഷ്യം പറഞ്ഞ പ്രവാചകന്‍! തന്റെ വാര്‍ധക്യത്തിലും, തനിക്ക് മുന്‍പേ വിടപറഞ്ഞ ആദ്യഭാര്യ ഖദീജ ബീവി (റ)യെ കുുറിച്ചോര്‍ത്ത് കണ്ണീരു വാര്‍ത്ത പ്രവാചകന്‍! തന്റെ പ്രിയപ്പെട്ട പത്‌നി ആയിശ(റ)യുടെ കൂടെ പ്രണയനിമിഷങ്ങള്‍ പങ്കിട്ട പ്രവാചകന്‍! ഇണകള്‍ പരസ്പരം വസ്ത്രങ്ങളാണെന്നും, ന്യൂനതകള്‍ അങ്ങോട്ടുമിങ്ങോട്ടും മറച്ചു വെക്കാനുതകുന്ന തരത്തിലാണ് നമ്മുടെ ഹൃദയങ്ങളെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നതെന്നും നമുക്ക് അറിയാം. പക്ഷേ, ഇക്കാര്യങ്ങളെല്ലാം തന്നെ സ്വജീവിതത്തില്‍ എങ്ങനെയാണ് മുമ്പോട്ട് കൊണ്ടുപോകേണ്ടതെന്ന് ചിന്തിക്കേണ്ടാണ്. പരസ്പരം ഇണകളെ തിരഞ്ഞെടുക്കുമ്പോള്‍ സമ്പത്തും, ധനവും നോക്കാതെ ‘ദീനുള്ളവളെ നിങ്ങള്‍ വിവാഹം കഴിക്കുക’ എന്നാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചത്?
ഇന്ന് വിവാഹങ്ങള്‍ ഭൂരിഭാഗവും പൊങ്ങച്ചത്തിന്റെയും ആഡംബരങ്ങളുടെയും മേളയായിരിക്കുന്നു. വധൂ വരന്മാര്‍ക്ക് തമ്മില്‍ കുഫ്‌വ് (മനപൊരുത്തം) നോക്കുന്നതിന് പകരം, കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ വധുവിനെ ഒന്നടങ്കം നിരീക്ഷിച്ച് ഉറപ്പുവരുത്തുന്ന മിഠായി കൊടുക്കല്‍ ചടങ്ങുകളില്‍ തുടങ്ങി, പണ്ടം കെട്ടല്‍, ഡ്രസ്സ് കൊടുക്കല്‍, കല്യാണത്തിന് മുന്‍പേ തന്നെയുള്ള കറക്കം, അങ്ങനെ അവസാനം നാടറിഞ്ഞു പൊലിപ്പിക്കുന്ന കല്യാണവും. വിവാഹദിനം പടക്കം പൊട്ടിക്കല്‍ കൂടിക്കഴിഞ്ഞാല്‍, വിവാഹത്തിന് ഫുള്‍സ്റ്റോപ്പിട്ടെന്ന് നമ്മള്‍ കരുതും. എന്നാല്‍, അവിടം കൊണ്ട് പുതിയ ആചാരങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്.
നമ്മുടെ വീടുകളില്‍ സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കുമ്പോള്‍, തന്റെ അയല്‍പ്പക്കക്കാരെയും പരിഗണിക്കണമെന്ന പ്രവാചകവചനം പിന്‍പറ്റുന്ന നാം, നമ്മുടെ വീടുകളില്‍ സ്വര്‍ണ വിഭൂഷിതയായി മക്കള്‍ അണിഞ്ഞൊരുങ്ങുമ്പോള്‍, തനിക്ക് താഴെ ഒരു പവന്‍ സ്വര്‍ണം പോലും തന്റെ പെണ്മക്കള്‍ക്ക് വാങ്ങാന്‍ കഴിയാതെ, നിസ്സഹായാവസ്ഥയില്‍ കണ്ണീരു വാര്‍ത്തു കഴിയുന്നവരെക്കുറിച്ച് ആലോചിക്കാറുണ്ടോ? എത്ര ദുഖകരമായ അവസ്ഥയാകുമത്?
ഭാര്യ വെറുമൊരു ഭോഗവസ്തു മാത്രമല്ലെന്നും തന്റെ സുഖദുഃഖങ്ങളിലെ പങ്കാളിയും തന്റെ മക്കളെ പ്രസവിച്ച് പരിപാലിക്കുന്നവളുമാണ്. നാളേക്കുള്ള കരുതലാണ് തന്റെ ഭര്‍ത്താവ് എന്ന് സ്ത്രീയും മനസ്സിലാക്കണം. പകലന്തിയോളം വിയര്‍പ്പൊഴുക്കി, അധ്വാനിക്കുന്ന പണമെല്ലാം ധൂര്‍ത്തടിപ്പിക്കാനുള്ള ഒരു വസ്തുവല്ല ഭര്‍ത്താവ്. എല്ലാ കഷ്ടതകളിലും തനിക്കൊപ്പം നിന്ന് സ്‌നേഹത്തോടെ വാരിപ്പുണരാന്‍ സ്വാതന്ത്ര്യമുള്ള, അധികാരമുള്ള ഇണയാണെന്നുള്ള തിരിച്ചറിവ് ഓരോ ഭാര്യമാര്‍ക്കും ഉണ്ടാകണം. എങ്കില്‍ മാത്രമേ വീട് ഒരു പൂന്തോപ്പാക്കാന്‍ സാധിക്കൂ. ഭാര്യാഭര്‍തൃ ബന്ധം വിജയിക്കണമെങ്കില്‍ അവിടെ സ്‌നേഹത്തിന്റെ പൂന്തോട്ടം ഉണ്ടായിരിക്കണം. വിശ്വാസത്തിന്റെ മതില്‍ക്കെട്ടുകളില്‍ ആ പൂന്തോട്ടം സുരക്ഷിതമായിരിക്കണം. എങ്കില്‍ മാത്രമേ, പൂമ്പൊടിയുമായെത്തുന്ന നന്മ നിറഞ്ഞ മക്കളെ വാര്‍ത്തെടുക്കാന്‍ കഴിയൂ.
ഓരോ പുലരിയും പുതുമയുള്ള കാഴ്ചകളായി മക്കള്‍ക്ക് ജീവിതത്തില്‍ നിന്ന് പകര്‍ന്നു നല്‍കി നോക്കൂ. വാര്‍ധക്യത്തില്‍ ഈ സ്‌നേഹബന്ധങ്ങളൊക്കെയും അവരിലൂടെ പുനര്‍ജ്ജനിക്കുമെന്നത് തീര്‍ച്ചയാണ്. ആകാശം വൈകീട്ട് ഇരുണ്ടു തുടങ്ങുമെങ്കിലും അതിരാവിലെ പുതിയ പ്രഭയുമായി പൊട്ടിവിടരുന്നില്ലേ?
അതുപോലെതന്നെയാണ് ദാമ്പത്യ ജീവിതവും. എല്ലാ ദിവസവും മധുരം മാത്രം കഴിച്ച്, ജീവിച്ചുതീര്‍ക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? ഇടയ്ക്ക് ഉപ്പുള്ളതും നാവിനുള്ളില്‍ അലിയിച്ചിറക്കാന്‍ കൊതിയാവും. അത്രതന്നെ നിസ്സാരമാക്കാവുന്ന സൗന്ദര്യപ്പിണക്കങ്ങള്‍ മാത്രമേ ദാമ്പത്യത്തില്‍ വെച്ചു പൊറുപ്പിക്കാവൂ. ആയുസ്സിന്റെ ഓരോ കഷ്ണങ്ങളും തന്റെ ‘നല്ല പാതി’ക്ക് വേണ്ടി ഇത്തിരി മാറ്റിവെച്ച് നോക്കൂ. സന്തോഷവും സമാധാനവും ഐശ്വര്യവും നമുക്കിടയില്‍ എത്തും.