9 Saturday
August 2025
2025 August 9
1447 Safar 14

പ്രവാസം (ആടുജീവിതം) അത്ര സുഖകരമല്ല

ജസ്ല സമീമ വാരണാക്കര

നല്ലൊരു ജോലി, മികച്ച വരുമാനം, സ്വന്തമായൊരു വീട്, വാഹനം… അങ്ങനെ നീണ്ടുകിടക്കുന്ന ആവശ്യങ്ങള്‍ തന്നെയാണ് പലരെയും പ്രവാസത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്. സ്വന്തം കഴിവ് തിരിച്ചറിയാന്‍ ശ്രമിക്കാത്തതും എന്നാല്‍ കഴിവിനു മേല്‍ കഴിവ് ഇല്ലായ്മയെ പുതച്ചു കെട്ടി സ്വയം ഒന്നിനും കൊള്ളാത്തവന്‍ എന്ന് പറഞ്ഞു ശീലിച്ചതും നമ്മള്‍ തന്നെ. ധാരാളം കുറുക്കുവഴികള്‍ തേടിയുള്ള അന്വേഷണത്തില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളികള്‍ തന്നെയാണ് വിദേശ ജോലിക്കാരില്‍ അധികവും. വിദ്യാഭ്യാസത്തെ കേവലം ഒരു കുറുക്കുവഴിയായി മാത്രം എടുത്ത് എങ്ങോ പറക്കാന്‍ സ്വന്തം ചിറകുകള്‍ അയച്ചു വെച്ചവരാണ് പ്രവാസികള്‍. ഉപരിപഠനം കയ്യെത്തും ദൂരത്ത് നില്‍ക്കെ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് പകല്‍കിനാവ് കണ്ടവര്‍, ഇനി എന്താ നിന്റെ ലക്ഷ്യം എന്ന ചോദ്യത്തിന് ഒരു ബിസിനസ് എന്നതിലുപരി ഗള്‍ഫിലേക്ക് എന്നഹങ്കാരത്തോടെ പറഞ്ഞു വരുന്നവര്‍.
യഥാര്‍ഥത്തില്‍ എന്താണ് ഇതിനുള്ള കാരണം? ഒരുപാട് ജോലികള്‍ സ്വന്തം നാട്ടില്‍ നിലനില്‍ക്കെ അല്ലെങ്കില്‍ പഠിക്കാന്‍ ഉള്ള കഴിവും സാഹചര്യവും ഉണ്ടായിട്ടും ഗള്‍ഫിനെ മാത്രം ആശ്രയിക്കുന്ന നമ്മെ പ്രേരിപ്പിക്കുന്ന ഘടകം എന്താണെന്ന ചോദ്യത്തിനു മേല്‍ മനസ്സില്‍ പതിയുന്ന ഉത്തരങ്ങളെല്ലാം ഇവിടെ പ്രസക്തി അര്‍ഹിക്കുന്നുണ്ടോ? പണം എന്ന ലക്ഷ്യത്തിനുമേല്‍ അര്‍പ്പിച്ച ജീവിതം എന്നതായിരിക്കും ഒരുപക്ഷേ ഗള്‍ഫ് എന്ന ആശയത്തിന് സ്വീകാര്യത നേടിക്കൊടുത്തത്. തന്റെ വികാര വിചാരങ്ങളെ താഴിട്ടു പൂട്ടിയ കേവലമൊരു കടലാസുകഷ്ണം ആണ് പണം എന്നത് പലരും മറക്കുന്നു.
കേരളത്തിലെ ആകെ ജനസംഖ്യയില്‍ 10 ശതമാനവും ജോലി ചെയ്യുന്നത് സഊദി, യു എ ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലാണ്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഈ ഗള്‍ഫ് പണം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1950 കാലഘട്ടത്തിലെ അറബ് രാജ്യങ്ങള്‍ അനുഭവിച്ച ഒരു പ്രധാന പ്രശ്‌നമായിരുന്നു തൊഴിലാളി ക്ഷാമം. അതേസമയം കേരളം അനുഭവിച്ചത് തൊഴിലില്ലായ്മയാണ്. അങ്ങനെ ജീവന്‍ പണയം വെച്ച് മലയാളികള്‍ ഗള്‍ഫിലേക്ക് കപ്പല്‍ കയറി, അവിടെ ആടുജീവിതം തുടങ്ങി.
ഗള്‍ഫനുഭവങ്ങള്‍ പ്രവാസികളില്‍ എല്ലാ സാഹചര്യങ്ങളോടും ഇണങ്ങിച്ചേരാനുള്ള കഴിവു സമ്മാനിച്ചിട്ടുണ്ട്. എത്ര വലിയ ദുരിതങ്ങളിലും പളപളപ്പില്‍ നടക്കുന്ന പ്രവാസികളാണ് പല യുവാക്കളിലും പ്രവാസത്തെ വലിയ മോഹമായി കൊത്തിവെക്കാന്‍ കാരണം എന്നു തോന്നിയിട്ടുണ്ട്. പഠിക്കാ ന്‍ പുസ്തകങ്ങളും അണിയാന്‍ വസ്ത്രവും കൂടെ നില്‍ക്കാന്‍ രക്ഷിതാക്കളും കൂടപ്പിറപ്പും ഉള്ളവര്‍ പോലും പറയുന്നു നാളെ ഗള്‍ഫിലേക്ക് എന്ന്. ഗള്‍ഫില്‍ പോയാല്‍ പണമുണ്ടാകും, വലിയ ആളാവാം എന്നതൊക്കെ വലിയ ധാരണയാണ്. ഗള്‍ഫുകാരനാണെന്ന് പത്രാസോടെ വിളിച്ചു പറയുന്നത് കാണാം. എവിടെയാണെങ്കിലും ഭാഗ്യവും കഴിവും ഉള്ളവനേ പണക്കാരനും മറ്റും ആവുകയുള്ളൂ. അല്ലാത്തവര്‍ എന്നും അങ്ങനെ തന്നെയായിരിക്കും.
ഞാനും കരുതിയിരുന്നു ഗള്‍ഫ്കാരന് നല്ല സുഖമായിരിക്കും, അധികം ജോലിയൊന്നും ഉണ്ടാകില്ല. എപ്പോഴും എല്ലാം ചെയ്യാം. ഒരുപാട് മിഠായി കഴിക്കാം. നല്ല രസാവുമെന്നൊക്കെ. കുഞ്ഞിലേ കണ്ടു വളര്‍ന്നത് ഗള്‍ഫില്‍ നിന്നും വരുന്നവരുടെ കയ്യിലെ പെട്ടിയും അതിലൊരുപാട് മിഠായി, മറ്റു പല സാധനങ്ങളുമായത് കൊണ്ട് കൊച്ചു കുഞ്ഞിന്റെ മനസ്സിലുദിച്ച തെറ്റായ ചിന്തയാണതെന്ന് പിന്നീട് ഉപ്പയുടെ വാക്കില്‍ നിന്നാണ് അറിഞ്ഞത്. ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ രാവന്തിയോളം പണിയെടുത്തു കിട്ടുന്ന തുച്ഛം പണംകൊണ്ട് കുടുംബത്തെ പോ റ്റാന്‍ പാടുപെടുന്ന ഒരുപാട് പ്രവാസികള്‍. ആടുജീവിതം തന്നെ പ്രവാസിയുടെ അവസ്ഥയെ വിളിച്ചോതുന്നുണ്ട്. അതുപോലെ അറബി വീട്ടില്‍ അറബിച്ചിയുടെ ആട്ടും തൂപ്പും കേട്ട് വണ്ടി കഴുകിയും ആടിനെ മേച്ചും നടക്കുന്ന എത്രയോ ആളുകളെ നമുക്ക് കാണാം. ഭാര്യയെയും മക്കളെയും നോക്കാന്‍ കഷ്ടപ്പെടുന്ന ഭര്‍ത്താവിന്റെ അവസ്ഥയെ മനസിലാക്കാതെ അങ്ങാടിയില്‍ കറങ്ങി നടന്ന് ബാഗും തൂക്കി ഷോപ്പിങ്ങിന് പോകുന്ന ഭാര്യമാര്‍ ഏറെയാണ്.

Back to Top