27 Friday
December 2024
2024 December 27
1446 Joumada II 25

സര്‍വമത സത്യവാദത്തിലെ പൊള്ളത്തരങ്ങള്‍

പി കെ മൊയ്തീന്‍ സുല്ലമി


ഭൗതിക താല്പര്യങ്ങള്‍ക്കും സംഘപരിവാറുകാരെയും യുക്തിവാദികളെയും തൃപ്തിപ്പെടുത്താനും ചില മുസ്‌ലിം നാമധാരികള്‍ സര്‍വമത സത്യവാദം പ്രചരിപ്പിക്കുന്നുണ്ട്. ഇതിനായി അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക: നബി (സ)യില്‍ വിശ്വസിച്ചവരോ യഹൂദമതം സ്വീകരിച്ചവരോ ക്രൈസ്തവരോ സാബിഉകളോ ആരാകട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല. (അല്‍ബഖറ 62)
മേല്‍ വചനത്തിന്റെ ഉദ്ദേശ്യം യഹൂദമതവും ക്രിസ്തു മതവും സാബികളുടെ മതവുമെല്ലാം സത്യസന്ധമാണ് എന്നതല്ല. സത്യസന്ധമാണെങ്കില്‍ ഓരോരുത്തരും അവരവരുടെ മതത്തില്‍ ഉറച്ചു നില്‍ക്കണമെന്ന് പറയേണ്ടിയിരുന്നു. അത് പറയാതെ, പിന്നെ എന്തിനാണ് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കണമെന്നും സല്‍കര്‍മം അനുഷ്ഠിക്കണമെന്നും പറഞ്ഞത്. അപ്പോള്‍ ആ പറഞ്ഞതിന്റെ താല്പര്യം യഹൂദിയാകട്ടെ, ക്രിസ്ത്യാനിയാകട്ടെ, സാബിഉകളാകട്ടെ മുഹമ്മദ് നബി(സ) കൊണ്ടുവന്ന വിശ്വാസ കര്‍മ പ്രമാണങ്ങള്‍ അംഗീകരിക്കുന്ന പക്ഷം അവരെല്ലാം സത്യവിശ്വാസികളും സ്വര്‍ഗത്തിന്നവകാശികളുമാണ് എന്നാണ്.
ഈ വചനത്തിന്റെ അവതരണ സന്ദര്‍ഭം തന്നെ സല്‍മാനുല്‍ ഫാരിസിയുടെ(റ) വിഷയത്തിലാണ്. ഇമാം ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തുന്നു: മുജാഹിദ്(റ) ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു: സല്‍മാന്‍(റ) പ്രസ്താവിക്കുകയുണ്ടായി: ഞാന്‍ മുന്‍കാലത്തെ എന്റെ ദീനിനെ സംബന്ധിച്ച് നബി(സ)യോട് ചോദിക്കുകയുണ്ടായി. ഞാന്‍ അവരുടെ പ്രാര്‍ഥനയെക്കുറിച്ചും ആരാധനയെക്കുറിച്ചും ചോദിക്കുകയുണ്ടായി. അപ്പോഴാണ് ഈ വചനം അവതരിച്ചത്. (മുഖ്തസ്വര്‍ ഇബ്‌നുകസീര്‍ 1:71)
ഇമാം സുദ്ദിയില്‍(റ) നിന്നു ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തിയതിന്റെ ആശയം ഇപ്രകാരമാണ്: നബി(സ)യെ പ്രവാചകനായി നിയോഗിച്ചിട്ടും അദ്ദേഹത്തെ പിന്‍തുടരാതിരിക്കുകയും ഈസാ നബിയുടെ ചര്യയും ഇന്‍ജീലും പിന്‍തുടര്‍ന്ന് ജീവിക്കുകയും ചെയ്യുന്നവര്‍ നശിച്ചതു തന്നെ. (മുഖ്തസ്വര്‍ ഇബ്‌നികസീര്‍ 1:71)
അല്‍ബഖറ 62-ാം വചനത്തിന്റെ താല്പര്യം സര്‍വമത സത്യവാദമല്ല. മറിച്ച്, യഹൂദിയാകട്ടെ, ക്രിസ്ത്യാനിയാകട്ടെ, സാബിആകട്ടെ അത്തരക്കാര്‍ നബി (സ)യെ അല്ലാഹു പ്രവാചകനായി നിയോഗിച്ചയച്ച സ്ഥിതിക്ക് ആ പ്രവാചകന്‍ മുഖേന അവര്‍ക്ക് ലഭിച്ച വിശുദ്ധ ഖുര്‍ആനെ അവര്‍ നിര്‍ബന്ധമായും അംഗീകരിക്കേണ്ടതും അതില്‍ പറഞ്ഞ വിശ്വാസ കര്‍മങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ടതുമാണ്. എങ്കില്‍ മാത്രമേ രക്ഷയുള്ളൂ.
എല്ലാ മതങ്ങളും സത്യസന്ധമാണ് എന്നതിന് മേല്‍ വചനം തെളിവാണെങ്കില്‍ താഴെ വരുന്ന അല്ലാഹുവിന്റെ വചനങ്ങള്‍ തെറ്റാണെന്ന് വരില്ലേ? ”തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു.” (ആലുഇംറാന്‍ 19). ”ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി തൃപ്തിപ്പെടുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.” (ആലുഇംറാന്‍ 89)
സര്‍വമത സത്യവാദം എന്നത് വ്യക്തമായ ദുര്‍വ്യാഖ്യാനമാണ്. മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമാകാത്ത ഏക ദൈവിക ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ മാത്രമാകുന്നു. എല്ലാ മതങ്ങളും സത്യമാണെങ്കില്‍ താഴെ വരുന്ന ഗ്രന്ഥങ്ങളെ അല്ലാഹു എന്തുകൊണ്ട് നിരാകരിക്കുകയും തള്ളിക്കളയുകയും ചെയ്തു? അല്ലാഹു പറയുന്നു: ”അക്ഷരജ്ഞാനമില്ലാത്ത ചില ആളുകളും അവരില്‍ (ഇസ്‌റാഈല്യരില്‍) ഉണ്ട്. ചില വ്യാമോഹങ്ങള്‍ വെച്ചു പുലര്‍ത്തപ്പെടുന്നതല്ലാതെ വേദഗ്രന്ഥത്തെപ്പറ്റി അവര്‍ക്കൊന്നുമറിയില്ല. അവര്‍ ഊഹത്തെ അവലംബമാക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം. അത് മുഖേന വിലകുറഞ്ഞ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടിയാകുന്നു (അപ്രകാരം ചെയ്യുന്നത്). അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം.” (അല്‍ബഖറ 78,79)
തൗറാത്തും ഇന്‍ജീലും സബൂറും തനതായ രൂപത്തില്‍ ഇന്നില്ല. അവ മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമായിട്ടുണ്ട് എന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്. ഖുര്‍ആനിന് മുമ്പ് കഴിഞ്ഞുപോയ ഗ്രന്ഥമാണ് ഈസാ നബി(അ)ക്ക് ഇറങ്ങിയ ഇന്‍ജീല്‍. ആ ഗ്രന്ഥം തന്നെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും മാറ്റിമറിക്കപ്പെടുകയും ചെയ്തു. പുരോഹിതന്മാര്‍ക്ക് ഇഷ്ടമുള്ള നിയമങ്ങള്‍ നിലനിര്‍ത്തുകയും അല്ലാത്തവ ഒഴിവാക്കുകയും ചെയ്തു. അതാണ് അവരുടെ കൈകള്‍ എഴുതിയ വകയിലും അവര്‍ സമ്പാദിക്കുന്ന വകയിലും അവര്‍ക്ക് നാശം എന്ന് അല്ലാഹു പറഞ്ഞത്.
ഒരു പ്രവാചകനു ശേഷം അല്ലാഹു മറ്റൊരു പ്രവാചകനെ വേദഗ്രന്ഥവുമായി അയക്കുന്ന പക്ഷം അന്ന് ജീവിച്ചിരിക്കുന്നവര്‍ മുന്‍കഴിഞ്ഞ പ്രവാചകന്റെ ചര്യകള്‍ വെടിഞ്ഞ് പുതുതായി വരുന്ന പ്രവാചകന്മാരെ പിന്തുടരലും അവരുടെ വേദഗ്രന്ഥങ്ങള്‍ അംഗീകരിക്കലും നിര്‍ബന്ധമാണ്. യഹൂദികളും നസ്വാറാക്കളും അപ്രകാരം ചെയ്തില്ല. അവരെ തള്ളിക്കളയുകയാണ് ചെയ്തത്. അതിനെക്കുറിച്ച് അല്ലാഹു പറയുന്നു:
”അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട് അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവും ഇല്ലാത്തവരെപ്പോലെ പുറകോട്ടു വലിച്ചെറിയുകയാണ് ചെയ്തത്.” (അല്‍ബഖറ 101). നബി(സ)യെയും ഖുര്‍ആനിനെയും നിരാകരിക്കുക വഴി യഹൂദികളും നസ്വാറാക്കളും വഴിപിഴച്ചുപോയിട്ടുണ്ട് എന്നാണ് മേല്‍വചനം സൂചിപ്പിക്കുന്നത്.
സര്‍വമത സത്യവാദം ശരിയല്ല എന്നാണ് മേല്‍ വചനവും സൂചിപ്പിക്കുന്നത്. മേല്‍ പറഞ്ഞ ഇരുവിഭാഗവും സത്യം അറിഞ്ഞു കൊണ്ട് മറച്ചുവെക്കുന്നവരുമാണ്. അല്ലാഹു പറയുന്നു: ”നാം വേദം നല്‍കിയവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നതു പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞു കൊണ്ടു തന്നെ സത്യം മറച്ചുവെക്കുകയുമാകുന്നു.” (അല്‍ബഖറ 146). ”അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ഖുര്‍ആന്‍) അല്ലാഹുവിന്റെ പക്കല്‍ നിന്ന് വന്നു കിട്ടിയപ്പോള്‍ (അവര്‍ തള്ളിക്കളയുകയാണ് ഉണ്ടായത്.) അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്റെ ശാപം.” (അല്‍ബഖറ 89). വേദക്കാര്‍ കുഫ്‌റിന്റെ മാര്‍ഗത്തിലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. ”ഇസ്‌റാഈല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്റെയും മര്‍യമിന്റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്.” (മാഇദ 78)
മേല്‍ വചനത്തില്‍ പറഞ്ഞത്, ഇസ്‌റാഈല്‍ സന്തതികളിലെ കാഫിറുകള്‍ ശപിക്കപ്പെട്ടിരിക്കുന്നു എന്നാണ്. സര്‍വമത സത്യവാദപ്രകാരം കാഫിറിന്റെ ദീന്‍ മുസ്‌ലിമിന് അംഗീകരിക്കാന്‍ പറ്റുമോ? ”അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ റബ്ബുകളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ മാത്രം ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ ഒരാരാധ്യനുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍.” (തൗബ 31)
മേല്‍ വചനത്തില്‍ അല്ലാഹു പറയുന്നത് വേദക്കാരുടെ ശിര്‍ക്കിനെ സംബന്ധിച്ചാണ്. അപ്പോള്‍ ശിര്‍ക്കും കുഫ്‌റും ചെയ്യുന്ന ദീന്‍ അംഗീകരിക്കാന്‍ കൊള്ളുമോ? സര്‍വമത സത്യവാദം ഉന്നയിക്കുന്നവര്‍ മറുപടി പറയണം. ഇന്ന് ലോകത്ത് കൈകടത്തലുകള്‍ക്ക് വിധേയമാകാത്ത ഏക ദൈവിക ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്. മറ്റുള്ള വേദങ്ങളോ ഉപനിഷത്തുക്കളോ സുവിശേഷങ്ങളോ മുഴുവന്‍ തന്നെ മനുഷ്യനിര്‍മിതമോ മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമായതോ ആണ്. അവയില്‍ സത്യങ്ങളുണ്ട്, അര്‍ധസത്യങ്ങളുണ്ട്, അബദ്ധങ്ങളുണ്ട്. എന്നാല്‍ ഖുര്‍ആന്‍ നൂറുശതമാനവും സത്യസന്ധമാണ്. അതില്‍ നിന്ന് ഇന്നേവരെ ഇന്ന സൂക്തം അബദ്ധമാണ് എന്ന് ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ സാധിച്ചിട്ടില്ല. അല്ലാഹു പറയുന്നു: അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്. (ഫുസ്സ്വിലത് 42)
ഒരു മതം നന്നായിത്തീരണമെങ്കില്‍ അതിന്റെ പ്രമാണങ്ങള്‍ കുറ്റമറ്റതായിരിക്കണം. മനുഷ്യനിര്‍മിത പ്രമാണങ്ങള്‍ക്ക് കുറ്റമറ്റതായിത്തീരാന്‍ സാധ്യമല്ലായെന്നാണ് ഇസ്‌ലാമിക വീക്ഷണം. ഉദാഹരണം പറയാം: ക്രിസ്തു മതത്തില്‍ വിവാഹം കഴിക്കാതെ ആരാധനയില്‍ കഴിഞ്ഞുകൂടുന്ന രീതിയുണ്ട്. അത് അടിസ്ഥാന വേദഗ്രന്ഥമായ ഇന്‍ജീലില്‍ രേഖപ്പെടുത്തപ്പെട്ടതല്ല. അവര്‍ പുതുതായി നിര്‍മിച്ചുണ്ടാക്കിയതാണ്. എങ്കിലും അക്കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തി ജീവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അല്ലാഹു പറയുന്നു: സന്യാസ ജീവിതം അവര്‍ സ്വയം പുതുതായി നിര്‍മിച്ചു. അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടിയാണ് അവര്‍ അപ്രകാരം ചെയ്തത്. നാം അവര്‍ക്കത് നിയമമാക്കിയിട്ടുണ്ടായിരുന്നില്ല. എന്നിട്ടവര്‍ അത് (സന്യാസം) പാലിക്കേണ്ട മുറപ്രകാരം പാലിച്ചതുമില്ല. (ഹദീദ് 27)
സര്‍വമത സത്യവാദം ഇസ്‌ലാമിനും വിശുദ്ധ ഖുര്‍ആനിനും കടകവിരുദ്ധമായ ആശയമാണ്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു ഇറക്കിയത് മുന്‍വേദഗ്രന്ഥങ്ങളില്‍ നിന്ന് ആവശ്യമുള്ളത് നിലനിര്‍ത്തിയും ആവശ്യമില്ലാത്തത് ഒഴിവാക്കിയുമാണ്. മുന്‍വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തി എന്നു പറഞ്ഞാല്‍ അവെയ ദൈവിക ഗ്രന്ഥങ്ങളായി അംഗീകരിക്കണമെന്നാണ്. അത് സര്‍വമത സത്യവാദത്തിന് രണ്ടു നിലയില്‍ തെളിവല്ല. ഒന്ന്, ഖുര്‍ആന്‍ ഇറങ്ങിയതോടെ മറ്റുള്ള വേദഗ്രന്ഥങ്ങള്‍ ദുര്‍ബലപ്പെട്ടു. രണ്ട്, മുന്‍കഴിഞ്ഞ വേദഗ്രന്ഥങ്ങള്‍ ഇന്ന് തനതായ രൂപത്തില്‍ നിലവിലില്ല.
അല്ലാഹു അംഗീകരിക്കുന്ന മതം ഇസ്‌ലാം മാത്രമാണ്. അല്ലാഹു പറയുന്നു: അവനാണ് സന്മാര്‍ഗവും സത്യമാര്‍ഗവുമായി തന്റെ റസൂലിനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ അത് വെറുത്താലും ശരി’ (തൗബ 33). അപ്പോള്‍ ബഹുദൈവവിശ്വാസികളുടെ ദീന്‍ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം’ (കാഫിറൂന്‍ 6)

Back to Top