ചൈനക്കെതിരെ ക്രിമിനല്‍ കേസുമായി ഉയ്ഗൂര്‍ മുസ്‌ലിംകള്‍

ചൈനീസ് അധികൃതര്‍ക്കെതിരെ ഉയ്ഗൂര്‍ മുസ്‌ലിം വിഭാഗത്തിലെ 19 പേര്‍ തുര്‍ക്കി പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കി. ചൈനയിലെ വംശീയ ന്യൂനപക്ഷമായ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യ, പീഡനം, ബലാത്സംഗം, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ തുടരുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഉയ്ഗൂര്‍ മുസ്‌ലിംകള്‍ പരാതി നല്‍കിയിരിക്കുന്നത്. 2016 മുതല്‍ ചൈനീസ് അധികൃതര്‍ മില്യണ്‍ കണക്കിന് ഉയ്ഗൂര്‍ മുസ്‌ലിംകളെയും ഇതര മുസ്‌ലിം ന്യൂനപക്ഷങ്ങളെയും ക്യാമ്പുകളില്‍ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര സംഘടനകള്‍ നടപടിയെടുക്കാത്തതിനാല്‍ ഇത് അത്യാവശ്യമാണെന്ന് അഭിഭാഷകന്‍ ഗുല്‍ഡന്‍ സോന്‍മസ് പറഞ്ഞു. രാജ്യത്ത് ക്യാമ്പുകളില്ലെന്ന് ചൈന്യ ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് അത് തൊഴിലധിഷ്ഠിത കേന്ദ്രങ്ങളാണെന്നും തീവ്രവാദത്തെ ചെറുക്കുന്നതിനാണെന്നുമായിരുന്നു വിശദീകരണം. ഉയ്ഗൂര്‍ പീഡനത്തെ സംബന്ധിച്ച ആരോപങ്ങളെല്ലാം ചൈനീസ് ഭരണകൂടം നിഷേധിക്കുകയായിരുന്നു. അരലക്ഷത്തോളം ഉയ്ഗൂരികള്‍ തുര്‍ക്കിയുമായി വംശീയവും മതപരവും ഭാഷാപരവുമായി ബന്ധം പങ്കിടുന്നു. മധ്യേഷ്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഉയ്ഗൂരികള്‍ താമസിക്കുന്നത് തുര്‍ക്കിയിലാണ്.
