14 Tuesday
January 2025
2025 January 14
1446 Rajab 14

മഞ്ഞുമല

യൂസഫ് നടുവണ്ണൂര്‍


മഞ്ഞുമലയില്‍ നടക്കാന്‍
തോന്നുമ്പോഴെല്ലാം
ഉറക്കത്തിന്റെ താഴ്‌വരകള്‍ തേടിച്ചെല്ലും
മൃദുനടത്തങ്ങളാല്‍
കിതച്ച ദൂരങ്ങള്‍ തണുപ്പിക്കും
അരിച്ചരിച്ചു കയറും മരവിച്ച സുഖം!

കാണെക്കാണെയൊരു
മഞ്ഞുതടാകം രൂപപ്പെടുന്നു
എങ്ങും വെളുത്ത നിശ്ശബ്ദത!

ഊര്‍ന്നിറങ്ങുന്ന വെയിലില്‍
മഞ്ഞുതുരങ്കം കടന്ന്
പുരാതന മഞ്ഞുചിത്രങ്ങള്‍ നോക്കി
പാരമ്പര്യാങ്കിത മഞ്ഞുകംബളങ്ങളില്‍ ചവിട്ടി
കുളിരിറ്റും തീര്‍ഥജലച്ചാലുകളില്‍ മുങ്ങിനിവരും!

ചെറുകുന്നു നിലങ്ങളില്‍ മുളപൊട്ടുന്ന
ആകാശക്കോട്ടകളില്‍
ഞാനൊരു നിര്‍വികാര ഹിമാലയമായ്
തണുത്തുറയുന്നു!

ഇപ്പോള്‍
ഹിമാലയത്തിനു മുകളിലാണ്
മഞ്ഞു തൊപ്പിയണിഞ്ഞ്
മഞ്ഞുതാടി നീട്ടി
ധ്യാനനിരതനായി
ഒരുകയ്യകലത്തില്‍ തണുത്ത സൂര്യന്‍
ചിരപുരാതന സൗമ്യചക്രവാളം!

കാറ്ററിയാതെ
പ്രാര്‍ഥന പോലെ
പതുക്കെ കണ്ണുതുറക്കുമ്പോള്‍
ശ്വാസം ഒന്നാഞ്ഞുവലിക്കാന്‍ തിടുക്കപ്പെടുമ്പോള്‍
ഉറഞ്ഞുപോയ കാലൊന്നിളക്കിവെക്കുമ്പോള്‍
കാലിനടിയില്‍ നിന്ന്
എന്തോ ഊര്‍ന്നുപോകുന്ന പോലെ
ഹേയ് വെറും തോന്നലാവും!

Back to Top