കോവിഡിന്റെ പോയവര്‍ഷവും പ്രതീക്ഷയുടെ പുതുവര്‍ഷവും
ഹാസിബ് ആനങ്ങാടി
ലോകം ഒരു പുതുപുലരിയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. 2021 ഒരുപാട് അത്ഭുത പ്രതിഭാസങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. ലോകം മുഴുവന്‍ കോവിഡ് മഹാമാരിയെന്ന വൈറസ് വന്നപ്പോള്‍ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ വലിയ തിരിച്ചടി ഉണ്ടാക്കി. സമ്പന്ന രാജ്യങ്ങള്‍ സ്വന്തക്കാര്‍ക്ക് വേണ്ടി വാക്‌സിനുകള്‍ വാരി കൂട്ടുമ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു നി ല്‍ക്കുകയാണ്.
കോവിഡ് മഹാമാരിയില്‍ അരക്കോടിയിലേറെ പേര്‍ മരണമടഞ്ഞു. പുതുവര്‍ഷത്തിലേക്ക് കാലെടുത്തു വെക്കുമ്പോഴും കോവിഡിന്റെ സംഹാരശേഷിക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നിന്ന് പുറപ്പെട്ട പുതിയ വകഭേദം ഒമിക്രോണ്‍ വീണ്ടെടുപ്പിന്റെ പ്രതീക്ഷയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. വാക്‌സിനുകളുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെടുന്ന വിധമാണ് പുതിയ വകഭേദം വന്നത്.
വലിയ ഉയര്‍ച്ചകള്‍ക്കും വലിയ പതനങ്ങള്‍ക്കും രാഷ്ട്രീയ ലോകം കഴിഞ്ഞ വര്‍ഷം സാക്ഷിയായി. ട്രമ്പിന്റെ അധികാര വടംവലിയില്‍ പൊലിഞ്ഞ ജീവനുകള്‍ രാഷ്ട്രീയമായി 2021-നെ കളങ്കപ്പെടുത്തുന്നുണ്ട്. യൂറോപ്പില്‍ സംഘര്‍ഷങ്ങളുടെ തീപ്പൊരി വിതറിയാണ് വര്‍ഷം കൊഴിഞ്ഞു വീണത്. കാലാവസ്ഥാ വ്യതിയാനം ലോകത്ത് സൃഷ്ടിച്ചേക്കാവുന്ന ഭീതിതമായ സാഹചര്യത്തിലേക്കും 2021 വിരല്‍ ചൂണ്ടി. മനുഷ്യാവകാശ ധ്വംസനങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ എന്നിവയുടെ വിവിധങ്ങളായ വാര്‍ത്തകള്‍ നിരന്തരമായി പത്രമാധ്യമങ്ങളുടെ തലക്കെട്ടില്‍ ഇടം പിടിച്ച വര്‍ഷം കൂടിയാണ് 2021. പൊരുതി നേടിയ വിജയത്തിന്റെ പ്രതീകമായ കര്‍ഷക സമര വിജയം വലിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നുണ്ട്. അരുതായ്മകളോട് നെഞ്ചുറപ്പോടെ പൊരുതിയാല്‍ വിജയം നേടിയെടുക്കാനാകും എന്നതിന്റെ പ്രകടോദാഹരണമാണ് കര്‍ഷക സമരം നേടിയെടുത്ത വന്‍ വിജയം. പുതിയ പ്രതീക്ഷകളുമായി 2022 നെ വരവേല്ക്കാന്‍ ഇത് കരുത്തു നല്കുന്നുണ്ട്