21 Tuesday
October 2025
2025 October 21
1447 Rabie Al-Âkher 28

പൗരത്വ പ്രക്ഷോഭം പുനരാരംഭിക്കാന്‍ സമയമായി -കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: വളഞ്ഞ വഴിയിലൂടെ പൗരത്വ ഭേതഗതി നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ പൗരത്വ സംരക്ഷണ പ്രക്ഷോഭം പുനരാരംഭിക്കാന്‍ സമയമായിരിക്കുന്നു എന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ആധാര്‍ കാര്‍ഡും ഇലക്ടറല്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ നിയമം കൊണ്ടുവരുന്നതിലൂടെ രാജ്യത്തെ വലിയൊരു വിഭാഗത്തെ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്തി 2024-ലും തുടര്‍ഭരണം സാധ്യമാക്കാനുള്ള ഗൂഢപദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ സ്ത്രീ സമൂഹത്തെ പരീക്ഷണ വസ്തുക്കളായി കാണുന്ന കേന്ദ്ര സര്‍ക്കാറിന്റെ സ്ത്രീവിരുദ്ധ നടപടികള്‍ പിന്‍വലിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി നിര്‍ണയിക്കുന്ന നിയമ ഭേദഗതി തീര്‍ത്തും സ്ത്രീ വിരുദ്ധമാണ്.
വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട നടപടി മുസ്‌ലിം സമുദായത്തിലുണ്ടാക്കിയ ആശങ്ക പരിഹരിക്കാന്‍ അടിയന്തിര നടപടി വേണം. നിയമം പിന്‍വലിച്ച് മാത്രമേ ആശങ്ക പരിഹരിക്കാനൊക്കുകയുള്ളൂ. കേരളത്തിന്റെ സാമ്പത്തിക, പാരിസ്ഥിതിക മേഖലകളില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതും സാധാരണക്കാര്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്തതുമായ കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആവശ്യപ്പെട്ടു.
മുജാഹിദ് സംസ്ഥാന സമ്മേളനം 2022 ഡിസംബറില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. കേരളത്തില്‍ ഇസ്‌ലാഹീ നവോത്ഥാന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ നൂറ് വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ കൂടി സംഘടിപ്പിക്കുന്ന ഈ സമ്മേളനം ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവാകും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ പദ്ധതികള്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. അടുത്ത 20 വര്‍ഷം മുന്നില്‍ കണ്ട് വലിയൊരു വിദ്യാഭ്യാസ പ്രൊജക്ട് അടുത്ത ആറ് മാസത്തിനകം തുടക്കം കുറിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി, ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി, ട്രഷറര്‍ എം അഹ്മദ് കുട്ടി മദനി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഡോ. അന്‍വര്‍ സാദത്ത്, ഡോ. ഐ പി അബ്ദുസ്സലാം, ബി പി എ ഗഫൂര്‍, പി പി ഖാലിദ്, പി അബ്ദുസ്സലാം മദനി പുത്തൂര്‍ പങ്കെടുത്തു.

Back to Top