പ്രാര്‍ഥനയാണ് മര്‍മ പ്രധാനം
തന്‍സീം യൂസഫ്
ഇസ്ലാമില്‍ ഏറെ പ്രാമുഖ്യം നല്‍കുന്ന വിഷയമാണ് ആത്മീയത. ദൈവിക വിചിന്തനവും വീണ്ടു വിചാരവും കൈക്കൊള്ളുക വഴി ദൈവവിശ്വാസം പൂര്‍ണമായും പ്രായോഗികവത്കരിക്കപ്പെടുകയും അത്തരത്തില്‍ തന്നെ സമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയും വേണം. എല്ലായിപ്പോഴും എല്ലാ വിശ്വാസങ്ങളും ദൈ വത്തില്‍ അര്‍പ്പിച്ചുകൊണ്ട് വിശേഷാല്‍ ഈ ലോകത്തെ ജീവിത ക്രമത്തോട് രാജി പറഞ്ഞു കൊണ്ട് അല്ലാഹുവാണ് അധിപന്‍ എന്നും അവനിലാണ് വിജയം എന്നും കര്‍മ്മം കൊണ്ടും വിശ്വാസം കൊണ്ടും പ്രതിഫലിപ്പിക്കുന്ന ആത്മീയ ചാരിതാര്‍ഥ്യം ഏറെ പ്രാമുഖ്യം നല്‍കേണ്ട ഘടകമാണ്. ഇസ്ലാമിന്റെ മര്‍മ പ്രധാനമായ ആത്മീയ മേഖലകളിലേക്ക് നുഴഞ്ഞു കയറിയ കപട മുഖങ്ങളെ തിരിച്ചറിയാനും തുടച്ചുനീക്കാനും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്. ധാര്‍മികതയുടെ പതാക വാഹകരാവേണ്ടവര്‍ പോലും അധര്‍മങ്ങള്‍ക്ക് കുട പിടിക്കുന്ന കാഴ്ചയാണ് ലോകത്തെന്നും. ഇത്തരം ദുസ്ഥിതികളില്‍ വിശ്വാസി തന്റെ കടമ നിര്‍വഹിക്കേണ്ടതുണ്ട്. പോംവഴികളില്‍ പ്രാര്‍ഥനയാണ് മര്‍മ പ്രധാനം. അതിലാണ് പ്രതീക്ഷയുടെ പൂങ്കാവനം. ദൈവ സന്നിധിയിലേക്ക് കരങ്ങളുയര്‍ത്തി ക്ഷമയോടെ നല്ല നാളുകളെ നമുക്ക് പ്രത്യാശിക്കാം. ആത്മീയതയുടെ അടിസ്ഥാനതത്വം പൂര്‍ണ ഏക ദൈവ വിശ്വാസമാണ് എന്നത് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും നമുക്ക് സാധിക്കട്ടെ.