ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശം
കെ പി എസ് ഫാറൂഖി, കണ്ണൂര്‍
സി പി എമ്മും മുഖ്യമന്ത്രിയും ജമാഅത്തെ ഇസ്ലാമിയെ കുറ്റപ്പെടുത്തുന്നതില്‍ നീരസം പ്രകടിപ്പിച്ച് ജമാഅത്തിന്റെ കേരള അമീര്‍ പുറപ്പെടുവിച്ച ഒരു പ്രസ്താവന വായിക്കാനിടയായി. ”ജമാഅത്തെ ഇസ്ലാമിയുടെ തത്വാധിഷ്ഠിത രാഷ്ട്രീയ പിന്തുണ സ്വീകരിച്ചപ്പോഴും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിച്ചത് ജമാഅത്തെ ഇസ്ലാമിയാണെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറല്ലെങ്കില്‍ മുസ്ലിം ലീഗടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അത് വകവെച്ചു കൊടുക്കാനുള്ള രാഷ്ട്രീയ മര്യാദ മുഖ്യമന്ത്രി കാട്ടണം. തങ്ങളുടെ കൂടെ കൂടുമ്പോള്‍ മാത്രം ഒരു കൂട്ടര്‍ വിശുദ്ധരും പുരോഗമന വാദികളും മറുപക്ഷത്താകുമ്പോള്‍ അവിശുദ്ധരും തീവ്രവാദികളുമായി മാറുന്നതിന്റെ രസതന്ത്രം രാഷ്ട്രീയമായ സത്യസന്ധതയില്ലായ്മയാണെന്നും കൂട്ടിച്ചേര്‍ത്തു.” (മാധ്യമം 16/12/2021)
രണ്ട് കാര്യം ഈ വാചകത്തില്‍ നിന്ന് വ്യക്തം. ജമാഅത്തെ ഇസ്ലാമി മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്തുണച്ച് ഇടതുപക്ഷത്തെ വളര്‍ത്താന്‍ പരിശ്രമിച്ചിരുന്നു. ഇപ്പോള്‍ ജമാഅത്ത് ചെയ്യുന്നത് മുസ്ലിംലീഗ് പാര്‍ട്ടിയെ സഹായിച്ച് യു ഡി എഫ് രാഷ് ട്രീയത്തെ ശക്തിപ്പെടുത്താനാണ്. അപ്പോള്‍ ചോദ്യമിതാണ്: ഹുകൂമത്തെ ഇലാഹി എന്ന ഇഖാമത്തുദ്ദീന്‍ എന്ന ഇസ്ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥയും രാഷ്ട്രവ്യവസ്ഥയും സംസ്ഥാപിക്കുക എന്ന മൗദൂദി വിഭാവനം ചെയ്ത ലക്ഷ്യം ജമാഅത്തെ ഇസ്ലാമി പാടെ ഒഴിവാക്കിയോ? ഒരു മുസ്ലിം ഇന്ത്യയില്‍ ഇസ്ലാമിന്റെ രാഷ്ട്ര സംസ്ഥാപനം എന്ന ലക്ഷ്യമൊന്നും മനസ്സില്‍ കരുതാതെ രാജ്യത്തിന്റെയും സമുദായത്തിന്റെയും നന്മക്ക് വേണ്ടി ഇടതുപക്ഷത്തോ വലത് പക്ഷത്തോ ഉള്ള സി പി ഐ, ഐ എന്‍ എല്‍, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് തുടങ്ങിയ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ അതിന്റെ വിധിയെന്താണ്? അങ്ങനെ ചെയ്യുന്നത് അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കു ചേര്‍ക്കലാകുമോ? ഇസ്ലാമിന്റെ രാഷ്ട്രീയത്തെയും രാഷ്ട്ര വ്യവസ്ഥയെയും നിരാകരിക്കലാകുമോ? ഒരു മുസ്ലിമിന് ഇത് അനുവദനീയമാണോ?
മറ്റൊരു പ്രശ്‌നം, ജമാഅത്തെ ഇസ്ലാമി സമീപകാലത്ത് സജീവ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയായി രൂപാന്തരപ്പെട്ടതായി കാണുന്നു. മൗദൂദി വിഭാവനം ചെയ്ത ഹുകൂമത്തെ ഇലാഹി എന്ന ഇഖാമത്തുദ്ദീന്‍ കാലഹരണപ്പെട്ടോ? മൗദൂദിയുടെ ആശയങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല എന്ന് മുമ്പൊരു ജമാഅത്ത് അമീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യം ഇപ്പോള്‍ എല്ലാ ജമാഅത്തുകാര്‍ക്കും ബോധ്യപ്പെട്ടതാണോ? അതോ അകമേ ഹുകൂമത്തെ ഇലാഹിയും പിടിച്ച് നില്‍ക്കാന്‍ വേണ്ടി മാത്രം പുറമെക്ക് ഹുകൂമത്തെ ഡമോക്രസിയും പറയുകയാണോ? ഇങ്ങനെ ഒരു സംശയം ഇപ്പോള്‍ ഉന്നയിക്കാന്‍ കാരണം, ജമാഅത്തെ ഇസ്‌ലാമിയുടെ സമീപകാലത്തെ കാമ്പയിന്‍ കാലത്ത് ഖത്വീബുമാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ശരീഅത്തിന്റെ ആവശ്യകത എന്ന ഖുത്ബ സിനോപ്‌സിസില്‍ പാര്‍ട്ട് ടൈം മുസ്ലിം, ഫുള്‍ ടൈം മുസ്ലിം എന്നിങ്ങനെ വിശ്വാസികളെ വിഭജിക്കുന്ന ഒരു ഭാഗം കാണാം. കാലഹരണപ്പെട്ടതെന്ന്, ബഹു ഭൂരിഭാഗം വെല്‍ഫയര്‍ പാര്‍ട്ടി ജമാഅത്തുകാരും കരുതുന്ന മൗദൂദി ചിന്തകളുടെ സ്വാധീനവും അതിന്റെ പുനരാനയിക്കലുമൊക്കെ ഈ സിനോപ്‌സില്‍ തിളങ്ങി നില്‍ക്കുന്നത് കാണാം.
ജമാഅത്തുകാര്‍ ആദ്യകാലത്ത് സമൃദ്ധമായി പറയുകയും എഴുതുകയും ചെയ്ത കാര്യങ്ങള്‍ കുറെ കാലത്തെ ഇടവേളയ്ക്ക് ശേഷം പുതിയ രൂപത്തില്‍ പുനരാനയിച്ചു കൊണ്ടുവരുന്ന പ്രവണത ഈ വരികളില്‍ കാണാം. അഥവാ ഇസ്ലാമിന് സ്വന്തമായി രാഷ്ട്രീയ വ്യവസ്ഥയും രാഷ്ട്ര വ്യവസ്ഥയും ഉള്ള സ്ഥിതിക്ക് അതിന്റെ സംസ്ഥാപനത്തിന് വേണ്ടിയാണ് അഥവാ ‘ഹുകൂമത്തെ ഇലാഹി എന്ന ഇഖാമത്തുദ്ദീനിന്’ വേണ്ടിയാണ് മുസ്ലിംകള്‍ പണിയെടുക്കേണ്ടതെന്നും ജനാധിപത്യ മതേതരത്വ പാര്‍ട്ടികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നുമായിരുന്നു ജമാഅത്ത് നിലപാട്. ഇഖാമത്തുദ്ദീനിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയായതിനാലാണ് ജമാഅത്തുകാരില്‍ ഒരു എം പിയോ എംഎല്‍എയോ എന്തിന് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ഇല്ലാതെയായത് എന്ന് അഭിമാനപൂര്‍വം അവര്‍ എഴുതുകയും ചെയ്തിരുന്നു. ആ പുസ്തകം ഇനിയും പിന്‍വലിച്ചിട്ടുമില്ല എന്നാണറിവ്. ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ ജനാധിപത്യ പാര്‍ട്ടികളായ കോണ്‍ഗ്രസിലും ലീഗിലും സി പി ഐയിലും മാണി കോണ്‍ഗ്രസ്സിലും ഒരു മുസ്‌ലിം ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ അത് എങ്ങനെയാണ് തെറ്റാവുക എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ഇപ്പോഴും ജമാഅത്തുകാര്‍ വല്ലാതെ വിയര്‍ക്കുന്നത് കാണാം.