സുഊദി-ഖത്തര്‍ നേതാക്കളുടെ ചര്‍ച്ച; ഊന്നല്‍ മേഖലയിലെ സുരക്ഷക്ക്

സുഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയത് മേഖലയിലെ സുരക്ഷക്ക്. ഖത്തറിനെതിരെ സഊദി അടക്കമുള്ള അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിന് ശേഷം ആദ്യമായാണ് സഊദി കിരീടാവകാശി ദോഹയിലെത്തിയത്.
മേഖലയിലെ സ്ഥിരതയും സുരക്ഷയും സംരക്ഷിക്കുന്ന എല്ലാത്തിനെയും സംബന്ധിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സഊദി അറേബ്യയുമായി വീക്ഷണങ്ങള്‍ പങ്കുവെച്ചതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേഖല നേരിടുന്ന സമകാലിക സാഹചര്യങ്ങളുടെ വെളിച്ചത്തില്‍, ഈ സുപ്രധാന സന്ദര്‍ശനം ശക്തവും ചരിത്രപരവുമായ ബന്ധങ്ങളെ കൂടുതല്‍ ആഴത്തില്‍ ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒമാന്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി സന്ദര്‍ശിക്കുന്നുണ്ട്.
അടുത്ത വര്‍ഷം നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനല്‍ വേദിയായ ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയവും അമീറിനൊപ്പം മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചു. ആറ് ഗള്‍ഫ് അറബ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി അടുത്തയാഴ്ച റിയാദില്‍ നടക്കുന്നുണ്ട്. അതിന്റെ മുന്നോടി കൂടിയാണ് പര്യടനം.
