30 Monday
June 2025
2025 June 30
1447 Mouharrem 4

മോസോ മുളകുകളുടെ വളര്‍ച്ച

സി കെ റജീഷ്‌


ചൈനയിലും തായ്വാനിലും കണ്ടുവരുന്ന പ്രത്യേക ഇനം മുളകുകളാണ് മോസോ മുളകുകള്‍. ഇവയുടെ വളര്‍ച്ചാക്രമം കൗതുകകരമാണ്. ചിലപ്പോഴത് അവിശ്വസനീയമായി തോന്നുകയും ചെയ്യും. ഒരു ചെടി നട്ട് നനച്ച് വളര്‍ത്തുമ്പോള്‍ വിത്തിട്ടതു മുതല്‍ കാത്തിരിപ്പിലാണ് കൃഷിക്കാരന്‍. മുളപൊട്ടി വിള കൊയ്യുന്നതു വരെ പ്രതീക്ഷയുടെ നാളുകളാണ്. മോസോ മുളകുകളുടെ കാര്യമറിയേണ്ടേ? വിത്തിട്ട് ഒരു വര്‍ഷം മുഴുവന്‍ നനച്ചു വളര്‍ത്താന്‍ ശ്രമിച്ചാലും ഒന്നും കാണില്ല. ഇനി ഒരു വര്‍ഷംകൂടി കാത്തിരുന്നാലോ? അപ്പോഴും ഫലം തഥൈവ – മൂന്നും നാലും വര്‍ഷങ്ങള്‍ പിന്നിട്ടാലും വളര്‍ച്ച ഒട്ടുമുണ്ടാവില്ല. അഞ്ച് വര്‍ഷമാകുന്നതോടെ മുളയുടെ വളര്‍ച്ച തുടങ്ങുന്നു. ഒരുദിവസം രണ്ടടിയോളം ഉയരത്തിലേക്കത് വളര്‍ന്നു കയറുന്നു. ആറാഴ്ച പിന്നിടുമ്പോഴേക്കും അത് എണ്‍പത് അടി ഉയരത്തിലെത്തിയിരിക്കും. അത്ഭുതം! അതുകൊണ്ട് സസ്യലോകത്തെ വിസ്മയങ്ങളിലൊന്നായി മോസോ മുളകുകള്‍ എണ്ണപ്പെടുന്നു.
മോസോ മുളകുകളുടെ വളര്‍ച്ച പോലെ ചില ഫലങ്ങള്‍ കാണാന്‍ നീണ്ട കാത്തിരിപ്പ് വേണ്ടി വരും. എല്ലാം ഞൊടിയിടയില്‍ നേടണമെന്ന് കരുതുന്നവരുടെ ക്ഷമയത് വല്ലാതെ പരീക്ഷിക്കും. ക്ഷമ ദൗര്‍ബല്യമല്ല; നമ്മുടെ ഉള്‍ക്കരുത്തിന്റെ ഊര്‍ജമാണ്. മനശ്ശക്തിയുടെ പേരാണ്. പ്രതീക്ഷാപൂര്‍വമുള്ള കാത്തിരിപ്പാണ്. ക്ഷമയാകുന്നു മനശ്ശക്തിയുടെ അളവുകോല്‍. ചില സന്ദര്‍ഭങ്ങളിലെങ്കിലും ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന ചോദ്യമിതാണ്. പ്രതിസന്ധികളുണ്ടാവുമ്പോള്‍ പോംവഴിക്കായി പ്രതീക്ഷാപൂര്‍വം കാത്തിരിക്കാന്‍ തയ്യാറുണ്ടോ? പ്രതീക്ഷയുണ്ട്; നമുക്ക് കാത്തിരിക്കാമെന്ന് പറയുന്നവര്‍ക്ക് ക്ഷമ വിജയം കൊണ്ടുവരും.
വേഗത പുതിയ കാലത്ത് നമ്മുടെ ജീവിത ശൈലിയായി മാറിക്കഴിഞ്ഞിരിക്കുന്നു. വേഗത എന്നതിനേക്കാള്‍ അതിവേഗത എന്ന് പറയുന്നതാവും കൂടുതല്‍ ശരി. അതുകൊണ്ട് കാത്തിരിപ്പും നമുക്ക് അതീവ ദുസ്സഹമാവുകയാണ്. ആഗ്രഹം പൂവണിയാന്‍ ഉദ്ദിഷ്ട ലക്ഷ്യം നേടാന്‍ കൂടുതല്‍ മികവിലേക്കുയരാന്‍ കര്‍മനിരതരാവുന്നവരാണ് നാം. അധ്വാനമൊന്നും പാഴാവില്ലെന്നുറപ്പിക്കുമ്പോഴും വിളവ് ലഭിക്കാന്‍ വൈകിയാല്‍ നമ്മുടെ മനോഗതിയെന്തായിരിക്കും? നിഷ്‌ക്രിയരാവുമോ അതോ നിസ്സംഗത നമ്മെ പിടികൂടുമോ? സാധ്യമായത് കാത്തിരിക്കുമ്പോള്‍ ആ കാത്തിരിപ്പ് നിഷ്‌ക്രിയത്വമല്ല. ക്ഷമ കൂടി ഉള്‍ച്ചേരുമ്പോള്‍ കാത്തിരിപ്പും ക്രിയാത്മകമാവുന്നു. ദൈവിക സഹായത്തില്‍ പ്രതീക്ഷയുള്ളവര്‍ക്കാണ് ക്ഷമിക്കാനാവുന്നത്. ക്ഷമിക്കുന്നവര്‍ക്ക് ദൈവിക സഹായമുണ്ടാവുമെന്നും ഖുര്‍ആന്‍ (2:153) പഠിപ്പിക്കുന്നു.
പ്രതീക്ഷയുടെ ചിറകിലേറിയുള്ള ഹൃസ്വ യാത്രയാണ് നമ്മുടെ ഈ ജീവിതം. പ്രതീക്ഷ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമാകുകയാണ് വേണ്ടത്. കര്‍മ വിമുഖതയോടെയുള്ള കാത്തിരിപ്പ് പരാജയം മാത്രമേ കൊണ്ടുവരൂ. സമയോചിതം പ്രവര്‍ത്തിക്കാതെ എല്ലാം കാത്തിരുന്ന് കാണാമെന്ന് നിനയ്ക്കുന്നത് അപായക്കെണിയൊരുക്കുകയും ചെയ്യും.
പ്രപഞ്ച നാഥനിലേക്കാണ് പ്രതീക്ഷയോടെ നമുക്ക് മനസ്സ് തുറക്കാനുള്ളത്. അതിനുള്ള വേളയാണ് പ്രാര്‍ഥന. പ്രാര്‍ഥനയുടെ ധന്യതയാണ് പ്രതീക്ഷയെ ചൈതന്യവത്താക്കുന്നത്. പ്രാര്‍ഥനയുടെ സാഫല്യത്തിന് കാത്തിരിപ്പ് വേണ്ടി വരും. ക്ഷമയോടെ കാത്തിരിക്കുന്നവര്‍ പ്രാര്‍ഥനയിലൂടെ പ്രതീക്ഷയെ ജീവിപ്പിക്കുകയാണ്. എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരുന്നു. തലയാണെങ്കില്‍ നരച്ചു തിളങ്ങുന്നവയായിരുന്നു. എന്നിട്ടും പ്രാര്‍ഥനയില്‍ സകരിയ്യാ നബിക്ക് പ്രതീക്ഷ തന്നെയായിരുന്നു. സന്താന സൗഭാഗ്യത്തിന്നായി പ്രതീക്ഷയോടെ കാത്തിരുന്നു ആ പ്രവാചകന്‍. നിരാശയ്ക്ക് വശംവദനാകാതെയുള്ള ആ കാത്തിരിപ്പിന്നൊടുവില്‍ അല്ലാഹുവിന്റെ സന്തോഷ വാര്‍ത്തയെത്തി. യഹ്‌യ എന്ന് പേരുള്ള ആണ്‍കുട്ടിയെ അല്ലാഹു അദ്ദേഹത്തിന് നല്‍കി. ക്ഷമാപൂര്‍വമുള്ള കാത്തിരിപ്പിന്റെ പര്യവസാനം എത്ര ശുഭകരം!

Back to Top