പെണ്‍സ്വപ്നങ്ങള്‍ക്ക്‌മേല്‍ കുരുക്കിടുന്ന വിവാഹക്കമ്പോളം
സന മാലിക്
കേരളത്തില്‍ അടുത്തിടെയായി വിവാഹത്തകര്‍ച്ചകളുടെയും തുടര്‍ന്നുള്ള ആത്മഹത്യകളുടെയും ബഹളമാണ്. സ്ത്രീധനവും അമ്മായിയമ്മപ്പോരും പിടിവാശികളുമെല്ലാം ഇവയില്‍ കാരണങ്ങളായി വന്നു ഭവിക്കുന്നുണ്ട്. രണ്ട് കുടുംബങ്ങള്‍ക്കിടയിലും രണ്ട് മനുഷ്യര്‍ക്കിടയിലും സ്‌നേഹം കൊണ്ട് പാലം പണിയുന്ന അതിമഹത്തായ ഒന്നാണ് വിവാഹം. കേവല ലൈംഗിക തൃഷ്ണയുടെ പൂര്‍ത്തീകരണത്തിനുള്ള ഒരു മാര്‍ഗം മാത്രമല്ല, അതൊരു സമൂഹ സൃഷ്ടിപ്പിന്റെ നെടുംതൂണ്‍ കൂടിയാണ്. ശാരീരികമായ പങ്കുവെപ്പിനപ്പുറം സ്‌നേഹവും സ്വപ്‌നവും സങ്കല്പങ്ങളും കൂടി പങ്കുവെക്കുന്നുണ്ട് അതിലൂടെ.
എന്നാല്‍, സ്‌നേഹത്തിനും കൂട്ടിനുമപ്പുറം പണത്തിലും പളപളപ്പിലും കണ്ണുവെച്ച് വിവാഹത്തിലേക്ക് കാലെടുത്തുവെക്കുന്നുണ്ട് ചിലരെങ്കിലും. അവര്‍ പൊലിപ്പിച്ചു പറയുന്ന സുഖസൗകര്യങ്ങളുടെ കഥകേട്ട് അതിലേക്ക് കണ്ണു നടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നുണ്ട്. ഇക്കൂട്ടര്‍ക്കിടയില്‍ പങ്കുവെക്കപ്പെടുന്നത് പണവും പത്രാസും മാത്രമായിപ്പോകുന്നു എന്നതാണ് അപകടകരം. സ്‌നേഹത്തിന്റെ പങ്കുവെക്കലുകള്‍ക്ക് പകരം പണത്തിന്റെ കണക്കുവരുന്നതോടെ തന്റെ ഇണയുടെ സ്വപ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുണയായവന് കഴിയാതെയാകുന്നു. വലിയ പ്രതീക്ഷകളുമായി സഞ്ചരിക്കുന്നവരില്‍ വിവാഹം ഒരു പ്രശ്‌നമായി മാറുന്നതിവിടെയാണ്.
അടുത്തിടെ ആത്മഹത്യ ചെയ്ത ഒരു കുട്ടിയുടെ ആഗ്രഹം മജിസ്‌ട്രേറ്റ് ആകണമെന്നതായിരുന്നു. അവളുടെ വിവാഹം അതെല്ലാം തകിടം മറിച്ചു കളഞ്ഞു. അവിടെ വില്ലന്‍ സമ്പത്തായിരുന്നു.
ഉത്ര, വിസ്മയ, മൊഫിയ തുടങ്ങിയ പേരുകള്‍ വിവിധ സമയങ്ങളിലായി കേരള മനസ്സാക്ഷിയെ പിടിച്ചുലച്ചതായിരുന്നു. ഇത് അവസാനത്തേതായിരിക്കണം എന്ന് ഓരോ സ്ത്രീധന പീഡന മരണങ്ങള്‍ വരുമ്പോഴും കേരളം ഒന്നായി ഏറ്റുപാടാറുണ്ടെങ്കിലും വിഷയത്തിന്റെ ചൂടാറുന്നതോടെ സമൂഹം വന്ന വഴിയിലേക്ക് തിരികെ നടക്കുന്നതാണ് കാണുന്നത്.
സ്ത്രീപീഡനം, സ്ത്രീധനപീഡനം, ഭര്‍തൃപീഡനം, ഗാര്‍ഹികപീഡനം എന്നിങ്ങനെ വിവിധ തലക്കെട്ടുകളില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ ദിവസവും നിറയുമ്പോള്‍ തന്നെ വാര്‍ത്തകളിലേക്ക് എത്താതെ നിരന്തരമായ ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ മുങ്ങി പോകുന്ന പരാതികളും പുറത്തു അറിയിക്കാതെ ഉള്ളില്‍ ഒതുക്കപ്പെടുന്ന പരാതികളും ഇതിനേക്കാള്‍ അധികമായി സമൂഹത്തില്‍ നിലനില്‍ക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ മുന്നിലെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തില്‍ സ്ത്രീകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് അപരിഷ്‌കൃതമായ അവസ്ഥയാണ്.
പീഡനത്തിനും സ്ത്രീധന പീഡനത്തിനും എതിരെയുള്ള ബോധവത്കരണങ്ങള്‍ നീതിപാലകരില്‍ തുടങ്ങി സാധാരണ ജനങ്ങളില്‍ വരെ എത്തിക്കേണ്ടതുണ്ട് എന്ന വസ്തുതയിലേക്കാണ് ഇത്തരം വാര്‍ത്തകള്‍ ചൂണ്ടി ക്കാണിക്കുന്നത്. പെണ്‍കുഞ്ഞു പിറന്ന അന്നുതൊട്ട് കല്യാണം കഴിപ്പിക്കുന്ന ചിന്ത പേറി നടക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.
‘ബേട്ടി ബചാവോ ബേട്ടി പഠാവോ’ എന്നൊക്കെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടെങ്കിലും പഠനം കഴിഞ്ഞു ഒരാളെ കൈപിടിച്ചു ഏല്‍പ്പിക്കുന്നത് വരെ സമാധാനം കൊടുക്കാത്ത സമൂഹമാണ് പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് വില്ലനാകുന്നത്. വിദ്യാഭ്യാസത്തിലും തൊഴിലിലും മുന്നേറാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ടെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ പെണ്‍കുട്ടികള്‍ വളര്‍ത്തപ്പെടുന്നത് തുല്യതയില്‍ തന്നെ ആണോ എന്നതു ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുന്നുണ്ട്. സ്വന്തം വീട്ടില്‍ നിന്ന് പോലും സഹനത്തിന്റെയും ക്ഷമയുടെയും ചിന്തകളില്‍ വളര്‍ത്തപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് സാചര്യങ്ങളില്‍ പൊരുത്തപ്പെട്ടു മുന്നോട്ടു പോകുക എന്ന ഉപദേശങ്ങളാണ് പലപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.
പെണ്‍കുട്ടികള്‍ കല്യാണത്തിന് ഇപ്പോള്‍ തയ്യാറല്ല എന്ന് പറഞ്ഞാലും, അവരെ നിര്‍ബന്ധിച്ചു വിവാഹം ചെയ്ത് അയക്കേണ്ടത് ഉത്തരവാദിത്തമായി കരുതുന്ന വീട്ടുകാരും സമൂഹവും ചുറ്റിലുമുണ്ട്. സ്വന്തം കാലില്‍ ജീവിച്ചു സ്വന്തം ജീവിതവും തീരുമാനങ്ങളും എടുക്കാന്‍ ഓരോ പെണ്‍കുട്ടിക്കും സാധിക്കണമെങ്കില്‍ അതിനു വേണ്ടി ഒപ്പം നില്‍ക്കുന്ന സമൂഹവും കുടുംബവും അവളോടൊപ്പം തന്നെ വേണം.