ടെമ്പിള്‍ മൗണ്ടിന്റെ ജൂത ബന്ധം നിരസിച്ച് യു എന്‍ പ്രമേയം പാസാക്കി

ജറൂസലമിലെ ടെമ്പിള്‍ മൗണ്ടിന്റെ ജൂതബന്ധം തള്ളി ഐക്യരാഷ്ട്രസഭയുടെ പ്രമേയം. യു എന്‍ ജനറല്‍ അസംബ്ലി പാസാക്കിയ പ്രമേയത്തില്‍ ടെമ്പിള്‍ മൗണ്ടിനെ അതിന്റെ മുസ് ലിം നാമമായ അല്‍ഹറം അല്‍ശരീഫ് എന്നാണ് പ്രയോഗിച്ചത്. ഹറം അല്‍ ശരീഫിലെ ചരിത്രപരമായി നിലനില്‍ക്കുന്ന തല്‍സ്ഥിതി മാറ്റമില്ലാതെ തുടരാന്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തില്‍ ജറൂസലം നഗരത്തില്‍ ഇസ്‌റാഈല്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഏതൊരു നടപടിയും ‘നിയമവിരുദ്ധം’ ആണെന്നും പറഞ്ഞു. പ്രമേയത്തെ 129 അംഗരാഷ്ട്രങ്ങള്‍ പിന്തുണച്ചപ്പോള്‍ 11 രാഷ്ട്രങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യ, ഓസ്ട്രിയ, ബ്രസീല്‍, ജര്‍മനി, കെനിയ, നെതര്‍ലാന്റ്‌സ്, ഉക്രൈന്‍, യു കെ എന്നിവയടക്കം 31 രാജ്യങ്ങള്‍ വിട്ടുനിന്നു. നമ്മുടെ ശാശ്വതമായ തലസ്ഥാനത്തെ ജൂതചരിത്രം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഈ പ്രമേയമെന്നാണ് യു എന്നിലെ ഇസ്‌റാഈല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ വിശേഷിപ്പിച്ചത്. ഇത് ധാര്‍മികമായും ചരിത്രപരമായും രാഷ്ട്രീയമായും തെറ്റാണ്’ എന്ന് പറഞ്ഞുകൊണ്ട് അമേരിക്ക പ്രമേയത്തെ എതിര്‍ത്തു. പ്രമേയം ഏകപക്ഷീയമാണെന്ന് വാദിച്ച് യുണൈറ്റഡ് കിംഗ്ഡം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പഴയ ജറൂസലമിലെ പര്‍വത മേഖലയായ ടെമ്പിള്‍ മൗണ്ട് യഹൂദമതത്തിലെ ഏറ്റവും പുണ്യസ്ഥലമായാണ് കണക്കാക്കുന്നത്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇത് പുണ്യ സ്ഥലമാണ്.
