വള്ളിക്കുന്നിലെയും കൊണ്ടോട്ടിയിലെയും വിസ്മയ പ്രതിഭകള്‍
ഹാറൂന്‍ കക്കാട്
സൗഹൃദങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് ഉള്ളില്‍ ഒരു പൂവ് വിരിയുന്ന അനുഭവമുണ്ടാകുന്നത്? ഏതൊക്കെയോ ചില രചനകളുടെ പിന്നിലെ പ്രചോദകം ചില സൗഹൃദങ്ങളായിരുന്നുവല്ലോ… അതൊന്നും അങ്ങനെ ആയിരുന്നില്ലെങ്കില്‍ അതൊന്നും അങ്ങനെ എഴുതാനോ അനുഭവപ്പെടുത്താനോ കഴിയുമായിരുന്നില്ല.
അക്ഷരസ്‌നേഹത്തില്‍ നിന്ന് തുടങ്ങിയ രണ്ട് പ്രതിഭകളുടെ സൗഹൃദം ഇരുവരുടെയും മരണശേഷവും മക്കളിലൂടെ കരകവിഞ്ഞൊഴുകുന്ന കാഴ്ച എത്രമേല്‍ ഹൃദ്യമായിരിക്കും! മലയാളത്തിലെ ശ്രദ്ധേയരായ രണ്ട് സര്‍ഗപ്രതിഭകളുടെ അനിതര സാധാരണമായ അക്ഷര സൗഹൃദ കഥയാണിത്! പ്രമുഖ ചരിത്രകാരനും ഗ്രന്ഥകാരനുമായിരുന്ന കെ കെ മുഹമ്മദ് അബ്ദുല്‍കരീം മാസ്റ്ററും പ്രമുഖ മാപ്പിള ഗവേഷകനും ഗ്രന്ഥകാരനുമായിരുന്ന ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്ന വി ബി വള്ളിക്കുന്നും തമ്മിലുള്ള സൗഹൃദം പുതുതലമുറയ്ക്ക് മധുരമുള്ള പാഠങ്ങള്‍ നല്‍കുന്നതാണ്. മലയാള സാഹിത്യത്തിന് ഇരുവരും നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് കൈയ്യും കണക്കുമില്ലാത്തതു പോലെ ഇരുവരുടെയും കുടുംബങ്ങളുടെ ചങ്ങാത്തവും അതി വിപുലമാണ്. കരീം മാഷും വി ബിയും മലയാള സാഹിത്യത്തില്‍ പല നിലക്കും ശ്രദ്ധേയരായ പ്രതിഭകളായിരുന്നു.
1932 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കൊളത്തൂരില്‍ കീടക്കാട്ട് കാവുങ്ങലക്കണ്ടിയില്‍ ബീരാന്‍കുട്ടി മുസ്ല്യാരുടെയും തെക്കുവീട്ടില്‍ ഫാത്തിമക്കുട്ടിയുടെയും മകനായാണ് കരീം മാഷിന്റെ ജനനം. കൊളത്തൂരിലെ ഓത്തുപള്ളി, കൊളത്തൂര്‍ എ എം എല്‍ പി സ്‌കൂള്‍, കൊണ്ടോട്ടി ജി എം എല്‍ പി സ്‌കൂള്‍, കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം മദ്രസ, മൊറയൂര്‍ വി എച്ച് എം ഹൈസ്‌കൂള്‍, മലപ്പുറം ഗവ. ട്രെയിനിങ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. മൊറയൂര്‍ മദ്‌റസയിലും പള്ളി ദര്‍സിലും പഠിച്ചിരുന്നു. 1951-ല്‍ പ്രൈമറി സ്‌കൂളില്‍ അധ്യാപകനായി. 1987 ജൂണ്‍ 30-ന് സര്‍വീസില്‍ നിന്ന് വിരമിച്ചു.
ചെറുപ്പം മുതല്‍ തന്നെ ചരിത്രാന്വേഷണം ദിനചര്യയുടെ ഭാഗമാക്കിയ അപൂര്‍വ വ്യക്തിയാണ് കരീം മാഷ്. ചരിത്രവും മതവും തത്വശാസ്ത്രവും നോവലും കഥയും നാടകവും ഹാസ്യവുമെല്ലാം കരീം മാഷിന്റെ രചനാവിഷയങ്ങളായിരുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജന്മനാടായ കൊണ്ടോട്ടിയില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹത്തിന് വൈദ്യര്‍ കൃതികള്‍ എന്നും ആവേശമായിരുന്നു. വൈദ്യരുടെ പ്രമുഖ കൃതികള്‍ വ്യാഖ്യാനിച്ചതും സമ്പൂര്‍ണ കൃതികള്‍ സമാഹരിച്ചതും കരീം മാഷാണ്. അറബി മലയാള ഗവേഷണ മേഖലയില്‍ അദ്ദേഹത്തിന്റെ ശേഖരമാണ് മറ്റാരുടേതിനേക്കാളും മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍, വിശുദ്ധ നബിയുടെ രണ്ട് പിതൃവ്യന്മാര്‍, ഇബ്റാഹീം ബ്നു അദ്ഹം, കെ എം മൗലവി ജീവചരിത്രം, സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബി, ഖിലാഫത്ത് സമര നേതാക്കള്‍, മുഹമ്മദ് നബി പൂര്‍വ വേദങ്ങളില്‍, ഹസ്രത്ത് മമ്പുറം സയ്യിദ് അലവി തങ്ങള്‍, മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്ലിയാരും, ചേരമാന്‍ പെരുമാള്‍, മാപ്പിളകവി സാമ്രാട്ട് മോയിന്‍കുട്ടി വൈദ്യര്‍, ഇസ്ലാം ചരിത്രത്തിലെ അനര്‍ഘ നിമിഷങ്ങള്‍, കോഴിക്കോട് ചരിത്രം, മുഹമ്മദ് നബി, ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍, ഹസ്രത്ത് മാലിക് ബ്നു ദീനാര്‍, ശഹീദെ മില്ലത്ത് ടിപ്പു സുല്‍ത്താന്‍, മുഗള്‍ സുല്‍ത്താന്‍മാര്‍, അറബികളുടെ കപ്പലോട്ടം, 1921 ലെ ഖിലാഫത്ത് ലഹളയും ആലി മുസ്ലിയാരും തുടങ്ങി തൊണ്ണൂറോളം കൃതികളും തലമുറകള്‍ക്ക് ഗവേഷണം നടത്തുന്നതിന് ഉപയുക്തമായ അപൂര്‍വ ശേഖരങ്ങളും കരീം മാഷിന്റെ വിലമതിക്കാനാവാത്ത സംഭാവനകളാണ്. ഒന്നും പകരം ചോദിക്കാതെയും ആഗ്രഹിക്കാതെയും ജീവിതകാലമത്രയും ശേഖരിച്ചത് മുഴുവന്‍ സമൂഹത്തിന് വാരിക്കോരി നല്‍കി 2005 ഏപ്രില്‍ ഏഴിന് 73-ാം വയസ്സില്‍ കരീം മാഷ് നിര്യാതനായി.
ജീവിതത്തിന്റെ സിംഹഭാഗവും മാപ്പിളസാഹിത്യത്തെക്കുറിച്ചുള്ള അറിവുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വേണ്ടി വിനിയോഗിച്ച ഉജ്വല പ്രതിഭയായിരുന്നു ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. 1936-ല്‍ അയ്യപ്പന്റെയും അമ്മുവിന്റെയും പുത്രനായി വള്ളിക്കുന്നില്‍ ജനിച്ച അദ്ദേഹം നാട്ടിലെയും പരിസരത്തെയും സ്‌കൂളുകളില്‍ പ്രാഥമിക പഠനം നടത്തി. കോഴിക്കോട് ടീച്ചേഴ്സ് ട്രെയ്നിംഗ് കേന്ദ്രത്തില്‍ നിന്ന് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി, ദീര്‍ഘകാലത്തെ അധ്യാപക ജീവിതം. ഇതിനിടയില്‍ ഡിഗ്രിയും പി ജിയും സ്വന്തമായി പഠിച്ച് എഴുതിയെടുത്തു. 1970-ല്‍ മൈസൂര്‍ റീജ്യനല്‍ കോളേജ് ഓഫ് എജുക്കേഷന്റെ സമ്മര്‍ കറസ്പോണ്ടന്റ് കോഴ്സില്‍ ചേര്‍ന്ന് ബി എഡും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചു. 1991-ല്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷം വിവിധ സ്ഥാപനങ്ങളില്‍ അധ്യാപകനായും മേധാവിയായും സേവനമനുഷ്ഠിച്ചു.
മാപ്പിള സാഹിത്യത്തിന്റേയും സംസ്‌കാരത്തിന്റേയും സങ്കീര്‍ണമായ കാടും പടലവും നീക്കി നടന്നുപോകാന്‍ പലരും മടിച്ച കാലത്ത് ആ വഴി തെരഞ്ഞെടുത്ത ത്യാഗിയാണ് ബാലകൃഷ്ണന്‍ വള്ളിക്കുന്ന്. കേരളത്തിലെ മുസ്ലിംകളെക്കുറിച്ചും അവരുടെ സംസ്‌കാരം, സാഹിത്യം, കല, ജീവിതം എന്നിവയെക്കുറിച്ചുമെല്ലാം ആധികാരികമായി പഠിച്ച അത്യപൂര്‍വ വ്യക്തിയായിരുന്നു അദ്ദേഹം.
തന്റെ ഗവേഷണ മേഖലയിലെന്ന പോലെ രൂപത്തിലും പെരുമാറ്റത്തിലുമെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹം. അയഞ്ഞുതൂങ്ങിയ ഖദര്‍ ഷര്‍ട്ടിന്റെ മുകളിലെ രണ്ട് ബട്ടണുകള്‍ തുറന്നിട്ട്, ഒറ്റമുണ്ടുടുത്ത് അലസമായ നടത്തം. മുടി ചീകാറില്ല. ചെരിപ്പിടില്ല, വാച്ചോ മൊബൈല്‍ ഫോണോ ഉപയോഗിക്കാറില്ല. സ്‌കൂളിലെ ബെസ്റ്റ് സ്റ്റുഡന്റ് സമ്മാനമായി തനിക്ക് ലഭിച്ച വാച്ച് പോലും അദ്ദേഹം ഉപയോഗിച്ചില്ല. കരുത്തുള്ള അനുഭവപാഠങ്ങളില്‍ നിന്ന് അമൂല്യമായ സമയത്തെ അദ്ദേഹം കൃത്യമായി നിര്‍ണയിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തു.
മാപ്പിളപ്പാട്ട് ഒരാമുഖ പഠനം, മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങള്‍, മാപ്പിള സാഹിത്യവും മുസ്ലിം നവോത്ഥാനവും, മാപ്പിള സാഹിത്യ പഠനങ്ങള്‍, മാപ്പിളപ്പാട്ട് പാഠങ്ങളും പഠനങ്ങളും (സഹരചന), സ്ത്രീപക്ഷ വായനയുടെ മാപ്പിള പാഠാന്തരങ്ങള്‍, മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം, മാപ്പിളപ്പാട്ട് വഴക്കങ്ങള്‍ -ചരിത്ര-സാമൂഹിക പശ്ചാത്തലത്തില്‍, മലപ്പുറം പടപ്പാട്ട് -പാഠവും പഠനവും, മാപ്പിള ഭാഷ- അറബി മലയാളത്തില്‍ നിന്ന് ശ്രേഷ്ഠ മലയാളത്തിലേക്ക് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന രചനകള്‍. മാപ്പിളപ്പാട്ടുകള്‍ക്കു വേണ്ടി ഉഴിഞ്ഞുവെച്ച ആ ധന്യജീവിതത്തിന് 2020 മാര്‍ച്ച് 7-ന് വിരാമമായി.
അറബി മലയാള സാഹിത്യ സമ്മേളനത്തില്‍
തുടങ്ങിയ സൗഹൃദം
1960-കള്‍ക്കൊടുവില്‍ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ സംഘടിപ്പിച്ച അറബി മലയാള സാഹിത്യ സമ്മേളനത്തില്‍ കേള്‍വിക്കാരനായാണ് ബാലക്യഷ്ണന്‍ വള്ളിക്കുന്ന് എത്തിയത്. മലയാള ഭാഷയും സാഹിത്യവും ഐഛിക വിഷയമായെടുത്ത് ബി എ പരീക്ഷക്ക് പഠിച്ചുകൊണ്ടിരിക്കേ, പാഠപുസ്തകങ്ങളിലൊന്നായിരുന്ന ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ കാവ്യഭാഷയുടെ കുരുക്കഴിക്കാനാവാതെ അത് മാറ്റി വെച്ചായിരുന്നു അദ്ദേഹം പരീക്ഷയെഴുതിയത്. എന്നാല്‍ മാറ്റിവെച്ച രചനയുടെ പൊരുളറിയാന്‍ അദ്ദേഹത്തിന് വലിയ താല്‍പര്യമുണ്ടായിരുന്നു. അങ്ങനെയാണ് ഈ സമ്മേളനത്തിന് താല്‍പ്പര്യപൂര്‍വം അദ്ദേഹം എത്തിയത്.
ജി ശങ്കരക്കുറുപ്പ്, സുകുമാര്‍ അഴീക്കോട് തുടങ്ങിയ നിരവധി പ്രമുഖര്‍ ആ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. കരീം മാഷും ഈ സമ്മേളനത്തിന് എത്തിയിരുന്നു. എന്നാല്‍ വലിയ റോളൊന്നും സമ്മേളനത്തില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എന്നാല്‍ അക്കാലത്തിന് മുമ്പുതന്നെ അദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ തിരൂരങ്ങാടിയിലെ സി എച്ച് മുഹമ്മദ് ആന്റ് സണ്‍സ് പ്രസിദ്ധീകരിച്ചിരുന്നതിനാല്‍ സമ്മേളന സ്ഥലത്ത് കരീം മാഷ് സുപരിചിതനായിരുന്നു. സമ്മേളന വേദിക്ക് പുറത്ത് കൂട്ടം ചേര്‍ന്ന് ബീഡി കത്തിച്ചുകൊണ്ടാണ് കരീം മാഷും ബാലകൃഷ്ണന്‍ വള്ളിക്കുന്നും ആദ്യമായി പരിചയപ്പെട്ടത്. ആ കൂട്ടത്തിലെ മൂന്നാമന്‍ തിരൂരങ്ങാടിയിലെ കെ ടി മുഹമ്മദ് എന്ന കവിയായിരുന്നു. ബീഡി വലിക്കാന്‍ വേണ്ടി ആകസ്മികമായുണ്ടായ ആ പരിചയപ്പെടല്‍ മാപ്പിള സാഹിത്യത്തിന് നല്‍കിയത് മഹത്തായ രണ്ട് പ്രതിഭകളുടെ വിസ്മയവഹമായ സൗഹൃദമായിരുന്നു.
തിരൂരങ്ങാടിയില്‍
വളര്‍ന്ന സൗഹൃദം
കരീം മാഷിനും വിബിക്കും സൗഹൃദം ഊഷ്മളമാവാന്‍ വേദിയായതും പരിചയം തുടങ്ങിയ അതേ മണ്ണു തന്നെയായിരുന്നു. 1971ല്‍ തിരൂരങ്ങാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മലയാള ഭാഷാധ്യാപകനായി ബാലകൃഷ്ണന്‍ വള്ളിക്കുന്ന് നിയമിതനായി. കരീം മാഷാവട്ടെ, പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടിയിലെ പ്രസ്സില്‍ ഇടക്കിടെ വരാറുണ്ടായിരുന്നു. അങ്ങനെ ഇരുവര്‍ക്കും ഇടക്കിടെ കാണാനും സൗഹൃദം അതിവേഗം വളര്‍ത്താനും സന്ദര്‍ഭങ്ങള്‍ എമ്പാടും വീണുകിട്ടി. 1971 മുതല്‍ മാപ്പിള സാഹിത്യ വിസ്മയങ്ങളുടെ വിവിധ രചനകള്‍ നിര്‍വഹിക്കാന്‍ കരീം മാഷ് വി ബിക്ക് ശക്തമായ പ്രചോദനവും വഴികാട്ടിയുമായി വര്‍ത്തിച്ചതിന് കാലം സാക്ഷിയായി.
1981 ല്‍ മലബാര്‍ സമരത്തിന്റെ അറുപതാം വാര്‍ഷികം, സമരഭൂമികയുടെ കേന്ദ്രമായിരുന്ന തിരൂരങ്ങാടിയില്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ പുറത്തിറക്കിയ സുവനീറിന്റെ പ്രധാന എഡിറ്റോറിയല്‍ ചുമതല കമ്മിറ്റി നല്‍കിയത് കരീം മാഷിനും വി ബി ക്കുമാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇരുവരെയും വീണ്ടും ശക്തമായ ചങ്ങലയിലെ പൊട്ടാത്ത കണ്ണികളാക്കി മാറ്റി. ഇരുമെയ്യാണെങ്കിലും മനമൊന്നായ് അവര്‍ വായനയുടെയും എഴുത്തിന്റെയും വിളഭൂമിയില്‍ കര്‍മ വസന്തങ്ങള്‍ തീര്‍ത്തു. ഒന്നിച്ച് ഒരുപാടൊരുപാട് യാത്രകള്‍ ചെയ്തു. അങ്ങനെ കഠിനാധ്വാനത്തിന്റെ തീച്ചൂളയില്‍ മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ വാടാത്ത മനോഹര പൂക്കള്‍ ഓരോന്നോരോന്നായി വിടര്‍ന്നു.
1992 ല്‍ കൊണ്ടോട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി പുന:സംഘടിപ്പിക്കുന്ന സമയത്ത് കമ്മിറ്റിയിലേക്ക് വി ബിയുടെ പേര് കരീം മാഷ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പുനഃസംഘടിപ്പിച്ച കമ്മിറ്റിയില്‍ വി ബി ഇല്ലെന്നറിഞ്ഞപ്പോള്‍ കരീം മാഷ് കമ്മിറ്റി അംഗത്വം രാജിവെച്ചൊഴിഞ്ഞു. അത്രമേല്‍ ഗാഢമായിരുന്നു ആ സൗഹൃദം.
മാപ്പിള സാഹിത്യ പഠനവഴിയിലെ പി ബിയുടെ ആദ്യ പുസ്തകമായി 1999ല്‍ പ്രസിദ്ധീകരിച്ച ‘മാപ്പിളപ്പാട്ട് – ഒരാമുഖ പഠനം’ യാഥാര്‍ഥ്യമായത് കരീം മാഷിന്റെ വലിയ സഹായത്തോടെയാണ്. മാപ്പിള സാഹിത്യത്തിലെ ശ്രദ്ധേയ രചനയായ സഖൂം പടപ്പാട്ട് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ഉള്‍പ്പടെ നിരവധി കവികള്‍ അവലംബിച്ച കൃതിയാണ്. ഏറെ പ്രയാസപ്പെട്ട് കരീം മാഷ് സമ്പാദിച്ച ഈ രചനയുടെ ഒരു ഫോട്ടോ കോപ്പി സ്വന്തം ചെലവില്‍ അദ്ദേഹം നല്‍കിയതിന്റെ സന്തോഷവും ആത്മനിര്‍വൃതിയും വി ബിക്ക് ഏറെയായിരുന്നു. പ്രസ്തുത കൃതിയെ വിശകലനം ചെയ്തു കൊണ്ട് ചന്ദ്രിക വാരാന്തപ്പതിപ്പില്‍ തുടര്‍ ലേഖനവും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘മാപ്പിള സാഹിത്യ പഠനങ്ങള്‍’ എന്ന പുസ്തകത്തില്‍ ഒരു അധ്യായവും വി ബി എഴുതിയിട്ടുണ്ട്. കരീം മാഷ് എഴുതിയ കുഞ്ഞായിന്‍ മുസ്ല്യാരുടെ കപ്പപ്പാട്ടും നൂല്‍ മദ്ഹും എന്ന വ്യാഖ്യാന ഗ്രന്ഥത്തെ അവലംബിച്ചാണ് തന്റെ ‘മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന ഗ്രന്ഥത്തിലെ രണ്ട് അധ്യായങ്ങള്‍ വി ബി എഴുതിയത്. കരീം മാസ്റ്റര്‍ സ്മാരക പുരസ്‌കാരം തനിക്ക് ലഭിച്ചതില്‍ വലിയ സന്തുഷ്ടി വി ബി രേഖപ്പെടുത്തിയിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മാപ്പിള സോങ് ലവേഴ്‌സ്, മാപ്പിള സാഹിത്യ രംഗത്തെ സേവനങ്ങള്‍ പരിഗണിച്ച് കരീം മാഷെയും വി ബിയേയും ഒന്നിച്ചാണ് ആദരിച്ചത്.
ഒന്നിച്ചെഴുതിയ വൈദ്യരുടെ ജീവിതം
മാപ്പിള സാമൂഹിക പാരമ്പര്യത്തെ സംബന്ധിച്ച ആധികാരികമായ വൈജ്ഞാനിക സ്രോതസ്സുകളായിരുന്ന കരീം മാഷിന്റെയും പി ബി യുടെ മറ്റൊരു ശ്രദ്ധേയ സംഭാവനയായിരുന്നു മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പ്രതിഭയും ജീവിതവും എന്ന രചന. 1993 ലാണ് ഇങ്ങനെയൊരു പുസ്തകം രചിക്കാന്‍ കരീം മാഷ് ആലോചിച്ചത്. വി ബി കൂടി ഈ ഗ്രന്ഥരചനയില്‍ പങ്കാളിയാവണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചു. ആ സ്‌നേഹനിര്‍ബന്ധത്തിന് മുമ്പില്‍ പിബി കീഴടങ്ങി. ഒരു വര്‍ഷത്തോളമെടുത്ത് ഇരുവരും ഗ്രന്ഥരചന ഭംഗിയായി പൂര്‍ത്തിയാക്കി.
മാപ്പിളപ്പാട്ട് എന്ന ഗാനശാഖയുടെ പര്യായമായി മാറിയ മോയിന്‍കുട്ടി വൈദ്യരുടെ രചനകളെ കുറിച്ചുള്ള ആധികാരിക പഠനമാണിത്. മാപ്പിളപ്പാട്ടിനെ തനിമയുള്ള ഒരു സംഗീതരൂപമായി ചിട്ടപ്പെടുത്തിയതില്‍ വൈദ്യര്‍ നല്‍കിയ അപൂര്‍വ്വ സംഭാവനകള്‍ ഇതില്‍ വിശകലനം ചെയ്യുന്നുണ്ട്. എന്നാല്‍ ഗ്രന്ഥം പ്രസിദ്ധീകരിക്കാനുള്ള പരിശ്രമങ്ങള്‍ എല്ലാം ലക്ഷ്യം കാണാതെ പാതിവഴിയില്‍ ഞെട്ടറ്റു വീഴുകയായിരുന്നു.
അതിനാല്‍ മഹാകവി മോയിന്‍കുട്ടി വൈദ്യരെ കുറിച്ച് ഇരുവരും ചേര്‍ന്നെഴുതിയ രചന പുറംലോകം കാണാന്‍ വിധിയില്ലാതെ കരീം മാഷിന്റെ കൊണ്ടോട്ടിയിലെ വീട്ടുലൈബ്രറിയില്‍ ഒതുങ്ങി. അതേ സമയം ചില പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും തയ്യാറാക്കുന്നതിന് ചിലര്‍ ഇത് ഉപയോഗപ്പെടുത്തിയിരുന്നു. 2005ല്‍ കരീം മാഷും പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, 2020 ല്‍ വി ബി യും ഈ പുസ്തകത്തിന്റെ പ്രസാധനം കാണാനാവാതെ ഈ ലോകത്ത് നിന്ന് യാത്രയായി.
നവ ചരിത്രത്തിന് നിമിത്തമായ സംഗമം
2020 ഡിസംബറില്‍ യുവത ബുക്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് കരീം മാഷുടെ പുസ്തക ശേഖരം സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. കരീം മാഷിന്റെ മകനും ഗ്രന്ഥകാരനുമായ ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താറും ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. സി എ ഫുക്കാര്‍ അലിയും തമ്മിലുള്ള ആത്മബന്ധമാണ് അങ്ങനെയൊരു സന്ദര്‍ശനത്തിന് നിമിത്തമായത്. അവരോടൊപ്പം യുവത ഡയരക്ടര്‍ കെ പി സകരിയ്യ, ഐ എസ് എം ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, കരീം മാഷിന്റെ ഇളയ മകന്‍ കെ കെ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം യുവത സി ഇ ഒ എന്ന നിലക്ക് എനിക്കും ആ സന്ദര്‍ശനത്തില്‍ പങ്കാളിയാവാന്‍ സാധിച്ചു. അവരൊന്നിച്ചുള്ള സംഭാഷണത്തിനിടയിലാണ് മോയിന്‍കുട്ടി വൈദ്യരെ കുറിച്ചുള്ള ഇത്തരമൊരു അപ്രകാശിത രചനയെ കുറിച്ച് ചര്‍ച്ചയുണ്ടായത്. എത്രയും വേഗം ഇതിന്റെ പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ഗ്രന്ഥകാരന്മാരുടെ ഇരു കുടുംബങ്ങളും യുവത ബുക്‌സിന്റെ താല്‍പ്പര്യത്തിന് സന്തോഷപൂര്‍വം പിന്തുണ നല്‍കി.
ഈ കഴിഞ്ഞ നവംബറില്‍ നടന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ‘മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പ്രതിഭയും ജീവിതവും’ എന്ന ഗ്രന്ഥം പ്രകാശിതമായി. മാപ്പിളപ്പാട്ട് ചരിത്ര പണ്ഡിതന്മാരായ കരീം മാഷും വി ബിയും ചേര്‍ന്നെഴുതിയ അമൂല്യ കൃതി എന്ന നിലയില്‍ മാപ്പിളപ്പാട്ട് പഠന, ആസ്വാദനരംഗത്ത് വലിയ മുതല്‍ക്കൂട്ടായി ഇത് മാറും. ഗ്രന്ഥകാരന്മാരുടെ മരണാനന്തരം വെളിച്ചം കാണുന്ന രചനക്ക് അര്‍ഹമായ പ്രാധാന്യം കൈവരിക തന്നെ ചെയ്യുമെന്ന് അക്ഷരകൈരളിക്ക് പ്രതീക്ഷിക്കാം.
കാലം കാത്തുവെച്ച കാവ്യനീതി പുലര്‍ന്നു. ആ സന്തോഷം പങ്കിടുന്നതിനും പുസ്തകത്തിന്റെ കോപ്പികള്‍ കൈമാറുന്നതിനും ഇരു ഗ്രന്ഥകാരന്മാരുടെയും കുടുംബങ്ങള്‍ ഈ ഡിസംബര്‍ നാലിന് വി ബി യുടെ മരിക്കാത്ത ഓര്‍മകള്‍ ജീവിച്ചിരിക്കുന്ന വള്ളിക്കുന്ന് കച്ചേരിക്കുന്നിലെ കുറിയപ്പാടത്തെ വീട്ടില്‍ സംഗമിച്ചു. ഗ്രന്ഥകാരന്മാര്‍ മരിച്ചാലും അക്ഷരങ്ങളുടെ സൗഹൃദങ്ങള്‍ മരിക്കില്ലെന്ന് സാക്ഷ്യപ്പെടുത്തിയ ഹൃദ്യമായ കൂടിച്ചേരല്‍. അക്ഷര വിപ്ലവം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പ്രവഹിക്കുന്ന പുഴയാണെന്ന് തെളിയിച്ച അവിസ്മരണീയമായ അനുഭവത്തിന് ഇരു കുടുംബങ്ങളും യുവത ബുക്‌സ് സാരഥികളും സാക്ഷിയായി.
വി ബിയെ കാണാന്‍ കരീം മാഷ് കുറിയപ്പാടത്തെ വീട്ടിലേക്ക് ഇടക്കിടെ വരാറുണ്ടായിരുന്നു. കരീം മാഷ് ഈ വീട്ടിലെത്തുമ്പോഴൊക്കെ മലയാള ചരിത്രവും നാടന്‍ പാട്ടും കുടുംബ ചരിത്രവുമൊക്കെയായി കുടുംബാംഗങ്ങളുമൊന്നിച്ച് ദീര്‍ഘനേരം സമയം ചെലവഴിക്കും. എല്ലാം മറയില്ലാതെ തുറന്നു പറയുന്ന പ്രകൃതക്കാരായിരുന്നു രണ്ടു പേരും. ഇരുവരുടേയും പുതിയ രചനകള്‍ ഇവിടെ ചര്‍ച്ചയാവും. നല്ല തമാശകള്‍ പരസ്പരം പങ്കിടും. വി ബിയെ കൊണ്ട് ഞാന്‍ കൊണ്ടോട്ടിയില്‍ നിന്ന് മറ്റൊരു വിവാഹം കൂടി നടത്തുമെന്ന് കരീം മാഷ് സരസമായി പറയാറുള്ളത് അവര്‍ ചിരിച്ചു കൊണ്ട് പങ്കുവെച്ചു. ഇരുവരും വല്ലാത്ത ആത്മബന്ധമായിരുന്നു മരണം വരെ കാത്തുസൂക്ഷിച്ചിരുന്നതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. വി ബിയുടെ മക്കളെ എവിടെ വെച്ച് എത്ര തിരക്കിനിടയില്‍ കണ്ടാലും ചായ സല്‍ക്കരിച്ചിട്ടല്ലാതെ കരീം മാഷ് യാത്രയാക്കാറില്ല. ഞങ്ങളുടെ സ്വന്തം അച്ഛനെപ്പോലെ തന്നെയായിരുന്നു മാഷും ഞങ്ങളോട് പെരുമാറിയിരുന്നത് എന്ന് വി ബിയുടെ മക്കള്‍ അഭിമാനത്തോടെ അയവിറക്കി. അവരുടെ തുരുതുരായുള്ള വിശേഷങ്ങള്‍ പങ്കുവെക്കല്‍ ഏറെ നേരം തുടര്‍ന്നു.
പി ബി യുടെ ഭാര്യ സരോജിനി അമ്മ, മക്കളായ പത്മജ, ഊര്‍മിള, ജൂലിയറ്റ്, ജീജ, നീന, ജയപ്രകാശ്, പേരമകന്‍ കേദര്‍നാഥ്, കരീം മാഷിന്റെ മകന്‍ ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍സത്താര്‍, യുവത ബുക്‌സ് സാരഥികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്താല്‍ ധന്യമായ ഈ കൂടിച്ചേരല്‍ ഗ്രന്ഥകര്‍ത്താക്കളുടെ മരണശേഷം അവര്‍ക്ക് ലഭിച്ച വലിയൊരു ബഹുമതിയും ആദരവുമായി.
മരണമില്ല അക്ഷരങ്ങള്‍ക്ക്… മരിക്കാന്‍ തയ്യാറല്ല അക്ഷര സൗഹൃദങ്ങള്‍. ഈ സര്‍ഗപ്രതിഭകളുടെ ചങ്ങാത്തം ഇവരുടെ മക്കളിലൂടെ ഇനിയും കരകവിഞ്ഞൊഴുകട്ടെ.. ജീവിതമെന്ന ചില്ലക്ഷരത്തിന് സൗഹൃദമെന്ന സ്വരാക്ഷരം കൂടിയേ തീരൂ. ഒറ്റ വരിയില്‍ മാത്രമേ അതിനെ എഴുതാവൂ എന്ന് പക്ഷേ ശാഠ്യം പിടിക്കരുത്. ഇരട്ട വരിയിലും നാലു വരിയിലുമൊക്കെ അതിനെ പകര്‍ത്താം. വേണമെങ്കില്‍ ക്ലിപ്തപ്പെടുത്തിയ മാര്‍ജിനുകള്‍ ഉപേക്ഷിച്ചും മാര്‍ജിനുകള്‍ക്ക് മീതെയും… എങ്ങനെ എഴുതുമ്പോഴും അത് സ്നേഹത്തോടെയായിരിക്കണം. സൗഹൃദം എന്നുകൂടി വരയ്ക്കാതെ ജീവിതത്തിന്റെ ഭൂപടം എങ്ങനെയാണ് പൂര്‍ണമാവുക?