ആല്‍ഫ്രഡിന്റെ വില്‍പത്രം
സി കെ റജീഷ്
ലോകത്തിലെ ഏറ്റവും മികച്ച പുരസ്‌കാരങ്ങളിലൊന്നായി ഇന്നും കരുതപ്പെടുന്ന നൊബേല്‍ സമ്മാനത്തിന് പിന്നില്‍ രസകരമായ ഒരു സംഭവമുണ്ട്. ഭാഷ, ശാസ്ത്ര വിഷയങ്ങളില്‍ തല്പരനായ പ്രതിഭാശാലിയായിരുന്നു ആല്‍ഫ്രഡ് നൊബേല്‍(1833-1896). ആയുധനിര്‍മാണ വ്യവസായത്തിലൂടെ കോടീശ്വരനായി മാറിയ ആല്‍ഫ്രഡിന്റെ ശ്രദ്ധേയമായ കണ്ടുപിടുത്തമായിരുന്നു ഡൈനമൈറ്റ്. 55ാം വയസ്സിലാണ് സ്വന്തം ചരമക്കുറിപ്പ് തന്നെ ആല്‍ഫ്രഡിന് ഇങ്ങനെ ഒരു പത്രത്തില്‍ വായിക്കേണ്ടി വന്നത്. ‘മരണവ്യാപാരി മരിച്ചു; അതീവ വേഗതയില്‍ അനേകം പേരെ കൊന്നൊടുക്കാനുള്ള വഴികള്‍ കണ്ടെത്തിയ ഡോ. ആല്‍ഫ്രഡ് നൊബേല്‍ ഇന്നലെ കഥാവശേഷനായി’. ഫ്രഞ്ച് പത്രലേഖകനാണ് ഇങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചത് ആല്‍ഫ്രഡിന്റെ ജ്യേഷ്ഠന്‍ ലുഡ് വിഗ് നോബേലായിരുന്നു. ലേഖകന് തെറ്റ് പറ്റിയിരിക്കുന്ന ഈ വാര്‍ത്ത വായിച്ചപ്പോള്‍ ആല്‍ഫ്രഡ് സ്തബ്ധനായി. മറ്റുള്ളവര്‍ ഇവ്വിധമാണ് തന്നെ വിലയിരുത്തുന്നതെന്ന് അദ്ദേഹം ചിന്തിച്ചിരുന്നില്ല. മരണശേഷം തന്നെ കുറിച്ച് ജനങ്ങളില്‍ സദ് വിചാരം ബാക്കിയാവുന്ന വല്ലതും ചെയ്തു തീര്‍ക്കണമെന്ന് ആല്‍ഫ്രഡ് ആലോചിച്ചു. ഭാര്യയോ കുട്ടികളോ ഇല്ലാതിരുന്ന നൊബേല്‍ വില്‍പത്രമെഴുതി. ഒരു വര്‍ഷം കഴിഞ്ഞ് മരിച്ചു. ആ വില്‍പത്രം എല്ലാവരെയും അത്ഭുതപ്പെടുത്തി. സ്വന്തം സ്വത്തിന്റെ സിംഹഭാഗവും വര്‍ഷം തോറും സമ്മാനം കൊടുക്കാനുള്ള എന്‍ഡോവ്‌മെന്റായി നീക്കിവെച്ചിരുന്നു. 1901ല്‍ ആല്‍ഫ്രഡിന്റെ ആഗ്രഹപ്രകാരം ഫിസിക്‌സ്, കെമിസ്ട്രി, മെഡിസിന്‍, സമാധാനം, സാഹിത്യം എന്നീ മേഖലകളില്‍ മഹത്തായ സംഭാവന നല്‍കിയവരെ ആദരിച്ചു കൊണ്ട് നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടു.
മരണം അനിവാര്യമായ ഒരു മടക്ക യാത്രയാണ്. ഇഹത്തിലെ ജീവിതാവധിയുടെ ആ വിരാമത്തെ മിക്കപ്പോഴും നാം ഓര്‍ക്കാന്‍ മടിക്കുന്നു. ഒരുനാള്‍ തിരിച്ചു പോകേണ്ടി വരുന്നു. നമ്മുടെ വേര്‍പാടില്‍ ഉറ്റവര്‍ക്കുള്ള വിലാപങ്ങള്‍ കേള്‍ക്കാന്‍ നമ്മുടെ കാതുകള്‍ക്കാവില്ല. കണ്ണ് നനയിച്ച ഹൃദയനൊമ്പരമായി അവരത് കൂടെ കൊണ്ടുനടക്കും. ഓര്‍മകള്‍ എന്നും നഷ്ടബോധത്തിന്റെ തീരത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകും. കഴിഞ്ഞകാലം, കൊഴിഞ്ഞ സ്വപ്‌നങ്ങള്‍ എല്ലാം ഓര്‍ക്കുമ്പോള്‍ വേദനകളാണ് സമ്മാനിക്കുന്നത്. നഷ്ടബോധത്തിന്റെ ഓര്‍മപ്പെടുത്തലില്‍ നിന്ന് മറവി നമുക്ക് അനുഗ്രഹമാകുന്നു. മറവി എന്ന അത്ഭുതകരമായ കഴിവില്ലായിരുന്നുവെങ്കില്‍ ജീവിതം ദുസ്സഹമാണെന്നത് നേരു തന്നെ. നാം മരിച്ചാലും ജീവിതവഴിയില്‍ ചെയ്തുതീര്‍ത്ത സദ്കൃത്യങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ട്. ചിന്തയുടെ ചേരുവകൊണ്ട് പ്രവൃത്തിയിലൂടെ ഓരോ ദിവസത്തെയും നാം പൂരിപ്പിക്കുകയാണ്. ബന്ധങ്ങളുടെ ചിലന്തിവല തന്നെയാണ് മനുഷ്യന്റെ ഈ ജീവിതം. വാഗ് വിചാര കര്‍മങ്ങളാണ് ജീവിതത്തിലെ അടയാളപ്പെടുത്തലുകളാവുന്നത്. നന്മയുടെ സുഗന്ധമുള്ള കര്‍മങ്ങള്‍ക്ക് സദാ മറ്റുള്ളവരുടെ ഓര്‍മയില്‍ വസന്തം വിരിയിക്കാനാവും. ഓര്‍മകള്‍ ഓളം തള്ളുമ്പോഴെല്ലാം ‘നമ്മളുണ്ടായിരുന്നെങ്കില്‍’ എന്ന് പ്രിയപ്പെട്ടവര്‍ കൊതിക്കും. നമ്മുടെ സദ് പ്രവര്‍ത്തനങ്ങളും അതിന്റെ അനന്തരഫലങ്ങളും സല്‍കീര്‍ത്തിയുടെ കാരണങ്ങളാണ്. ‘പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ’ എന്ന ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥനയുടെ പൊരുളുമതാണ്.
വാക്കും പ്രവൃത്തിയും തമ്മിലുള്ള പാരസ്പര്യമാണ് ജീവിതവഴിയെ വിശുദ്ധമാക്കുന്നത്. വാക്കുകളേക്കാള്‍ ഉച്ചത്തില്‍ പ്രവൃത്തികളാണ് മനസ്സിനോട് സംവദിക്കുന്നത്. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തക്കേടില്ലാതിരിക്കുമ്പോള്‍ ആ ജീവിതം മറ്റുള്ളവര്‍ക്ക് സന്ദേശമാകും. കര്‍മങ്ങള്‍ക്ക് കണ്‍കുളിര്‍മ പകരുന്നതായി മാറുന്നത് ആസൂത്രണങ്ങള്‍ കൊണ്ട് ജീവസ്സുറ്റതായിത്തീരുമ്പോഴാണ്. സത്യവിശ്വാസ ബന്ധിതമായ സദ്കൃത്യങ്ങള്‍ ചൈതന്യവത്തായ ഭാവിയിലേക്കുള്ള ഈടു വെയ്പ്പാണ്. നാളെയിലേക്കുള്ള നീക്കിയിരുപ്പാണ് ഇന്നിന്റെ ജീവിതത്തെ അര്‍ഥവത്താക്കുന്നത്. നാളേക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് സ്വന്തത്തോട് ചോദിക്കാന്‍ ദൈവിക കല്പനയുണ്ട് (59:18). സുകതങ്ങളാകുന്ന സമ്പാദ്യങ്ങള്‍ അതിന് മറുപടിയായുണ്ടെങ്കില്‍ ആ ജീവിതം സുന്ദരവും സംതൃപ്തി ദായകവുമായിരിക്കും.