2 Wednesday
July 2025
2025 July 2
1447 Mouharrem 6

അബൂബക്കര്‍ നസ്സാഫ്

എം ടി മനാഫ് മാസ്റ്റര്‍


കോഴിക്കോട്: പ്രിയ സുഹൃത്തും പണ്ഡിതനുമായ അബൂബക്കര്‍ നസ്സാഫ് (57) വിടവാങ്ങി. മസ്തിഷ്‌കാഘാതം കാരണം ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2007-ല്‍ ജിദ്ദ ഇസ്‌ലാഹി സെന്ററില്‍ വെച്ചാണ് അദ്ദേഹവുമായി ആത്മബന്ധം സ്ഥാപിക്കുന്നത്. ജിദ്ദയില്‍ സ്വന്തം സ്ഥാപനവുമായി അദ്ദേഹം മുന്നോട്ടു പോവുകയായിരുന്നു. ക്രമേണ ജിദ്ദ ഷറഫിയ്യയിലെ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. മതവിഷയങ്ങളിലും അറബി ഭാഷയിലുമുള്ള പ്രാവീണ്യവും വ്യത്യസ്തമായ അവതരണ ശൈലിയും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
ഫേസ്ബുക്കും വാട്‌സാപ്പും സജീവമായിട്ടില്ലാത്ത കാലം. ബൈലക്‌സ് മെസഞ്ചറും ബ്ലോഗുമൊക്കെയായിരുന്നു അന്ന് മലയാളിയുടെ പ്രധാന സാമൂഹ്യ മാധ്യമ ഇടങ്ങള്‍. പൊതുരംഗത്തും മതസാമൂഹ്യ രംഗങ്ങളിലുമുള്ള വിവിധ സംഘടനകള്‍ക്ക് ബൈലക്‌സില്‍ ക്ലാസ് റൂമുകള്‍ സജീവമായിരുന്നു. അക്കാലത്ത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ഇസ്‌ലാഹി ക്ലാസ്‌റൂം ആരംഭിക്കുന്നതിലും ദീര്‍ഘകാലം അതിന്റെ ചീഫ് അഡ്മിനായി സേവനം ചെയ്യുന്നതിലും അദ്ദേഹം താല്‍പര്യപൂര്‍വം ധാരാളം സമയം ചെലവഴിച്ചിരുന്നു. നസ്സാഫ് എന്നത് പേരിന്റെ ഭാഗമാകുന്നത് അക്കാലത്താണ്. ആകര്‍ഷകമായ പ്രഭാഷണ ശൈലിയും പ്രമാണബദ്ധമായ സമര്‍ഥനങ്ങളും കണിശതയുള്ള നിലപാടുകളുമായി സ്വതസിദ്ധമായ ശബ്ദഗാംഭീര്യത്തോടെ ആദര്‍ശ രംഗത്തെ പ്രതിയോഗികളോട് പ്രതിരോധിക്കുന്ന നസ്സാഫിന്റെ പ്രസംഗങ്ങള്‍ ഇസ്‌ലാഹീ പ്രബോധന മേഖലയില്‍ വലിയ സ്വാധീനമാണുണ്ടാക്കി. പഠനപ്രബോധന മേഖലകളില്‍ സജീവ സാന്നിധ്യമായി. നാട്ടിലും വിദേശത്തും അറിയപ്പെടുന്ന പ്രഭാഷകനും പണ്ഡിതനുമായി.
പ്രസ്ഥാനത്തിന്റെ മേല്‍വിലാസത്തില്‍ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പുനരാനയിക്കാനുള്ള ശ്രമങ്ങളുണ്ടായപ്പോള്‍ പ്രതിരോധ നിരയില്‍ നസ്സാഫ് ശക്തമായ സാന്നിധ്യമായിരുന്നു. മരണം വരെയും ആ നിലപാടുകള്‍ക്ക് പരുക്കേല്‍ക്കാതിരിക്കാന്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തിയിരുന്നു. അതു കൊണ്ടു തന്നെ അബൂബക്കര്‍ നസ്സാഫ് എന്ന നാമം നമ്മുടെ മനസ്സില്‍ നിന്ന് അങ്ങിനെയൊന്നും മായില്ല. കര്‍മങ്ങളുടെ കരുത്തുകൊണ്ടും തണലുകൊണ്ടും പടച്ചവന്‍ അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top