14 Tuesday
January 2025
2025 January 14
1446 Rajab 14

ഫിഖ്ഹുല്ലാജിഈന്‍ അഭയാര്‍ഥികളുടെ കര്‍മശാസ്ത്രം

ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍


വിവിധ രാഷ്ട്രങ്ങളില്‍ ഉടലെടുക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം രാജ്യം വിട്ടുപോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അഭയാര്‍ഥികളായി മാറുന്നവരില്‍ മുസ്‌ലിംകളും അല്ലാത്തവരുമുണ്ട്. മുസ്‌ലിം രാജ്യങ്ങളില്‍ അഭയാര്‍ഥികളായി എത്തുന്ന വിവിധ മതവിശ്വാസികളെയും മറ്റ് രാജ്യങ്ങളില്‍ അഭയം തേടുന്ന മുസ്‌ലിംകളെയും നമുക്ക് കാണാന്‍ സാധിക്കും.
അഭയാര്‍ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അന്താരാഷ്ട്ര തലത്തില്‍ നിരവധി ഉച്ചകോടികള്‍ നടന്നിട്ടുണ്ട്. അതേസമയം, സഊദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫിഖ്ഹ് അക്കാദമിയും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷനും കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ധാരണാപത്രം ഒപ്പുവെക്കുകയുണ്ടായി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് അഭയാര്‍ഥികളുടെ ക്ഷേമത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പ്രധാന പ്രഖ്യാപനം.
അഭയാര്‍ഥികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ, സാമൂഹിക, പരിസ്ഥിതി പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതേസമയം, പല കാരണങ്ങളാല്‍ അഭയാര്‍ഥികളായവരോട് ഒരു മുസ്‌ലിം ഭരണകൂടം എങ്ങനെ സമീപിക്കണമെന്നതും മറ്റ് രാജ്യങ്ങളില്‍ അഭയാര്‍ഥികളായി എത്തിച്ചേരുന്ന മുസ്‌ലിം വിശ്വാസികളുടെ ജീവിതം മതവീക്ഷണത്തില്‍ എങ്ങനെയായിരിക്കണം എന്നതും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതാണ്. ഇസ്‌ലാമികേതര രാജ്യങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മതജീവിതം സംബന്ധിച്ച ഉള്‍ക്കാഴ്ച നല്‍കുന്നതിന് ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത് (ന്യൂനപക്ഷ കര്‍മശാസ്ത്രം) വേര്‍തിരിച്ചത് പോലെ, അഭയാര്‍ഥികള്‍ക്ക് വേണ്ടി ഫിഖ്ഹുല്ലാജിഈന്‍ (അഭയാര്‍ഥികളുടെ കര്‍മശാസ്ത്രം) വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഏറ്റവും വികാസക്ഷമതയുള്ള മേഖലയാണ് ഫിഖ്ഹ്. അതുകൊണ്ട് തന്നെ, പുതിയ പേരുകളില്‍ ഫിഖ്ഹിന്റെ ഭാഗം രൂപപ്പെടുത്തുന്നതിനോട് പണ്ഡിത സമൂഹത്തിന് യോജിപ്പും വിയോജിപ്പുമുണ്ട്. കര്‍മശാസ്ത്ര മദ്ഹബുകളുടെ രീതിശാസ്ത്രത്തിനുള്ളില്‍ നിന്നുകൊണ്ട് ഗവേഷണം നടത്തുന്നതിനെ മിക്ക പണ്ഡിതന്മാരും അംഗീകരിക്കുന്നുണ്ട്. എന്നാല്‍, അത്തരം ഗവേഷണ ഫലങ്ങള്‍ ഫിഖ്ഹിന്റെ പുതിയ ശാഖയായി മനസ്സിലാക്കേണമോ അതല്ല, പ്രസ്തുത മദ്ഹബിന്റെ തന്നെ ഭാഗമായി ചേര്‍ത്തുവെക്കേണമോ എന്നതിലാണ് തര്‍ക്കം. എങ്ങനെയായിരുന്നാലും, അഭയാര്‍ഥികളുമായി ബന്ധപ്പെട്ട കര്‍മശാസ്ത്ര പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്‌തെടുക്കാന്‍ തക്കവണ്ണം വികാസക്ഷമതയും രീതിശാസ്ത്ര വ്യക്തതയും ഇസ്‌ലാമിക ഫിഖ്ഹിനുണ്ട്.
സമകാലിക പഠനങ്ങള്‍
മുസ്‌ലിം ലോകത്തെ വിവിധ സര്‍വകലാശാലകളില്‍ അഭയാര്‍ഥി പ്രശ്‌നവുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ സയന്‍സ്, അന്താരാഷ്ട്ര ബന്ധങ്ങള്‍, സുരക്ഷാശാസ്ത്രം തുടങ്ങിയ പഠനവിഭാഗങ്ങളാണ് പ്രധാനമായും ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതേ സമയം, ശരീഅ, ഫിഖ്ഹ് പഠന വിഭാഗങ്ങളും ഈ വിഷയത്തിന്റെ മതവീക്ഷണം മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
റിയാദിലെ നാഇഫ് യൂണിവേഴ്‌സിറ്റി, അല്‍ജീരിയയിലെ വഹ്‌റാന്‍ യൂണിവേഴ്‌സിറ്റി, കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ ശരീഅ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയവ അഭയാര്‍ഥി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട മതപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പഠനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ പഠനങ്ങളെ ആസ്പദമാക്കിയും മദ്ഹബുകളുടെ നിര്‍ധാരണ രീതിശാസ്ത്രം മനസ്സിലാക്കിയും ഫിഖ്ഹുല്ലാജിഈന്‍ വേര്‍തിരിച്ചെടുക്കാവുന്നതാണ്.

ആരാണ് അഭയാര്‍ഥി?
ഹിജ്‌റ (പലായനം) ചെയ്തുവരുന്നവരെയാണ് പൊതുവേ അഭയാര്‍ഥികളായി പരിഗണിക്കാറുള്ളത്. എന്നാല്‍ എല്ലാ ഹിജ്‌റയും അഭയാര്‍ഥി പലായനമായി ഗണിക്കാനാവില്ല. രാഷ്ട്രീയ അഭയാര്‍ഥി എന്നാല്‍ ഇസ്‌ലാമിക ഫിഖ്ഹിലെ അഖ്ദുല്‍ അമാന്‍ എന്ന ഭാഗവുമായി ബന്ധപ്പെട്ട വിഷയമാണ്. അഖ്ദുല്‍ അമാന്‍ എന്നാല്‍ സുരക്ഷിതത്വം നല്‍കുമെന്ന കരാറാണ്. ഖുര്‍ആനിലെ സൂറതു തൗബയിലെ ആറാം വചനത്തില്‍ ബഹുദൈവ വിശ്വാസികളില്‍ നിന്ന് വല്ലവനും നിന്റെ അടുക്കല്‍ അഭയം തേടി വന്നാല്‍, അല്ലാഹുവിന്റെ വചനം കേട്ട് ഗ്രഹിക്കാന്‍ വേണ്ടി അവന് അഭയം നല്‍കുക എന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ വചനം വിശദീകരിച്ച് ഇമാം ഇബ്‌നുകസീര്‍ പറഞ്ഞത് പ്രകാരം ശരീഅത്തിനോ പൊതുമുസ്‌ലിം ക്ഷേമത്തിനോ വിരുദ്ധമല്ലാത്ത കാര്യങ്ങളെ മുന്‍നിര്‍ത്തി അഭയം നല്‍കാം. സന്ദേശ കൈമാറ്റം, വ്യാപാരം, ചികിത്സ തുടങ്ങി ശരീഅത്തിന് വിരുദ്ധമാകാത്ത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അഭയം നല്‍കാമെന്നാണ് പ്രസ്തുത വചനം കൊണ്ട് വിവക്ഷിക്കുന്നത് (ഇബ്‌നുകസീര്‍ 2:337). ഖുര്‍ആനില്‍ ഭാഗികമായും പ്രത്യേകമായും പറഞ്ഞ കാര്യങ്ങളുടെ പൂര്‍ണമായ ആശയം എന്ന നിലയില്‍ ഈ വ്യാഖ്യാനത്തെ കാണാവുന്നതാണ്.
ഇമാം അബൂഹനീഫയുടെ അഭിപ്രായം ഇപ്രകാരമാണ്: മുസ്‌ലിമായോ അല്ലാതെയോ തനിക്ക് വാസസ്ഥലം ഇല്ലാത്ത ഒരു രാജാവിന്റെ മുസ്‌ലിമോ അമുസ്‌ലിമോ ആയ നാട്ടിലേക്ക് സുരക്ഷിതത്വം തേടി പോകുന്നവനാണ് അഭയാര്‍ഥി. (ഹാശിയത്തു ഇബ്‌നുആബിദീന്‍ 6:275)
മുസ്‌ലിംകള്‍ അഭയാര്‍ഥികളാവുമ്പോള്‍
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികളാക്കപ്പെടുന്ന വിഭാഗമാണ് മുസ്‌ലിംകള്‍. അതിന്റെ രാഷ്ട്രീയ, സാമൂഹിക കാരണങ്ങള്‍ വേറെ ചര്‍ച്ച ചെയ്യേണ്ടതാണ്. ഇസ്‌ലാമിക ഫിഖ്ഹ് പ്രകാരം അഭയാര്‍ഥികളുടെ രണ്ടാമത്തെ വിഭാഗത്തിലാണ് മിക്കപ്പോഴും ഇവരുള്‍പ്പെടുക. മുസ്‌ലിംകള്‍ മുസ്‌ലിമേതര രാജ്യങ്ങളിലേക്ക് അഭയം തേടുമ്പോഴുള്ള ഫിഖ്ഹ് നിയമമാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്. ഇസ്‌ലാമിക ഖിലാഫത്ത് നിലനിന്നിരുന്ന കാലത്ത് ഇത്തരം പ്രശ്‌നങ്ങളില്ലാത്തതുകൊണ്ട് തന്നെ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഈ വിഷയത്തെ ഹിജ്‌റ, മുസ്‌ലിമേതരര്‍ക്കിടയിലെ ജീവിതം എന്നീ ഘടകങ്ങളില്‍ ഊന്നിയാണ് കൈകാര്യം ചെയ്യുന്നത്.
ഹിജ്‌റയുടെ വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ അതോ കാലഹരണപ്പെട്ടോ എന്നതാണ് ഒന്നാമത്തെ വിഷയം. ബുഖാരിയുടെ വ്യാഖ്യാനമായ ഉംദയില്‍ പറയുന്ന പ്രകാരം; ഒരു വിഭാഗം ഹനഫീ പണ്ഡിതന്മാരുടെയും ഹന്‍ബലീ മദ്ഹബിലെ ഖാദിമാരുടെയും അഭിപ്രായം മക്കാവിജയത്തോടെ ഹിജ്‌റ അവസാനിച്ചു എന്നതാണ്. (ഉംദ 10:618)
ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ‘മക്കാവിജയത്തിന് ശേഷം ഹിജ്‌റയില്ല’ എന്ന ഹദീസാണ് ഈ അഭിപ്രായത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഇമാം നവവിയും മാവര്‍ദിയും ഈ ഹദീസിനെ സംബന്ധിച്ച് പറയുന്നത് മക്കാവിജയത്തിന് മുമ്പ് ഹിജ്‌റക്കുണ്ടായിരുന്ന ശ്രേഷ്ഠത ഇനിയില്ല എന്നാണ്. അതുപോലെ, മക്കയില്‍ നിന്നോ വിജയം നേടിയ മറ്റ് സ്ഥലങ്ങളില്‍ നിന്നോ ഇനി ഹിജ്‌റ പോവേണ്ടതില്ല എന്നാണ് ഇബ്‌നുഖുദാമയെ പോലുള്ളവര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ തന്നെ, മതം അനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരിടത്ത് നിന്ന് ഹിജ്‌റ പോകേണ്ടതില്ല എന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
ഇമാം മാവര്‍ദി പറയുന്നു: ഒരാള്‍ക്ക് മുസ്‌ലിമേതര നാട്ടില്‍ വെച്ച് തന്റെ വിശ്വാസം പ്രഖ്യാപിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് അവനെ സംബന്ധിച്ചേടത്തോളം ദാറുല്‍ ഇസ്‌ലാം ആണ്, അവിടെ നിന്ന് യാത്ര പോകുന്നതിനേക്കാള്‍ ശ്രേഷ്ഠം അവിടെ താമസിക്കുന്നതാണ്.
അതേ സമയം, ‘ഹിജ്‌റ അവസാനിച്ചുവോ’ എന്ന തലക്കെട്ടില്‍ ഒരു അധ്യായം തന്നെ ഇമാം അബൂദാവൂദ് തന്റെ ഹദീസ് ക്രോഡീകരണ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ അന്ത്യനാള്‍ വരെ ഹിജ്‌റ നിലനില്‍ക്കുമെന്ന ആശയത്തിലുള്ള ഹദീസുകള്‍ അദ്ദേഹം ഉദ്ധരിക്കുന്നു. ഇമാം നസാഈയും ഇതേ അര്‍ഥത്തിലുള്ള പ്രവാചക വചനങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്.
മുസ്‌ലിമേതരര്‍ക്കിടയിലുള്ള ജീവിതത്തില്‍ ഇസ്‌ലാം പ്രഖ്യാപിക്കാനും മതവിശ്വാസമനുസരിച്ച് ജീവിക്കാനും സാധിക്കുന്നവര്‍ അഭയം തേടി പോകേണ്ടതില്ല എന്നതാണ് പണ്ഡിതാഭിപ്രായം. അതിന് സാധിക്കാത്തവര്‍ക്ക് അത്തരം സ്വാതന്ത്ര്യം ലഭിക്കുന്ന ഇടത്തേക്ക് അഭയം തേടി ചെല്ലാവുന്നതാണ്. ഹിജ്‌റയുടെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ മൂന്ന് വിഭാഗമുണ്ട് എന്നാണ് ഹനഫീ, ശാഫിഈ, ഹന്‍ബലീ മദ്ഹബുകള്‍ പറയുന്നത്.
ഒന്ന്, നിര്‍ബന്ധമായും പലായനം ചെയ്യേണ്ടവര്‍. സൂറതു നിസാഇലെ 97-ാം വചനം അനുസരിച്ച്, മതകാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയപ്പെട്ടവര്‍.
രണ്ട്, ഹിജ്‌റ ചെയ്യാന്‍ സാധിക്കാത്തവര്‍. നിര്‍ബന്ധിത സാഹചര്യമുണ്ടെങ്കിലും ദൗര്‍ബല്യങ്ങള്‍ കാരണം ഇളവ് നല്‍കപ്പെട്ടവര്‍.
മൂന്ന്, ഹിജ്‌റ ആവശ്യമില്ലാത്ത വിധം മതം അനുസരിച്ച് ജീവിക്കാന്‍ സാധിക്കുന്നവര്‍. നബിയുടെ(സ) പിതൃവ്യന്‍ അബ്ബാസ് (റ) ഇസ്‌ലാമിക ജീവിതം അനുസരിച്ച് തന്നെ മക്കയില്‍ കഴിഞ്ഞത് ഇതിന്റെ ഒരു തെളിവാണ്.
ത്വാഇഫില്‍ നിന്ന് മടങ്ങുന്ന വേളയില്‍ പ്രവാചകന്‍ അവിശ്വാസിയായിരുന്ന മുത്ഇമബ്‌നു അദിയ്യിന്റെ അടുക്കല്‍ പോയതും അബൂബക്കറിന്(റ) ഇബ്‌നു ദുഗ്‌ന സംരക്ഷണം നല്‍കിയ സംഭവവും നജ്ജാശി മുസ്‌ലിമാകുന്നതിന് മുമ്പെ തന്നെ സ്വഹാബികള്‍ അദ്ദേഹത്തിന്റെ അടുക്കല്‍ അഭയം തേടിയതും ഈ മേഖലയിലെ ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളാണ്.
മുസ്‌ലിം രാജ്യത്തേക്ക് അഭയാര്‍ഥികളായി വരുന്നവരെ സ്വീകരിക്കേണ്ടതിന്റെ വിവിധ മാനദണ്ഡങ്ങള്‍ ഫിഖ്ഹുല്ലാജിഈന്റെ ഭാഗമായി വിലയിരുത്താന്‍ സാധിക്കും. ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ അങ്ങനെ പേര്‍ വിളിക്കപ്പെട്ട ഒരു ഭാഗം ഇല്ല. എന്നിരുന്നാലും, വിവിധ സന്ദര്‍ഭങ്ങളില്‍ വന്ന വിധികള്‍ നിര്‍ധാരണം ചെയ്ത് അഭയാര്‍ഥികളുടെ കര്‍മശാസ്ത്രം വിപുലീകരിക്കാനാവും. അന്താരാഷ്ട്ര നിയമം അനുസരിച്ച് പലായനം ചെയ്യുന്നവര്‍ പാലിക്കേണ്ട വിവിധ കാര്യങ്ങളും ആതിഥേയ രാഷ്ട്രങ്ങള്‍ നിര്‍വഹിക്കേണ്ട ചുമതലയും വിവിധ കരാറുകളിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. ഫിഖ്ഹിലെ വിവിധ വിധികള്‍ ഈ കാര്യത്തില്‍ സമാനത പുലര്‍ത്തുന്നുണ്ട്.
ഇസ്‌ലാമിക ഫിഖ്ഹ് പ്രകാരം ആര്‍ക്കെല്ലാം അഭയാര്‍ഥികളുടെ അതിഥിയാകാം എന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് പൊതുവായി ഇസ്‌ലാമിക നിയമങ്ങള്‍ ബാധകമായ കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍, അങ്ങനെ അഭയാര്‍ഥികളായി എത്തുന്നവര്‍ അഖ്ദുല്‍ അമാനിന്റെ ഭാഗമായി ചില നിബന്ധനകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
ഇമാമിന് എതിരായി പ്രവര്‍ത്തിക്കുക, അഭയാര്‍ഥി സ്വയം കരാര്‍ അവസാനിപ്പിച്ചതായി അറിയിക്കുക, കാലാവധി നിശ്ചയിച്ച കരാര്‍ പ്രകാരം അതിന്റെ കാലാവധി പൂര്‍ത്തിയാവുക, അഭയാര്‍ഥി സ്വന്തം നാട്ടിലേക്കോ യുദ്ധ രാജ്യത്തിലേക്കോ തിരികെപോവുക, ചാരവൃത്തി നടത്തുക, വിശ്വാസവഞ്ചന കാണിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടായാല്‍ അഭയാര്‍ഥികളുടെ പദവി നഷ്ടപ്പെടുന്നതായി ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ കണക്കാക്കുന്നു. ഇതില്‍ സ്വന്തം നാട്ടിലേക്ക് വ്യാപാര ആവശ്യത്തിനായോ മറ്റെന്തെങ്കിലും ന്യായമായ ആവശ്യങ്ങള്‍ക്കോ പോയി മുസ്‌ലിം രാജ്യത്തിലേക്ക് തന്നെ തിരികെ വരുന്നവന് സംരക്ഷണം തുടരണമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അഭയം നല്‍കുക, സംരക്ഷണം നല്‍കുക, കരാര്‍ പാലിച്ച് ജീവിക്കുക, അഭയം തേടുക തുടങ്ങിയ കാര്യങ്ങള്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഇഴകീറി പരിശോധിച്ച വിഷയമാണ്. അതിനാല്‍ തന്നെ അഭയാര്‍ഥി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഇസ്‌ലാമിക സമീപനം അന്വേഷിക്കുന്നവര്‍ക്ക് ക്ലാസിക്ക് ഫിഖ്ഹ് ഗ്രന്ഥങ്ങളും മദ്ഹബ് സാഹിത്യവും വലിയൊരു റഫറന്‍സാണ്.

അഭയാര്‍ഥികളോടുള്ള സമീപനം
ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യമെന്നത് വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷിതത്വവും സമാധാനവുമാണ്. സൂറതു ഖുറൈശ് 3,4 വചനങ്ങള്‍, സൂറതു അന്‍കബൂത്ത് 67ാം വചനം, ഇസ്‌റാഇലെ 70-ാം വചനം തുടങ്ങി നിരവധി സൂക്തങ്ങളില്‍ നിന്ന് മഖാസിദുശ്ശരീഅയുടെ ഭാഗമായി വരുന്ന കാര്യങ്ങള്‍ നമുക്ക് ഗ്രഹിക്കാവുന്നതാണ്. ഈ വീക്ഷണമനുസരിച്ച് അഭയാര്‍ഥികളായി വരുന്നവരെ സ്വീകരിക്കാന്‍ മുസ്‌ലിം രാജ്യങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍ തന്ത്രപ്രധാനമായ രാഷ്ട്രനിയമങ്ങള്‍ പ്രകാരവും ദേശരാഷ്ട്ര അതിര്‍ത്തി നിയന്ത്രണങ്ങള്‍ മൂലവും ഇതിന് ചില ഉപാധികളുണ്ടാവുക സ്വഭാവികമാണ്. ഇന്നത്തെ ദേശരാഷ്ട്ര സങ്കല്പം രൂപപ്പെടുന്നതിന് മുമ്പ് രചിക്കപ്പെട്ട ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ രീതിശാസ്ത്രം അനുസരിച്ച് തന്നെ സമകാലികമായി അഭയാര്‍ഥി കര്‍മശാസ്ത്രവും വികസിപ്പിക്കാന്‍ സാധിക്കും.
ഇസ്‌ലാമിക ഫിഖ്ഹ് പ്രകാരം അഭയാര്‍ഥിത്വം രണ്ട് വിധമുണ്ട്. (1) മുസ്‌ലിമേതരര്‍ മുസ്‌ലിം രാജ്യങ്ങളിലേക്ക് അഭയം തേടുന്നത്. (2) മുസ്‌ലിംകള്‍ മുസ്‌ലിമേതര രാജ്യങ്ങളിലേക്ക് അഭയം തേടുന്നത്.
ഇതില്‍ ഒന്നാമത്തെ വിഭാഗത്തെ ഇസ്‌ലാം നോക്കിക്കാണുന്നത് സുരക്ഷിതത്വ കരാറുമായി ബന്ധപ്പെട്ടാണ് (അഖ്ദുല്‍ അമാന്‍). അഭയം നല്‍കുന്നതിന്റെ ഇസ്‌ലാമിക നിയമസാധുത താഴെപറയും പ്രകാരമാണ്.
(1). സൂറതു തൗബയിലെ ആറാംവചനം. യുദ്ധം ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടവര്‍, നിന്നോട് അഭയം തേടിയാല്‍, അവര്‍ക്ക് സുരക്ഷിതത്വം നല്‍കണമെന്നാണ് ഇമാം ഖുര്‍തുബി ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ പറയുന്നത്. (അല്‍ജാമിഅ് 8:75)
(2). ദുര്‍ബലരെ സംരക്ഷിക്കേണ്ടതിനെ കുറിച്ചുള്ള പ്രവാചക വചനങ്ങള്‍. പ്രവാചകന്‍(സ) പറഞ്ഞതായി ഇമാം അലി (റ) ഉദ്ധരിക്കുന്ന ഹദീസ്. (ബുഖാരി 1870)
(3). അഭയം ചോദിച്ചു വരുന്നവര്‍ക്ക് സുരക്ഷിതത്വം നല്‍കണമെന്നും അല്ലാഹുവിന്റെ വചനം അവരെ കേള്‍പ്പിച്ച ശേഷം അവരെ സുരക്ഷിത സ്ഥലത്തേക്ക് അയക്കണമെന്നും, ഇത് പണ്ഡിതന്മാരുടെ ഏകോപിത അഭിപ്രായമുള്ള വിഷയമാണെന്നും ഇമാം ഇബ്‌നു ഖുദാമ പറയുന്നു. (മുഗന്നി 10:436)
മുസ്‌ലിംകള്‍ സത്യനിഷേധികള്‍ക്ക് അഭയം നല്‍കുന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. ഒരു മുസ്‌ലിമിന്റെ സംരക്ഷണയിലുള്ള കാലത്തോളം മറ്റുള്ളവര്‍ അവരെ ആക്രമിക്കാന്‍ പാടുള്ളതല്ല എന്ന് ഇമാം നവവി വ്യക്തമാക്കുന്നു. (ശറഹു മുസ്‌ലിം 9/144)

Back to Top