ജീവിതത്തിലേക്ക് തിരിച്ചുനടന്ന ഒരാള്‍
സി കെ റജീഷ്
നല്ല തെളിച്ചമുള്ള പകല്‍. പൈന്‍ മരത്തിന്റെയും കടലിന്റെയും മണം. മലഞ്ചെരിവിനു താഴെ കടലാണ്. ജീവിതം അസഹ്യമായിത്തോന്നിത്തുടങ്ങി. അപ്പോള്‍ ആ മനുഷ്യന്‍ ഒന്നുറപ്പിച്ചു. ‘എനിക്ക് മരിക്കണം’. മരണത്തെ അയാള്‍ പേടിച്ചിരുന്നു. പക്ഷേ, ജീവിച്ചിരിക്കുന്നത് സഹിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. കാലിന്നരികില്‍ പല്ലി വന്ന് ശല്യപ്പെടുത്തിയത് അയാളെ ചിന്തിപ്പിച്ചു. പല്ലികള്‍ ആത്മഹത്യ ചെയ്യാറില്ല. അവയ്ക്ക് അതിജീവനശേഷിയുണ്ട്. അവയുടെ വാല്‍ ആരെങ്കിലും മുറിച്ചാല്‍ മറ്റൊരു വാല്‍ വളരുന്നു. സാഹചര്യങ്ങള്‍ എത്ര പരുക്കനായാലും പല്ലിയെ പോലെ മുന്നോട്ടു പോകാനാണ് അയാളുടെ തീരുമാനം.
ഒരു വില്ലയുടെ പിറകിലാണ് അയാള്‍ നില്ക്കുന്നത്. കുമ്മായപ്പാറകളുടെ അതിരും വെളുത്ത കടല്‍ക്കരകളും എത്ര സുന്ദര കഴ്ചയാണ്. പക്ഷേ അവയൊന്നും ദു:ഖത്തിന്റെ തടവറയില്‍ നിന്ന് അയാളെ മോചിതനാക്കിയില്ല. മരണം തൊട്ടടുത്തുണ്ടെന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തുന്നു. അയാള്‍ ആശ്വസിക്കുന്നു. എനിക്ക് അമ്മയും അച്ഛനും സഹോദരനും പ്രിയതമയുമുണ്ട്. ഈ നാലുപേരുടെ സ്‌നേഹം ഭ്രാന്തമായ ആ ആഗ്രഹത്തില്‍നിന്നും ആ മനുഷ്യനെ പിന്തിരിപ്പിക്കുന്നു. അയാള്‍ ജീവിതം തുടരുന്നു. വില്ലയിലേക്ക് തിരിഞ്ഞു നോക്കി.
ആത്മഹത്യയെക്കുറിച്ച് ആലോചിച്ച മാറ്റ് ഹെയ്ഗിന്റെ അതിജീവന കഥ പറയുന്ന പുസ്തകമാണ് ‘ജീവിച്ചിരിക്കാനുള്ള കാരണങ്ങള്‍’. വിഷാദത്തില്‍ കുടുങ്ങിപോയവര്‍ക്ക് പ്രതീക്ഷയുടെ ആകാശം കാണിച്ചു തരുന്ന ഈ പുസ്തകത്തിലെ മാറ്റ് ഹെയ്ഗിന്റെ അനുഭവമാണ് ഇവിടെ കുറിച്ചത്.
മരണത്തെ എപ്പോഴാണ് മനുഷ്യന്‍ ആഗ്രഹിച്ചു പോകുന്നത്? മരണഭയം ഉണ്ടായിരിക്കെ തന്നെ ജീവിതം അസഹ്യമാവുമ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിലരെങ്കിലും ആലോചിച്ചു പോകുന്നു. വിഷാദങ്ങള്‍ ഏകാന്തതയുടെ തുരുത്തിലേക്ക് മനുഷ്യനെ നയിക്കുന്നു. വിഷാദങ്ങള്‍ എപ്പോഴും നമ്മുടെ ഭാവിയെപ്പറ്റി നുണകളാണ് കാതുകളില്‍ മന്ത്രിക്കുന്നത്. അപ്പോഴേക്കും മനസ്സ് നാം ജീവിക്കണോ വേണ്ടയോ എന്നൊരു കണക്കെടുപ്പ് തുടങ്ങിയിരിക്കും.
മനസ്സിന് വിചിത്രമായ ഒരു പ്രത്യേകതയുണ്ട്. ഉള്ളില്‍ ദു:ഖത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുമ്പോഴും പുറമെ അത് പ്രതിഫലിച്ച് കാണണമെന്നില്ല. ഓരോരുത്തരുടെയും മനസ്സ് വിചിത്രമായ വഴികളൂടെയാണ് സഞ്ചരിക്കുന്നത്. ചിന്തകളുടെ രോഗമാണ് വിഷാദം. വിഷാദത്തിന്റെ വലയില്‍ കുടുങ്ങുന്നതോടെ പ്രതീക്ഷയുടെ പ്രകാശമാണ് നമ്മില്‍ അസ്തമിക്കുന്നത്. ജീവിച്ചിരിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതോടെ പ്രതീക്ഷയുടെ പ്രഭാതങ്ങള്‍ നമ്മെ വരവേല്‍ക്കുന്നു. ജീവിതമെന്നത് ദൈവികാനുഗ്രഹമാണ്. അതിന്റെ സാധ്യത തിരിച്ചറിഞ്ഞവരില്‍ പ്രതീക്ഷയുടെ ജ്വാല അണയാതിരിക്കും. മനസ്സ് നിരാശയ്ക്ക് വഴിപ്പെടാന്‍ നിസ്സാര കാരണങ്ങള്‍ മതിയാവും. ജീവിതം ഞാണിന്മേല്‍ കളിയാണെന്ന് പറയാറുണ്ട്. വലിച്ച് കെട്ടിയ ഞാണിലൂടെയാണ് നാം നടക്കുന്നതെന്ന് ഓര്‍മ വേണം. കരുതലില്ലെങ്കില്‍ ഏത് നിമിഷവും വഴുതി വീഴും.
ദു:ഖത്തിന്റെ ഏതു തടവറയിലേക്കും ഇത്തിരിവെട്ടം അരിച്ചെത്താതിരിക്കില്ല. സന്തോഷത്തിന്റെ കാരണങ്ങളെ ചികഞ്ഞ് സമാധാന ചിത്തരാകാന്‍ നമുക്ക് കഴിയുന്നുണ്ടോ? ഈ ജീവിതം നല്‍കിയ സര്‍വാധിനാഥന്റെ അനുഗ്രഹത്തിന്റെ വില നാം അപ്പോള്‍ അനുഭവിച്ചറിയും. വിഷമാവസ്ഥകളിലൂടെ കടന്നുപോയെങ്കിലും വിഷാദത്തിന് മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ ഇടമില്ലായിരുന്നു. അനാഥത്വത്തില്‍ നിന്ന് ആശ്രയത്വവും ദാരിദ്ര്യത്തില്‍ നിന്ന് ധന്യതയും വഴിയറിയാത്ത അവസ്ഥയില്‍ നിന്ന് സന്മാര്‍ഗബോധവും അല്ലാഹു നല്‍കി. സദാ സന്തോഷം പ്രദാനം ചെയ്യാന്‍ ഇങ്ങനെയൊരു ഉപദേശവുമുണ്ട്. ‘നിന്റെ റബ്ബിന്റെ അനുഗ്രഹത്തെപ്പറ്റി നീ സംസാരിക്കുക’ (93:11)