14 Tuesday
January 2025
2025 January 14
1446 Rajab 14

നിസ്സാരം

നൗഫല്‍ പനങ്ങാട്‌


തൊട്ടാവാടി തൊടുത്തു വിട്ട
മൗനങ്ങളുടെ വിരല്‍ത്തുമ്പില്‍
അട്ടഹാസങ്ങളുടെ അടയാളങ്ങളുണ്ടാവും
മേഘങ്ങള്‍ക്കു മുകളില്‍
രണ്ടിതളുകള്‍
കൊഴിഞ്ഞു തീരുമ്പോഴും
അന്യമാവാത്ത ഗന്ധം പോലെ
പൂക്കളെല്ലാം വിടര്‍ന്നുകൊണ്ടേയിരിക്കും
വാടിയ വിത്തുകള്‍
മരത്തെ കെട്ടിപ്പിടിച്ചുകിടക്കും
ഉണങ്ങിയെന്നുറപ്പു വരുത്തിയാല്‍
പച്ചിലക്കാടുകള്‍ മരത്തെ പൊതിയും
മഴ പെയ്യുമ്പോള്‍ കുടഞ്ഞിട്ട
പൂക്കളോടൊട്ടിപ്പിടിച്ച്
വസന്തം വളര്‍ത്തിയ വിത്തുകള്‍
ജാതിപ്പേര് ചോദിക്കും
ജാതിയില്ലാത്ത മരമപ്പോള്‍
നാണത്തെ ഇലകൊണ്ട് ചുറ്റിവരിഞ്ഞ്
നഗ്‌നത മറക്കും
ഏകാന്തതയിലെ ഇരുട്ട്
ആള്‍മറയില്ലാത്ത
കിണറ് പോലെ മാടിവിളിക്കും

ആര്‍ക്കോ വേണ്ടിയുള്ള ചില തോന്നലുകള്‍
കൂടെ പാര്‍ക്കും
പറയാതെ പിരിഞ്ഞു പോകും

പ്രാരാബ്ധങ്ങളുടെ പാലത്തിനു മുകളിലൂടെ
പച്ച ഞരമ്പുകള്‍ ഓടിക്കളിക്കും
ഇന്നലെയുറങ്ങിപ്പോയതിന്റെ കരിഞ്ഞുണങ്ങിപ്പോയ
പാടുണ്ട്
ഉറങ്ങാതെ കാവലിരിക്കാന്‍

വെറുതെയിരിക്കുമ്പോള്‍
മൗനം കൂട്ടികൊണ്ടുപോകും
സ്വമേധയാ മരിച്ചു പോയവര്‍
നിസാരമായി ഒളിച്ചോടിപ്പോകും

Back to Top