പാറക്കെട്ടിനുള്ളില്‍ അടയിരിക്കുന്ന തള്ളപ്പക്ഷി
സി കെ റജീഷ്
വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കപ്പെട്ട ചിത്ര രചന മത്സരം. സമാധാനം എന്നതായിരുന്ന മത്സര വിഷയം. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ഏറെ മനോഹരമായ ചിത്രങ്ങളാണ് വിദ്യാര്‍ഥികള്‍ വരച്ചത്. ചിത്ര രചന മത്സരത്തില്‍ രണ്ട് ചിത്രങ്ങള്‍ അവസാന റൗണ്ടിലെത്തി. ഇതില്‍ ഒരു തീരുമാനം പറയാന്‍ കഴിയാതെ വിധികര്‍ത്താക്കള്‍ കുഴങ്ങി. ഒന്നാം സ്ഥാനത്തിന് അര്‍ഹതയുള്ള ചിത്രത്തെ തെരഞ്ഞെടുക്കാന്‍ അവര്‍ പ്രശസ്തനായ ചിത്രകാരന്റെയടുത്തെത്തി. അദ്ദേഹം ആ രണ്ട് ചിത്രങ്ങളും സൂക്ഷ്മമായി ശ്രദ്ധിച്ചു. മനോഹരമായ തടാകം, പച്ചപ്പുല്‍മേട്, മലനിരകള്‍ ഇവ നിറഞ്ഞ് നില്‍ക്കുന്ന ശാന്തമായ സ്ഥലം. ഇതായിരുന്നു ആദ്യ ചിത്രത്തിലുണ്ടായിരുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ പാറക്കെട്ടുകളും വെള്ളച്ചാട്ടവും മൃഗവും മറ്റ് ജീവജാലങ്ങളെല്ലാമുണ്ട്. പാറക്കെട്ടിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ അതിന്റെ വിടവിലെ ചെറിയ കൂട്ടില്‍ തള്ളപ്പക്ഷി മുട്ടിയിട്ട് സ്വസ്ഥമായി അടയിരിക്കുന്നു. ചിത്രകാരന്‍ രണ്ടാമത്തെ ചിത്രത്തിനാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹതയെന്ന് പ്രഖ്യാപിച്ചു. രണ്ടാമത്തെ ചിത്രത്തില്‍ സമാധാനം എന്ന ആശയത്തിന്റെ പൊരുള്‍ പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ‘ബഹളങ്ങള്‍ക്കിടയിലും ശാന്തരാകാന്‍ കഴിയുന്നതാണ് യഥാര്‍ഥ സമാധാനം.’
സമാധാനം ജീവവായു പോലെ പ്രധാനമാണ്. സമാധാനത്തിന്റെ തീരം തേടിയുള്ള അലച്ചിലിലാണ് ഈ ജീവിതം. പ്രകൃതിയിലെ നയന മനോഹരമായ വര്‍ണങ്ങള്‍, താളാത്മകമായ സംഗീതം, ഹൃദയഹാരിയായ സൗരഭ്യം ഇവയൊക്കെ അവാച്യമായ ആഹ്ലാദത്തിന്റെ ഭാവമാണ്. ഇവ നല്‍കുന്ന ശാന്തത കൊണ്ട് മനസ് നിര്‍വൃതിയടയുന്നു. പിന്നെയും പിന്നെയും പച്ചപ്പടര്‍പ്പ് കാണാനും അരുവിക്കരികില്‍ പോയിരിക്കാനും മഴയുടെ സംഗീതം കേള്‍ക്കാനും മനസ് കൊതിക്കുന്നു. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിലൂടെ മന:ശാന്തി നാം അനുഭവിച്ചറിയുകയുമാണ്. എങ്കിലും ഹൃദയഹാരിയായ ഈ കാഴ്ചകള്‍ കൊണ്ട് മാത്രം മനസിന് ശാന്തത കൈവരിക്കാനാവില്ല. അത്രമേല്‍ ബഹളമയമാണ് നമ്മുടെ ജീവിത പരിസരം. താളവും അടുക്കുമില്ലാത്ത ശബ്ദ കോലാഹലങ്ങളുടെ ഘോരാനുഭവങ്ങള്‍ നമ്മെ അലോസരപ്പെടുത്തുന്നുണ്ട്. ഇവിടെ ആത്മാവിന്റെ അശരീരികള്‍ക്കു കാതോര്‍ക്കാന്‍ നിശബ്ദതയുടെ തുരുത്ത് അനിവാര്യമാകുന്നു. ബഹളത്തിന്റെ കാലുഷ്യത്തില്‍ നിന്ന് മനസിനെ വിമോചിപ്പിക്കാന്‍ ഏകാന്തതയുടെ തലമാണ് വേണ്ടത്. സൃഷ്ടിയും സ്രഷ്ടാവും പങ്കുവെക്കുന്ന ഏകാന്തതയുടെ തലമാണ് പ്രാര്‍ഥന. പ്രാര്‍ഥന പ്രദാനം ചെയ്യുന്ന ധന്യത കൊണ്ട് മനസ് ഊര്‍ജ്ജം സംഭരിക്കുന്നു. സംഘര്‍ഷ ഭരിതമായ ജീവിത സാഹചര്യങ്ങളിലും ഉള്ളുലയാതിരിക്കാനുള്ള ഉള്‍ക്കരുത്താണ് പ്രാര്‍ഥന. മനുഷ്യന് ശരീരം വാഹനവും മനസ് യാത്രികനുമാണെന്ന് ഇമാം ഗസ്സാലി നിരീക്ഷിക്കുന്നുണ്ട്. ജീവിതത്തിന്റെ സഞ്ചാര വേഗതയില്‍ ആത്മബലത്തിന്റെ ആശ്രയത്വം അനിവാര്യമാണ്. ഭൗതികതയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ശബ്ദകോലാഹലങ്ങളില്‍ നിന്ന് മനസിന് മോചിതമാകാനുള്ള സമയമാണ് വേണ്ടത്. ഹൃദയം ജാഗ്രത്താകുന്ന സമയത്ത് പുലര്‍കാലയാമങ്ങളിലുള്ള പ്രാര്‍ഥനയുടെ മഹത്വം അല്ലാഹു പറയുന്നു. ‘രാത്രി എഴുന്നേറ്റ് നിര്‍വഹിക്കുന്ന പ്രാര്‍ഥന, നിന്റെ ചുവടുകള്‍ക്ക് ശക്തി പകരുകയും വാക്കുകള്‍ക്ക് കരുത്തേകുകയും ചെയ്യും.’ (73:6)
മനസ്സമാധാനത്തിന് മനുഷ്യന്‍ ബഹുവിധ വഴികളാണ് തേടുന്നത്. സ്ഥായിയായ സമാധാനത്തിന്റെ സഞ്ചാര വഴി മിക്കപ്പോഴും മനുഷ്യന്‍ മറന്നു പോകുന്നു. ചിന്തയിലും പ്രവൃത്തിയിലും നന്മയുള്ളവര്‍ക്കാണ് സ്ഥായിയായ ശാന്തിതീരമണയാന്‍ കഴിയുന്നത്. ഉപകാരം ചെയ്യാനുള്ള ഉത്സാഹം പോലെ ഉപദ്രവം തടയാനുള്ള ജാഗ്രത കൂടിയുണ്ടായാല്‍ മനസിന്റെ നന്മ കാത്ത് വെക്കാനാവും. നന്മയുടെ അടയാളങ്ങള്‍ നമ്മുടെ ആയുസിലുണ്ടായാല്‍ ആ കര്‍മ വഴികള്‍ കണ്ണിന് കുളിര്‍മയാണ്, മനസിന് ആനന്ദമാണ്. എബ്രഹാം ലിങ്കണ്‍ പറഞ്ഞത് ശരിയാണ്. ‘ജീവിത കാലത്ത് ഒരു മുള്‍ച്ചെടിയെങ്കിലും നട്ടുപിടിപ്പിക്കുക. ലോകം നിങ്ങളെ ഓര്‍ക്കാനും മനസ് സമാധാനമടയാനും അതുമതി.’ .