അബുല്‍ കലാം ആസാദിന്റെ ഓര്‍മയില്‍ ദേശീയ വിദ്യാഭ്യാസ ദിനം
എ ജെ എസ്
2008 മുതല്‍ നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു വരികയാണ്. ദേശീയ വിദ്യാഭ്യാസ ദിനം പൊതു അവധിയൊന്നുമല്ല. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിലും കലാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധ-പ്രസംഗമത്‌സരങ്ങള്‍ പോലെ ധൈഷണിക സംവാദത്തിന് പര്യാപ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുല്‍കലാം ആസാദിനോടുള്ള ആദരസൂചകമായിട്ടാണ് ഈ വിദ്യാഭ്യാസ ദിനാചരണം. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍, മൗലാനാ മുഹമ്മദലി, ഡോ. അംബേദ്കര്‍ തുടങ്ങിയവരുടെ സമശീര്‍ഷനായ അബുല്‍കലാം ആസാദ് സ്വതന്ത്ര ഭാരതശില്പികളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ ജന്‍മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു കൊണ്ട് ഇന്ത്യന്‍ സമൂഹം ആസാദിനെ ആദരിച്ചത് തികച്ചും ഔചിത്യ ബോധത്തോടു കൂടിത്തന്നെയാണ്.
അബുല്‍ കലാം ഗുലാം മുഹ്‌യുദ്ദീന്‍ അഹ്മദ്, അബുല്‍ കലാം ആസാദ് എന്ന പേരിലാണ് ലോകം മുഴുക്കെ അറിയപ്പെട്ടത്. അറബി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ അഗാധ ജ്ഞാനമുള്ള പണ്ഡിതന്‍, ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥകാരന്‍, വാഗ്മി, എഴുത്തുകാരന്‍, ഇന്ത്യന്‍ ദേശീയ നേതാവ്, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി, സ്വാതന്ത്ര്യ സമര നായകന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ്, പത്രപ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ ഒരു വ്യക്തിക്ക് തന്റെ ചുരുങ്ങിയ ആയുസ്സില്‍ ചെയ്തു തീര്‍ക്കാന്‍ പറ്റുന്നതിലുമെത്രയോ അപ്പുറം കര്‍മ മണ്ഡലം വിസ്തൃതമാക്കിയ മഹാനായിരുന്നു അബുല്‍ കലാം ആസാദ്.
മക്കയില്‍ നിന്ന് ഇന്ത്യയിലേക്ക്
10 വാല്യമുള്ള മുസ്‌ലിം ചരിത്രമെന്ന ബൃഹദ്ഗ്രന്ഥത്തിന്റെ കര്‍ത്താവായിരുന്ന മൗലാനാ ഖൈറുദ്ദീന്‍(1831-1908) ആണ് പിതാവ്. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ അസ്വസ്ഥരായി 1857നു മുമ്പ് ധാരാളം കുടുംബങ്ങള്‍ മക്കയിലേക്ക് കുടിയേറിയിരുന്നു. അക്കൂട്ടത്തില്‍ പെട്ട മൗലാനാ മുനവ്വിറുദ്ദീന്റെ മകനായ ഖൈറുദ്ദീന്‍ മദീനയിലെ മുഫ്തി ശൈഖ് മുഹമ്മദ് സ്വഗീറിന്റെ മകള്‍ അലിയ്യയെ വിവാഹം ചെയ്തു. അവരുടെ അഞ്ചു മക്കളില്‍ ഇളയവനായി 1888 നവംബര്‍ 11നാണ് ആസാദ് ജനിക്കുന്നത്. 1898ല്‍ ഖൈറുദ്ദീന്‍ ചികിത്സാര്‍ഥം ഇന്ത്യയിലേക്ക് വന്നു. ശിഷ്യ ഗണങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ഇന്ത്യയില്‍ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കല്‍ക്കത്തയിലായിരുന്നു താമസം. ആസാദിന് മൂന്ന്‌വയസ്സുള്ളപ്പോള്‍ ഉമ്മ മരിച്ചു.
ആസാദിന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. മുഖ്യഗുരു പണ്ഡിതനായ പിതാവു തന്നെ. മക്കയില്‍ ജനിച്ചതിനാല്‍ അറബി ഭാഷ വശമായിരുന്നു. ഹദീസ്, തഫ്‌സീര്‍, ഫിഖ്ഫ്, തസ്വവ്വുഫ് തുടങ്ങിയവ പിതാവില്‍ നിന്നും മറ്റു പണ്ഡിതന്മാരില്‍ നിന്നുമായി പഠിച്ചു. സംഗീതവും പഠിച്ചു. ഗണിതശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയവയില്‍ പിതാവിന്റെ ശിഷ്യന്മാര്‍ക്ക് ക്ലാസ്സെടുത്തിരുന്നു. നവീന വിജ്ഞാനങ്ങള്‍ക്കായി കെയ്‌റോ, ബെയ്‌റൂത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഗ്രന്ഥങ്ങള്‍ വരുത്തി വായിച്ചു. 1901 ല്‍ കുടുംബ സമേതം ബോംബെയിലേക്ക് താമസം മാറ്റിയത് പുസ്തക ലഭ്യത സുഗമമാക്കുകയും സര്‍ സയ്യിദ് അഹ്മദ് ഖാന്റെയും ഈജിപ്ഷ്യന്‍ പരിഷ്‌കര്‍ത്താവായ ശൈഖ് മുഹമ്മദ് അബ്ദുവിന്റെയും കൃതികള്‍ പരിചയപ്പെടാന്‍ ഇടയാക്കുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സര്‍ സയ്യിദിന്റെ വാദഗതികള്‍ ഇംഗ്ലീഷ് പഠിക്കാന്‍ ആസാദിനെ പ്രേരിപ്പിച്ചു. അങ്ങനെ ഇംഗ്ലീഷിലുള്ള തത്വശാസ്ത്ര ചരിത്രഗ്രന്ഥങ്ങള്‍ പഠിച്ചു. വൈജ്ഞാനികവും ചിന്താപരവുമായ വളര്‍ച്ചയില്‍ആസാദിനെ ഏറെ സ്വാധീനിച്ച വ്യക്തി സര്‍ സയ്യിദാണ്.
പത്രപ്രവര്‍ത്തന രംഗത്തെ
ആസാദ്
ആസാദിന്റെ കുട്ടിക്കാലത്തെ അഭിലാഷം ഒരു പത്രപ്രവര്‍ത്തകനാകുക എന്നതായിരുന്നു. പതിനൊന്നാം വയസ്സില്‍ കവിതാ രചന ആരംഭിച്ചു. കൗമാരം പിന്നിടുന്നതിനു മുമ്പു തന്നെ പത്രങ്ങളിലും മറ്റു ആനുകാലികങ്ങളിലും എഴുതിത്തുടങ്ങി. ‘അര്‍മഗാനെ ഫര്‍റൂഖ്’ (മനോഹരോപഹാരം) എന്ന ആദ്യകവിത ബോംബെയില്‍ നിന്നും, ലഖ്‌നൗവില്‍ നിന്നും പ്രസിദ്ധീകരിച്ചു. അതേ വര്‍ഷം തന്നെ ‘നയീരംഗെ ആലം’ എന്ന ഒരു പത്രം പ്രസിദ്ധീകരണമാരംഭിച്ചു. ഏതാനും മാസങ്ങള്‍ക്കകം അതു നിലച്ചു. 1900 ല്‍ ‘മിസ്വ്ബാഹ്’ എന്ന വാരിക തുടങ്ങി. മൂന്ന് മാസം പ്രസിദ്ധീകരിച്ചു. ലഖ്‌നൗവിലെ ‘ഖദന്‍ഗെ നസ്വ്ര്‍’, ഉര്‍ദു സാഹിത്യ മാസികയായ ‘മഖ്‌സന്‍’, മൗലവി അഹ്മദ് ഹുസൈന്‍ ഫതഹ്പൂരി കല്‍ക്കത്തയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രങ്ങളായ ‘തുഹ്ഫയെ അഹ്മദിയ്യ’, ‘അഹ്‌സനുല്‍ അഖ്ബാര്‍’ എന്നിവയിലെല്ലാം ആസാദ് ലേഖനങ്ങളും കവിതകളുമെഴുതി. കെയ്‌റോയില്‍ നിന്നിറങ്ങുന്ന ‘അല്‍ ഹിലാല്‍’, ‘അല്‍ മുഖ്തത്വഫ്’, രശീദ്‌രിദായുടെ ‘അല്‍മനാര്‍’ എന്നീ അറബി പത്രങ്ങള്‍ ആസാദ് സ്ഥിരമായി വായിച്ചിരുന്നു.
പതിനഞ്ചാം വയസ്സില്‍ ‘ലിസാനുസ്സ്വിദിഖ്’ എന്ന ഉര്‍ദു ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു. 1903 നവംബറിനും 1904 ജൂലൈക്കുമിടക്ക് ഏഴ് ലക്കങ്ങള്‍ പുറത്തിറക്കി. 1904 ല്‍ സഹോദരനോടൊപ്പം ആസാദ് ഇറാഖിലേക്ക് പോയതോടെ പ്രസിദ്ധീകരണം നിലച്ചു.
ഇറാഖില്‍ നിന്ന് രോഗ ബാധിതനായി തിരിച്ചെത്തിയ ആസാദ് ബോംബെയില്‍ വെച്ച് അന്‍ജുമന്‍ തറഖ്ഖീ ഉര്‍ദു സെക്രട്ടറിയായ ശിബ്‌ലി നുഅ്മാനിയെ നേരില്‍ കാണുകയും അദ്ദേഹത്തിന്റെ നിര്‍ബന്ധ പ്രകാരം 1905ല്‍ ലഖ്‌നൗ നദ്‌വതുല്‍ ഉലമായില്‍ നിന്നിറങ്ങുന്ന ‘അന്നദ്‌വ’യുടെ പത്രാധിപ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. 1906ല്‍ സര്‍സയ്യിദിന്റെ അനുയായികളിലൊരാളായ ശൈഖ് ഗുലാം മുഹമ്മദിന്റെ ഉടമസ്ഥതയില്‍ അമൃത്‌സറില്‍ നിന്നിറങ്ങിയ ‘വകീല്‍’ന്റെ പത്രാധിപരായി. വീണ്ടും ‘അന്നദ്‌വ’ പത്രാധിപരായി തുടരുന്നതിനിടെയാണ് ആസാദില്‍ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടു തുടങ്ങിയത്. 1906ല്‍ കല്‍ക്കത്തയിലേക്ക് മടങ്ങിയ ആസാദ് ‘ദാറുസ്സല്‍ത്വനത്’ എന്ന പത്രത്തിന്റെ പത്രാധിപരായി. പിന്നീടൊരിക്കല്‍ കൂടി ‘വകീലി’ലേക്ക് മടങ്ങി. 1907ല്‍ ആസാദ് സുലൈഖാ ബീഗത്തെ വിവാഹം ചെയ്തു. 1908 ആഗസ്തില്‍ ആസാദിന്റെ പിതാവ് മരിച്ചു.
രാഷ്ട്രീയപ്രവേശവും ‘അല്‍ഹിലാലും’
തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ പ്രചാരണത്തിനായി 1912 ല്‍ ആസാദ് കല്‍ക്കത്തയില്‍ നിന്ന് ‘അല്‍ഹിലാല്‍’ ഉറുദു വാരിക പ്രസിദ്ധീകരിച്ചു. ദേശീയ ബോധം, സ്വാതന്ത്ര്യ ബോധം, രാഷ്ട്രീയ പ്രബുദ്ധത, മത വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയ മാനം എന്നിവയായിരുന്നു ‘അല്‍ഹിലാലി’ന്റെ ലക്ഷ്യം. പാശ്ചാത്യ സംസ്‌കാരത്തിനടിമകളായ മുസ്‌ലിം ബുദ്ധി ജീവികളെ തന്റെ വാരികയിലൂടെ ആസാദ് വിമര്‍ശിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യവും രാഷ്ടീയ-മത-സാമൂഹിക രംഗങ്ങളിലെ പരിഷ്‌കരണവും ലക്ഷ്യമിട്ട് ‘അല്‍ഹിലാലി’ല്‍ ആസാദ് എഴുതിയ ലേഖനങ്ങള്‍ ഇന്ത്യന്‍ ജനതയെ ആവേശ ഭരിതരാക്കി. ഇതിന്റെ അലയൊലിയാണ് കേരളത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബില്‍ സന്നിവേശിച്ചിരുന്നത്. ‘ഖിലാഫതും ജസീറതുല്‍ അറബും’ എന്ന ലേഖനമാണ് മദ്രാസ് മുഹമ്മദന്‍സ് കോളെജിലെ പഠനമുപേക്ഷിച്ച് സ്വാതന്ത്ര്യ സമര രംഗത്തേക്ക് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ എത്തിച്ചത്. ‘അല്‍ഹിലാല്‍’ ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ചു. പത്രം മുടക്കാന്‍ എല്ലാ ശ്രമവും നടത്തി. ഒന്നാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ പത്രംതുടര്‍ന്നു. 1915ല്‍ പത്രം നിരോധിച്ചു പ്രസ്സ് കണ്ടു കെട്ടി.
1915 നവംബര്‍ 12ന് കല്‍ക്കത്തയില്‍ നിന്ന് ‘അല്‍ബലാഗ്’ വാരിക പ്രസിദ്ധീകരിച്ചു. 1916 മാര്‍ച്ച് 31ന് വാരിക ബ്രിട്ടീഷ് ഗവണ്‍മെന്റ് നിരോധിച്ചു. തുടര്‍ന്ന് മൂന്നര വര്‍ഷം ബീഹാറിലെ റാഞ്ചിയില്‍ ആസാദിനെ കരുതല്‍ തടങ്കലിലാക്കി. അല്‍ ബലാഗ്, ഹിസ്ബുല്ല, ദാറുല്‍ ഇര്‍ശാദ് എന്നിവക്ക് അതോടെ വിരാമമായി.
ഒന്നാംലോക മഹായുദ്ധത്തില്‍ ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായ തുര്‍ക്കി ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നതിനാല്‍ ഇന്ത്യയിലെ മുസ്‌ലിം നേതാക്കളും ബ്രിട്ടീഷുകാരുടെ സംശയത്തിന്റെ നിഴലില്‍ വന്നു. 1916 മാര്‍ച്ച് 18ന് ബംഗാള്‍ വിട്ടു പോകാന്‍ ആസാദിന് കല്പന കിട്ടി. പഞ്ചാബ്, ദല്‍ഹി, ഉത്തര്‍പ്രദേശ്, ബോംബെ പ്രവിശ്യകളില്‍ കാലു കുത്തരുതെന്നും വിലക്കുണ്ടായി. പോലീസിന്റെ പ്രത്യേക നിരീക്ഷണം, റെയ്ഡ് എന്നിവക്ക് റാഞ്ചിയിലെ വീട് നിരവധി തവണ വേദിയായി.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക അടിത്തറ
പ്രബോധന-സംസ്‌കരണ രംഗത്ത് ആസാദ് സജീവമായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അന്ന് സ്ഥാപിച്ച ഒരു മദ്‌റസ ഇന്ന് ഇന്റര്‍മീഡിയറ്റ് കോളെജാണ്. മുസ്‌ലിംകള്‍ക്ക് ഒരു നേതൃത്വമുണ്ടാകണമെന്ന ആലോചന ആസാദില്‍ ശക്തമായിരുന്നു. ആസാദിന്റെ പ്രവര്‍ത്തനത്തിന് ചിലയിടങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടാവുകയും മൗലാനാ മുഹമ്മദ് അലിയുടെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ അത് നിമിത്തമാകുകയും ചെയ്തു. അലി സഹോദരന്‍മാരുടെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക അടിത്തറ ആസാദായിരുന്നു. ഇതിനിടയില്‍ 1920 ല്‍ ഒരു ഹിജ്‌റ പ്രസ്ഥാനം ആരംഭിച്ചെങ്കിലും അഫ്ഗാന്‍ അമീറിന്റെയും ഗോത്രവര്‍ഗക്കാരുടെയും എതിര്‍പ്പു മൂലം അത് പരാജയപ്പെട്ടു.
1920 ഫെബ്രുവരിയില്‍ കല്‍ക്കത്തയില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെട്ടു. അതില്‍ ‘ഖിലാഫത്ത് പ്രശ്‌നവും അറേബ്യന്‍ ഉപദ്വീപും’ എന്ന ശീര്‍ഷകത്തില്‍ ആസാദ് നടത്തിയ പ്രസംഗം ഖിലാഫത്ത് പ്രസ്ഥാനത്തിന് അദ്ദേഹം ചെയ്ത ഏറ്റവും വലിയ സംഭാവനയായിരുന്നു. ഖിലാഫത്തിനോടനുബന്ധിച്ച് ‘ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്’ സംഘടിപ്പിച്ചതിലും ആസാദ് പങ്കുവഹിച്ചു. 1921 ലെ ലാഹോര്‍ സമ്മേളനത്തിലെ അധ്യക്ഷന്‍ ആസാദായിരുന്നു. 1921 സെപ്തംബറില്‍ കല്‍ക്കത്തയില്‍ നിന്ന് സ്‌നേഹിതന്‍ അബ്ദുര്‍റസ്സാഖ് മലീഹാബാദിയുടെ സഹായത്തോടെ ‘പൈഗാം’ എന്ന പ്രസിദ്ധീകരണം തുടങ്ങി.
നിസ്സഹകരണ പ്രസ്ഥാനം
മഹാത്മാഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യസമര നായകത്വം ഏറ്റെടുത്തതു മുതല്‍ ആസാദ് അദ്ദേഹവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തി. ‘തര്‍കുല്‍ മുവാലാത്ത്’ എന്ന പേരില്‍ ആസാദ് മുന്നോട്ടു വെച്ച കര്‍മ പരിപാടിയാണ് ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനമായി രൂപാന്തരപ്പെട്ടത്. നിസ്സഹകരണ പ്രസ്ഥാനത്തില്‍ ആദ്യം അറസ്റ്റു ചെയ്യപ്പെട്ട ദേശീയ നേതാവും ആസാദായിരുന്നു. 1921 നവംബര്‍ 10 നായിരുന്നു അറസ്റ്റ്. പ്രസ്തുത കേസില്‍ ആസാദ് രേഖാമൂലം നല്കിയ വിശദീകരണം ‘ഖൗലെ ഫൈസ്വല്‍’ എന്ന പേരില്‍ പ്രസിദ്ധമാണ്. 1927ല്‍ ‘അല്‍ഹിലാല്‍’ പുനരാരംഭിച്ചെങ്കിലും ഉടന്‍ നിലച്ചു പോയി. 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് അറസ്റ്റിലായ ആസാദ് മൂന്ന് വര്‍ഷം ജയിലിലായിരുന്നു.
1923 ല്‍ 35ാം വയസ്സില്‍ ആസാദ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1936, 40 വര്‍ഷങ്ങളിലും പിന്നീട് 1946 വരെയും തല്‍സ്ഥാനത്തു തുടര്‍ന്നു. ബ്രിട്ടീഷുകാരെ കെട്ടു കെട്ടിക്കുന്നതിന് ഹിന്ദു-മുസ്‌ലിം ഐക്യം അനിവാര്യമാണെന്ന് ഉറച്ചുവിശ്വസിച്ച ആസാദ് വിഭജനത്തെ ശക്തമായി എതിര്‍ത്തു. ഇന്ത്യാ വിഭജനത്തില്‍ ഏറ്റവുമധികം ദുഃഖിച്ച നേതാവായിരുന്നു അദ്ദേഹം.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ 1946 ല്‍ നിലവില്‍ വന്ന ഇടക്കാല മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി. ആസാദ് സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം മരണം വരെയും തല്‍സ്ഥാനത്ത് തുടര്‍ന്നു. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിഷ്‌കരണങ്ങള്‍ക്ക് അദ്ദേഹം നാന്ദി കുറിച്ചു. 1948ല്‍ യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ കമ്മീഷന്‍, 1952ല്‍ സെക്കന്ററി എഡ്യുക്കേഷന്‍ കമ്മീഷന്‍ എന്നിവ നിലവില്‍ വന്നു. യു ജി സി രൂപവല്‍ക്കരിച്ചതിനു പിന്നിലും ആസാദ് തന്നെയായിരുന്നു. 1942ല്‍ രണ്ടു കോടിയായിരുന്ന കേന്ദ്ര വിദ്യാഭ്യാസ ബജറ്റ് പിന്നീട് മൂന്ന് കോടിയാക്കി ഉയര്‍ത്തി. 1951, 52, 55 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് പാര്‍ട്ടിയുടെ ഉപാധ്യക്ഷനായിരുന്നു. 1958 ഫെബ്രുവരി 22ന് ആസാദ് വിടവാങ്ങി. .