26 Thursday
December 2024
2024 December 26
1446 Joumada II 24

മന്‍ക്വൂസ്വ് മൗലീദിലെ കഥകള്‍

പി കെ മൊയ്തീന്‍ സുല്ലമി


മൗലിദ് പാരായണം നടത്തിക്കൊണ്ട് മൗലിദാഘോഷം നടത്തുന്നവര്‍ മൂന്നു വിധം തെറ്റുകുറ്റങ്ങള്‍ക്കര്‍ഹരാണ്. ഒന്ന്: അവരുടെ ഭാഷയില്‍ തന്നെ മൗലിദാഘോഷം നബി(സ)യുടെ മാതൃകയില്ലാത്ത നല്ല ബിദ്അത്താണ്. ബിദ്അത്തുകാരുടെ വാസസ്ഥലം നരകമാണ്. അല്ലാഹു അരുളി: അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മ കാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്നിയില്‍ അവര്‍ പ്രവേശിക്കുന്നതാണ് (ഗാശിയ:2-4). നബി(സ) പഠിപ്പിച്ചു: എല്ലാ ബിദ്അത്തും വഴികേടാണ്. (മുസ്‌ലിം) അവിടുന്ന് വീണ്ടും പറഞ്ഞു: എല്ലാ ബിദ്അത്തും നരകത്തിലാണ്. (നസാഈ) രണ്ട്; സല്‍കര്‍മങ്ങള്‍ അല്ലാഹു അല്ലാത്തവരുടെ പ്രീതി കാംക്ഷിച്ചു കൊണ്ട് നിര്‍വഹിക്കല്‍ ശിര്‍ക്കാണ്. എന്നാല്‍ ബിദ്അത്താകുന്ന മൗലിദു പോലും ബഹുഭൂരിപക്ഷവും ആഘോഷിച്ചു പോരുന്നത് നബി(സ) യുടെ പ്രീതിയും ശുപാര്‍ശയും ആഗ്രഹിച്ചുകൊണ്ടാണ്. അത് ശിര്‍ക്കാണ്. അല്ലാഹു അരുളി: ‘വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്ന പക്ഷം അവന്‍ സല്‍കര്‍മം പ്രവര്‍ത്തിക്കുകയും രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തു കൊള്ളട്ടെ.’ (അല്‍കഹ്ഫ്:110) നബി(സ) ഇപ്രകാരം പറയുകയുണ്ടായി: ‘മഹ്ശറയില്‍ ഒരാള്‍ ഇപ്രകാരം വിളിച്ചു പറയുകയും അല്ലാഹു അല്ലാത്തവരുടെ പ്രീതി കാംക്ഷിച്ചു കൊണ്ട് വല്ലവനും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിച്ചിട്ടുമുണ്ടെങ്കില്‍ അവര്‍ അതിന്റെ പ്രതിഫലം അല്ലാഹു അല്ലാത്തവരോട് ചോദിച്ചുകൊള്ളട്ടെ.’ (തിര്‍മിദി, ഇബ്‌നുമാജ) മൂന്ന്: മൗലിദു കിതാബുകള്‍ സത്യവും അസത്യവും കൂടികലര്‍ന്നതാണ്. അല്ലാഹു അരുളി: ‘നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യരുത്.’ (അല്‍ബഖറ:42) മൗലിദ് കിതാബില്‍ രേഖപ്പെടുത്തപ്പെട്ട പലതും നുണകളാണ്. ചിലത് ശിര്‍ക്കുമാണ്. ഇത്തരം നുണകളും ശിര്‍ക്കും മൗലിദ് കിതാബിലെ ഗദ്യത്തിലും പദ്യത്തിലുമാണ്. അല്ലാഹു അരുളി: ‘പറയുക: അല്ലാഹുവിന്റെ പേരില്‍ (ദീനില്‍) നുണ കെട്ടിച്ചമക്കുന്നവര്‍ വിജയിക്കുകയില്ല. തീര്‍ച്ച അവര്‍ക്കുള്ളത് ഇഹലോകത്തെ സുഖാനുഭവമത്രെ. പിന്നെ നമ്മുടെ അടുക്കലേക്കാണ് അവരുടെ മടക്കം’ (യൂനുസ്: 69,70) ആദം(അ)മിനും ഭാര്യ ഹവ്വാ(റ)ക്കും വിലക്കപ്പെട്ട കനി ഭക്ഷിച്ചത് അല്ലാഹു പൊറുത്തു കൊടുത്തത് മുഹമ്മദിന്റെ ഹഖ്ഖു(അവകാശം) കൊണ്ട് ഞങ്ങള്‍ക്ക് പൊറുത്തു തരണേ എന്ന നിലയില്‍ തവസ്സുല്‍(ഇടതേട്ടം) നടത്തിയതു കൊണ്ടായിരുന്നു എന്ന് മന്‍ഖൂസ് മൗലീദില്‍ കാണാം. അത് ശ്രദ്ധിക്കുക: ‘അറിയുക ആദം(അ) തവസ്സ്വുല്‍ ചെയ്തത് അദ്ദേഹത്തെ കൊണ്ടാണ്’ (മന്‍ക്വൂസ്വ് പേജ്:90) ഇത് ശുദ്ധ നുണയാണ്. ഈ റിപ്പോര്‍ട്ട് ശരിയല്ല.
ഇമാം ദഹബി രേഖപ്പെടുത്തി: ‘ഇതിന്റെ പരമ്പരയില്‍ സൈദിന്റെ മകന്‍ അബ്ദുറഹ്മാന്‍ എന്നൊരു വ്യക്തിയുണ്ട്. അദ്ദേഹം പെരും നുണയനാണ്.’ (മീസാനുല്‍ ഇഅ്തിദാല്‍ 2/263) അതുപോലെ ഇബ്‌നു ഹജര്‍(റ) തന്റെ തഹ്ദീസുത്തഹ്ദീബ്(6/179) ലും രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല ഇത് വിശുദ്ധ ഖുര്‍ആനിന് വിരുദ്ധവുമാണ്. ഖുര്‍ആനില്‍ അവര്‍ ഇടയാളനില്ലാതെ നേര്‍ക്കു നേരെയാണ് അല്ലാഹുവോട് പ്രാര്‍ഥിച്ചത് എന്നാണ് പറയുന്നത്. അല്ലാഹു അരുളി: ‘അവര്‍ രണ്ടുപേരും പറഞ്ഞു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.’ (അഅറാഫ് 23) നൂഹ് നബി(അ) വെള്ളപ്പൊക്ക കെടുതിയില്‍ നിന്നും രക്ഷപ്പെട്ടത് മുഹമ്മദ്(സ)യെ കൊണ്ട് ഇടതേട്ടം നടത്തിയതു കൊണ്ടാണെന്നാണ് മന്‍ക്വൂസ്വ് മൗലിദിലെ വാദം. ‘നൂഹ്(അ) സഹായം തേടിയതും അദ്ദേഹത്തെ കൊണ്ട് തന്നെയാണ്. അങ്ങനെയാണ് ആ വിപത്തില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടത്.’ (മന്‍ക്വൂസ്വ് പേജ്:90) ഇതും വിശുദ്ധ ഖുര്‍ആനിന്ന് വിരുദ്ധമാണ്. അല്ലാഹു അരുളി: ‘നൂഹ്(അ) യേയും ഓര്‍ക്കുക: മുമ്പ് അദ്ദേഹം വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം, അദ്ദേഹത്തിന് നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം മഹാദു:ഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി.’ (അമ്പിയാഅ്: 76) മറ്റൊരു വചനം ഇപ്രകാരമാണ്. ‘പലകകളും ആണികളുമുള്ള കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു.'(ഖമര്‍13)
അപ്പോള്‍, നൂഹ്(അ) ന്റെ രക്ഷയും മുഹമ്മദ് നബി(സ) യുടെ ഇടതേട്ടവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. മറ്റൊരു കളവ് ഇപ്രകാരമാണ്. അല്ലാഹു ആദ്യം പടച്ചു വെച്ചത് നബി(സ) യുടെ നൂറിനെ(പ്രകാശം) യാണ്. ഇബ്രാഹീം(അ) നംറൂദ് രാജാവിന്റെ തീക്കുണ്ഡാരത്തില്‍ നിന്നും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത് നബി(സ്വ)യുടെ പ്രകാശം അദ്ദേഹത്തിന്റെ മുതുകില്‍ ഉണ്ടായിരുന്നതുകൊണ്ടാണത്രെ. അത് ശ്രദ്ധിക്കുക. ‘ഇബ്രാഹീം(അ) തീയില്‍ എറിയപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പ്രകാശം ഇബ്രാഹീം(അ) ന്റെ മുതുകില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ തീജ്ജ്വാല കെട്ടടങ്ങിയത്.’ (മന്‍ക്വൂസ്വ്: പേജ്:90) മേല്‍ പറഞ്ഞ സംഭവം ദൈലമിയും ഇബ്‌നുഅസാക്കീറും ഉദ്ധരിച്ചതാണ്. അഥവാ നബി(സ)യുടെ നൂറാണ് ആദ്യം സൃഷ്ടിച്ചത് എന്നത്. ‘അതിപ്രകാരമാണ്. താങ്കളില്ലായിരുന്നുവെങ്കില്‍, ഈ ലോകം തന്നെ അല്ലാഹു സൃഷ്ടിക്കുമായിരുന്നില്ല.'(ദയ്‌ലമി, ഇബ്‌നു അസാക്കിര്‍) ഈ റിപ്പോര്‍ട്ടിനെ ഹദീസ് നിദാന ശാസ്ത്ര പണ്ഡിതന്മാര്‍ വിലയിരുത്തുന്നത് ശ്രദ്ധിക്കുക. ഇമാം ഗസ്വാനി രേഖപ്പെടുത്തി: ‘ഈ റിപ്പോര്‍ട്ട് നിര്‍മിതമാണ്.’ (അല്‍അഹാദീസുല്‍ മൗദുആത്തി. പേജ്:7) അപ്രകാരം തന്നെയാണ് ജലാലുദ്ദീനുസ്സ്വുയൂഥിയും തന്റെ ‘അല്ലആലി’ 1/172 ലും രേഖപ്പെടുത്തിയത്. മാത്രവുമല്ല ഈ റിപ്പോര്‍ട്ട് വിശുദ്ധ ഖുര്‍ആനിന്ന് വിരുദ്ധവുമാണ്. ഇബ്രാഹീം നബി(അ) നംറൂദ് രാജാവിന്റെ തീകുണ്ഡാരത്തില്‍ നിന്നും രക്ഷപ്പെടുന്നത് നബി(സ്വ) യുടെ പ്രകാശം അദ്ദേഹത്തിന്റെ മുതുകില്‍ വിക്ഷേപിച്ചതുകൊണ്ടല്ല. മറിച്ച് തീയിനോട് അല്ലാഹു കല്‍പിച്ചതുകൊണ്ടാണ്.
‘നാം പറഞ്ഞു: തീയേ, നീ ഇബ്രാഹീമിന് തണുപ്പും സമാധാനവും പ്രദാനം ചെയ്യുക. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരുതന്ത്രം പ്രയോഗിക്കാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ നാം ഏറ്റവും വലിയ നഷ്ടക്കാരാക്കുകയാണ് ചെയ്തത്’ (അമ്പിയാഅ്: 69,70)അതുപോലെ പ്രവാചകന്റെ മാതാവ് ആമിന ആകാശത്തിലെ മലക്കുകളെ കണ്ടതായി പറയുന്നു(മന്‍ക്വൂസ്വ്:പേജ്:90) ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നതിന് മലക്കുകളുമായി ബന്ധം പുലര്‍ത്താറുള്ളത് പ്രവാചകന്മാരും അവരുടെ ആശ്രിതരും മാത്രമാണ്. ആ അടിസ്ഥാനത്തിലാണ് ഈസാ(അ) യും മാതാവ് മര്‍യം(അ) യും ഇബ്രാഹീം(അ) യുടെ ഭാര്യ ഹാജറയും ജിബ്രീലുമായി ബന്ധം പുലര്‍ത്തുന്നത്. നബി(സ)യുടെ മാതാവിന്റെ മാതാവിന്റെ പേരു കേള്‍ക്കുമ്പോള്‍ ഉച്ചത്തില്‍ തല്‍ബിയത് ചൊല്ലുന്ന സമ്പ്രദായം കുറ്റകരമാണ്. കാരണം നബി(സ്വ)യുടെ മാതാവും പിതാവും മുസ്‌ലിംകളായിരുന്നു എന്നതിന് തെളിവില്ല. ഉള്ള തെളിവുകള്‍ അതിനു വിരുദ്ധമാകുന്നു. അത് ശ്രദ്ധിക്കുക ‘നബി(സ്വ) പറഞ്ഞു. എന്റെ മാതാവിനു വേണ്ടി പൊറുക്കലിനെ തേടാന്‍ എന്റെ നാഥനോട് ഞാന്‍ അനുവാദം ചോദിച്ചു. അവന്‍ എനിക്ക് അനുവാദം നല്‍കിയില്ല. അവരുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ അനുവാദം ചോദിച്ചു. അപ്പോള്‍ എനിക്ക് അനുവാദം നല്‍കി.’ (മുസ്‌ലിം:976 സ്വഹീഹു മുസ്‌ലിം 4/51,52) മേല്‍ ഹദീസിനെ ഇമാം നവവി വിശദീകരിക്കുന്നത് ശ്രദ്ധിക്കുക. മുശ്‌രിക്കുകളെ അവരുടെ ജീവിത കാലത്തും മരണശേഷം അവരുടെ ഖബറും സന്ദര്‍ശിക്കാമെന്ന് ഹദീസില്‍ തെളിവുകളുണ്ട്. കാഫിറുകള്‍ക്കു വേണ്ടി പാപമോചനം തേടാന്‍ പാടില്ലെന്നും ഹദീസിലുണ്ട്.(ശറഹു മുസ്‌ലിം 4/53) നബി(സ)യുടെ ശുപാര്‍ശ പോലും മാതാപിതാക്കള്‍ക്ക് പ്രയോജനപ്പെടുകയില്ലയെന്നാണ് ഇമാം നവവി രേഖപ്പെടുത്തിയത്. കഴിഞ്ഞുപോയ പ്രവാചകരെ സംബന്ധിച്ചും മൗലിദുഗ്രന്ഥത്തില്‍ വാസ്തവ വിരുദ്ധങ്ങളായ കാര്യങ്ങളുണ്ട്. താഴെ വരുന്ന പ്രസ്താവന ശ്രദ്ധിക്കുക ‘അമ്പിയാക്കള്‍ അവരുടെ അടുക്കല്‍ (ഗര്‍ഭം ധരിച്ച സന്ദര്‍ഭത്തില്‍) പ്രേവശിച്ചു. ഈ വിജയത്തിന്റേയും സന്മാര്‍ഗത്തിന്റേയും സൂര്യനെ പ്രസവിച്ചുകഴിഞ്ഞാല്‍ മുഹമ്മദെന്ന് പേരിടാന്‍ അവര്‍ പറഞ്ഞു’ (മന്‍ക്വൂസ്വ് മൗലിദ്:പേ:90)
‘മൂസാ(അ) അവരുടെ അടുക്കല്‍ ചെന്നത് ദുല്‍ഹജ്ജ് മാസത്തിലാണ്. ഇബ്രാഹീം(അ) യെ അവള്‍ കണ്ടത് ദുല്‍ഖഅദ് മാസത്തിലാണ്’ (മന്‍ക്വൂസ്വ് മൗലിദ്:പേജ്:93) മരണ ശേഷം ഒരു പ്രവാചകനും ദുനിയാവിലേക്ക് വരും എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നില്ല. അല്ലാഹു ആകാശത്തേക്ക് ഉയര്‍ത്തിയ ഈസാ(അ) ഒഴികെ. മൗലിദു കിതാബുകളില്‍ കളവുകള്‍ മാത്രമല്ല. ശിര്‍ക്കുപരമായ കാര്യങ്ങളും നിരവധിയാണ്. താഴെ വരുന്ന ചില ആശയങ്ങള്‍ ശ്രദ്ധിക്കുക. ‘ഞാന്‍ ക്ലിപ്തവും എണ്ണവുമില്ലാത്തത്ര തെറ്റുകളിന്മേല്‍ വാഹനം കയറിയിരിക്കുന്നു. നബിമാരില്‍ ഉത്തമനായ എന്റെ യജമാനനായ നബിയേ അങ്ങയോട് അതില്‍ ഞാന്‍ ആവലാതിപ്പെടുന്നു.’ (മന്‍ഖൂസ്:91) പാപം പൊറുക്കുന്നവന്‍ അല്ലാഹു മാത്രമാണെന്നത് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ യാഥാര്‍ഥ്യമാണ്. അല്ലാഹു ചോദിക്കുന്നു: ‘അല്ലാഹു അല്ലാതെ ആരുണ്ട് പാപം പൊറുക്കാന്‍’ (ആലു ഇംറാന്‍:135) ‘പാപസുരക്ഷിതനായ നബി(സ്വ) പോലും ഒരു ദിവസം നൂറോളം തവണ പാപമോചനം തേടിയിരുന്നു’.(മുസ്‌ലിം) മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം. ‘അല്ലാഹു തന്നെ സത്യം. ഞാന്‍ (ഒരു ദിവസം)അല്ലാഹുവോട് എഴുപത് പ്രാവശ്യത്തിലധികം ഖേദിക്കുകയും പശ്ചാതപിക്കുകയും ചെയ്തുകൊണ്ടിരുന്നു.’ (ബുഖാരി) നബി(സ്വ)യോട് പാപമോചനം തേടല്‍ തനി ശിര്‍ക്കാണ്. മന്‍ക്വൂസ്വ് മൗലിദിലെ മറ്റൊരു ശിര്‍ക്കിന്റെ വരികളുടെആശയം ഇപ്രകാരമാകുന്നു. ‘യജമാനന്‍മാരില്‍ യജമാനനായിട്ടുള്ളവരേ, അങ്ങയുടെ അടുക്കല്‍ ഞാന്‍ പ്രത്യേക ഉദ്ദേശ്യം വെച്ചു കൊണ്ടാണ് വന്നിട്ടുള്ളത്. ഞാന്‍ അങ്ങയുടെ സംരക്ഷണം ആഗ്രഹിക്കുന്നു. എന്റെ ഉദ്ദേശ്യം വിഫലമാക്കരുതേ.’ (മന്‍ക്വൂസ്വ്: പേജ്:100) അല്ലാഹുവാണ് നമ്മുടെ സംരക്ഷകന്‍. മറ്റൊരാള്‍ക്ക് ദുനിയാവില്‍ നമ്മെ സംരക്ഷിക്കണമെങ്കില്‍ അയാള്‍ക്ക് അല്ലാഹുവിന്റെ സംരക്ഷണം ലഭിക്കണം. അല്ലാഹുഅരുളി: ‘നിങ്ങള്‍ക്ക് അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ല തന്നെ’ (അല്‍ബഖറ:107) ഇക്കാര്യം പരലോകത്തില്‍ വിശ്വസിക്കുന്നവരെ അറിയിക്കാനാണ് അല്ലാഹുവിന്റെ കല്‍പന. ‘തങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഒരുമിച്ചു കൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇത് മുഖേന(ഖുര്‍ആന്‍) താങ്കള്‍ താക്കീത് നല്കുക. അവനു പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.’ (അന്‍ആം:51) യൂസുഫ്‌നബി(അ) ന്റെ പ്രാര്‍ഥന ശ്രദ്ധിക്കുക. ‘ആകാശങ്ങളുടേയും ഭൂമിയുടേയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.'(യൂസുഫ്:101) അപ്പോള്‍ നബി(സ)യെ സംരക്ഷകനായി വിശ്വസിക്കല്‍ ശിര്‍ക്കാണ്. കാരണം നമുക്ക് ഖൈറും ശര്‍റും നല്‍കി നമ്മെ സംരക്ഷിക്കുന്നവന്‍ അല്ലാഹു മാത്രമാണ്. നബി(സ)യെ അല്ലാഹു നിയോഗിച്ചയച്ചത് നമുക്ക് ദീന്‍ പഠിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ്. മന്‍ക്വൂസ്വ് മൗലിദിലെ മാത്രം അബദ്ധങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. അതില്‍ തന്നെ ഇനിയും രേഖപ്പെടുത്തേണ്ട അബദ്ധങ്ങളുള്ള ശിര്‍ക്കന്‍ വരികളുണ്ട്. ചുരുക്കത്തില്‍ മൗലിദി കിതാബുകളിലെ അബദ്ധങ്ങളും ശിര്‍ക്കന്‍ കഥകളും പരിശോധിച്ചാല്‍ അത് മായാവിക്കഥകളെയും കെട്ടുകഥകളെയും കവച്ചുവെക്കുന്ന രൂപത്തിലാണ്. .

Back to Top