ജീവന് കാവലാളാവാം
സി കെ റജീഷ്
ഒ പോസിറ്റീവ് രക്തമാവശ്യമുണ്ട്. മൊബൈലില്‍ വന്ന ഈ മെസേജ് യുവാവ് ശ്രദ്ധിച്ചു. അതിലുള്ള നമ്പറില്‍ ബന്ധപ്പെട്ടു. അടിയന്തിര ശസ്ത്രക്രിയക്ക് ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുന്ന വ്യക്തിക്കാണ് രക്തം ആവശ്യമായിട്ടുള്ളത്. പ്രശസ്തമായ കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആണദ്ദേഹം. ഇതേ കമ്പനിയിലെ മറ്റൊരു ഉദ്യോഗസ്ഥനാണ് രക്തദാതാവിനെ തേടി ഫോണില്‍ അറിയിപ്പ് നല്‍കിയത്. രക്തദാനത്തിന് സന്നദ്ധനായ യുവാവ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതായിരുന്നു. ജോലിക്ക് വേണ്ടിയുളള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട അദ്ദേഹം ആ യാത്ര മാറ്റിവെച്ചു. ഉടനെ ആശുപത്രിയിലെത്തി രക്ത ദാനത്തിന് തയ്യാറായി, ജോലിക്കു വേണ്ടിയുള്ള വാതിലുകള്‍ ഇനിയും തുറക്കപ്പെടും. പക്ഷേ ഒരാളുടെ ജീവന്‍ രക്ഷിക്കാനുള്ള അവസരം ഒരിക്കലും പാഴാക്കിക്കൂടാ. യുവാവിന്റെ ഈ വാക്കുകള്‍ കേട്ട ആ കമ്പനിയിലെ ഉദ്യോഗസ്ഥന് അദ്ദേഹത്തോട് വലിയ ആദരവാണ് തോന്നിയത്. അദ്ദേഹം ആ യുവാവിനോട് അതേ കമ്പനിയില്‍ ജോലിക്കായി ഒരു ബയോഡാറ്റ സമര്‍പ്പിക്കാന്‍ പറഞ്ഞു. അപ്പോള്‍ യുവാവ് സ്‌നേഹപൂര്‍വ്വം അത് തിരസ്‌കരിച്ച് കൊണ്ടു പറഞ്ഞു. ഞാന്‍ ഒരു പ്രതിഫലം ആഗ്രഹിച്ച് കൊണ്ടല്ല രക്തദാനം നല്‍കിയത് അതിന്റെ പേരില്‍ പ്രത്യുപകാരമായി ജോലി എനിക്ക് വേണ്ട.
ജീവനോളം വിലയുള്ള മറ്റ് വല്ലതും ഉണ്ടോ? ജീവന് വില നിര്‍ണയിക്കാനും ജീവന്‍ നല്‍കാനും നാം അശക്തരാണ്. പക്ഷേ അപായ കുരുക്കില്‍ പെട്ട ഒരാളുടെയെങ്കിലും ജീവനെ ജാഗ്രത കൊണ്ട് കരുതല്‍ കൊണ്ട് നമുക്ക് രക്ഷപ്പെടുത്തിയെടുക്കാനാവും. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ നാം നല്‍കുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് രക്തം. രക്ത ദാനത്തിലൂടെ ജീവരക്ഷാ പ്രവര്‍ത്തനത്തിലാണ് നാം പങ്കാളിയാവുന്നത്. ഒരു നിമിഷ നേരത്തെ അശ്രദ്ധ ഒരായുസ്സിന്റെ കണ്ണീരായി മാറാറുണ്ട്. റോഡുകളില്‍ പൊലിയുന്ന് ജീവനുകള്‍, ചികിത്സാ പിഴവുകൊണ്ട് ദാരുണാന്ത്യം സംഭവിക്കുന്നവര്‍, ഉല്ലാസയാത്രക്കിടെ മരണക്കയത്തിലേക്കു നടന്നു നീങ്ങിയവര്‍ ദിനേനയുള്ള വാര്‍ത്തകളോരോന്നും ജീവന്റെ വിലയറിയാനുള്ള ഓര്‍മപ്പെടുത്തലാണ്. ഒരാളുടെ ജീവന്റെ വിലയെന്നത് അയാളുടെ ജീവിതത്തിന്റെ വില കൂടിയാണ്. സാധ്യതകളെ പ്രയോജനപ്പെടുത്തിയും അവസരങ്ങളെ വിനിയോഗിച്ചും അനുഭവിച്ച് തീര്‍ക്കുന്നതാണ് ഓരോരുത്തരുടേയും ജീവിതം. അതിന് ഭീഷണിയുയര്‍ത്തുന്നതെല്ലാം ജീവനെ അപായക്കുരുക്കിലകപ്പെടുത്തുന്നു. കരുതലും ജാഗ്രതയും കൊണ്ട് ഒരാളുടെയെങ്കിലും ജീവിതത്തിലേക്ക് പിച്ചവെക്കാന്‍ നാം പ്രാപ്തരായാല്‍ അതില്‍ പരം മറ്റെന്താണുള്ളത്? ഈ പുണ്യകര്‍മത്തിന്റെ മഹത്വം ഖുര്‍ആന്‍ (5:32) വചനത്തില്‍ നിന്ന് വായിച്ചെടുക്കാനാവും.
മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു(5:32)
മരണഭീതി മനുഷ്യനുള്ളത് കൊണ്ടാണ് രോഗമുക്തിയുടെ വഴികള്‍ തേടിക്കൊണ്ടിരിക്കുന്നത്. രോഗം പടരാതിരിക്കാനുള്ള ജാഗ്രതയും കരുതലും മനുഷ്യ ജീവന് നാം കല്‍പിക്കുന്ന വിലയുടെ നിദര്‍ശനമാണ്. സന്തം ജീവന്‍ അപായപ്പെടാതിരിക്കാനുള്ള കാവലാളാവാന്‍ നമുക്ക് കഴിയണം. ഒരുകുടുംബത്തിലെ മൂന്നുപേരുള്‍പ്പെടെയുള്ള അസുഖബാധിതരെ മന്ത്രവാദത്തിന് വിധേയരാക്കി മരണത്തിലേക്ക് തളളിവിട്ട വാര്‍ത്ത വായിച്ചപ്പോള്‍ വലിയ നടുക്കമാണുണ്ടായത്. അന്ധവിശ്വാസങ്ങളുടെ പേരില്‍ മനുഷ്യര്‍ ചൂഷണത്തിന് ഇരയാകുമ്പോള്‍ വിലപ്പെട്ട ജീവനുകളാണ് അതിന്റെ പേരില്‍ പൊലിയുന്നത്. .