കോവിഡും പഠനാന്തരീക്ഷവും
ഷാനവാസ് പറവന്നൂര്‍

ഒന്നര വര്‍ഷത്തിലേറെയായി കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിരുന്ന സ്‌കൂളുകള്‍ നവംബര്‍ 1 മുതല്‍ കേരളത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുകയാണ്. അക്കാദമികവും ഭൗതികവുമായ പഠന പിന്തുണ സംവിധാനങ്ങളിലും മാനസികമായി കുട്ടിയെ സ്‌കൂള്‍ അന്തരീക്ഷത്തിന്റെ ഭാഗമാക്കുന്നതിലും സജീവ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. സ്‌കൂളിലെ ഭൗതിക, അക്കാദമിക സാഹചര്യങ്ങളോട് തീരെ പരിചയമില്ലാത്തവര്‍ കൂടി സ്‌കൂളുമായി ഇടപഴകാന്‍ തുടങ്ങുന്ന സമയം കൂടിയാണിത്. ക്ലാസ് മുറിക്കകത്തും പുറത്തും കുട്ടിയുടെ പഠന കാര്യങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നത് സജീവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. രക്ഷിതാക്കളില്ലാത്ത ക്ലാസ്മുറിയെന്ന സങ്കല്‍പവും അധ്യാപകനെന്ന സങ്കല്‍പവും യാഥാര്‍ഥ്യമാകുന്ന സമയത്തെ കുട്ടികളിലേക്ക് എത്തിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്ന് ഗവേഷണാത്മകമായി വിലയിരുത്തപ്പെടണം.
ഓണ്‍ലൈന്‍ പഠന കാലത്ത് കുട്ടികളിലുണ്ടായിട്ടുള്ള പഠനശീലങ്ങളിലെ പരിമിതികള്‍, ജീവിതശീലങ്ങളിലെ പോരായ്മകള്‍, ദിനചര്യകളിലെ കൃത്യപ്പെടുത്തല്‍, കൂട്ടത്തില്‍ ഇടപെടാനുള്ള കഴിവില്ലായ്മ, ആരോഗ്യപരമായ ഭക്ഷണശീലങ്ങളുമായുള്ള പരിചയക്കുറവ്, എഴുത്ത്, വായന തുടങ്ങിയ അടിസ്ഥാന പഠനശേഷികളിലെ ധാരണക്കുറവ്, പുസ്തകത്തില്‍ നിന്ന് ലഭിക്കേണ്ട ചില അറിവുകളില്‍ മാത്രം പരിമിതപ്പെടുന്നു തുടങ്ങിയ ഒട്ടനവധി പ്രശ്‌നങ്ങള്‍ ദീര്‍ഘകാല അവധിക്ക് ശേഷം സ്‌കൂളില്‍ എത്തുമ്പോള്‍ കുട്ടിക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളാണ്.
ജീവിതശീലങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റവുമായി ചേര്‍ന്നു പോകുന്നതിനുള്ള തടസ്സങ്ങള്‍, ആഹാരശീലങ്ങളിലെ മാറ്റം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, പൊതു ഇടങ്ങളില്‍ പാലിക്കേണ്ട കാര്യങ്ങളിലുള്ള അനുഭവങ്ങളുടെ കുറവ് വഴി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, ദിനചര്യകളില്‍ ഉണ്ടാകുന്ന മാറ്റവുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍, മുന്നറിവിലെ പരിമിതികള്‍, അടിസ്ഥാനശേഷി വികസനത്തിലെ കുറവ്, ഡിജിറ്റല്‍ ക്ലാസ് ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിയാത്ത കുട്ടികള്‍ അനുഭവിക്കുന്ന പഠന വിടവ് തുടങ്ങിയ പ്രതിസന്ധികളെയും മറികടക്കാന്‍ കുട്ടികളെ പര്യാപ്തരാക്കേണ്ടതുണ്ട്. ഇത് മനോഹരമായ ഒരു പ്രക്രിയയായി നടന്നാല്‍ മാത്രമേ കോവിഡാനന്തരം പഠനാന്തരീക്ഷം മെച്ചപ്പെടുകയുള്ളൂ. കുട്ടിയും കുടുംബവും കൂട്ടുകാരാകുന്ന അധ്യാപകരും ചേരുന്ന മഹത്തായ പ്രക്രിയ ശാസ്ത്രീയമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഭാവി വിദ്യാഭ്യാസ പ്രക്രിയ ഫലപ്രദമായി മാറുകയില്ല. കുട്ടിയും കുടുംബവും അധ്യാപകനും കണ്ണിയായ് ചേര്‍ന്ന് നില്‍ക്കുന്നതിന്റെ പ്രസക്തി ചര്‍ച്ചചെയ്യപ്പെടേണ്ടത് അനിവാര്യമാണ്.
കുട്ടി
”ടോട്ടോ നിനക്കീ സ്‌കൂള്‍ ഇഷ്ടായോ”
”ഇഷ്ടായി”
”അതെന്താ”
വളരുന്ന ഗേറ്റുള്ള എല്ലാം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു മാഷുള്ള സ്‌കൂള്‍ ആര്‍ക്കാ ഇഷ്ടപ്പെടാത്തത്.
– ടോട്ടോചാന്‍
(തെത്‌സുകോ കുറയോനഗി)
കുട്ടിയാണ് പഠനപ്രക്രിയയുടെ കേന്ദ്രബിന്ദു എന്ന് ചിന്തിക്കുന്നിടത്ത് നിന്ന് വേണം നമുക്ക് തുടങ്ങാന്‍. ഓരോ കുട്ടിയും സ്‌കൂളിനെയും അധ്യാപകനെയും ഇഷ്ടപ്പെടുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തണം. തന്നെ കേള്‍ക്കാന്‍ മനസ്സ് കാണിക്കുന്ന അധ്യാപകനും തനിക്കിരിക്കാന്‍ കഴിയുന്ന സ്‌കൂള്‍ അന്തരീക്ഷവുമാണ് ഓരോ കുട്ടിയുടെയും മനസ്സില്‍ മായാതെ കിടക്കുക.
വിവരങ്ങള്‍ കുത്തിനിറച്ച പാഠപുസ്തകത്തെ കുറിച്ചോ, കുട്ടിയുടെ താല്‍പര്യങ്ങള്‍ക്ക് ഒട്ടും അനുയോജ്യമല്ലാത്ത പഠനരീതിയെക്കുറിച്ചോ, അനാകര്‍ഷവും ജീര്‍ണിച്ചതുമായ ബോധന സമ്പ്രദായത്തെക്കുറിച്ചോ, മുന്‍ബെഞ്ചിലെ മുന്നറിവുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന പഠനവേഗതയെക്കുറിച്ചോ, പരീക്ഷക്ക് വരും എന്നതില്‍ മാത്രമൂന്നുന്ന അധ്യാപനത്തെക്കുറിച്ചോ, അരിച്ചു മാറ്റാനുള്ള എളുപ്പമാര്‍ഗമായ പരീക്ഷയെക്കുറിച്ചോ പറഞ്ഞ് മെനക്കെട്ട് കാലം കഴിക്കേണ്ടതില്ല. പുതിയ കാലത്തെ പുതിയ രീതിയിലേക്ക് കുട്ടികളെ വഴിനടത്തേണ്ടത് അനിവാര്യമാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ അവര്‍ നേടിയിട്ടുള്ള മികവുകളെ ചേര്‍ത്തുവെച്ചും പരിമിതികളെ ഒഴിവാക്കിയും ക്ലാസ്മുറികളെ കോവിഡാനന്തര പഠനാന്തരീക്ഷത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം ആസൂത്രിതമായി നടക്കണം.
പഠനം ആഹ്ലാദമാണ്
പഠനം കുട്ടികള്‍ക്ക് ആഹ്ലാദകരവും അന്വേഷണാത്മകവുമാക്കാനുള്ള ശ്രമങ്ങളായാണ് പരിവര്‍ത്തിപ്പിക്കപ്പെടേണ്ടത്. വൈവിധ്യമാര്‍ന്ന പഠനതന്ത്രങ്ങളും സംഘ പ്രവര്‍ത്തനങ്ങളിലൂന്നിയ ഭാഷാ ഗണിതശേഷികളും രൂപകല്‍പന ചെയ്യപ്പെടേണ്ട ഗവേഷണാത്മകമായ നൂതന ബോധന തന്ത്രങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാവണം. ചലനാത്മകതയും സ്വാതന്ത്ര്യവുമൊക്കെ ഇഷ്ടപ്പെടുന്നവരാവുന്നത് കൊണ്ട് തന്നെ പഠനാനുഭവങ്ങള്‍ ഇതുമായി കോര്‍ത്തിണക്കാന്‍ പറ്റണം. ശിക്ഷയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠയില്‍ നിന്ന് ജിജ്ഞാസയെന്ന സ്വാഭാവിക മാനസിക പ്രക്രിയയയിലേക്ക് കുട്ടി പഠനത്തെ കൊണ്ടു ചെന്നെത്തിക്കണം. സ്വന്തമായ വ്യക്തിത്വവും സഹജമായ ഒട്ടേറെ കഴിവുകളുമുള്ളവരാണ് വിദ്യാര്‍ഥികള്‍. അന്വേഷിക്കാനും കണ്ടെത്താനും അത് മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനും അവര്‍ സന്നദ്ധരാണ്. സഹജമായ ഇത്തരം ശേഷികളുടെ വികാസമായി പഠനം മാറുമ്പോള്‍ ആഹ്ലാദകരമായ അനുഭവമായി ഇതിനെ മാറ്റാന്‍ കഴിയും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറിയ പഠനരീതിക്ക് മിതമായ പരിഗണന നല്‍കിയേ മതിയാവൂ. ഇത്തരം ഒരു സാഹചര്യത്തില്‍ നിര്‍ഭയമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന് കുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കേണ്ടത് നിര്‍ബന്ധമാണ്.
. കുട്ടി ഒഴിഞ്ഞ പാത്രമല്ല, ഓരോ കുട്ടിക്കും വികസിപ്പിക്കത്തക്കതായ ധാരാളം ശേഷികളുണ്ട്.
. കുട്ടിക്ക് സ്വന്തമായും അധ്യാപകന്റെ സഹായം മുഖേനയും സ്വന്തം ശേഷികള്‍ വികസിപ്പിക്കാന്‍ കഴിയും.
. കുട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ താല്‍പ്പര്യമുള്ളവരാണ്. തന്റെ ആവശ്യം അഥവാ താല്‍പര്യം തീരുന്നതുവരെ കുട്ടി പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കും.
. കുട്ടികള്‍ പഠനത്തില്‍ വളരെ താല്‍പര്യമുള്ളവരാണ്. ഒരു കുട്ടി സ്‌കൂളില്‍ എത്തുന്നതിനുമുമ്പ് മുതിര്‍ന്നവരുടെ സഹായമില്ലാതെ തന്നെ ഗണിതം, പരിസരം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട പ്രാഥമിക ശേഷികള്‍ ഉണ്ടാക്കണം.
. കുട്ടികള്‍ക്ക് വ്യക്തി വ്യത്യാസങ്ങള്‍ ഉണ്ട്. പഠനസമയം, പഠനസ്വഭാവം/ശീലം എന്നിവ ഓരോ കുട്ടിയിലും വ്യത്യസ്തമാണ്.
. നിര്‍ഭയവും സ്വതന്ത്രവുമായ അന്തരീക്ഷത്തില്‍ കുട്ടി തന്റെ വികാരങ്ങള്‍, ചിന്തകള്‍, കണ്ടെത്തലുകള്‍ ഇവ നിസ്സങ്കോചം പ്രകടിപ്പിക്കും.
. കുട്ടികള്‍ക്ക് കളികള്‍ വളരെ ഇഷ്ടമാണ്. അവരെ സംബന്ധിച്ച് കളി വെറും കളിയല്ല, മറിച്ച് വളരെ ഗൗരവമേറിയ പ്രവര്‍ത്തനമാണ്.
. കുട്ടിയുടെ മനസ ഭാവനാപൂര്‍ണമാണ്. അവര്‍ക്ക് ഫാന്റസി ഇഷ്ടമാണ്.
. കുട്ടികള്‍ക്ക് വ്യക്തിഗത പ്രവര്‍ത്തനങ്ങളിലെന്നപോലെ സംഘപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ കഴിയും.
. ജീവിതസാഹചര്യവുമായി നേരിട്ട് ബന്ധപ്പെട്ടതാണെങ്കില്‍ ഏതൊരു പുതിയ അനുഭവവും ധാരണയും കുട്ടി വളരെ വേഗത്തിലും ആഴത്തിലും സ്വാംശീകരിക്കും.
. എല്ലാ കുട്ടികളും പഠനക ാര്യത്തില്‍ തുല്യ പരിഗണന അര്‍ഹിക്കുന്നു. മുന്‍നിരയെന്നതും പിന്‍നിരയെന്നതും അപ്രത്യക്ഷമാവണം. പഠനം ജനാധിപത്യ ക്ലാസ്മുറിയിലെ അനുഭവമായി മാറണം.
ജനാധിപത്യ
ക്ലാസ്മുറികള്‍
‘അവര്‍ നിങ്ങളിലൂടെ വളരുന്നു, എന്നാല്‍ നിങ്ങളില്‍ നിന്നല്ല. അവര്‍ നിങ്ങളോടൊപ്പമുണ്ടെങ്കിലും നിങ്ങളുടേതുമല്ല. അവര്‍ക്കായി നിങ്ങളുടെ സ്‌നേഹം കൊടുക്കാം, എന്നാല്‍ നിങ്ങളുടെ ചിന്തകള്‍ നല്കുക വയ്യ. എന്തുകൊണ്ടെന്നാല്‍, അവര്‍ക്ക് അവരുടെ തന്നെ ചിന്തകളുണ്ട്.’ (ഖലീല്‍ ജിബ്രാന്‍)
ക്ലാസ്മുറിയെ കുട്ടിയുടെ കണ്ണുകളിലൂടെ കാണാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ ജനാധിപത്യ ക്ലാസ്മുറികള്‍ ഒരുക്കാന്‍ കഴിയൂ. ഓരോ കുട്ടിയും പരിഗണിക്കപ്പെടുമ്പോള്‍ മാത്രമാണ് ജനാധിപത്യം സാര്‍ഥകമാകുന്നത്. പഠിതാക്കളുടെ താല്‍പ്പര്യത്തിനും ലക്ഷ്യത്തിനുമനുസരിച്ച വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ഏറ്റെടുക്കാനും കുട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവണം. ഓരോ കുട്ടിയും പരിഗണിക്കപ്പെടുന്നു എന്ന തോന്നലുണ്ടാവണം. കുട്ടിക്ക് താന്‍ സ്വയം ആര്‍ജ്ജിച്ച വിജ്ഞാനം ഉപയോഗപ്പെടുത്താനും പങ്കുവെയ്ക്കാനും പഠനതന്ത്രങ്ങള്‍ സ്വയം രൂപപ്പെടുത്താനും പരസ്പരം ബഹുമാനം വളര്‍ത്താനും ഉയര്‍ന്ന ശ്രേണിയിലുള്ള ചിന്തനവും ഗഹനതയും ഉറപ്പുവരുത്താന്‍ തക്ക രീതിയിലേക്ക് ക്ലാസ്മുറിയെ മാറ്റുന്ന ദാതാവാകണം അധ്യാപകര്‍.
അധ്യാപകര്‍
കൂട്ടുകാരാവട്ടെ
‘ഈ ശരത്കാലത്ത് ആറാം ക്ലാസുകാര്‍ ഒന്നാം ക്ലാസ് സന്ദര്‍ശിച്ചു ഞങ്ങളുടെ വിദ്യാലയത്തിലെ പ്രായം കുറഞ്ഞ അംഗങ്ങളുമായി ചങ്ങാത്തം കൂടാന്‍ നിയോഗിക്കപ്പെട്ടതനുസരിച്ചായിരുന്നു ആ സന്ദര്‍ശനം. ആ 15 മിനുട്ട് കൊണ്ട് അവരുണ്ടാക്കിയെടുത്ത സൗഹൃദം അധ്യാപകനായ ഞാന്‍ ആസ്വദിക്കുന്നുണ്ടായിരുന്നു.’ (സ്‌കൂള്‍ പഠനത്തിന്റെ ഫിന്‍ലാന്‍ഡ് മാതൃക – തിമോത്തി ഡി വാക്കര്‍)
പാഠപുസ്തകത്തെ കാര്‍ന്നു തിന്നാന്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന വെറുമൊരു സംസാരപ്രിയനായ കഥാപാത്രം എന്ന നിലയില്‍ നിന്ന് കോവിഡ് കാലഘട്ടത്തില്‍ അധ്യാപകന്‍ മുക്തനാകേണ്ടി വരും. അധ്യാപനം കൃത്യമായ കലാസൂത്രണത്തോടെ ചെയ്യണം എന്ന് തീരുമാനിച്ചവര്‍ക്ക് മുന്നിലേ കുട്ടികള്‍ ആശങ്കയില്ലാത്ത കഴിവുകള്‍ പ്രകടിപ്പിക്കുകയുള്ളൂ. ഉള്ളിലെ വേവിനെ നോവിനപ്പുറത്തേക്ക് നോക്കിക്കാണാനും കുട്ടികളുടെ മനോഘടനക്കനുസരിച്ച് ക്ലാസ്മുറിയെ കൊണ്ടുപോവാനും കഴിയുന്ന രീതിയിലേക്ക് അധ്യാപനം മാറേണ്ടതുണ്ട്. വിവിധ സങ്കീര്‍ണതകളെ തന്റെതായ കാഴ്ചപ്പാടിലൂടെ പരിഹരിക്കാന്‍ പറ്റുന്നതിനുള്ള കഴിവ് വികസിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം. സ്വാതന്ത്ര്യത്തില്‍ തുടങ്ങുക എന്നത് ഒരു ക്ലാസ് മുറിയുടെ സ്ഥിരം ശൈലിയാവണം. കുട്ടികള്‍ക്ക് സ്വതന്ത്ര്യമായി പഠന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ അവസരമൊരുക്കുന്നതിലൂടെ അധ്യാപകന്‍ ചെയ്യുന്നത് കുട്ടികളുടെ ഉത്തരവാദിത്വങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തലാണ്. കുട്ടിയെ കൃത്യമായി അറിയുന്നതിനുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതോടൊപ്പം തന്നെ ഓരോ കുട്ടിക്കും അധ്യാപിക/അധ്യാപകനുമായി ആശയ വിനിമയത്തിനുള്ള ക്ലാസ്‌റൂം സമയമല്ലാത്ത ഒന്ന് ക്ലിപ്തപ്പെടുത്തേണ്ടതുണ്ട്. പരീക്ഷ എന്ന വിലയിരുത്തല്‍ തന്ത്രം മാത്രം ഉപയോഗപ്പെടുത്തുന്നത് കുട്ടികളുടെ മാനസികമായ അവസ്ഥയെ ബാധിക്കും. പഠിപ്പിച്ചത് തെളിയിക്കുക എന്ന സ്വാഭാവിക പ്രക്രിയയാവുകയാണെങ്കില്‍ കുട്ടികളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം കുറച്ചുകൂടി സുതാര്യമാവും. ഒരു ക്ഷേമസംഘമായി ഒരു ക്ലാസ്മുറിയെ ഒരുക്കുക എന്ന ഭഗീരഥ പ്രയത്‌നമാണ് അധ്യാപകന്‍ ചെയ്യുന്നത് എന്ന ബോധ്യമുണ്ടാവണം. സ്‌കൂള്‍ വിട്ട ശേഷവും ഉന്‍മേഷം നിറക്കലിനുള്ള ഉപാധിയായിട്ടായിരിക്കണം തുടര്‍പ്രവര്‍ത്തനങ്ങളെ കാണേണ്ടത്. കുട്ടികള്‍ക്കൊപ്പം കളിക്കുക എന്നത് പ്രാകൃതമാണ് എന്ന ചിന്ത പ്രൈമറി അധ്യാപകരെങ്കിലും കൈവെടിയേണ്ടതുണ്ട്. പഠനത്തെ ആഘോഷിക്കുന്നതിന്റെ ഭാഗമായി ക്ലാസിന്റെ പൊതുസ്വപ്‌നത്തെ പിന്തുടരുക എന്ന തീവ്രമായ ആഗ്രഹം അധ്യാപകനുണ്ടാവണം. .
