22 Sunday
December 2024
2024 December 22
1446 Joumada II 20

ബുദ്ധി നാസ്തികത ദൈവം

ഡോ. ടി കെ ജാബിര്‍


ഇസ്ലാം മതം ബുദ്ധിയെ അഭിസംബോധന ചെയ്തു കൊണ്ടും ചിന്താശക്തിയോട് ഉപദേശം ചെയ്തു കൊണ്ടും തന്നെ ആവിര്‍ഭവിച്ച ജീവിത പദ്ധതിയാണെന്ന് വക്കം മൗലവി പറയുന്നു. തഖ്ലീദ് അഥവാ യുക്തി രഹിതമായ അനുകരണം ഏറ്റവും ബുദ്ധിഹീനമായ നടപടിയാകുന്നു ഇസ്ലാമില്‍ എന്ന് ‘മുസ്ലിം’ ജേര്‍ണലില്‍ എഴുതുന്നുണ്ട്. ആലോചന കൂടാതെയും നിശ്ചയമില്ലാതെയും പൂര്‍വികരെ കണ്ണുമടച്ച് അനുകരിക്കുന്നതിനെയും അവരില്‍ പാരമ്പര്യമായി നിലനിന്നു വരുന്ന അന്ധവിശ്വാസങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതിനെയും ഇസ്ലാം കഠിനമായി ആക്ഷേപിക്കുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്. ബുദ്ധിയ്ക്ക് പ്രവേശനമുള്ള വിഷയങ്ങളില്‍ ഓരോരുത്തരും യഥാര്‍ഥ സ്വബുദ്ധി കൊണ്ട് അന്വേഷിച്ച് സംശയ രഹിതമായ ബോധത്തെ ഉണ്ടാക്കിക്കൊള്ളണം. ബുദ്ധിയ്ക്ക് പ്രവേശിക്കുവാന്‍ കഴിയാത്ത കാര്യങ്ങളില്‍ ഖുര്‍ആനെയോ ശരിയായ ഹദീസുകളെയോ ഉപയോഗിക്കുക എന്നാണ് മനുഷ്യന്‍ ബുദ്ധി സ്വതന്ത്രമായി ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് ഉള്ള അദ്ദേഹത്തിന്റെ അടിസ്ഥാന വീക്ഷണം.
ആധുനികതയുടെ, യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ കാലഘട്ടം മുതല്‍ പൊതുവിലും പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ പ്രത്യേകിച്ചും നിരവധി സംവാദങ്ങള്‍ക്ക് വേദിയായി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് നാസ്തികതയും ദൈവവും. ലോകത്ത് സകല വസ്തുക്കളുടെയും ജീവജാലങ്ങളുടെയും ഉത്ഭവത്തിന് ഹേതു ഒരു സര്‍വാതീത ശക്തിയുള്ളതിനാലാണ് എന്ന് മനുഷ്യന്‍ എക്കാലത്തും വിശ്വസിച്ചു വന്നിരുന്നു. ജീവജാലങ്ങളുടെ സൃഷ്ടിയില്‍ ദൈവിക സ്പര്‍ശമുണ്ട് എന്ന വളരെ ലളിതമായ യുക്തികൊണ്ടാണ് വക്കം മൗലവി വിഷയം അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. ഒരു വ്യവസായ ശാലയില്‍ ഉള്ള യന്ത്രസാമഗ്രികള്‍ എത്ര ബുദ്ധിപൂര്‍വമാണ് മനുഷ്യന്‍ നിര്‍മിച്ചിരിക്കുന്നത്. അതിന്റെ പിന്നില്‍ തീര്‍ച്ചയായും ഒരു വ്യക്തിയുടെ നിസ്തുലമായ പങ്കാളിത്തം ഉണ്ടായിരിക്കും. അതില്‍ മറ്റുള്ള മനുഷ്യര്‍ അത്ഭുതം കൊള്ളുന്നു. അതിന് സമാനമായിട്ടാണ് ഈ ലോകത്തുള്ള സൃഷ്ടികളുണ്ടായിരിക്കുന്നത്. ഭൂമിയിലെ ഓരോ വസ്തുവും ഒരു സൃഷ്ടാവിനെ കൂടാതെ സ്വയം ഉത്ഭവിക്കുകയോ അത് സ്വയം സൃഷ്ടാവായിരിക്കുകയോ ഇല്ല. ഈ ലോകത്തിന്റെ സര്‍വ ചേതനവും അചേതനവുമായ വസ്തുക്കളില്‍ ദൈവത്തിന്റെ സാമീപ്യം ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ഓരോ കാലഘട്ടത്തിലുമുള്ള യുക്തിവാദികളോ, നിരീശ്വര വാദികളോ എത്തിപ്പെടുന്ന തികഞ്ഞ സന്ദേഹാത്മകതയെ അദ്ദേഹം മനസിലാക്കിയിരുന്നു.
മനുഷ്യന്റെ അറിവിന്റെ പരിമിതികളും ആഗ്രഹങ്ങളുടെ ദൗര്‍ബല്യങ്ങളും ജീവിതമെന്ന വലിയ അനുഭവത്തിന്റെ നൈമിഷികതയും വക്കം മൗലവിയുടെ കാലഘട്ടം വരെ വേറൊരു മുസ്ലിം പണ്ഡിതനും കേരളത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഉന്നത നിലവാരത്തിലാണ് അദ്ദേഹം സംവദിച്ചത്. ‘ഇസ്ലാം മത സംഗ്രഹം’ എന്ന ലേഖനം അതിന് തെളിവാണ്. മനുഷ്യനെ രക്ഷിക്കുന്നതിനോ ശിക്ഷിക്കുന്നതിനോ മാത്രമുള്ളതോ, ഏതെങ്കിലും മത വിഭാഗത്തിന്റെതു മാത്രമോ അല്ല ദൈവം. ഗോചരവും അഗോചരവുമായ സകല സാധ്യതകളിലൂടെയും ദൈവത്തിന്റെ സാന്നിധ്യത്തെ ദര്‍ശിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ ദൈവ സങ്കല്‍പങ്ങള്‍. മനുഷ്യന്റെ ഓരോ അവയവങ്ങളും ഓരോ ഇന്ദ്രിയങ്ങളും ഇവിടെ അതിനുള്ള ദൃഷ്ടാന്തങ്ങളായി മനസിലാക്കാം. ഈ പ്രപഞ്ചത്തെയും മനുഷ്യനെയും ഇതിന്റെ പിന്നിലെ ശക്തിയെയും മനസ്സിലാക്കുവാന്‍ കോളേജ്, സര്‍വകലാശാലാ വിദ്യാഭ്യാസ ബിരുദങ്ങള്‍ വേണ്ടി വരില്ല. ഓരോരുത്തര്‍ക്കും സ്വന്തം ബുദ്ധിയില്‍ കണ്ടെത്താനാവുമത് എന്ന് വക്കം മൗലവി പറയുന്നു. ലോകത്തുണ്ടായിട്ടുള്ള പ്രവാചകരും, വിശുദ്ധ ഗ്രന്ഥങ്ങളും അതിന് ദൃഷ്ടാന്തങ്ങളാണ്. അതിലൂടെ ലഭിക്കുന്ന ഏക ദൈവ സങ്കല്‍പമാണ് മനുഷ്യര്‍ക്ക് ആത്മീയ സ്വാതന്ത്ര്യത്തിനും ബുദ്ധി പ്രകാശനത്തിനും നിദാനമായിരിക്കുന്നത്.
ആധുനികതയുടെ വളര്‍ച്ചയോട് കൂടി യുക്തിചിന്ത, യുക്തി ബോധം, നാസ്തികവാദം എന്നിവയെല്ലാം വളര്‍ന്ന് പ്രസ്ഥാന രൂപമാര്‍ജ്ജിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ മാര്‍ക്‌സിസ്റ്റ് ചിന്തയുടെ ഉത്ഭവവും പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന ചാള്‍സ് ഡാര്‍വിന്റെ ശാസ്ത്രീയമായ മനുഷ്യ കുലത്തിന്റെ പരിണാമ സിദ്ധാന്തവും 1917 -ലെ റഷ്യയിലെ ഒക്ടോബര്‍ വിപ്ലവവുമെല്ലാം അതിന് കാരണമായിട്ടുണ്ട്. ജര്‍മന്‍ ചിന്തകനായ നീഷേയുടെ ദൈവ നിഷേധ യുക്തി -ചിന്തകളും പ്രസ്തുത മുന്നേറ്റങ്ങള്‍ക്ക് ശക്തമായ പ്രേരണയായിട്ടുണ്ട്. വക്കം മൗലവി തന്റെ ബൗദ്ധിക ജീവിതത്തില്‍ നേരിട്ട മുഖ്യമായ വെല്ലുവിളികളില്‍ ഒന്ന് നാസ്തിക വാദികളുമായുള്ള സംവാദങ്ങളാണ്. അക്കാലത്ത് നിരവധി പത്ര മാസികകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അവയില്‍ ‘യുക്തിവാദി’ എന്നത് സജീവമായി നാസ്തികത പ്രചരിപ്പിക്കുന്ന ഒരു പ്രസിദ്ധീകരണമായിരുന്നു. ‘ദീപിക’യുടെ വിവിധ ലക്കങ്ങളില്‍ അവരുമായുള്ള സംവാദം കാണാവുന്നതാണ്.
കേരളത്തില്‍ നാസ്തിക വാദികളുമായുള്ള പ്രഥമ സംവാദങ്ങളാണവയെല്ലാം എന്ന് കരുതപ്പെടുന്നു.
ആസ്തിക്യ വാദത്തിനുള്ള തെളിവുകളുമായി എം മുഹമ്മദ് കണ്ണ് ‘ദീപിക’ യില്‍ എഴുതിയ വിശദീകരണങ്ങള്‍ ശ്രദ്ധേയമാണ്.പദാര്‍ഥവാദം (materialsm ), ശാസ്ത്രം (science) എന്നിവയാണ് നാസ്തിക്യ വാദത്തിനുള്ള അടിസ്ഥാനം, എത്ര ശാസ്ത്ര പുരോഗതി നേടിയാലും ആ ശാസ്ത്രത്തിനും മൗലികമായ ചില പരിമിതികള്‍ ഉണ്ടായിരിക്കും. അത് ഈ ലേഖനത്തിലൂടെ വിശദീകരിക്കുന്നു. അഥവാ ഒരു വ്യക്തിയ്ക്ക് സ്പര്‍ശിക്കുവാനോ ദര്‍ശിക്കുവാനോ സാധ്യമാകാത്തതാണ് വേറൊരു വ്യക്തിയുടെ സത്ത(ആത്മാവ്) എന്നത്. സ്വയം തിരിച്ചറിയല്‍ ഓരോരുത്തര്‍ക്കും സാധ്യവുമാണ്. സ്വന്തമായി അനുഭവിക്കുവാന്‍ കഴിയുന്നത് മറ്റുള്ളവരില്‍ നിഷേധിക്കുന്നതിനെയാണ് ഇവിടെ ദൈവ ആസ്തിക്യത്തെ നിഷേധിക്കുന്ന നാസ്തികവാദികളുടെ വാദങ്ങളെ ലേഖകന്‍ ഉപമിക്കുന്നത്. ആ വിഷയം തര്‍ക്ക ശാസ്ത്രത്തിന്റെ യുക്തിയിലൂടെയോ മാര്‍ഗത്തിലൂടെയോ വ്യവഛേദിച്ച് മനസിലാക്കുക സാധ്യമല്ല. അതായത് ഒരു വ്യക്തി വേറെ ഒരു വ്യക്തിയുടെയോ വ്യക്തിയുടെ ആന്തരിക ലോകത്തിന്റെയോ സത്തയെ അവിശ്വസിക്കുമ്പോള്‍ അത് തെളിയിക്കല്‍ (്‌(verification ) അസാധ്യമാണ്. നാസ്തികത പിന്നെ അടിസ്ഥാനമായിരിക്കുന്നത് സംഭവ്യതയിലാണ് (probability). ത് അനുഭവ ജ്ഞാനത്തോളം വിശ്വാസ്യമല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ജൂലിയസ് സീസര്‍ എന്ന വ്യക്തിയേയോ പാരീസ് എന്ന നഗരത്തെയോ കേട്ടറിഞ്ഞ യുക്തികളിലൂടെ മനസ്സിലാക്കുന്നതിനേക്കാള്‍ നേരിട്ട് പരിചയമുണ്ടായിരിക്കുമ്പോള്‍ ആണ് അവ യാഥാര്‍ഥ്യമാണെന്ന് പറയുവാന്‍ കഴിയുകയുള്ളു, ദൈവത്തിന്റെ അസ്തിത്വം (ഉണ്‍മ) തിരിച്ചറിയുവാന്‍ ആത്മീയ ജ്ഞാനേന്ദ്രിയവും ആത്മീയ ശക്തിയും സിദ്ധിച്ചാല്‍ മാത്രമേ സാധിക്കുകയുള്ളു എന്ന് ‘ദീപിക’ യില്‍ വ്യക്തമാക്കുന്നു.
ഈ പ്രപഞ്ചത്തിലെ മനുഷ്യ ദൈവ സങ്കല്‍പങ്ങള്‍ എങ്ങനെ ഉണ്ടായി വന്നു എന്നത് ഇവിടെ പ്രധാന ആശയം തന്നെ. ദൈവത്തിന്റെ സത്താപരമായിട്ടുള്ള തെളിവുകള്‍ ഇവിടെ പറയുവാന്‍ ശ്രമിക്കുന്നുണ്ട്, അഥവാ, ഇല്ലാത്ത ഒരു വസ്തുവിനെ പറ്റിയുള്ള ആശയം ഉണ്ടാവുകയില്ല എന്നതാണ് യാഥാര്‍ഥ്യം. കേവലം ശൂന്യതയില്‍ നിന്നും ഒന്നിനെയും സൃഷ്ടിക്കുവാന്‍ സാധ്യമല്ല. ദൈവത്തെ കുറിച്ചുള്ള സജീവമായ ആശയങ്ങള്‍ എങ്ങനെ ഉണ്ടായി വന്നു എന്നതാണ് വിഷയം. അനുബന്ധമായി ക്രൈസ്തവ ശാസ്ത്രജ്ഞനും തത്വ ചിന്തകനുമായ അന്‍സലം (അഉ.1033 1109), ഫ്രഞ്ച് ചിന്തകനായിരുന്ന റെനേ ഡെക്കര്‍ത്തെ (1596 1650 ), ഡച്ച് ചിന്തകനായിരുന്ന ബറൂച് സ്പിനോസ (1632 1677 ) എന്നിവരുടെ അഭിപ്രായങ്ങള്‍ ‘ദീപിക’ യില്‍ (ു .32)ഉദ്ധരിക്കുന്നുണ്ട്. ഒരു പരിപൂര്‍ണ വസ്തുവിനെ കുറിച്ചുള്ള ആശയം നമുക്കുണ്ട്. ആസ്തിക്യം ആ ആശയത്തിന്റെ അംശമാണ്. അപരിഹാര്യമായ ഒരു അംശവുമാകുന്നു അത്. എന്തെന്നാല്‍ , സങ്കല്‍പമായ ഒരു വസ്തു സാക്ഷാത്തായ ഒരു വസ്തുവിനേക്കാള്‍ പൂര്‍ണത്വം കുറഞ്ഞതേ ആയിരിക്കൂ. അതിനാല്‍ ഒരു പരിപൂര്‍ണ വസ്തുവിന്റെ ആവശ്യം നിര്‍ബന്ധിതതമാവാത്തവണ്ണമാണ് മനുഷ്യരുടെ സൃഷ്ടിയും.
നാം ദൈവത്തെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ദൈവം സ്ഥിതി ചെയ്യുന്നതായി വിചാരിക്കുവാന്‍ നാം നിര്‍ബന്ധിതമാകുന്നു. ഒരു വാസ്തവ വസ്തുവിന്റെ ആശയം നമ്മുടെ ഉള്ളില്‍ ഉദിച്ച ഉടന്‍ തന്നെ അതിന്റെ സത്തയില്‍ നാം നിര്‍ബന്ധ പൂര്‍വം വിശ്വസിച്ചു പോകുന്നത് തന്നെ ദൈവ ആസ്തിക്യത്തെ സംബന്ധിച്ച ഉത്തമമായ തെളിവാണ്. ഭൗതികവസ്തുക്കള്‍ അനുഭവ വേദ്യമാകുന്നത് വിവിധ പ്രതിഭാസങ്ങളാലാണ്. അവയെ മനുഷ്യന്റെ വിവിധ ഇന്ദ്രിയങ്ങളിലൂടെയാണ് ഗോചരമാക്കുന്നത്. പ്രതിഭാസങ്ങള്‍ ഗോചരമായി മാറുന്നത് കൊണ്ടാണ് മനുഷ്യന് പദാര്‍ഥത്തേയും ഗോചരമാക്കുവാനാകുന്നത്. മനുഷ്യന്റെ ആത്മാവും അപ്രകാരമാണ്. മനുഷ്യന്റെ ബോധം (ചിന്താശക്തി) ആശ(ആഗ്രഹം), ഭയം, ഉത്സാഹം, എന്നിവയാണ് ആത്മാവിനെ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള പ്രതിഭാസങ്ങള്‍.
സ്ഥലത്തിനും കാലത്തിനും പരിമിതികളില്ല. അത് പോലെ അപരിമിതമാണ് സത്യവും സല്‍ഗുണവും. ഇങ്ങനെയുള്ള സകല അപരിമിതങ്ങളായ സത്തകളെല്ലാം സംയുക്തമായാണ് ദൈവമെന്ന സത്തയുടെ ആകെത്തുകയായി മനസ്സിലാക്കേണ്ടത്. ശാസ്ത്രത്തിലൂടെ അല്ലെങ്കില്‍ ഭൗതീക ദര്‍ശനങ്ങളിലൂടെ പദാര്‍ഥങ്ങളെയും പദാര്‍ഥ ലോകത്തെയും മനുഷ്യര്‍ മനസിലാക്കുന്നു എങ്കില്‍ മാനസിക ദര്‍ശനങ്ങളിലൂടെ മനസ്സിനെയും പ്രവാചകന്മാരുടേതു പോലുള്ള ആത്മീയ ദര്‍ശനങ്ങളില്‍ നിന്ന് ദൈവത്തിനെയും ജനങ്ങള്‍ മനസിലാക്കുന്നു. 1930 -കളിലെ പ്രസിദ്ധ നാസ്തിക പ്രചരണ മാസികയായിരുന്ന ‘യുക്തിവാദി’ യിലേക്ക് പ്രസ്തുത ഭാഗങ്ങള്‍ അയച്ചു കൊടുത്തിരുന്നുവെങ്കിലും അവര്‍ അത് പ്രസിദ്ധീകരിച്ചില്ല.
ശാസ്ത്രവും ദൈവ ബോധവും സമന്വയിപ്പിച്ച് മനസ്സിലാക്കുന്ന രീതിയിലാണ് ‘നിരീശ്വര വാദികളോട് ‘ എന്ന വേറൊരു പഠനം ‘ദീപിക’യില്‍ സംവദിക്കുന്നത്. പ്രപഞ്ചത്തിന്റെ ഉത്ഭവവും അതിലെ സകല ജീവജാലങ്ങളും വ്യവസ്ഥകളും പരസ്പര ആശ്രയത്വത്തില്‍ മാത്രമേ കാണുവാന്‍ കഴിയുകയുള്ളു. സ്വാശ്രയത്വം എന്ന ഒരു വ്യവസ്ഥയേ ഇല്ല. യുക്തിവാദത്തെ മുന്‍പ് നമുക്കറിയില്ലാതിരുന്ന കാര്യത്തെ കുറിച്ച്, വസ്തുതയെ കുറിച്ച് അറിയുവാനായി ഉപയോഗപ്പെടുത്താം. ദൈവത്തിന്റെ കാര്യം വ്യത്യസ്തമാണ്. ദൈവത്തെ ആത്മ ദൃഷ്ടി കൊണ്ട് മാത്രമേ ദര്‍ശിക്കുവാന്‍ സാധിക്കുകയുള്ളു. ആസ്തിക്യത്തിന്റെ സംഭവ്യതയെ കാണിക്കുവാനും നാസ്തിക്യത്തെ ഖണ്ഡിക്കുവാനും മാത്രമേ യുക്തിവാദം പ്രയോജനപ്പെടുകയുള്ളൂ.
ദൈവ വിശ്വാസം മനുഷ്യ മനസ്സില്‍ സ്ഥാപിതമാകുന്നതിന്റെ ദാര്‍ശനിക വശം ഇതാണ്. സത്താപരമായ (ontological proof ) തെളിവ് കൊണ്ട് ഒരു പരിപൂര്‍ണ വസ്തുവിനെ കുറിച്ചുള്ള ആശയം മനുഷ്യരുടെ മനസ്സില്‍ സ്ഥിതി ചെയ്യുന്നു. മനുഷ്യരുടെ ഉല്പത്തിയെ സംബന്ധിച്ച വാദത്തില്‍ (cosmological proof ) അപൂര്‍ണരും അന്യാശ്രയരുമായ മനുഷ്യരുടെ മനസ്സില്‍ സമ്പൂര്‍ണവും സ്വാശ്രിതവുമായ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കേണ്ടി വരുന്നു. Teological ആയ തെളിവ് ഈ പ്രപഞ്ചത്തില്‍ കാണുന്ന അല്‍ഭുതകരമായ സംയോജനത്തിന് മറ്റൊരു ഉദ്ദേശം കൂടിയുണ്ടെന്ന് നമുക്ക് മനസ്സിലാക്കി തരുന്നു. ഇതാണ് മത വിശ്വാസികള്‍ ദൈവ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ദര്‍ശനങ്ങള്‍. (ദീപിക. ു .152 ). മത ദൈവ വിശ്വാസങ്ങള്‍ മനുഷ്യ പ്രകൃതിയ്ക്ക് അനുയോജ്യമായതിനാലാണ് മനുഷ്യര്‍ അതിന് വിധേയരാകുന്നത്. വേറൊരു വിശദീകരണം നോക്കുക. ഭക്ഷണം ജീവനോപാധിയാണ് എന്ന് മനസ്സിലാക്കുന്നത് ഭക്ഷണത്തെ ദഹനേന്ദ്രിയ വ്യവസ്ഥ എങ്ങനെ സ്വീകരിക്കുന്നു എന്നും ശരീര ശാസ്ത്രം എന്താണെന്നും അറിഞ്ഞതിന് ശേഷമല്ലല്ലോ. അതുപോലെയാണ് മനുഷ്യന് ദൈവത്തെ ഉള്‍കൊള്ളുവാനാകുന്നത്. അഥവാ യുക്തിവാദത്തിലൂടെ ആസ്തിക്യം സ്ഥാപിക്കപ്പെട്ട ശേഷമല്ല ദൈവത്തെ ആരാധിക്കുന്നത്. മനുഷ്യര്‍ എത്ര ശാസ്ത്രീയവും, സാങ്കേതികവുമായ വളര്‍ച്ച നേടിയാലും അധ:പതിച്ചാലും സ്വാഭാവികമായ ആസ്തിക്യ ചോദന മനുഷ്യന് വിട്ടൊഴിയാനാകില്ല. മതത്തെ ബലപ്രയോഗത്തിലൂടെ പരിത്യജിക്കുവാന്‍ ശ്രമിച്ച് പല ആധുനിക (സോഷ്യലിസ്റ്റ്) രാഷ്ട്രങ്ങളും പരാജയപ്പെടുന്നതാണ് ലോകം ഇന്ന് കാണുന്നത്. അതായത് മതത്തെയും, ദൈവത്തെയും ശാസ്ത്രീയ യുക്തിയിലൂടെയും ബലപ്രയോഗത്തിലൂടെയും മനുഷ്യന്റെ വിചാര മണ്ഡലങ്ങളില്‍ നിന്നും നിഷ്‌ക്കാസനം ചെയ്യുവാനാകില്ല. ഇന്നത്തെ പാശ്ചാത്യ ലോകം അത് നന്നായിട്ട് തിരിച്ചറിയുന്നുണ്ട്. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്നതല്ല ഇവിടുത്തെ പരിണാമം. ദൈവ വിശ്വാസം മനുഷ്യന്റെ ആത്മ ശുദ്ധിയ്ക്ക് അനുപേക്ഷണീയമാണ് എന്നതാണ്. യാന്ത്രികമായും പൂര്‍ണ്ണമായും മനസാക്ഷിയോടെ, നീതിയോടെ മനുഷ്യന് പ്രവര്‍ത്തിക്കുവാന്‍ സാധ്യമല്ല എന്നത് കൊണ്ടാണത്.
വിഖ്യാത പദാര്‍ഥവാദ ചിന്തകന്‍ കാറല്‍ മാര്‍ക്‌സ് തന്റെ ദൈവത്തെ/മതത്തെ കുറിച്ചുള്ള ചിന്തയില്‍ പറഞ്ഞിട്ടുള്ളതില്‍ പൊതുവേ പറയപ്പെടാത്ത ഒരു വസ്തുതയുണ്ട്. ‘മതം ആത്മാവില്ലാത്ത ലോകത്തെ ആത്മാവാണ്’ എന്നത്. മാര്‍ക്‌സിന് ശേഷം വന്ന ഏറ്റവും വലിയ തത്വ ചിന്തകന്‍ മിഷേല്‍ ഫൂക്കോയാണ്. അദ്ദേഹം മാര്‍ക്‌സിന്റെ ഈ പ്രസ്താവനയെ വീണ്ടും ഉദ്ധരിക്കുകയാണ് ചെയ്തത്. പ്രവൃത്തിയില്‍ ഏറ്റവും അടിസ്ഥാനപരമായി മനുഷ്യന് വികസിതമായ സന്മനസ്സ് നിഷ്പക്ഷമായി നിലനിര്‍ത്തണമെങ്കില്‍ ദൈവീകമായ ബോധ്യം, അല്ലെങ്കില്‍ ദൈവ ഭയം ഉണ്ടാകേണ്ടതുണ്ട്.
ഭൂമിയിലെ ജീവ ഉല്പത്തിയെ കുറിച്ചുള്ള സംവാദങ്ങളിലും വക്കം മൗലവി ശ്രദ്ധിച്ചിരുന്നു. ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന ചാള്‍സ് ഡാര്‍വിന്റെ (1809-1882) 1859ലെ പ്രസിദ്ധ ഗ്രന്ഥമാണ് ഭൂമിയിലെ ജീവജാലങ്ങളുടെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ച് പറഞ്ഞ ഛൃശഴശി ീള ടുലരശല.െ ഉല്പത്തിയെ കുറിച്ചുള്ള സംവാദത്തില്‍ ഇനിയും പരിപൂര്‍ണ്ണമാകാത്ത പരിണാമ സിദ്ധാന്തത്തിലാണ് നാസ്തികര്‍ ആശ്രയിക്കുന്നത് എന്ന് ‘ദീപിക’ യില്‍ എഴുതുന്നുണ്ട്. ഇന്ത്യയില്‍ പരിണാമ സിദ്ധാന്തത്തെ കുറിച്ച് പഠനം ആരംഭിക്കുമ്പോള്‍ തന്നെ ‘ദീപിക’ ഈ വിഷയം കൈകാര്യം ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ് (ു.337 341). പ്രകൃതി നിയമങ്ങളുടെ പരിണാമത്തില്‍ ഉണ്ടെന്ന് പറയപ്പെടുന്ന യാദൃച്ഛികതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ദൈവ ആസ്തിക്യത്തെ നിഷേധിക്കുന്നില്ല എന്ന് ‘ലോകോല്‍പ്പത്തിയെ പറ്റിയുള്ള നിരീശ്വരാഭിപ്രായം’ എന്ന ദീപിക ലേഖനത്തില്‍ പറയുന്നു. സമാനമായ അഭിപ്രായം അല്ലാമാ മുഹമ്മദ് ഇക്ബാല്‍ മുന്നോട്ട് വെച്ചിരുന്നു. വക്കം മൗലവിയെ ഈ ചിന്ത സ്വാധീനിച്ചതു അവിടെ നിന്നാകാം.
പരിണാമ സിദ്ധാന്തം ഒരു ശക്തിയോ കാരണമോ അല്ല. ജീവജാലങ്ങളുടെ പരിണാമ പ്രവൃത്തി രീതി അല്ലെങ്കില്‍ പദ്ധതി മാത്രമേ ആകുന്നുള്ളു. ഈ പ്രപഞ്ചത്തെ, അതിന്റെ യുക്തിയെ, കാരണങ്ങളെ വ്യക്തമാക്കുവാന്‍ പരിണാമ സിദ്ധാന്തത്തിനോ ശാസ്ത്രത്തിനോ കഴിയുന്നില്ല എന്ന് ദീപികയില്‍ പറയുന്നു. ‘ശാസ്ത്രത്തിന്റെ സര്‍വ അന്വേഷണങ്ങളുടെയും ഉദ്ദേശം ദൈവത്തെ കുറിച്ച് അറിയണമെന്നുള്ളതാകുന്നു. ശാസ്ത്ര വിദഗ്ധന്മാര്‍ നിരീക്ഷിക്കുന്ന ദൈവം ഒരു മതത്തിന്റെ പരിധിയില്‍ അടങ്ങുന്ന ഒന്നല്ല. എന്നാല്‍ മതങ്ങളുടെ സിദ്ധാന്തങ്ങളെയും പ്രാധാന്യത്തെയും അവ നിഷേധിക്കുന്നുമില്ല. സന്മാര്‍ഗ അഭിവൃദ്ധിയ്ക്ക് മതത്തിന്റെ ആവശ്യകത ആപേക്ഷികമാകുന്നു. ശാസ്ത്ര അന്വേഷണങ്ങള്‍ ലോക രഹസ്യങ്ങളെ വെളിപ്പെടുത്തുകയാണത്രെ ചെയ്യുന്നത്. അതായത് അണു (മീോ)വില്‍ നിന്ന് ദൈവത്തെ അറിയുവാന്‍ ശ്രമിക്കുകയായിരുന്നു. മതവും ശാസ്ത്രവും ഐക്യമത്യത്തോട് കൂടി മനുഷ്യരെ സേവിക്കുന്നതിലും, സര്‍വ ശക്തനെ വാഴ്ത്തുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നു'(ദീപിക, p.545)
നാസ്തികരുമായുള്ള സംവാദങ്ങളില്‍ വക്കം മൗലവിയുടെ മറ്റൊരു ലേഖനമാണ് ‘ഭയം’ എന്നുള്ളത്. ഭയം എന്ന വികാരത്തെ സംബന്ധിച്ച് 1930 -ലെ മലയാളത്തിലെ നാസ്തിക പ്രചാരണ മാസികയായിരുന്ന ‘യുക്തിവാദി’ യിലെ പത്രാധിപരായിരുന്ന രാമവര്‍മയുടെ ലേഖനത്തിന് മറുപടിയാണ് ഇത്. ‘യുക്തിവാദി’ പറയുന്നത്, ‘നിങ്ങള്‍ ദൈവത്തെയോ രാജാവിനെയോ അച്ഛനമ്മമാരേയോ ബലവാന്മാരെയോ ദുഷ്ടന്മാരെയോ ആരേയും ഭയപ്പെടരുത്’ എന്നാണ്. വക്കം മൗലവി മറുപടി എഴുതുന്നു, ദൈവ ഭയം ലേശം കൂടാതെ തന്നെ സന്മാര്‍ഗ്ഗിയായി ജീവിക്കുവാന്‍ കഴിയുമെന്ന് ജനങ്ങളെ ധരിപ്പിച്ചു ദൈവ വിശ്വാസത്തെ നശിപ്പിക്കുവാനുള്ള (ശ്രമം) കൃത്രിമ സന്മാര്‍ഗനിഷ്ഠയായിരിക്കും. ദൈവഭയം ലേശം കൂടാതെ മനുഷ്യര്‍ക്ക് സന്മാര്‍ഗികള്‍ ആയിരിക്കുവാന്‍ കഴിയുമെന്ന് നിരീശ്വര വാദികള്‍ പറയുന്നു. ഇത് യുക്തികൊണ്ട് സ്ഥാപിക്കുന്നതിനേക്കാള്‍ പരീക്ഷ കൊണ്ട് അറിയേണ്ടതാണ് എന്ന് വക്കം മൗലവി എഴുതുന്നു. മത വിശ്വാസികളില്‍ തന്നെ യഥാര്‍ഥമായ ദൈവ ബോധവും അതിന്റെ ഫലമായ ദൈവ വിശ്വാസവും കുറഞ്ഞവരാണ് സന്മാര്‍ഗ്ഗ നിഷ്ഠ കുറഞ്ഞവരായി കാണപ്പെടുന്നത്. 1930 -ല്‍ വക്കം മൗലവി ഇതെഴുതിയ ശേഷമാണ് ലോകത്തെ ഏറ്റവും വലിയ കൂട്ടക്കൊലകള്‍, ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ നടപ്പാക്കിയത് എന്നത് വിസ്മരിക്കാനാവില്ല. ഹിറ്റ്‌ലര്‍ക്ക് തികഞ്ഞ ഭൗതീക രാഷ്ട്രീയ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. മതത്തെയും ദൈവത്തെയും ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ഇതേസമയം തന്നെ റഷ്യ യില്‍ ശ്രമം നടന്നിരുന്നു. തുടര്‍ന്ന് സ്റ്റാലിന്‍ ശാസ്ത്രീയ സോഷ്യലിസം നടപ്പിലാക്കുവാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചത് ലക്ഷോപലക്ഷം മനുഷ്യരുടെ കുരുതിയായിരുന്നു. തികഞ്ഞ ഭൗതികമായ മായ ചിന്ത മനുഷ്യരാശിയുടെ ഉന്മൂലനത്തിലാണ് മനുഷ്യനെ എത്തിക്കുക എന്ന് വക്കം മൗലവി അന്നേ ദീര്‍ഘ വീക്ഷണം നടത്തുന്നത് ഇവിടെ ശ്രദ്ധേയമാണ്.
അതോടൊപ്പം, 1939 -45 കാലഘട്ടത്തില്‍ നടന്ന രണ്ടാം ലോകയുദ്ധം സമാന ഭൗതികമായ ബോധ്യങ്ങളില്‍ നിന്നും ഉണ്ടായതാണ്. അതില്‍ അഞ്ച് കോടിയിലേറെ മനുഷ്യരാണ് കൊല്ലപ്പെട്ടത് എന്നത്, ഞെട്ടിപ്പിക്കുന്നതാണ്.
‘ഭയം’ എന്ന ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ് : ‘ദൈവത്തെ ഭയപ്പെടുന്നത് ദൈവം ഒരു ഭീകര രൂപം എന്ന സങ്കല്‍പ്പത്തില്‍ നിന്നല്ല, മറിച്ച് കാരുണ്യത്തിന്റെയും നീതിയുടെയും സ്വരൂപം എന്ന നിലയില്‍ ആണ്. ദൈവഭയം ആത്മാവിന്റെ ജീവശക്തിയും അതിന്റെ പ്രകാശവും മനുഷ്യരെ അന്യ(മായ ) യാതൊന്നിനേ കുറിച്ചുള്ള ഭയമോ ഭീരുത്വമോ ബാധിക്കാതിരിക്ക വണ്ണം അതില്‍ മനഃശക്തിയെ വര്‍ധിപ്പിക്കുന്നതുമാകുന്നു’. ‘യുക്തിവാദി’ യുടെ പത്രാധിപരോട് ഒരു ശ്രദ്ധേയമായ വസ്തുത കൂടി പങ്ക് വച്ചാണ് ലേഖനം വക്കം മൗലവി അവസാനിപ്പിക്കുന്നത്. ‘ലോകത്ത് മഹത്തരമായ കാര്യങ്ങള്‍ പ്രവര്‍ത്തിച്ചവരൊക്കെ ദൈവ ഭയമില്ലാത്ത നിരീശ്വരന്മാരായിരുന്നു, എന്ന് ‘യുക്തിവാദി’ മാസിക പറയുമെന്ന് തോന്നുന്നില്ല’ (ദീപിക.p .386)

Back to Top