വിട്ടുകൊടുത്ത ഒരു തുണ്ടു ഭൂമി
സി കെ റജീഷ്
രണ്ടാളുകള്‍ തമ്മിലുള്ള ഒരു സ്വത്തുതര്‍ക്കത്തിന്റെ കഥ ഈയിടെ ഒരു സുഹൃത്ത് പങ്കുവെച്ചു. അയല്‍വാസികളായിരുന്ന അവര്‍ തമ്മില്‍ ദീര്‍ഘ കാലമായി അതിര്‍ത്തിത്തര്‍ക്കം നിലനില്ക്കുകയാണ്. രണ്ട് കുടുംബങ്ങള്‍ മാനസികമായി അകലുകയും പിണക്കത്തില്‍ കഴിയുകയുമാണ്. ഇതിലൊരാള്‍ക്ക് തന്റെ ഭൂമി വില്‌ക്കേണ്ടതായ അത്യാവശ്യം വന്നു. നാട്ടിലാകെ ഈ അതിര്‍ത്തിത്തര്‍ക്കത്തിന്റെ കഥ പാട്ടായിരുന്നു. അതുകൊണ്ട് അയാള്‍ ചോദിച്ച വില നല്‍കാന്‍ആരും തയ്യാറായതുമില്ല. ഒടുവില്‍ അന്നാട്ടിലെ മാന്യനായ ഒരു മനുഷ്യന്‍ ആ ഭൂമി വാങ്ങാന്‍ തയ്യാറായി. തര്‍ക്കഭൂമി എന്ന് പറഞ്ഞ് പലരും അദ്ദേഹത്തെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, അദ്ദേഹം വാങ്ങുന്ന കാര്യത്തില്‍ ഉറച്ചു നിന്നു. ഉടമയെ സമീപിച്ച് അയാള്‍ക്ക് അഡ്വാന്‍സ് തുക നല്‍കി. ശേഷം അയല്‍വാസിയുടെ അരികില്‍ ചെന്ന് പ്രശ്‌നത്തിന്റെ കാരണമന്വേഷിച്ചു. വേലി ഒരല്പം മാറ്റി കെട്ടുന്നിടത്തായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. ആ ഭൂമി വാങ്ങാന്‍ മുന്നോട്ടുവന്ന നല്ല മനുഷ്യന്‍ ഒരു തുണ്ടി ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറായതോടെ പതിറ്റാണ്ടുകള്‍ നീണ്ട ആ പ്രശ്‌നം രമ്യമായി പരിഹരിച്ചു. സാഹചര്യങ്ങള്‍ ചിലപ്പോഴൊക്കെ പ്രശ്‌ന സങ്കീര്‍ണമാവുന്നു. രമ്യമായ പരിഹാരത്തിന് വഴിതെളിയുന്നത് വിട്ടുവീഴ്ചയിലൂടെയാണ്. വിട്ടുകൊടുക്കില്ലെന്ന മനോഭാവത്തോടെ വാശി കാണിക്കുമ്പോള്‍ പ്രശ്‌നം അപരിഹാര്യമായി തുടരുന്നു. നിസ്സാര കാരണങ്ങളെ ചൊല്ലി ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നു. വിട്ടുവീഴ്ചയ്ക്ക് ഒരാള്‍ വഴങ്ങുന്നതോടെ വിള്ളല്‍ വീണ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാനാവുന്നു. വിട്ടുവീഴ്ച ഇരുവര്‍ക്കിടയില്‍ ഇണക്കത്തിന്റെ ഇമ്പമുള്ള ജീവിതം കൊണ്ടുവരുന്നു. വിശാല മനസ്‌കതയുള്ളവരില്‍ നിന്നേ വിട്ടുവീഴ്ചയുണ്ടാകൂ. ‘ക്ഷമിക്കണം’ എന്ന ഒരു വാക്ക് ഉച്ചരിക്കുന്നതോടെ ഉരുകിത്തീരുന്ന പ്രശ്‌നങ്ങളേ കാണൂ. ഒരു സന്ദര്‍ശനം, സലാം പറയല്‍, ഹസ്തദാനം ഇവയൊക്കെ മതിയാവും നമുക്ക് പ്രശ്‌നമില്ലെന്ന് കരുതിയ ചിലരുടെ മനസ്സുകളില്‍ നമുക്ക് വലിയ ഇടം ലഭിക്കാന്‍. വിട്ടുവീഴ്ച ഒരിക്കലും ബലഹീനതയല്ല. മറ്റൊരാളുടെ മനസ്സില്‍ നമുക്കിടം നേടിത്തരുന്ന താക്കോല്‍ ആണത്. വിട്ടുവീഴ്ചയുടെ അഭാവം കൊണ്ട മനസ്സ് വിദ്വേഷ കലുഷിതമാവുന്നു. ആ വിദ്വേഷത്തിന്റെ പൂട്ടുപൊട്ടിച്ച് സ്‌നേഹം വിളയിക്കാന്‍ വിട്ടുവീഴ്ചയാകുന്ന താക്കോല്‍ വേണം.
ശകാരങ്ങളും ശാസനകളും എല്ലാവരുടെയും മനസ്സിനെ നോവിക്കുന്നു. ഗുണദോഷിച്ച് പറയുന്ന നല്ല വാക്കുകളും എപ്പോഴും സ്വീകാര്യമായിക്കൊല്ലണമെന്നില്ല. എന്നാല്‍ സൗമ്യതയുടെ ശൈലി സ്വീകരിച്ചാല്‍ സ്‌നേഹത്തിന്റെ മധുരിമ നുകരാനാവുന്നു. നമുക്ക് പകര്‍ത്താന്‍ മുഹമ്മദ് നബി(സ)യുടെ മഹിത മാതൃക തന്നെയുണ്ട്. ആഇശ(റ) പ്രവാചകന്‍ (സ)യോട് ഉച്ചത്തില്‍ സംസാരിക്കുന്നുണ്ടെന്ന് അവരുടെ പിതാവ് അബൂബക്കര്‍(റ) അറിഞ്ഞു. അവരെ ഗുണദോഷിക്കാന്‍ പിതാവ് വീട്ടിലേക്ക് കയറിച്ചെല്ലുന്നു. അബൂബക്കറി(റ)ന്റെ മുഖത്ത് ദേഷ്യഭാവം നബി(സ) തിരിച്ചറിഞ്ഞു. പിതാവിന്റെ ശകാരത്തില്‍ നിന്ന് മകളെ രക്ഷിക്കാന്‍ അബൂബക്കര്‍(റ)ന്റെയും ആഇശ(റ)ന്റെയും മധ്യത്തില്‍ നബി(സ) കയറി നിന്നു. അല്പനേരം കഴിഞ്ഞ് അബൂബക്കര്‍(റ) പോയി. അപ്പോള്‍ നബി(സ) ആഇശ(റ)യോട് പറഞ്ഞു. ‘കണ്ടോ, ഞാനെങ്ങനെയാണ് നിന്നെ അദ്ദേഹത്തില്‍ നിന്ന് രക്ഷിച്ചത്?’ ഇതുകേട്ട് ആഇശ(റ) ചിരിച്ചു. ഒപ്പം പ്രവാചകനും. രണ്ടുപേരുടെയും ചിരികേട്ട് തിരിച്ചുവന്ന അബൂബക്കര്‍(റ) ആ ചിരിയില്‍ പങ്കുചേര്‍ന്നു.
വാക്ക് ഒന്ന് പിഴച്ചാല്‍ തര്‍ക്കത്തിലേക്ക് വഴിമാറുന്നു. തര്‍ക്കത്തില്‍ ആരും ജയിക്കുന്നില്ല. തര്‍ക്കത്തിലേക്ക് വഴി തുറക്കാതിരിക്കുക എന്നതാണ് വിവേകം. തര്‍ക്കത്തിന്, പിണക്കത്തിന് ഒക്കെ വാതില്‍ തുറന്നുതരുന്നത് സംസാരത്തിലെ പിഴവാണ്. മലകയറുന്ന ഒരാളുടെ ജാഗ്രത പോലെ സംസാരിക്കുമ്പോള്‍ കരുതല്‍ വേണമെന്ന് പറയാറുണ്ട്. കാല്‍ ചവിട്ടുന്ന സ്ഥലവും കൈപിടിക്കുന്ന ഇടവും ശ്രദ്ധിച്ചില്ലെങ്കില്‍ തെന്നിവീഴും. സന്ദര്‍ഭവും സദസ്സും നോക്കി സംസാരിച്ചാല്‍ സങ്കടപ്പെടേണ്ടി വരില്ല.