വി എം കുട്ടി ഇശല്‍കൊണ്ട് പൊരുതിയ സാമൂഹിക വിമര്ശകന്
ഷബീര്‍ രാരങ്ങോത്ത്

മാപ്പിളപ്പാട്ടിനെ ജനകീയ കലയാക്കിയ ചരിത്ര നിയോഗം അടര്‍ന്നു വീണിരിക്കുന്നു. വി എം കുട്ടി എന്ന സര്‍ഗ പ്രതിഭാസത്തിന്റെ ആറ് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ആലാപന, എഴുത്ത് ജീവിതത്തിനാണ് ഇപ്പോള്‍ ഇനിയൊരു തുടര്‍ച്ചയില്ലാത്ത വിധം മുറിവേറ്റിരിക്കുന്നത്. കല്യാണവീടുകളില്‍ മാത്രം ഒതുങ്ങിയിരുന്ന മാപ്പിളപ്പാട്ടുകളെ ഓര്‍ക്കസ്ട്രയുടെ അകമ്പടിയുള്ള സ്റ്റേജിലേറ്റി ജനമനസുകളിലേക്ക് കൈപിടിച്ച് നടത്തിയത് വി എം കുട്ടിയായിരുന്നു. മാപ്പിളപ്പാട്ടിന്റെ സകല മേഖലകളെയും ആ കൈവിരലുകള്‍ തൊട്ടു തലോടി പരിപോഷിപ്പിച്ചു. പാടുന്നതിനൊപ്പം എഴുതുകയും സംഗീതം ചെയ്യുകയും പുതിയ പ്രതിഭകളെ വാര്‍ത്തെടുക്കുകയും ചെയ്തു വി എം കുട്ടി. വീടകങ്ങളിലോ കല്യാണവേദികളിലോ ഒതുങ്ങിപ്പോകുമായിരുന്ന പ്രതിഭാധനരായ ഒരുപിടി ഗായകരെ മലയാളികളുടെ ഖല്ബകത്തേക്കാനയിച്ചത് വി എം കുട്ടിയാണ്.
മുസ്ലിം സമുദായത്തില്‍ യാഥാസ്ഥിതിക മനോഭാവം പിടിമുറുക്കിയിരുന്ന കാലം. പാട്ടിനോടും മാപ്പിള കലകളോടും അകാരണമായ വൈരം കൊണ്ടു നടന്നിരുന്നു സമുദായത്തിലെ ചിലയാളുകള്‍. ഇക്കൂട്ടരെ ഭയന്ന് ഉള്ളിലുള്ള താളവും കലാവാസനയും മനസ്സകത്തു തന്നെ ഖബറടക്കേണ്ടി വന്നു പല പ്രതിഭകള്‍ക്കും. യാഥാസ്ഥിതിക കുടുംബത്തിലാണ് പിറവിയെങ്കില്‍ ആ കുഞ്ഞുങ്ങള്‍ക്ക് ഇത്തരം വാസനകളെ സ്വപ്നം പോലും കാണാനൊക്കില്ല. അത്തരമൊരു കൂട്ടുകുടുംബ തറവാട്ടിലേക്കാണ് മുഹമ്മദ് കുട്ടി എന്ന വി എം കുട്ടി പിറന്നു വീഴുന്നത്. ഒട്ടും സംഗീത സാഹിത്യ പാരമ്പര്യമില്ലാത്ത അവനില്‍ പക്ഷേ സംഗീത സാഹിത്യ അഭിരുചി വേണ്ടുവോളമുണ്ടായിരുന്നു. തന്റെ പ്രതിഭ നോട്ടുബുക്കില്‍ കുറിച്ചിടുമ്പോള്‍ അഭിനന്ദനത്തിനു പകരം നിരുത്സാഹപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളുമായിരുന്നു അവന് ലഭിച്ചത്. പലപ്പോളും ചൂരലു കൊണ്ടുള്ള അടി വരെ കിട്ടി. വി എം കുട്ടിക്ക് ഒറ്റപ്പിലാക്കല്‍ ഫാത്തിമ എന്നു പേരുള്ള ഒരമ്മായിയുണ്ടായിരുന്നു. വിവാഹ മോചിതയായിരുന്ന അവര്‍ കുടുംബത്തിലെയും അയല്‍വീടുകളിലെയും കല്യാണ രാവുകളില്‍ ഒപ്പനപ്പാട്ടുകള്‍ ഈണത്തില്‍ പാടാറുണ്ടായിരുന്നു. അവര്‍ ഇടയ്ക്ക് താമസിക്കാനായി വി എം കുട്ടിയുടെ വീട്ടില്‍ വരും. പത്തും പതിനഞ്ചും ദിവസമൊക്കെ അവര്‍ അവിടെ താമസിക്കും. പാട്ടു പാടും. അമ്മായിയുടെ പാട്ടുകള്‍ക്ക് പതിയെ ചുണ്ടനക്കി മുഹമ്മദ് കുട്ടി തന്റെ ഉള്ളിലുള്ള ഗായകനെ തൃപ്തിപ്പെടുത്തി. അമ്മായിയാണ് മാപ്പിളപ്പാട്ടിന്റെ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നതും ആദ്യമായി വി എം കുട്ടിക്ക് ഒരു മാപ്പിളപ്പാട്ട് പഠിപ്പിക്കുന്നതും.
”കാളപൂട്ടിന്റതിശയം പലരുമെ പറഞ്ഞ പൂതി – എന്റെ
കാലികള്‍ കൊണ്ടൊരുവിധം ഞാന്‍ ചെന്നണഞ്ഞ ചേതീ…’‘
വി എം കുട്ടി എന്ന മാപ്പിളപ്പാട്ട് സുല്‍ത്താന്റെ ആദ്യ ഗാനം ഇതായിരുന്നു.
പിന്നീട് നാട്ടുമ്പുറങ്ങളിലെ കല്യാണ വീടുകളില്‍ സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ വി എം കുട്ടി പാടിത്തുടങ്ങി. പാട്ടിനേക്കാളേറെ ചിത്രം വരക്കുന്നതിലും സാഹിത്യ രചനകളിലുമായിരുന്നു അദ്ദേഹത്തിന് താല്പര്യം. നാട്ടിലെ കല്യാണപ്പന്തലുകളിലും ആഘോഷ പരിപാടികളിലും വി എം കുട്ടി ഒരു അവിഭാജ്യ ഘടകമായി. 1945 ലാണ് അദ്ദേഹം മാപ്പിളപ്പാട്ട് രംഗത്ത് സജീവമാകുന്നത്. ആകാശവാണിയില്‍ മൂന്നു മാസത്തിലൊരിക്കല്‍ നാട്ടിന്‍പുറം പരിപാടി അവതരിപ്പിക്കാനുള്ള അവസരം കുട്ടിമാഷിന് കൈവന്നു. കേരളത്തിലെ പ്രശസ്തരും പ്രമുഖരുമായ സാഹിത്യ കലാ പ്രതിഭകള്‍ റേഡിയോയില്‍ സേവനമനുഷ്ഠിക്കുന്ന കാലമായിരുന്നു അത്. റേഡിയോയുമായുള്ള ഈ ബന്ധം പി ഭാസ്കരന്, കെ രാഘവന് മാസ്റ്റര്‍, ഉറൂബ്, തിക്കോടിയന്, അക്കിത്തം, കെ എ കൊടുങ്ങല്ലൂര്‍, കെ പി ഉദയഭാനു, ടി ഉബൈദ്, എസ് എം കോയ തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കാന്‍ കുട്ടി മാഷിന് അവസരമൊരുക്കി.
ഈ ബന്ധങ്ങള്‍ അദ്ദേഹത്തിന്റെ മാപ്പിളപ്പാട്ട് രചനക്കും ആലാപനത്തിനുമെല്ലാം മുതല്‍ക്കൂട്ടായി. പിന്നീട് ദ്രുതഗതിയിലായി അദ്ദേഹത്തിന്റെ വളര്‍ച്ച. കുട്ടീസ് ഓര്‍ക്കസ്ട്ര എന്നപേരില്‍ ഒരു സംഗീതസംഘം അദ്ദേഹം സ്വന്തമായി രൂപീകരിച്ചു.
ഗായകന് എന്നതിനോടൊപ്പം മികച്ച ഗാനങ്ങള്‍ രചിക്കാനും അദ്ദേഹത്തിന് സാധിച്ചു. ആരാധനയുടെ ഭാവം പേറുന്ന, ഇസ്ലാഹിന്റെ തീ തുപ്പുന്ന, ചരിത്ര പുഷ്പങ്ങള്‍ വിതറുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നുയിര്ക്കൊണ്ടിട്ടുണ്ട്.
തെറ്റ് സംഭവിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ അത് തെറ്റാണെന്നു കണ്ടെത്തി പാപമോചനത്തിനിരക്കുന്നവനാണ് യഥാര്‍ഥ വിശ്വാസി. വി എം കുട്ടി എഴുതിയ ‘തൗബ ക്ക് വേണ്ടി’ എന്നു തുടങ്ങുന്ന ഗാനം അത്തരത്തിലൊന്നാണ്.
”തൗബക്കു വേണ്ടി കരം നീട്ടും പാപി ഞാന്‍
തിന്മയില് തുള്ളി പുളച്ചു മഥിച്ചു ഞാന്‍
കവിളിലൊലിക്കുന്ന ചുടുകണ്ണീര് കണ്ടില്ലേ
ഖല്‍ബിന്റെ ഉള്ളറ കാണുന്നോന്‍ നീയല്ലേ..”
കൃത്യമായും ഒരു വിശ്വാസിയുടെ മനസ് എങ്ങനെയാണോ തൗബക്കൊരുങ്ങേണ്ടത്, അതേ പോലെ തന്നെയാണ് അദ്ദേഹം വരികള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. തെറ്റുകള്‍ ഏറ്റുപറഞ്ഞ് പ്രപഞ്ച നാഥന്റെ കരുണക്കായി കേഴുകയാണ് ഈ ഗാനത്തിലൂടെ.
”യാ ഇലാഹീ, ഇരുകരമുയര്‍ത്തി കരയുന്നേ
എന്റെ യാതനകള്‍ നിന് തിരുമുമ്പില്‍ നിവര്ത്തുന്നേ..” എന്ന രചനയും അത്തരത്തിലുള്ള ഒന്നാണ്.
സാമൂഹ്യ തിന്മകള്‍ക്കെതിരെയും മതത്തിന്റെ പേരു പറഞ്ഞ് നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെയും അദ്ദേഹം തൂലിക പടവാളാക്കിയിട്ടുണ്ട്.
”പടച്ചോനേ ഇന്ന് പടപ്പുകല് തമ്മില്‍ പടവെട്ടും കളി കണ്ട്
പിടപിടക്കുന്നിടനെഞ്ചിന്നകം ഇടങ്ങേറിന് കൊടി കൊണ്ട്
പിടിച്ച് വെക്കലും കഴുത്തറുക്കലും പൊതുജനം പതിവാക്കി
പല തരത്തിലും പല ദ്രോഹം ചെയ്ത് പടച്ചോനേ നാട് മാറ്റി..”
എന്ന രചന അത്തരത്തിലൊന്നാണ്. കടുത്ത സാമൂഹ്യ വിമര്‍ശനമാണ് വി എം കുട്ടി ഈ രചനയിലൂടെ നടത്തിയിരിക്കുന്നത്.

ഒരു കാലത്ത് തോന്നിയപോലെ വിവാഹം ചെയ്യുകയും അതുപോലെ തന്നെ വിവാഹ മോചനം നടത്തുകയും ചെയ്തിരുന്ന പതിവുണ്ടായിരുന്നു ചില ആണുങ്ങള്‍ക്ക്. അവര്‍ അതിന് കൂട്ടു പിടിച്ചിരുന്നത് ശരീഅത്തിനെയായിരുന്നു എന്നതാണ് ഏറെ സങ്കടകരം. ഈ മതത്തിനെ വക്രീകരിച്ചുള്ള സാമൂഹ്യ ചൂഷണത്തെയും വി എം കുട്ടി പേന കൊണ്ടെതിര്ക്കുന്നുണ്ട്.
”കെട്ടലും ചൊല്ലലും പിന്നെയും കെട്ടലും ദീനിന് വിധിയല്ല, ഇസ്ലാം ദീനിന് വിധിയല്ല
തോന്നിയോര്‍ തോന്നിയ പോലെ നടക്കണ ചേല് ശരിയല്ല
ശരീഅത്തിന് വിധിയല്ല..”
എന്നു തുടങ്ങുന്ന ഗാനത്തില്‍ പിന്നീട് വരുന്ന വരികളില്‍ ദൈവ ദാസന്മാരില് നിന്ന് ഇത്തരം ദുഷ്പ്രവൃത്തികല് ഉണ്ടാവില്ലെന്നും അടിവരയിടുന്നുണ്ട്.
”മൊഴിചൊല്ലി പെണ്ണിനെ നട്ടം തിരിപ്പിക്കും നിയമം അതിലില്ല
ദൈവ വിളിക്ക് വഴിപ്പെട്ടോര് ഇത്തരം വേലകള്‍ കാട്ടില്ല..”
എന്ന് പറയുന്നതിലൂടെ ഈ കാര്യത്തെയാണ് വി എം കുട്ടി അടിവരയിടുന്നത്.
വിശ്വാസിയുടെ ഉള്ളകത്തില്‍ ഒളിമിന്നുന്ന ആഗ്രഹങ്ങളുടെ ഒരു വര്‍ണ ചിത്രം പാട്ടായി പുറത്തിറക്കിയിട്ടുണ്ട് വി എം കുട്ടി.
”ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅബം കിനാവ് കണ്ട്
ശജറത്ത് പൂത്ത സുബര്‍ക്കത്തിന്‍ വാതില്‍ കണ്ട്..”
എന്ന ഗാനം അത്തരമൊരു മനോഹര സ്വപ്നം കോറിയിടലാണ്. ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ അതിവിശാലമായ ഒരു കാഴ്ച തന്നെ ഈ രചനയിലുണ്ട്.
വിശ്വാസിയുടെ മനസകങ്ങളില്‍ ഭക്തിയും ദിക്റും കോരിയിടുന്നതോടൊപ്പം പരിവര്‍ത്തനത്തിന്റെ കാറ്റ് കൂടി വീശുന്ന ഒട്ടനവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയിലൂടെയും ശബ്ദത്തിലൂടെയും പിറന്നു വീണിട്ടുണ്ട്. കിളിയേ ദിക്ര് പാടിക്കിളിയേ, അറഫാ മലയിലെ പൂങ്കാറ്റേ, ആദി പെരിയവന്‍, അറിവിന്റെ മതി പൊങ്ങി, അധിപതിയായ തുടങ്ങി അനേകം പാട്ടുകള്‍ ആ ഗണത്തിലുണ്ട്.
മൂര്‍ച്ഛയുള്ള സാമൂഹ്യ വിമര്‍ശനങ്ങളിലേക്ക് ചേര്‍ത്തു വെക്കാവുന്ന ഒരു ഗാനമാണ് ‘കേള്‍ക്കണോ പൊന്നാങ്ങളെ ഇന്നെന്റെ കഷ്ടപ്പാട്..’ എന്ന ഹിറ്റ് ഗാനം.
”ഉമ്മയും ഉപ്പായിരിക്കെ ഞാന്‍ യതീമായ് മാറി
ഉപ്പയും പൊന്നുമ്മയുമെന് ഖല്‍ബ് കുത്തിക്കീറി
ഉമ്മവെച്ചുറക്കുവാനൊരുത്തരുമിന്നില്ല
ഉണ്ണുവാനൊപ്പമിരിക്കാന് ഉമ്മ ബാപ്പയില്ല”
ഉമ്മയും ബാപ്പയും വിവാഹ മോചിതരായ ഒരു കുട്ടിയുടെ സങ്കടക്കരച്ചിലാണ് ഈ ഗാനത്തിലൂടെ വി എം കുട്ടി മാഷ് വരച്ചിടുന്നത്. താന്താങ്ങളുടെ ഈഗോ തീര്‍ക്കാനായി വിവാഹ മോചനത്തില്‍ അഭയം തേടുന്ന രക്ഷിതാക്കള്‍ കുട്ടികളോട് എന്താണ് ചെയ്യുന്നതെന്ന് ഈ ഗാനം കൃത്യമായി പറയുന്നുണ്ട്. ഏറെ തരംഗം തീര്‍ത്ത ‘അറബ് നാട്ടില്‍ അകലെയെങ്ങാണ്ടിരിക്കും ബാപ്പ അറിയാന്‍’ എന്ന ഗാനവും കുട്ടി മാഷ് എന്ന സര്‍ഗ പ്രതിഭയുടെ തൂലികത്തുമ്പില്‍ വിരിഞ്ഞതാണ്.
കേരളത്തിലെ ഒരുവിധപ്പെട്ട മുന്‍നിര മാപ്പിളപ്പാട്ട് ഗായികമാരുടെയെല്ലാം ആദ്യ തട്ടകം കുട്ടീസ് ഓര്‍ക്കസ്ട്രയായിരുന്നു. മാഷിനു കീഴില്‍ പഠിച്ച് വേദികള്‍ കീഴടക്കാന്‍ അവര്‍ക്കൊക്കെ സഹായകമായത് കുട്ടീസ് ഓര്‍ക്കസ്ട്ര എന്ന മാഷിന്റെ സംരംഭമായിരുന്നു. മാസത്തില്‍ 28 ഉം 30 പരിപാടികള്‍ വരെ അവതരിപ്പിച്ച് കളത്തില്‍ നിറഞ്ഞു നിന്ന ഓര്‍ക്കസ്ട്രയായിരുന്നു അത്.
ആയിഷ സഹോദരിമാര്‍, വിളയില്‍ വത്സല(ഫസീല), മുക്കം സാജിത തുടങ്ങി പ്രതിഭാധനരായ ഒട്ടേറെ പേര്‍ക്ക് വെള്ളിവെളിച്ചത്തിലേക്ക് വഴിയൊരുക്കിയത് വി എം കുട്ടി മാഷാണ്. മാഷിന്റെ ട്രൂപ്പില്‍ പാടാന്‍ അവസരം ലഭിക്കുന്നത് വലിയ സൗഭാഗ്യമായിട്ടായിരുന്നു എല്ലാവരും കണ്ടിരുന്നത്. ബാബുരാജ്, എസ് എം കോയ തുടങ്ങിയ പ്രതിഭകളും അദ്ദേഹത്തിന്റെ ട്രൂപ്പില്‍ പാടുകയുണ്ടായി.
യാഥാസ്ഥിതികതയുടെ അമ്പുകള്‍ അദ്ദേഹത്തിനും സംഘത്തിനും നേരെ ഒരുപാടുണ്ടായിട്ടുണ്ട്. പാട്ട് വിലക്കിയും സംഗീതോപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ചുമെല്ലാം തങ്ങളുടെ വിരോധമറിയിച്ച എത്രയോ അനുഭവങ്ങള്‍. കാലം പിന്നിട്ടപ്പോള്‍ ഇതേ ആളുകള്‍ തന്നെ അദ്ദേഹത്തിന്റെ പാട്ടുകള്‍ ആനന്ദത്തോടെ ആസ്വദിച്ചതായും കണ്ടു.
ഒരു തലമുറക്കു മുഴുവന്‍ മികവാര്‍ന്ന സംഗീതം പകര്‍ന്നു നല്‍കിയിട്ടുണ്ട് എല്ലാവരും സ്നേഹ പൂര്‍വം കുട്ടി മാഷ് എന്നു വിളിക്കുന്ന വി മുഹമ്മദ് കുട്ടി. ഔദ്യോഗികമായി ഒരു ഗുരുവില്ലാതിരുന്നിട്ടും മലയാളി ഗാനാസ്വാദകര്ക്കേറ്റവും പ്രിയപ്പെട്ടവനായി മാറിയ പ്രതിഭാസമായിരുന്നു കുട്ടി മാഷ്. മാപ്പിളപ്പാട്ടിലായിരുന്നു അദ്ദേഹം ജീവിച്ചതു തന്നെ. ഒരു നനവുള്ള ഈണം പോലെ വിയോഗവും.
