യാത്ര
ഫാത്തിമ സുഹാന
നടന്നു നടന്ന്
അറ്റമെന്ന് തോന്നിക്കുന്ന
ഒരിടത്തെത്തുമ്പോള്‍
ഒരിക്കലും തിരിഞ്ഞു നോക്കരുത്…
അല്ലെങ്കിലും
തിരിഞ്ഞു നോട്ടങ്ങള്‍
അക്ഷരം മാഞ്ഞുപോയ
കവിത പോലെയാണ്…
അര്‍ഥമെന്തെന്ന്
ചികഞ്ഞെടുക്കാന്‍ കഴിയാത്തതാണ്…
ചേര്‍ത്തുപിടിച്ച
കൈകളൊക്കെയും വിട്ട്
ബാക്കിയായ
മുഴുവന്‍ നേരങ്ങളെയും
ചേര്‍ത്തുപിടിച്ചു നോക്കൂ…
അറ്റമാണതെന്ന്
തോന്നിപ്പിക്കാത്ത പോലെ
സ്വയം മായ്ച്ചു നോക്കൂ…
ഭൂമിയിലൊരിടത്തും
അടയാളങ്ങള്‍ ബാക്കിയാക്കാതെ
മരിച്ചുപോകുന്ന
നിഴലിനെ പോലെ…
യാത്ര പറയാതെ…
തണുത്ത് മരവിക്കാതെ
എത്ര സുന്ദരമായി
മാഞ്ഞു പോയേക്കാം…
എഴുതി തീര്‍ന്നിട്ടും
ഒളിപ്പിച്ചുവെച്ച
കവിതയെ പോലെ
അത്രയും സ്വകാര്യമായി
അവസാനയാത്ര പറയാം…