26 Thursday
December 2024
2024 December 26
1446 Joumada II 24

പ്രമാണവിരുദ്ധമായ പണ്ഡിതാഭിപ്രായങ്ങള്‍

പി കെ മൊയ്തീന്‍ സുല്ലമി


വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ് ഇസ്‌ലാമിന്റെ പ്രധാനപ്പെട്ട പ്രമാണങ്ങള്‍ എന്ന വിഷയത്തില്‍ മുസ്‌ലിം ലോകത്ത് തര്‍ക്കമില്ല. താഴെ വരുന്ന ഖുര്‍ആന്‍ വചനങ്ങളും ഹദീസും അക്കാര്യം ഉണര്‍ത്തുകയും ചെയ്യുന്നു. അല്ലാഹു അരുളി: ഏതൊരാള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്’ (നിസാഅ് 13)
സ്വര്‍ഗം ലഭിക്കണമെങ്കില്‍ അല്ലാഹുവിനെയും റസൂലിനെയും (ഖുര്‍ആനും സുന്നത്തും) അനുസരിച്ച് ജീവിക്കണമെന്നാണ് മേല്‍ വചനം ഉണര്‍ത്തുന്നത്. മറ്റൊരു വചനത്തില്‍ അല്ലാഹു ഉണര്‍ത്തുന്നത് ഇപ്രകാരമാണ്: ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയുകയും ചെയ്യരുത്’ (മുഹമ്മദ് 33)
മേല്‍ വചനം ഉണര്‍ത്തുന്നത് വിശ്വാസ കര്‍മങ്ങളില്‍ അല്ലാഹുവിനെയും റസൂലിനെയും നാം അനുസരിക്കാത്ത പക്ഷം കര്‍മങ്ങള്‍ നിഷ്ഫലമായിത്തീരുമെന്നാണ്. വേറൊരു വചനത്തില്‍ അല്ലാഹു ഉണര്‍ത്തുന്നു: ‘പറയുക, നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവീന്‍. ഇനി അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നതല്ല’ (ആലുഇംറാന്‍ 32). മൂന്നാമത്തെ വചനത്തില്‍ അല്ലാഹു താക്കീത് ചെയ്യുന്നത് ദീനീ കാര്യങ്ങളില്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാതിരിക്കല്‍ കുഫ്‌റാണ്(സത്യനിഷേധം) എന്നാണ്. നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം അല്ലാഹുവിന്റെ റസൂലിനെ അനുസരിച്ചെങ്കില്‍ മാത്രമേ അല്ലാഹുവെ (ഖുര്‍ആനിനെ) അനുസരിച്ചവരായിത്തീരുകയുള്ളൂ. അല്ലാഹു അരുളി: നബിയേ, പറയുക. നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്ന പക്ഷം എന്നെ നിങ്ങള്‍ പിന്‍തുടരുക’ (ആലുഇംറാന്‍ 31). മറ്റൊരു വചനം ഇപ്രകാരമാണ്: ‘അല്ലാഹുവിന്റെ ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവര്‍ അല്ലാഹുവിനെ അനുസരിച്ചു’ (നിസാഅ് 80)
ഒരു മുസ്‌ലിം ഖുര്‍ആന്‍ മാത്രം അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ മാത്രം പോരാ. അല്ലാഹുവിന്റെ റസൂല്‍(സ) പഠിപ്പിച്ച ചര്യകളും അംഗീകരിക്കണം. കാരണം, ഖുര്‍ആനിന്റെ വിശദീകരണമാണ് സുന്നത്ത്. ഖുര്‍ആനില്‍ അല്ലാഹു ഇന്ന വചനത്തില്‍ എന്താണ് പറഞ്ഞതെന്ന് നമുക്ക് സമ്പൂര്‍ണമായും ബോധ്യപ്പെടണമെങ്കില്‍ ഹദീസുകളിലൂടെ മാത്രമേ അതിന് സാധ്യമാകൂ. ഹദീസ് തന്നെ ഖുര്‍ആനിന് വിരുദ്ധവും എതിരുമാണെങ്കില്‍ അത് നബി(സ) പറഞ്ഞതാണെന്ന് വിശ്വസിക്കാന്‍ ഒരിക്കലും സാധ്യമല്ല. അതിനാല്‍ ഖുര്‍ആനിന് വിരുദ്ധമല്ലാത്തതും ഖുര്‍ആനിനെ ശരിവെക്കുന്നതുമായ ഹദീസുകള്‍ നബിവചനമായി പരിഗണിക്കാവുന്നതാണ്.
ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി എത്ര വലിയ പണ്ഡിതന്‍ അഭിപ്രായം പറഞ്ഞാലും അതൊന്നും ഇസ്‌ലാമില്‍ പ്രമാണമേ അല്ല. ഖേദകരമെന്നു പറയട്ടെ, ഈ അടുത്തകാലത്ത് ചില നവയാഥാസ്ഥിതികര്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ലേബലില്‍ കടുത്ത ഖുറാഫാത്തുകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. അവരുടെ പ്രമാണങ്ങള്‍ ഖുര്‍ആനോ സ്വഹീഹായി നബി(സ)യില്‍ നിന്ന് സ്ഥിരപ്പെട്ട ഹദീസുകളോ അല്ല. മറിച്ച്, ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി വന്നിട്ടുള്ള ദുര്‍ബല നിര്‍മിത റിപ്പോര്‍ട്ടുകളും പണ്ഡിതാഭിപ്രായങ്ങളും മാത്രമാണ്. ഇത്തരക്കാര്‍ ഏതെങ്കിലും പണ്ഡിതന്മാരെ അന്ധമായി അനുകരിച്ചു പോരുന്നവരാണ്. വൃത്തികേടാകും വിധം നീട്ടിവളര്‍ത്തിയ താടിയില്‍ നിന്ന് ഏതെങ്കിലും ഒരു സത്യവിശ്വാസി അല്‍പം രോമങ്ങള്‍ വെട്ടിയെടുത്താല്‍ അത് ഹറാമാണ് എന്നാണ് ഇബ്‌നുബാസ്(റ)യുടെ ഫത്‌വ. ഇത് അന്ധമായി അനുകരിച്ചു കൊണ്ട് പുസ്തകം എഴുതിയവര്‍ പോലും നവയാഥാസ്ഥിതികരിലുണ്ട്. അത് ശ്രദ്ധിക്കുക:’താടിമുറിച്ച് ചെറുതാക്കലും വടിക്കലും നബി(സ) നിഷിദ്ധം (ഹറാം) ആക്കിയിട്ടുണ്ട്’ (താടി വളര്‍ത്തല്‍ നിര്‍ബന്ധം പേജ് 11, നരിമുക്കില്‍ അബ്ദുല്ല, സഹല്‍ സാക്കിര്‍). ഇബ്‌നുബാസ്(റ)യുടെ ഫത്‌വകളെ അടിസ്ഥാനപ്പെടുത്തി മേല്‍ പറഞ്ഞ രണ്ട് പേരും കൂടി എഴുതിയ പുസ്തകമാണിത്. ഈ വിഷയത്തില്‍ മുഹമ്മദല്‍ ജിബാലി എന്ന വ്യക്തി രേഖപ്പെടുത്തിയതും കൂടി ശ്രദ്ധിക്കുക: ‘ഇക്കാലഘട്ടത്തിലുള്ള പണ്ഡിതന്മാരെല്ലാം താടിവടിക്കുന്നതും അത് വെട്ടിച്ചുരുക്കുന്നതും നിഷിദ്ധമാണെന്ന് സ്പഷ്ടമാക്കിയിട്ടുണ്ട്’ (താടി ഇസ്‌ലാമിന്റെ ചിഹ്നം, പേജ് 12,13)
മേല്‍ പറഞ്ഞ അഭിപ്രായം സ്വഹീഹായ ഹദീസുകളുടെ അടിസ്ഥാനത്തില്‍ അബദ്ധമാണ്. കാരണം, മുത്തബിഉസ്സുന്ന (നബിചര്യ കണിശമായി പിന്തുടരുന്ന വ്യക്തി) എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബിയാണ് ഇബ്‌നുഉമര്‍(റ). അദ്ദേഹത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇപ്രകാരമാണ്: ‘അദ്ദേഹം ഹജ്ജും ഉംറയും ചെയ്തു കഴിഞ്ഞാല്‍ താടി ഒരു പിടുത്തം പിടിച്ച് തെറിച്ചു നില്‍ക്കുന്ന മുടി വെട്ടിക്കളയാറുണ്ടായിരുന്നു’ (ബുഖാരി). ഇബ്‌നുബാസ്(റ)യെക്കാള്‍ എത്രയോ മടങ്ങ് അറിവുള്ള പണ്ഡിതന്മാരാണ് 4 ഇമാമുകളും. അവരൊക്കെ മേല്‍ പറഞ്ഞ ഹദീസിന്റെ അടിസ്ഥാനത്തില്‍ താടിവെട്ടിച്ചെറുതാക്കുന്നതില്‍ വിരോധമില്ല എന്ന് ഫത്‌വ നല്‍കിയവരാണ് (അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍ അര്‍ബഅ 2/ 44,45,46). അതുപോലെ ഇമാം മാലികിന്റെ അല്‍മുവത്വ 2/949 ഉം ഇമാം ശൗക്കാനിയുടെ നൈലുല്‍ ഔത്വാര്‍ 1/136 ഉം നോക്കുക.
ഇസ്‌ലാമില്‍ പ്രമാണങ്ങള്‍ക്ക് മാത്രമേ സ്ഥാനമുള്ളൂ. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ പ്രസിദ്ധീകരണങ്ങളിലും ഗ്രന്ഥങ്ങളിലും ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധങ്ങളായ വല്ല ആശയങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതൊന്നും ഇസ്്‌ലാമില്‍ രേഖകളായോ പ്രമാണങ്ങളായോ അംഗീകരിക്കപ്പെടുന്നതല്ല. ഖാലകളും ഖീലകളും പ്രമാണമല്ല.
അഹ്‌ലുല്‍ ഹദീസിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവര്‍ ഏറ്റവും വലിയ ഒരു പണ്ഡിതനായി അംഗീകരിക്കപ്പെടുന്ന വ്യക്തിയാണ് ഇബ്‌നുതൈമിയ്യ(റ). അതുപോലെ മദ്ഹബുകാരും അല്ലാത്തവരും ഏറ്റവുമധികം പ്രാമുഖ്യം നല്‍കുന്ന ഒരു പണ്ഡിതനാണ് ഇമാം നവവി(റ). ഇവര്‍ രണ്ടുപേരും മാത്രമല്ല, മറ്റുള്ള ഏത് പണ്ഡിതന്മാരായിരുന്നാലും അവരുടെ അഭിപ്രായങ്ങള്‍ ഖുര്‍ആനിനും സുന്നത്തിനും അനുകൂലമാണെങ്കില്‍ സ്വീകരിക്കാം. അല്ലാത്ത പക്ഷം തള്ളിക്കളയേണ്ടതാണ്. ഉദാഹരണത്തിന് ബറാത്ത് രാവിന് പുണ്യമുണ്ടെന്ന് അഹ്‌ലുല്‍ ഹദീസുകാരനായ ഒരു സലഫിയും അംഗീകരിക്കാറില്ല. കാരണം, പ്രസ്തുത രാവിനെക്കുറിച്ച് വന്നിട്ടുള്ള പോരിശകളെല്ലാം നിര്‍മിത ഹദീസുകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്. എന്നാല്‍ ഇബ്‌നുതൈമിയ(റ) പ്രസ്തുത രാവിനെക്കുറിച്ച് രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ‘ശഅ്ബാന്‍ പാതിരാവിന്റെ (ബറാത്ത്) ശ്രേഷ്ഠതയെക്കുറിക്കുന്ന കുറെ മര്‍ഫൂആയ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നബി(സ)യിലേക്ക് ഉയര്‍ത്തപ്പെട്ട അത്തരം ഹദീസുകളിലും പ്രസ്താവനകളിലും പ്രസ്തുത രാവ് ശ്രേഷ്ഠമാക്കപ്പെട്ടതാണെന്ന് തെളിയിക്കുന്നു. അന്ന് സലഫുകളില്‍പെട്ട ചിലര്‍ പ്രത്യേകം പ്രാര്‍ഥന നടത്താറുണ്ടായിരുന്നു’ (ഇക്തിദ്വാഉ സ്സ്വിറാത്വില്‍ മുസ്തഖീം 2/136, 137). അതുപോലെ തല്‍ഖീന്‍ (ഖബ്‌റാളിക്ക് മലക്കിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊടുക്കല്‍) ബിദ്്ത്താണെന്നും പ്രസ്തുത വിഷയത്തില്‍ വന്ന ഹദീസുകള്‍ ദുര്‍ബലങ്ങളാണെന്നും സലഫികള്‍ വിശ്വസിച്ചുപോരുന്നു.
എന്നാല്‍ ഇബ്‌നുതൈമിയ്യ(റ) തല്‍ഖീന്‍ അനുവദനീയമാണെന്ന അഭിപ്രായക്കാരനാണ്. ‘അബൂ ഉമാമയെപ്പോലെയുള്ളവരും മറ്റു സ്വഹാബികളില്‍ ചിലരും ഈ പറയപ്പെട്ട തല്‍ഖീനിനെ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. ഇമാം അഹ് മദും(റ) മറ്റു ചില പണ്ഡിതന്മാരും തല്‍ഖീന്‍ കൊണ്ട് ദോഷമില്ല എന്ന് പ്രസ്താവിച്ചിട്ടുണ്ട്’ (ഫതാവല്‍ കുബ്‌റാ 1/232). മേല്‍ പറഞ്ഞ രണ്ട് വിഷയങ്ങളിലും ഇബ്‌നുതൈമിയ്യ(റ) തന്റെ ഇമാമായ അഹ്മദുബ്‌നു ഹന്‍ബലി(റ)നെ ന്യായീകരിക്കുകയാണ്. അതിനാല്‍ ഇബ്‌നുതൈമിയ്യ(റ)യെ ദീനില്‍ നിരുപാധികം തെളിവാക്കാവതല്ല. അതുപോലെതന്നെയാണ് ഇമാം നവവിയും. സ്വുബ്ഹിയിലെ ഖുനൂത്തിനെ സംബന്ധിച്ച് വന്നിട്ടുള്ള ഹദീസുകളെല്ലാം ദുര്‍ബലങ്ങളാണ്. അതുകൊണ്ടാണ് മൂന്ന് മദ്ഹബുകാരും സലഫികളും ഖുനൂത്ത് നിര്‍വഹിക്കാത്തത്. ശാഫിഈ മദ്ഹബില്‍ മാത്രമാണ് സ്വുബ്ഹിക്ക് ഖുനൂത്തുള്ളത്.
ഇമാം നവവി(റ)യുടെ പ്രസ്താവന ശ്രദ്ധിക്കുക: ‘നിങ്ങള്‍ മനസ്സിലാക്കണം, സ്വുബ്ഹിയിലെ ഖുനൂത്ത് ദീനില്‍ ചര്യയാക്കപ്പെട്ടിരിക്കുന്നു. അത് പ്രബലമായ സുന്നത്താണ്. വല്ലവനും അത് ഉപേക്ഷിക്കുന്ന പക്ഷം നമസ്‌കാരം ദുര്‍ബലപ്പെട്ടു പോകുന്നതല്ല’ (അദ്കാര്‍ പേജ് 48). അതുപോലെ പെരുന്നാള്‍ നമസ്‌കാരം മൈതാനിയില്‍ വെച്ചാണ് നിര്‍വഹിക്കേണ്ടതെന്ന് ഇമാം ബുഖാരി ഒരധ്യായം തന്നെ കൊടുത്തിട്ടുണ്ട്. ഫത്ഹുല്‍ബാരി 3/507ല്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം മുസ്‌ലിം തന്റെ സ്വഹീഹ് മുസ്്‌ലിം 3/445ലും ഒരധ്യായം എന്ന നിലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇമാം നവവിയുടെ പ്രസ്താവന അതിന് വിരുദ്ധമാണ്. അതിപ്രകാരമാണ് :’പെരുന്നാള്‍ നമസ്‌കാരത്തിന് ഏറ്റവും ശ്രേഷ്ഠമായ സ്ഥലം പള്ളിയാകുന്നു’ (ശറഹു മുസ്് ലിം 3/445)
ഇവിടെ ഇമാം നവവി(റ) ഹദീസുകള്‍ക്ക് വിരുദ്ധമായി ശാഫിഈ മദ്ഹബിനെ പിന്തുണക്കുകയാണുണ്ടായത്. അതിനാല്‍ ഇമാം നവവി(റ)യെയും നിരുപാധിക പ്രമാണമാക്കാവതല്ല. വിശുദ്ധ ഖുര്‍ആനിനും തിരുസുന്നത്തിനും വിരുദ്ധമായ അഭിപ്രായങ്ങല്‍ ആര് പറഞ്ഞാലും അത് സ്വീകാര്യമല്ല. സ്വഹാബത്തും ഇമാമുകളും അത് വ്യക്തമാക്കിയിട്ടുണ്ട്. ഒന്നാം ഖലീഫ അബൂബക്കര്‍(റ) അനുവര്‍ത്തിച്ച നയം ശ്രദ്ധിക്കുക :’ഇമാം ബൈഹഖി സ്വഹീഹായ പരമ്പരയിലൂടെ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അബൂബക്കറി(റ)ന് വല്ല പ്രശ്‌നവും നേരിട്ടാല്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ ആവിഷയത്തില്‍ എന്താണ് പറഞ്ഞതെന്ന് നോക്കും. അതില്‍ പരിഹാരമില്ലെങ്കില്‍ സുന്നത്തിനെ അവലംബിക്കും. അതിലും പരിഹാരം കണ്ടില്ലെങ്കില്‍ സജ്ജനങ്ങളായ പണ്ഡിതന്മാരുടെ അഭിപ്രായം സ്വീകരിക്കും’ (ഫത്ഹുല്‍ ബാരി 17/115). ഇബ്‌നു അബ്ബാസ്(റ)വിന്റെ ചര്യയും അപ്രകാരമായിരുന്നു. ‘അദ്ദേഹത്തോട് വല്ല സംശയവും ചോദിക്കപ്പെട്ടാല്‍ ഖുര്‍ആനില്‍ പ്രതിവിധിയുണ്ടെങ്കില്‍ അത് പറയും. ഖുര്‍ആനില്‍ പരിഹാരമില്ലെങ്കില്‍ സുന്നത്തില്‍ വന്നത് പറയും’ (ദാരിമി 1/59)
നാല് ഇമാമുകളുടെയും ചര്യ അപ്രകാരമായിരുന്നു. ഇമാം അബൂഹനീഫയുടെ പ്രസ്താവന ശ്രദ്ധിക്കുക: ‘ഇബ്‌നുല്‍ ഖയ്യിം രേഖപ്പെടുത്തി: ‘ഒരു വിഷയത്തില്‍ പ്രശ്‌നം നേരിട്ടാല്‍ അല്ലാഹുവിന്റെ ഗ്രന്ഥം പ്രമാണമായി സ്വീകരിക്കും. അതില്‍ പരിഹാരമില്ലെങ്കില്‍ അല്ലാഹുവിന്റെ ദൂതന്റെ ചര്യ പരിഹാരമായി സ്വീകരിക്കും. അതിലും പരിഹാരമില്ലെങ്കില്‍ അവിടുത്തെ സ്വഹാബിയുടെ വാക്ക് തെളിവായി സ്വീകരിക്കും’ (ഇഅ്‌ലാമുല്‍ മുവഖ്ഖിഈന്‍). ഇമാം മാലികി(റ)ന്റെ പ്രസ്താവന ഇമാം ശഇഅ്‌റാനി വിശദീകരിക്കുന്നു. ‘ഏകകണ്ഠമായ തീരുമാനമില്ലാത്ത ആളുകളുടെ ഒറ്റപ്പെട്ട അഭിപ്രായങ്ങളെ നിങ്ങള്‍ സൂക്ഷിക്കണം. ദീനീ വിഷയങ്ങളില്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തെയും നബി(സ)യുടെ ചര്യയെയും മാത്രമേ നിങ്ങള്‍ പിന്തുടരാവൂ’ (മീസാനുല്‍ കുബ്‌റാ 1/59)
ഇമാം ശാഫിഇ(റ)ന്റെ പ്രസ്താവന നോക്കുക: ‘ഹദീസ് സ്വഹീഹാണെങ്കില്‍ (ഞാന്‍ ഉദ്ദേശിക്കുന്ന) അത് എന്റെ അഭിപ്രായമായിരിക്കും. മറ്റൊരു റിപ്പോര്‍ട്ടില്‍ എന്റെ പ്രസ്താവന നബിചര്യക്ക് വിരുദ്ധമാണെങ്കില്‍ എന്റെ പ്രസ്താവന മതിലില്‍ എറിയേണ്ടതാണ്’ (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1/519). ഇമാം അഹ്മദുബ്‌നു ഹന്‍ബലിന്റെ പ്രസ്താവനയും അപ്രകാരമായിരുന്നു. നിങ്ങള്‍ എന്നെയും ഇമാം മാലിക്കിനെയും ഔസാഇയെയും നഖിയെയും മറ്റുള്ളവരെയും അന്ധമായി അനുകരിക്കരുത്. അവരൊക്കെ ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നുമാണ് മതവിധി മനസ്സിലാക്കിയത്. അപ്രകാരം നിങ്ങളം സ്വീകരിക്കുക’ (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1/516). ഇബ്‌നുഹജര്‍(റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക: ‘ഖുര്‍ആനിനോന് യോജിപ്പുള്ള ഹദീസുകള്‍ മാത്രമേ സ്വീകരിക്കാവൂ’ (ഫത് ഹുല്‍ബാരി 17/39) .

Back to Top