15 Wednesday
January 2025
2025 January 15
1446 Rajab 15

മടക്കം

നാണിപ്പ അരിപ്ര

സമയമായാല്‍ വരുമവന്‍
വൈകാതെ
വാക്ക് തെറ്റിക്കാതെ…..
ഞാന്‍ വരാം… പോകാം
എന്നൊരാളും ഉര ചെയ്‌വതില്ല

സുഖവും ദുഃഖവും
തെറ്റും ശരിയും
കണ്ണീരും കൈപ്പും
രസിച്ച മാംസവും
രുചിച്ച ദേഹവും
ഒരു വെളുത്ത തുണിക്കെട്ടില്‍
ചീയാന്‍ തുടങ്ങുന്നു.

കാണുവാനാകില്ല
കാപട്യവാക്ക്യങ്ങള്‍…
നാട്യം വിളമ്പുവോര്‍
ശത്രുവായ് നിന്നെന്നെ
ഒളിയമ്പ് ചെയ്യുവോര്‍.

കാണുന്നു ഞാന്‍ മുന്നില്‍
കണ്ണീരുവാര്‍ക്കുന്ന
പാതിയെ,
പ്രണയിനിയെ,
പരിലാളനം കൊതിച്ചവരെ….

മായുന്നു ഞാന്‍
ഞാനെന്നഹന്തയും
വാശിയും
ദേഷ്യവും
വിദ്വേഷ ഭാഷയും

ഈ മഹാഭൂമിയെ
പ്രേമിച്ചു
മോഹിച്ചു
കാമിച്ചു
തീരാതെ…..
ഏകനായി
മടങ്ങുന്നു.

Back to Top