ഉയിഗൂര്‍ പള്ളി പൊളിച്ച സ്ഥലത്തെ നിര്‍മാണം ഹോട്ടല്‍ ബഹിഷ്കരിക്കും – അമേരിക്കന്‍ മുസ്ലികള്

ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗൂറുകളുടെ പള്ളി പൊളിച്ച സ്ഥലത്ത് നിര്‍മാണം നടത്തുന്ന അമേരിക്കന്‍ കമ്പനിയെ ബഹിഷ്കരിക്കാനൊരുങ്ങി അമേരിക്കന്‍ മുസ്ലിംകള്. അമേരിക്കയിലെ 40 മുസ്ലിം മനുഷ്യാവകാശ സംഘടനകളാണ് നിര്‍മാണം നടത്തുന്ന ഹില്‍ടണ്‍ ഹോട്ടല്‍സ് കമ്പനിയെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത്. പള്ളി പൊളിച്ച സ്ഥലത്ത് ഹോട്ടല്‍ പണിയാനൊരുങ്ങുകയാണ് ഹില്‍ടണ്‍ കമ്പനി. വിര്‍ജീനിയയിലെ ഹില്‍ടണ്‍ കമ്പനിയുടെ ആസ്ഥാനമന്ദിരത്തിനു മുന്നില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് സംയുക്ത കൂട്ടായ്മയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. ”ഹോട്ടലിന്റെ ആസൂത്രിതമായ നിര്‍മ്മാണം ഉയിഗൂര്‍ മുസ്ലിംകളുടെ സംസ്കാരത്തെയും വിശ്വാസത്തെയും നശിപ്പിക്കുന്നതിന് കാരണമാകും. ഞങ്ങള്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ അധികൃതര്‍ക്ക് തീരുമാനം പുനപ്പരിശോധിക്കാന്‍ നാല് മാസത്തിലധികം സമയം നല്‍കിയിരുന്നു. എന്നാല്‍ പുനര്‍വിചിന്തനം നടത്താന്‍ അവര്‍ തയാറായില്ല. അവര്‍ മൂല്യങ്ങളെക്കാള്‍ പ്രാധാന്യം ലാഭത്തിന് നല്കാന് തീരുമാനിച്ചു. മനുഷ്യാവകാശങ്ങള്‍ക്കുമേല്‍ സ്വന്തം നിലപാടുകള്‍ സ്ഥാപിക്കാന്‍ അവര്‍ തീരുമാനിച്ചു” -സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഹാദ് അവാദ് പറഞ്ഞു.
