സുഊദിയില്‍ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കുന്നു

‘വിഷന്‍ 2030’ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വികസന കുതിച്ചുചാട്ടം ലക്ഷ്യമാക്കിയുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് സുഊദി ഭരണകൂടം. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി സുഊദി പൗരന്മാരെ തൊഴില്‍ മേഖലകളില്‍ കേന്ദ്രീകരിക്കുന്നതിനായി വിദ്യാഭ്യാസ സംവിധാനത്തില്‍ മാറ്റം വരുത്താനൊരുങ്ങുന്ന പദ്ധതിക്ക് രൂപം നല്‍കി. സഹിഷ്ണുതയും കഠിനാധ്വാനവും ഉള്‍പ്പെടെയുള്ള മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ജോലി കണ്ടെത്തുന്നതിന് പൗരന്മാരെ സജ്ജരാക്കുന്നതിനും രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിമറിക്കാനാണ് പദ്ധതിയിടുന്നത്. ചെറിയ പ്രായം മുതല്‍ മുതിര്‍ന്നവരുടെ പഠന അവസരങ്ങള്‍ വരെയുള്ള വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളും നവീകരിക്കുമെന്ന് സുഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യ ശേഷി വികസന പദ്ധതി എന്ന പേരിലാണ് പദ്ധതി. രാജ്യത്ത് തൊഴിലില്ലായ്മ 11.7% ആയി തുടരുന്നതിനാല്‍ രാജ്യത്തിന്റെ വിദ്യാഭ്യാസ ഫലങ്ങളെ തൊഴില്‍ മേഖലയില്‍ മികച്ച രീതിയില്‍ വിന്യസിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
