കാബൂളില്‍ കുറ്റസമ്മതവുമായി യു എസ് കൊന്നത് ഐ എസ് ഭീകരരെ അല്ല, സിവിലിയന്മാരെ

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ യു എസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഐ എസ് ഭീകരര്‍ അല്ല, നിരപരാധികളായ സിവിലിയന്മാരായിരുന്നുവെന്ന കുറ്റസമ്മതവുമായി അമേരിക്ക. ആഗസ്ത് അവസാനത്തില്‍ കാബൂളില്‍ യു എസ് നടത്തിയ ഡ്രോ ണ്‍ ആക്രമണത്തില്‍ കുട്ടികളടക്കം 10 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ഫ്രാങ്ക് മെക്കന്‍സി പറഞ്ഞു.
കൊല്ലപ്പെട്ടവര്‍ക്ക് ഖുറാസാന്‍ പ്രവിശ്യയിലെ ഐ എസുമായി ബന്ധമുള്ളവരാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവര്‍ ഖുറാസാന്‍ ആസ്ഥാനമായുള്ള ഐ എസിന്റെ ഉപവിഭാഗമായ ഐ എസ് കെ പിയുമായി ബന്ധപ്പെട്ടവരാണെന്ന് യു എസ് മിലിട്ടറി അവകാശപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ നിഷേധിച്ച് രംഗത്തെത്തിയത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും വിശദമായി അന്വേഷിക്കുമെന്നും ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മെക്കന്‍സി മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കന്‍ സേനക്കൊപ്പം പ്രവര്‍ത്തിച്ച അഫ്ഗാന്‍കാരനായ സെമിറൈ അഹ്മദിയും കുടുംബവുമാണ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഐ എസ് ഭീകരരെ കൊന്നുവെന്ന അമേരിക്കയുടെ അവകാശവാദം തെറ്റാണെന്ന് ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
