5 Friday
December 2025
2025 December 5
1447 Joumada II 14

മ്യാന്‍മര്‍: മുസ്‌ലിം വിരുദ്ധ സന്യാസി വിരാതുവിനെ സൈന്യം മോചിപ്പിച്ചു


കുപ്രസിദ്ധ മുസ്‌ലിം വിരുദ്ധ ബുദ്ധമത സന്യാസി വിരാതുവിനെ മ്യാന്‍മര്‍ സൈന്യം മോചിപ്പിച്ചു. മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച സന്യാസിയാണ് വിരാതു. അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട ഓങ് സാന്‍ സൂചിയുടെ സര്‍ക്കാര്‍ ചുമത്തിയിരുന്ന രാജദ്രോഹ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശേഷമാണ് ഇപ്പോള്‍ ജയില്‍ മോചിതനായിരിക്കുന്നത്.
മ്യാന്‍മറില്‍ മതവിദ്വേഷം ഇളക്കിവിടുന്നതിലെ പങ്ക് മുന്‍നിര്‍ത്തി ‘ടൈം മാഗസിന്‍’ അദ്ദേഹത്തെ, ‘ബുദ്ധമത തീവ്രവാദത്തിന്റെ മുഖം’ എന്ന് വിശേഷിപ്പിച്ചിരുന്നു. മുഴുവന്‍ കുറ്റങ്ങളില്‍നിന്നും മുക്തനായ ശേഷം ജയില്‍ മോചിപ്പിക്കപ്പെടുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.
സൈനിക ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നുവെന്ന് അറിയിച്ചെങ്കിലും വിശദാംശങ്ങളൊന്നും സൈന്യം നല്‍കിയിട്ടില്ല.
മന്‍ഡാലയിലെ കേന്ദ്ര നഗരത്തില്‍ നിന്നുള്ള വിരാതു 2001ല്‍ മുസ്‌ലിം വിരുദ്ധ ‘969 സംഘ’ത്തില്‍ ചേരുകയും, 2003 ല്‍ ആദ്യമായി ജയിലിലടക്കപ്പെടുകയും ചെയ്തു. 2010ല്‍ മോചിപ്പിക്കപ്പെട്ടു. പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനിലെ വംശീയ ന്യൂനപക്ഷമായ റോഹിങ്ക്യോ മുസ്‌ലിംകളും ബുദ്ധമതക്കാരും തമ്മില്‍ കലാപം പൊട്ടിപുറപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറമാണ് വിരാതു പ്രശസ്തനാകുന്നത്.
വിരാതു ദേശീയ സംഘടന സ്ഥാപിച്ചിരുന്നു. തുടര്‍ന്ന്, അത് മുസ്‌ലിംകള്‍ക്കെതിരെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നുവന്നു. ഒപ്പം, മതങ്ങള്‍ക്കിടയിലെ വിവാഹം സങ്കീര്‍ണമാക്കുന്ന നിയമങ്ങളില്‍ സ്വാധീനം ചെലുത്തുന്നതിലും വിജയിച്ചു. 2017 ല്‍ മ്യാന്‍മര്‍ ഉന്നത ബുദ്ധമത അധികാരികള്‍ അധിക്ഷേപ ഭാഷണത്തിന്റെ പേരി ല്‍ ഒരു വര്‍ഷത്തിന് അദ്ദേഹത്തെ പ്രസംഗിക്കുന്നതിന് വിലക്കിയിരുന്നു. 2018 ല്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അടച്ചപൂട്ടുകയും ചെയ്തിരുന്നു.

Back to Top