29 Sunday
June 2025
2025 June 29
1447 Mouharrem 3

അധ്യാപകന്‍ എന്ന പ്രചോദകന്‍

സി കെ റജീഷ്‌


കടലോര ഗ്രാമമായ രാമേശ്വരത്തെ എലിമെന്ററി സ്‌കൂള്‍. അവിടെ അഞ്ചാം ക്ലാസില്‍ ശാസ്ത്രം പഠിപ്പിച്ചിരുന്ന അധ്യാപകനായിരുന്നു ശിവസുബ്രഹ്മണ്യ അയ്യര്‍. പക്ഷികള്‍ പറക്കുന്നതെങ്ങനെയാണെന്ന് അഞ്ചാം ക്ലാസുകാര്‍ക്ക് അദ്ദേഹം ക്ലാസ്സെടുത്തുകൊണ്ടിരുന്നു. ആ ക്ലാസിലെ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു എ പി ജെ അബ്ദുല്‍കലാം. പക്ഷി ആകാശത്തിലേക്ക് പറന്നുയരുന്നതിന്റെ ചിത്രങ്ങള്‍ ബോര്‍ഡില്‍ വരച്ച് അധ്യാപകന്‍ വിശദീകരിക്കുന്നു. പാഠഭാഗം പൂര്‍ത്തിയാക്കിയ ശേഷം എല്ലാവര്‍ക്കും മനസ്സിലായോ എന്ന് അധ്യാപകന്‍ ചോദിച്ചു.
കലാം അടക്കമുള്ള വിദ്യാര്‍ഥികള്‍ പാഠം മനസ്സിലായില്ലെന്ന് പറഞ്ഞു. അധ്യാപകന്‍ നിരാശനായില്ല. അദ്ദേഹം വിദ്യാര്‍ഥികളെയും കൂട്ടി കടല്‍ത്തീരത്തേക്ക് പോയി. പക്ഷികള്‍ ചിറകു വിരിക്കുന്നതിന്റെയും പറന്നുയരുന്നതിന്റെയും ദൃശ്യങ്ങള്‍ അവര്‍ നേരില്‍ കണ്ടു. അതിന്റെ ശാസ്ത്രീയ വശം അബ്ദുല്‍ കലാമിന്റെ മനസ്സിലും പതിഞ്ഞു. പഠിച്ചു വളര്‍ന്ന് അബ്ദുല്‍ കലാം ശാസ്ത്ര പ്രതിഭയായി മാറി. മദ്രാസ് ഐ ഐ ടിയില്‍ എയര്‍നോട്ടിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ ചേര്‍ന്നു. അതിനെല്ലാം പ്രചോദനമായിത്തീര്‍ന്നത് ശിവസുബ്രഹ്മണ്യ അയ്യര്‍ എന്ന അധ്യാപകനായിരുന്നുവെന്ന് കലാം പറഞ്ഞിട്ടുണ്ട്.
ഓരോ മികച്ച അധ്യാപകനും തന്നേക്കാള്‍ മികച്ച വിദ്യാര്‍ഥിയെയാണ് ലോകത്തിന് സമ്മാനിക്കുന്നത്. അധ്യാപകന്‍ തലമുറകള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുന്നവര്‍ മാത്രമല്ല. ജീവിതത്തിന് ദിശാബോധം നല്‍കുന്ന ഗുണകാംക്ഷികള്‍ കൂടിയാണ്. നമ്മുടെ ജീവിതത്തെ പരിവര്‍ത്തിപ്പിക്കാനും, ചിന്തയെ സ്വാധീനിക്കാനും അധ്യാപകര്‍ക്ക് കഴിയുമ്പോഴാണ് അവര്‍ ആദരവിന് അര്‍ഹരാവുന്നത്. ഡോ. എസ് രാധാകൃഷ്ണന്‍ പറഞ്ഞ ഒരു കാര്യമാണ് ഓര്‍മ വരുന്നത്: വിദ്യാര്‍ഥികളെ യുക്തിപൂര്‍വം ചിന്തിക്കാന്‍ പഠിപ്പിക്കുന്നവനാണ് യഥാര്‍ഥ അധ്യാപകന്‍.
1957-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച എഴുത്തുകാരനായിരുന്നു അല്‍ബേര്‍ കമ്യൂ. ബാല്യത്തിലേ അച്ഛന്‍ മരിച്ചു. രോഗിയായ മാതാവിന്റെ കൂടെ ദാരിദ്ര്യം നിറഞ്ഞ ജീവിതമായിരുന്നു പിന്നീട്. നിരാശ അദ്ദേഹത്തെ തളര്‍ത്തിയെങ്കിലും ആത്മവിശ്വാസം പകര്‍ന്ന് കൂടെ നില്‍ക്കാന്‍ ഒരു അധ്യാപകനുണ്ടായിരുന്നു. ലൂയി ജര്‍മന്‍ എന്ന മാതൃകാ അധ്യാപകനാണ് കമ്യു എന്ന കുട്ടിയിലെ പ്രതിഭ തിരിച്ചറിഞ്ഞത്. ലോകമറിയുന്ന എഴുത്തുകാരന്‍ എന്ന ഖ്യാതി നേടി നോബെല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. പുരസ്‌കാര വാര്‍ത്തയറിഞ്ഞയുടന്‍ തന്റെ പ്രിയ ഗുരുനാഥന് സ്നേഹാലിംഗനം നല്‍കുന്ന വരികള്‍ കമ്യു കത്തില്‍ കുറിച്ചിട്ടു: ”താങ്കളുടെ സ്നേഹവായ്പില്ലായിരുന്നെങ്കില്‍ ജീവിക്കാനുള്ള പ്രചോദനം തന്നെ നഷ്ടപ്പെട്ടപോകുമായിരുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും അങ്ങയോട് എന്നും കടപ്പെട്ടിരിക്കുന്ന വിദ്യാര്‍ഥിയാണ് ഞാന്‍.”
സാങ്കേതിക വിദ്യയുടെ വികാസം അറിവുനേടാനുള്ള അവസരങ്ങളെ സൃഷ്ടിച്ചു. എങ്കിലും അധ്യാപകന് അനല്പമായ പങ്ക് തന്നെയാണ് നിര്‍വഹിക്കാനുള്ളത്. നമ്മുടെ അറിവിന്റെ പരിമിതിയെ സംബന്ധിച്ച തിരിച്ചറിവാണ് കൂടുതല്‍ അറിവന്വേണങ്ങളിലേക്കുള്ള പ്രേരണ. സംശയങ്ങള്‍ ഉണ്ടാകുകയും ജിജ്ഞാസ ഉണരുകയും ചെയ്യുമ്പോഴാണ് നമ്മിലൊരു വിദ്യാര്‍ഥി പിറക്കുന്നത്. വിജ്ഞാനം തേടിപ്പിടിക്കാനുള്ള മനസ്സ് നമുക്കുണ്ടായാല്‍ ജീവിതം തന്നെ പ്രകാശപൂരിതമായിത്തീരും. ‘വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അത് എവിടെ കണ്ടാലും അവന്‍ വീണ്ടെടുക്കട്ട’ എന്നതാണ് പ്രവാചക വചനം.

Back to Top