11 Sunday
January 2026
2026 January 11
1447 Rajab 22

ഏമ്പക്കം

അന്‍സിഫ് ഏലംകുളം


പൊട്ടിയ ഓടിന്റെ
വിടവിലൊപ്പിച്ച എക്‌സറേയില്‍
അച്ഛന്റെ വാരിയെല്ലു പൊട്ടിയത്
പതുങ്ങിയിരിപ്പുണ്ട്

മരണത്തലേന്ന്
പുരട്ടിയുഴിഞ്ഞ തൈലത്തിന്റെ
അസഹ്യമായ ഗന്ധം
മുറി തുറന്നിറങ്ങിയിട്ടേയില്ല

മുറുക്കിത്തുപ്പിയതിന്റെ
ചോപ്പ് മുറ്റം കവിഞ്ഞ്
കണ്ണിലും കയറി
കലങ്ങി മറിയുന്നു

പൊട്ടാറായ
ചെരിപ്പിന്‍ വാറുകള്‍
വിണ്ടകാലുകളോടെ തൊഴുത്തിലും
പറമ്പിലും നടക്കാനിറങ്ങുന്നു

പൊറുതിമുട്ടിയ
ചായപ്പീടിക വെളുപ്പാന്‍ കാലത്ത്
അച്ഛനെ തിരഞ്ഞ് ചൂടുകട്ടനുമായി
ഉമ്മറപ്പടിയിലെത്തുമ്പോള്‍
ഞാനെന്ത് പറയും?

Back to Top