29 Sunday
June 2025
2025 June 29
1447 Mouharrem 3

മുസ്്‌ലിം സ്ത്രീ ഇന്നും പൊതുഇടത്തിനു പുറത്താണ്‌

ഖദീജ മങ്ങാട്ട്‌


ഈയിടെ കേരള രാഷ്ട്രീയത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത വിഷയം മുസ്‌ലിംലീഗ് വിദ്യാര്‍ഥിനി സംഘടനയായ ‘ഹരിത’യെ മരവിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. കേരളത്തിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലെ ഉള്‍പ്പാര്‍ട്ടി വിഷയമായി ഈ സംഭവത്തെ ലഘൂകരിച്ചു കാണാന്‍ മാധ്യമങ്ങളോ രാഷ്ട്രീയ നിരീക്ഷകരോ തയ്യാറാവാതിരുന്നതും ഹരിതയുടെ ദേശീയ നേതാവായ അഡ്വ. ഫാത്തിമ തഹ്‌ലിയയുടെ വാര്‍ത്താസമ്മേളനത്തിനു മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയതും ഇത് ഒരു രാഷ്ട്രീയപാര്‍ട്ടി ‘പൊളിറ്റിക്‌സ്’ എന്നതിനപ്പുറം കേരളത്തിലെ ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങളില്‍ നിരന്തരം ചര്‍ച്ച ചെയ്യേണ്ട വിഷയം എന്നുള്ളതിനാലാണ്.
മുസ്‌ലിംലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി മതന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും ജനാധിപത്യ പ്രക്രിയയില്‍ ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയും പ്രവര്‍ത്തിക്കുന്നതാണ്. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കുള്ളിലെ സ്ത്രീ സമൂഹം ജനാധിപത്യ സംവിധാനങ്ങളുടെ ഭാഗമാണെന്നോ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി അവര്‍ക്ക് ലഭ്യമാകുന്നുണ്ടോ എന്നും മിക്കപ്പോഴും പരിശോധിക്കാറില്ല. ഈ വിഷയം മുന്‍നിര്‍ത്തി മുസ്‌ലിംലീഗിനെ സ്ത്രീവിരുദ്ധ പാര്‍ട്ടിയായി ഇതര വിഭാഗങ്ങള്‍ ആക്ഷേപിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം, വിശിഷ്യാ സ്വാതന്ത്ര്യാനന്തര കേരള രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഒരു കാലത്തും സ്ത്രീകള്‍ക്ക് അനുകൂലമായിരുന്നില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. കേരളം, മുസ്ലിം, സ്ത്രീ എന്ന ഗണത്തിലേക്ക് വരുമ്പോള്‍ ഈ കണക്കുകള്‍ കൂടുതല്‍ നിരാശാജനകമാണെന്നാണ് മനസ്സിലാവുന്നത്.
പൊതുമണ്ഡലത്തിലെ
സ്ത്രീ

ജര്‍മന്‍ തത്വചിന്തകനായ ഹേബര്‍മാസ് ഠവല ടൃtuരൗേൃമഹ ഠൃമിളെീൃാമശേീി ീള വേല ജൗയഹശര ടുവലൃല എന്ന ഗ്രന്ഥത്തില്‍ മനുഷ്യന്റെ സാമൂഹിക ഇടങ്ങളെ പൊതു ഇടം, സ്വകാര്യ ഇടം എന്നിങ്ങനെ രണ്ടായി തരം തിരിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ വ്യാവസായിക വിപ്ലവത്തോടു കൂടി ഉത്പാദനത്തിനുള്ള ഇടം വീടുകളില്‍ നിന്ന് ഫാക്ടറികളിലേക്കു മാറുകയും അത് വരെ വീടുകളില്‍ സ്ത്രീപുരുഷ ഭേദെമന്യേ എല്ലാവരും പങ്കാളികളായ ഉപജീവനമാര്‍ഗത്തിനുള്ള ഉത്പാദനം വീടിനു പുറത്തേക്കു നീങ്ങുകയും ചെയ്തു. വീടുമായി ബന്ധപ്പെട്ട ഇടം (ഡൊമസ്റ്റിക് സ്‌പേസ്) സ്ത്രീകളുടെയും കുട്ടികളുടെയും ഇടമായി മാറുകയും ഉത്പാദനത്തിന്റെ പൂര്‍ണ നിയന്ത്രണം പുരുഷനില്‍ എത്തിച്ചേരുകയും ചെയ്തു. ജോലി ചെയ്തു ക്ഷീണിച്ചു വരുന്ന പുരുഷന് വിശ്രമത്തിനും ആനന്ദത്തിനുമുള്ള ഇടം ആയി വീടകങ്ങള്‍.
വ്യാവസായിക വിപ്ലവം മാനവരാശിയുടെ ചരിത്രത്തിലെ നാഴികക്കല്ലാവുമ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അതുവരെ ഉത്പാദനത്തിന്റെ സകല മേഖലകളിലും തുല്യ പ്രാതിനിധ്യം കിട്ടിയ തങ്ങളെ അതില്‍ നിന്ന് പൂര്‍ണമായി അടര്‍ത്താനും അതോടൊപ്പം തന്നെ വീടകങ്ങളില്‍ തളക്കപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാക്കാനും അത് കാരണമാവുകയും ചെയ്തു.
ഇന്ത്യയിലും കേരളത്തിലും സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ വ്യാവസായിക വിപ്ലവത്തിന് പകരം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചുറ്റുപാടുകളായിരുന്നു ഇന്ത്യന്‍ സാഹചര്യത്തില്‍ പൊതു സ്വകാര്യ ഇടങ്ങളെ നിര്‍ണയിച്ച ഘടകങ്ങളുടെ അടിസ്ഥാനം. ഇന്ത്യന്‍ സ്‌കോളര്‍ ആയ പാര്‍ത്ഥ ചാറ്റര്‍ജി ‘ഠവല ചമശേീിമഹശേെ ഞലീെഹൗശേീി ീള വേല ണീാലി’ െഝൗലേെശീി’ എന്ന ലേഖനത്തില്‍ ഈ വിഷയം വിശദമാക്കുന്നുണ്ട്. മനുഷ്യന്റെ സാമൂഹിക ഇടങ്ങളെ ‘ഭൗതികം’ എന്നും ‘ആത്മീയം’ എന്നും രണ്ടായി തിരിക്കുന്നു. ആരാധിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടേണ്ട, സൂക്ഷിച്ചുവെക്കേണ്ട ‘ആത്മീയ’ ഇടം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന വീടകങ്ങളും എന്നാല്‍ എല്ലാം നിയന്ത്രിക്കുന്ന, പടപൊരുതുന്ന, ‘ആത്മീയ’ ഇടങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്തം പുരുഷന്മാര്‍ ഉള്‍ക്കൊള്ളുന്ന ‘ഭൗതിക’ ഇടത്തിനും ആണ്.
‘ഭാരത് മാതാ’ എന്ന ആരാധിക്കേണ്ടുന്ന ഒരു പ്രതിരൂപത്തിന്റെ പിറവിയും ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. ഇതിന്റെ പ്രഥമ വാക്താക്കളാവട്ടെ 18-19 ാം നൂറ്റാണ്ടുകളിലെ ഹിന്ദു നവോത്ഥാന നായകരും. സ്ത്രീ വിമോചനം ഇവരുടെയൊക്കെ പ്രധാന അജണ്ട ആയിരുന്നു എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
എന്നാല്‍ കേരളത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി പ്രാരംഭഘട്ടത്തിലുള്ള ‘പൊതുമണ്ഡലം’ എന്ന ഒരു ആശയം രൂപപ്പെട്ടു തുടങ്ങിയിരുന്നു എന്ന് ജെ ദേവികയെപ്പോലുള്ള എഴുത്തുകാര്‍ വിശദീകരിക്കുന്നുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള ഒരു സാമൂഹിക വ്യവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി ലിംഗാടിസ്ഥാനത്തിലുള്ള ഒരു സാമൂഹിക ഘടനക്കു പ്രാമുഖ്യം നല്‍കിയ ഒരു സാഹചര്യം രൂപപ്പെടുകയുണ്ടായി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത പൊതു ഇടങ്ങള്‍ ഉണ്ടാവുകയും ‘പൗരുഷ ഗാംഭീര്യം’ നിറഞ്ഞ വിഷയങ്ങളായ രാഷ്ട്രീയം, മതം എന്നിവ പുരുഷന്മാര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഉള്ളവയും ‘സ്‌ത്രൈണ പ്രാധാന്യം’ നിറഞ്ഞ വിഷയങ്ങള്‍ ആയ വിവാഹം, വീട്ടുഭരണം, ഫാഷന്‍ എന്നിവ സ്ത്രീകള്‍ക്ക് ഇടപെടാനും വ്യാപൃതമാവാനും ഉള്ള പൊതുമണ്ഡലത്തിലെ ചര്‍ച്ചാ വിഷയങ്ങളും ആയി.

പൊതു മണ്ഡലത്തിലെ
മുസ്ലിം സ്ത്രീ

എന്നാല്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ ഇത്തരത്തിലുള്ള പൊതുയിടങ്ങളുടെ ഭാഗമായതായി നാളിതുവരെ രേഖകളൊന്നും ലഭ്യമായിട്ടില്ല. അതിനു പ്രധാന കാരണം ഇത്തരത്തിലുള്ള ഇടങ്ങള്‍ ആധുനിക വിദ്യാഭ്യാസം നേടാന്‍ സാഹചര്യം ഉണ്ടായ സ്ത്രീപുരുഷന്മാര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നായിരുന്നു എന്നതാണ്.
അന്നത്തെ മുസ്ലിം സ്ത്രീകളുടെ സാഹചര്യം വളരെ വ്യത്യസ്തമായിരുന്നു. ഔപചാരിക ആധുനിക വിദ്യാഭ്യാസം നേടാന്‍ അന്നത്തെ മുസ്ലിം സ്ത്രീകള്‍ക്ക് സാധിച്ചില്ലെങ്കിലും മദ്‌റസ, ഓത്തുപള്ളി സംവിധാനങ്ങളിലൂടെ ഖുര്‍ആന്‍ പാരായണം ചെയ്യാനും അറബിമലയാളം ഭാഷ കൈകാര്യം ചെയ്യാനും ഒരുപാട് മുസ്‌ലിം സ്ത്രീകള്‍ക്ക് സാധിച്ചിരുന്നു. ഡോ. ഷംസാദ് ഹുസൈനെ പോലുള്ളവരുടെ അഭിപ്രായത്തില്‍ ഇന്നത്തെ മുസ്ലിം സ്ത്രീകളെക്കാള്‍ ഒരു പക്ഷെ പൊതുയിടങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള സാമൂഹിക ചുറ്റുപാടുകള്‍ അന്നത്തെ മുസ്ലിം സ്ത്രീകള്‍ക്കുണ്ടായിരുന്നു. ഔപചാരിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാവാന്‍ പറ്റാതിരുന്നിട്ടും അറബിമലയാളം ഭാഷയില്‍ പാട്ടുകള്‍ എഴുതാനും മറ്റും അവര്‍ക്കു സാധിച്ചിരുന്നു.
മറ്റു സമുദായങ്ങളിലെ വളരെ ചുരുക്കം സ്ത്രീകള്‍, പ്രത്യേകിച്ച് ഉയര്‍ന്ന സാമ്പത്തിക നിലയിലുള്ളവര്‍ മാത്രം, വിദ്യാഭ്യാസം നേടിയപ്പോള്‍ മുസ്ലിം സ്ത്രീകള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അക്ഷരങ്ങളുടെ ലോകത്തിന്റെ ഭാഗമായി. സ്ത്രീകള്‍ എഴുതിയ പാട്ടുകളുടെ ക്രോഡീകരണമായിരുന്ന ‘സബീന ഏടുകള്‍’ അക്കാലത്തു വളരെ പ്രചാരം നേടിയ ഒന്നായിരുന്നു എന്ന് ഷംസാദ് ഹുസൈന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പാട്ടെഴുതുകയും അവ പാടുകയും ചെയ്യുന്നവരെ പാട്ടുകാരികള്‍ എന്നു വിളിക്കുകയും അവര്‍ കല്യാണം, കാതുകുത്തു കല്യാണം, സുന്നത്തു കല്യാണം തുടങ്ങി സാമൂഹിക ഒത്തുചേരലുകളുടെ ഒക്കെ അവിഭാജ്യ ഘടകങ്ങളായിരുന്നു എന്നും അവര്‍ പറയുന്നു. പാട്ടുകാരികള്‍ക്ക് സമൂഹത്തില്‍ വളരെ ആദരണീയമായ ഒരു സ്ഥാനം ലഭിച്ചിരുന്നു.
അറിഞ്ഞോ അറിയാെതയോ സ്ത്രീകള്‍ തങ്ങള്‍ക്കു ലഭിച്ച പൊതു ഇടങ്ങള്‍ ഫലവത്തായി ഉപയോഗിക്കാനും അതിനേക്കാളുപരി ആ സമൂഹത്തിലെ ആണുങ്ങള്‍, പ്രത്യേകിച്ച് മുസ്ലിം ആണുങ്ങള്‍ സ്ത്രീകളുടെ സാമൂഹിക കര്‍ത്തവ്യം അംഗീകരിക്കാന്‍ തയ്യാറായി എന്നതും അങ്ങേയറ്റം ശ്രദ്ധേയമാണ്.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയും കേരളസമൂഹത്തില്‍ പൊതുവില്‍ മിക്ക സാമുദായിക വിഭാഗങ്ങള്‍ക്കുള്ളിലും നവോത്ഥാന ആശയങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നു. മുസ്ലിം നവോത്ഥാനം കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ പ്രതിച്ഛായ മാറ്റുന്നതിലും അവരെ പുരോഗമനത്തിന്റെ പാതയിലേക്ക് നയിക്കുന്നതിലും വഹിച്ച പങ്ക് അനിഷേധ്യമാണ്. നവോത്ഥാന പ്രക്രിയയുടെ പ്രാമാണികതയും ആശയപരതയും ഈ അവസരത്തില്‍ ചര്‍ച്ചാ വിധേയമാക്കുന്നില്ലെങ്കിലും ഈ പ്രോജക്ടിന്റെ പ്രധാന വിഷയം സ്ത്രീകള്‍ തന്നെയായിരുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
ആധുനിക വിദ്യാഭ്യാസം നേടാനുള്ള ഭൗതിക സാമൂഹ്യ സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്ക് ഒരുക്കിക്കൊടുക്കുന്നതില്‍ മുസ്ലിം നവോത്ഥാനം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അതിലൂടെ കേരളത്തിലുടനീളം മുസ്ലിംസ്ത്രീകള്‍ സ്‌കൂളിലും കോളജുകളിലും പഠിക്കാന്‍ പോവുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ഇതെല്ലം തന്നെ പുരുഷന്മാരായ നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലം കൊണ്ടാണ്. ഈ പ്രസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് നേരിട്ട് കര്‍തൃത്വം ഉണ്ടാവുകയോ തങ്ങള്‍ക്കു ഈ സമൂഹത്തിലുള്ള സ്ഥാനം വെറും വിദ്യാഭ്യാസത്തില്‍ ഒതുങ്ങുന്ന ഒന്നല്ല എന്ന് ബോധ്യപ്പെടുത്താനുമുള്ള സാഹചര്യം അക്കാലത്തുണ്ടായിട്ടില്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെ വരവിനു മുമ്പ് സ്ത്രീകള്‍ക്കു ലഭിച്ച പല പൊതു ഇടങ്ങളും കര്‍തൃത്വവും പിന്നീട് സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടു എന്നുള്ളതും ചരിത്ര വസ്തുതയാണ്.
മൊലാച്ചിമാരും, പാട്ടുകാരികളും, ഒരു പരിധി വരെ ബീവിമാരും ഒക്കെ വിസ്മൃതിയിലേക്ക് മായ്ക്കപ്പെട്ടു. എന്നാലോ അതിനു പകരമായി മറ്റു പൊതു ഇടങ്ങള്‍ ഒന്നും തന്നെ ലഭ്യമാവുകയും ചെയ്തില്ല. ആധുനിക വിദ്യാഭ്യാസം ലഭിച്ചതിലൂടെ മുസ്ലിം സ്ത്രീകള്‍ അധ്യാപനം എന്ന തൊഴിലാണ് മുഖ്യമായും ചെയ്തത്. സ്ത്രീകള്‍ക്ക് ‘ചേര്‍ന്ന അടക്കവും ഒതുക്കവും’ ഉള്ള തൊഴിലിടമായി അധ്യാപനം ഇന്നും കണ്ടു വരുന്നു എന്നുള്ളതു സ്ത്രീകളുടെ ശാക്തീകരണവുമായി ഏത് പരിധി വരെ ഇത് ഇന്ന് കണക്കാക്കാം എന്നുള്ളതും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.
മലയാളി മുസ്ലിം സ്ത്രീയും
കേരള മോഡലും

തൊണ്ണൂറുകളിലെ കൊട്ടിഘോഷിക്കപ്പെട്ട ‘കേരള മോഡല്‍ ഓഫ് ഡെവലപ്‌മെന്റ്’ കേരളത്തിന് ലോക വികസന സൂചികയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കി. കേരള സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങളില്‍ വികസിച്ചുവന്ന സവിശേഷമായ സാമൂഹ്യ സാമ്പത്തിക അവസ്ഥാ വിശേഷത്തിനും അതിലേക്കു നയിച്ച നയങ്ങള്‍ക്കും നല്‍കിയ പേരാണ് കേരളാ മോഡല്‍. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ ഉയര്‍ന്ന നിലവാരവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഈയടുത്ത കാലത്തായി നടന്ന നിരവധി പഠനങ്ങള്‍ തെളിയിക്കുന്നത് ശാക്തീകരണം എന്നത് ഒരു ഏകാത്മകത്വം ആയ പ്രോസസ്സ് അല്ല എന്ന താണ്. കേരളത്തിലെ സ്ത്രീകളെ പൊതുവായി കണക്കാക്കുമ്പോഴും മുസ്ലിം സ്ത്രീകള്‍ പല അടിസ്ഥാന വികസന സൂചികകളിലും പിന്നിലാണ്. സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്ന മുസ്ലിം സ്ത്രീകള്‍ കണക്കുകളില്‍ മുന്നിലാണെങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസ മേഖലകളില്‍ അവരുടെ സാന്നിധ്യം തുലോം കുറവാണ്. വിദ്യാഭ്യാസം നേടിയ പലരും വിവാഹത്തോട് കൂടി വീടകങ്ങളില്‍ ഒതുങ്ങിക്കൂടുന്നു.
കോഴിക്കോട് ജില്ലയില്‍ നടത്തിയ സര്‍വേ പ്രകാരം മുസ്‌ലിം സ്ത്രീകള്‍ പൊതുവില്‍ ‘കേരള മോഡലി’ന്റെ ഭാഗമേ അല്ലായിരുന്നു എന്ന് മനസ്സിലാകുന്നു. മുസ്ലിം സ്ത്രീകളില്‍ രണ്ടു ശതമാനം മാത്രമാണ് ഹയര്‍ സെക്കണ്ടറിക്കു മുകളില്‍ പഠിച്ചവര്‍. ഇതില്‍ പലരും ഇഷ്ടപ്പെട്ട കോഴ്‌സ് തിരഞ്ഞെടുക്കാന്‍ സാധിക്കാത്തവരും രക്ഷിതാക്കളുടെ നിര്‍ബന്ധപ്രകാരം വിവാഹമാര്‍ക്കറ്റുകളില്‍ സാധ്യതയേറിയ കോഴ്‌സുകള്‍ തിരഞ്ഞെടുത്തവരുമാണ്. കോഴ്‌സ് പൂര്‍ത്തീകരിച്ചവരില്‍ തൊണ്ണൂറു ശതമാനത്തിലേറെയും ജോലിക്കു പോവാത്തവരാണ്.
പൊതു തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ മത്സരിക്കുന്നത് അത്യാവശ്യമാണെന്ന് പകുതിയിലേറെ സ്ത്രീകളും അവകാശപ്പെടുമ്പോള്‍ നല്ലൊരു ശതമാനവും തങ്ങള്‍ ആര്‍ക്കു വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത് വീട്ടിലെ പുരുഷന്മാരാണെന്ന് പറയുന്നു.
കേരളത്തിലെ മുസ്ലിം സ്ത്രീകളെ, ഒരുപോലെ കേരള സമൂഹത്തിന്റെയും മുസ്ലിം സമുദായത്തിന്റെയും ഭാഗമായായി കണക്കാക്കേണ്ടതുണ്ട്. ഒരു ജനാധിപത്യ രാജ്യത്തെ പൗര എന്നുള്ള നിലക്ക് അവളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്ന് അവളെ തടയാന്‍ പറ്റില്ല. അതുപോലെ ഇസ്ലാം അനുവദിച്ച മതപരമായ സ്വാതന്ത്ര്യം ആസ്വദിക്കാനും അതനുസരിച്ചു ജീവിക്കാനും അവള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ പുരുഷ മേധാവിത്വം മുസ്ലിം സ്ത്രീയുടെ ഈ രണ്ടു ഐഡന്റിറ്റികളും അവര്‍ക്കനുവദിച്ചുനല്‍കിയ അവകാശങ്ങളെ അംഗീകരിക്കാന്‍ ഇന്നും പലപ്പോഴും തയ്യാറല്ല എന്നുള്ളത് വളരെ അധികം ഖേദകരമാണ്.
സ്ത്രീയെ ഭാരത മാതാവായി കണ്ട മനോഭാവവും, സ്ത്രീ പുരോഗതിയിലേക്ക് പോവേണ്ടത് തങ്ങള്‍ നിശ്ചയിച്ച റൂട്ട് മാപ്പിലൂടെ ആണെന്ന ആശയങ്ങളും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരേ നാണയങ്ങളുടെ രണ്ടു വശങ്ങള്‍ മാത്രമാണ്. വീടകങ്ങളെ മഹത്വവത്കരിക്കുന്നതും സ്ത്രീ കര്‍തൃത്വത്തെ അനാവശ്യവും മോശവും ആയി ചിത്രീകരിക്കുന്നതും കാലാകാലങ്ങളായി പുരുഷന്മാര്‍ സമൂഹത്തിലും സമുദായത്തിലും സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആണധികാരത്തിനു വെല്ലുവിളിയില്ല എന്ന് ഉറപ്പിക്കാന്‍ കൂടി വേണ്ടിയാണ്. അധികാരം എന്നും പുരുഷന്റെ മേഖലയാണ്. അതിനു കോട്ടം തട്ടും എന്ന് വരുമ്പോള്‍ സ്ത്രീകളെ വിസിബിലിറ്റിയില്‍ നിന്ന് മാറ്റുക എന്നുള്ള ആദ്യ പടി അവര്‍ സ്വീകരിക്കുന്നു.
മുസ്ലിം രാഷ്ട്രീയപ്രസ്ഥാനങ്ങളിലോ മറ്റു സാമുദായിക പ്രസ്ഥാനങ്ങളിലോ (സ്ത്രീകള്‍ക്കായി പ്രത്യേകം ഉള്ളവയല്ല), മഹല്ല് കമ്മിറ്റികളിലോ സ്ത്രീകള്‍ വിരളമാവുന്നതും വെറും പ്രാതിനിധ്യത്തില്‍ ഒതുങ്ങുന്നതും അവര്‍ക്ക് ഖദീജ(റ)യുടെയോ ആയിശ(റ)യുടെയോ ചരിത്രം അറിയാഞ്ഞിട്ടല്ല. ഒരുവേള ‘ഹരിത’ വിഷയത്തില്‍ സംഭവിച്ചതും അത് തന്നെയാണ്. സ്വത്വ ബോധമുള്ള സ്ത്രീ എന്നും പുരുഷാധികാരത്തിനു വെല്ലുവിളിയാണ്. അഡ്വ. തഹ്‌ലിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ പോലെ ഗുരുതര പരാതി എം എസ് എഫിലെ പുരുഷന്മാര്‍ക്ക് നേരെ ഉയര്‍ത്തിയിട്ടും തങ്ങളുടെ ഭാഗത്തു ന്യായമുണ്ടായിട്ടും തങ്ങള്‍ക്കു പാര്‍ട്ടിയില്‍ നിന്ന് സ്വാഭാവിക നീതി ലഭിച്ചില്ല എന്നുള്ളത് ഇന്നത്തെ കാലത്തെ പുരുഷാധികാര സമൂഹത്തില്‍ നിന്ന് ലഭിക്കാവുന്ന ഏറ്റവും ‘സ്വാഭാവികമായ’ സമീപനം തന്നെയാണ്.

Back to Top