8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

എല്ലാം പരസ്യമാക്കരുത്‌

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറയുന്നതായി ഞാന്‍ കേട്ടു: എന്റെ സമുദായം മുഴുവന്‍ പാപസുരക്ഷിതരാണ്; പരസ്യപ്പെടുത്തുന്നവരൊഴികെ. പരസ്യപ്പെടുത്തുന്നവരില്‍ ചിലരുണ്ട്, ഒരാള്‍ രാത്രിയില്‍ തെറ്റ് ചെയ്യുന്നു. അല്ലാഹു അവന്റെ പാപത്തെ മറച്ചുപിടിക്കുന്ന അവസ്ഥയിലാണ് അവന്‍ നേരം വെളുക്കുന്നത്. എന്നാല്‍ രാവിലെ ആയാല്‍ അവന്‍ പറയും: ഇന്നലെ രാത്രി ഞാന്‍ ഇന്നയിന്ന കാര്യങ്ങളൊക്കെ ചെയ്തു എന്ന്. അവന്റെ റബ്ബ് രാത്രിയില്‍ അതിനെ രഹസ്യമാക്കിയെങ്കിലും അവന്‍ രാവിലെ അതിനെ വെളിവാക്കുന്നു. (ബുഖാരി, മുസ്‌ലിം)

ജീവിതത്തില്‍ അബദ്ധം സംഭവിക്കുക എന്നത് മനുഷ്യസഹജമായ ദൗര്‍ബല്യമാകുന്നു. എന്നാല്‍ ആ തെറ്റുകള്‍ മറച്ചുപിടിക്കുകയും അവയില്‍ നിന്ന് പാപമോചനം തേടുകയും ചെയ്യുന്നതാണ് ഉത്തമ സ്വഭാവഗുണം. അത്തരമാളുകളുടെ സംരക്ഷണം അല്ലാഹുവിന്റെ ബാധ്യതയാകുന്നു. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് ബോധമുണ്ടാവുകയും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളാരായുകയും അതിനായി റബ്ബിനോട് കരഞ്ഞ് പ്രാര്‍ഥിക്കുകയും ചെയ്യുന്നത് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന പ്രവൃത്തിയുമാണ്.
എന്നാല്‍ ജനങ്ങളുടെ മുന്നില്‍വെച്ച് പരസ്യമായി തെറ്റുചെയ്യുകയും രഹസ്യമായി ചെയ്ത പാപങ്ങളെപ്പോലും ജനമധ്യത്തില്‍ വിളിച്ചു പറയുകയും ചെയ്യുന്നതിനേക്കാള്‍ വലിയ അപരാധം മറ്റെന്തുണ്ട്? അല്ലാഹുവിന്റെ കല്പനകളെ നിസ്സാരമായി കാണുന്നവര്‍ക്കേ അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. ആരുമറിയാതെ ചെയ്തുപോയ പാപങ്ങള്‍ മറച്ചുവെക്കാന്‍ അല്ലാഹു തയ്യാറാണെന്നിരിക്കെ, അവ നേരം വെളുത്തപ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറയുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ ലജ്ജയില്ലാത്തവരാകുന്നു. അത്തരക്കാര്‍ അല്ലാഹുവിന്റെ സുരക്ഷിത വലയത്തിന് പുറത്താണെന്ന് ഈ നബിവചനം സന്ദേശം നല്‍കുന്നു.
പാപങ്ങളില്‍ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നതിനു പകരം അത് പരസ്യപ്പെടുത്തുക എന്നത് ധിക്കാരവും അഹങ്കാരവുമത്രെ. സ്വയം വഷളാവുകയും നാശത്തിലേക്ക് കൂപ്പുകുത്തുകയുമാണവര്‍. കാരണം, സമൂഹ സുരക്ഷയ്ക്കായി അല്ലാഹു ഉണ്ടാക്കിയ നിയമനിര്‍ദേശങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണവര്‍ തിന്മകളെ പരസ്യപ്പെടുത്തുന്നത്. സമൂഹത്തില്‍ തിന്മ പ്രചരിക്കുന്നതിന് കാരണമാവുന്ന ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍, അല്ലാഹുവിന്റെ സംരക്ഷണ ബാധ്യതയില്ലാത്തവരാണെന്ന് ഈ തിരുവചനം പഠിപ്പിക്കുന്നു.
”തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു, അവര്‍ അറിയുന്നില്ല” (24:19) എന്ന വിശുദ്ധ ഖുര്‍ആന്റെ പരാമര്‍ശം ശ്രദ്ധേയമാകുന്നു. വളരെ പൈശാചികമായ ഇത്തരം ദുര്‍വൃത്തികളില്‍ നിന്നൊഴിഞ്ഞുനില്‍ക്കാനുള്ള പ്രേരണയാണീ നബിവചനം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x