24 Tuesday
December 2024
2024 December 24
1446 Joumada II 22

യാഥാസ്ഥിതികതയുടെ വകഭേദങ്ങള്‍

പി കെ മൊയ്തീന്‍ സുല്ലമി


ഒരു സംഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണെങ്കില്‍ പ്രസ്തുത സംഘടന അടിസ്ഥാനമുള്ളതും പ്രമാണബദ്ധവുമായിരിക്കും. സമകാലിക മുസ് ലിം സമൂഹത്തില്‍ വിവിധ കക്ഷികളെ അവരുടെ തന്നെ മൗ#ിക രേഖകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണിവിടെ
കേരളത്തില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ പേരില്‍ രൂപീകരിക്കപ്പെട്ട രണ്ട് സംഘടനകളാണ് ഇ കെ വിഭാഗം സുന്നികളും എ പി വിഭാഗം സുന്നികളും. രണ്ട് സംഘടനകളുടെയും ആദര്‍ശങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും എ പി വിഭാഗം സുന്നികള്‍ ഇതര സംഘടനകളോട് വളരെയധികം കാര്‍ക്കശ്യം പുലര്‍ത്തുന്നവരാണ്. മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ അവരുടെ ഭാഷയില്‍ മുബ്തദിഉകളാണ് (അനാചാരക്കാര്‍). അവര്‍ക്കുവേണ്ടി ജനാസ നമസ്‌കരിക്കാന്‍ പാടില്ലായെന്നാണ് എ പി വിഭാഗം സുന്നികളുടെ പക്ഷം.
പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എഴുതുന്നു: ”ഫുഖഹാഅ് മുബ്തദിഇന്റെ മേല്‍ മയ്യിത്ത് നിസ്‌കരിക്കുന്നതിലും ഈ ബഹിഷ്‌കരണ നയം തന്നെയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തം.” (ഫതാവാ മുഹ്‌യിസ്സുന്ന, പേജ് 322)
ഇ കെ വിഭാഗം സുന്നി പ്രവര്‍ത്തകനായ എം എ ജലീല്‍ സഖാഫി പുല്ലാരയുടെ ഫത്‌വ മേല്‍ പറഞ്ഞതിന് വിരുദ്ധവുമാണ്. ”ശഹീദല്ലാത്ത ഏത് മുസ്്‌ലിം മരണപ്പെട്ടാലും അവന്റെ മേല്‍ മയ്യിത്ത് നമസ്‌കാരം നടത്തല്‍ ഫര്‍ള് കിഫായയാണ്. ഇത് മുസ്്‌ലിം ഉമ്മത്തിന്റെ ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ടതാണ്. മുജാഹിദ്, ജമാഅത്തെ ഇസ്്‌ലാമി, തബ്‌ലീഗ്, ആത്മഹത്യ ചെയ്ത മുസ്്‌ലിം ഇവരുടെ മേലിലൊക്കെ മയ്യിത്ത് നിസ്‌ക്കരിക്കല്‍ ഫര്‍ള് കിഫായയാണ്.” (നിസ്സഹകരണം ശരിയും തെറ്റും, പേജ് 14)
സംസ്ഥാന സുന്നികളുടെ ആദര്‍ശപിതാവ് മര്‍ഹൂം വണ്ടൂര്‍ സദഖത്തുല്ല മുസ്‌ലിയാരാണ്. ഇവരുടെ പ്രമാണങ്ങള്‍ എ പി വിഭാഗം സുന്നികളെക്കാള്‍ കടുത്തതും പിന്തിരിപ്പനുമാണ്. ഈ സംഘടനയുടെ പിന്തിരിപ്പന്‍ സ്വഭാവം അവരുടെ പ്രസിദ്ധീകരണമായ നുസ്രത്തുല്‍ അനാമിലെ ഫത്‌വകള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും. ഉദാഹരണത്തിന് എല്ലാ മുസ്്‌ലിം സംഘടനകളും ഏകകണ്ഠമായി എതിര്‍ത്തുപോരുന്ന ഒരു വിഷയമാണ് സ്ത്രീധനം. നുസ്രത്തുല്‍ അനാമില്‍ അത് സംബന്ധമായി വന്ന ഒരു ചോദ്യവും മറുപടിയും ശ്രദ്ധിക്കുക:
”ഈയിടെ ചില പത്രപംക്തികളിലെല്ലാം പ്രത്യക്ഷപ്പെട്ട സ്ത്രീധന നിരോധനത്തെ സംബന്ധിച്ച് നുസ്‌റത്തിന്റെ നിലപാടെന്താണ്? ഉത്തരം: സ്ത്രീധനം ഇസ്‌ലാമില്‍ അനുവദനീയമാണെന്ന് കാര്യകാരണസഹിതം തെളിയിച്ചുകൊണ്ട് എന്‍ കെ മുഹമ്മദ് മൗലവി എഴുതിയ ലേഖനം മുമ്പ് നുസ്രത്ത് പ്രസിദ്ധം ചെയ്തിട്ടുണ്ട്.” (ഫതാവാ നുസ്രത്തില്‍ അനാം, പുസ്തകം 1, പേജ് 73,74)
മറ്റൊരു മസ്്അലയും ഉത്തരവും ശ്രദ്ധിക്കുക: ”ഖുര്‍ആന്‍ പരിഭാഷ ജന്മംകൊണ്ടിട്ട് എത്ര കാലമായി എന്ന് പറയാമോ? ഉത്തരം: റോബര്‍ട്ട് എന്ന ക്രിസ്ത്യാനിയാണ് ഒന്നാമതായി ലത്തീന്‍ ഭാഷയിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്തത്” (ഫതാവാ നുസ്രത്തുല്‍ അനാം, പുസ്തകം 1, പേജ് 47-49) (ഖുര്‍ആന്‍ പരിഭാഷപ്പെടുത്തല്‍ ഹറാമാണെന്നാണ് ഫത്‌വ. ചോദ്യവും ഉത്തരവും ദീര്‍മായതിനാല്‍ ചുരുക്കിയതാണ്.)
ഇന്ന് ഖുര്‍ആന്‍ പരിഭാഷപ്പെടുത്താത്ത ഒരു മുസ്‌ലിം സംഘടനയുമില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നബി(സ) എഴുത്തും വായനയും അറിയാത്ത ഉമ്മിയ്യ് ആയിരുന്നു. അതുകൊണ്ട് നമ്മുടെ സ്ത്രീകളും നിര്‍ബന്ധമായും എഴുത്തും വായനയും അറിയാത്തവരായിരിക്കണമെന്നാണ് ഇവരുടെ പക്ഷം. ”റസൂലിന്(സ) അത് (എഴുത്തും വായനയും) തടയപ്പെടാന്‍ വല്ല കാരണവും പറയാനുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് അത് തടയപ്പെടാനും കാരണങ്ങള്‍ പറയാനുണ്ട്.” (നുസ്‌റത്തുല്‍ അനാം, പുസ്തകം 1, പേജ് 132)
നഹ്‌സ് (ശകുനം) നോക്കല്‍ പോലുള്ള സമസ്തക്കാരില്‍ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന പല അന്ധവിശ്വാസങ്ങള്‍ക്കും മാര്‍ക്കറ്റുണ്ടാക്കുന്നവരാണിവര്‍. ഒരു ചോദ്യവും ഉത്തരവും ശ്രദ്ധിക്കുക: ”മുസ്‌ലിംകളുടെ ഇടയില്‍ പ്രചാരമുള്ളതും പഴയ ആളുകള്‍ കൂടുതല്‍ ശ്രദ്ധിച്ചു വരുന്നതുമായ നഹ്‌സിനെ സംബന്ധിച്ച് വളരെ ആക്ഷേപിച്ചും അത് ജൂതരുടെ വിശ്വാസമാണെന്നും ഇയ്യിടെ കാവനൂര്‍ ജംഇയ്യത്തുല്‍ ഉലമായുടെ ഒരു പ്രസ്താവന പത്രങ്ങളില്‍ കണ്ടു. തുടര്‍ന്ന് മുജാഹിദുകള്‍ അത് പൊക്കിപ്പിടിച്ചുകൊണ്ട് സുന്നികളെ പരിഹസിക്കുന്ന ഒരു നോട്ടീസും ഇറക്കുകയുണ്ടായി. അതിനാല്‍ നഹ്‌സിനെക്കുറിച്ച് ലക്ഷ്യസഹിതം ഒരു വിശദവിവരം നല്‍കാന്‍ അപേക്ഷിക്കുന്നു. ഉത്തരം (ചുരുക്കി): ചൊവ്വാഴ്ച രക്തദിനമാണ്. ആ ദിവസത്തില്‍ ഒരു സമയമുണ്ട്. ആ സമയത്ത് രക്തം നില്‍ക്കുകയില്ലെന്ന് റസൂല്‍(സ) പറഞ്ഞതനുസരിച്ച് അബൂബകറത്ത്(റ) ചൊവ്വാഴ്ച കൊമ്പുവെക്കല്‍ നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദ് രിയാവത്ത് ചെയ്തിട്ടുണ്ട്.” (ഫതാവാ നുസ്‌റത്തുല്‍ അനാം, പുസ്തകം 4, പേജ് 35-37)
ഇത്തരം നഹ്‌സ് നോക്കുന്ന റിപ്പോര്‍ട്ടുകള്‍ നിര്‍മിതവും ദുര്‍ബലങ്ങളുമാണെന്ന് ഇബ്‌നുതൈമിയ്യ(റ) മജ്മൂഉല്‍ ഫതാവയിലും ഇബ്‌നുല്‍ജൗസി(റ) തദ്കിറത്തുല്‍ മൗദ്വൂആത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. നഹ്‌സ് നോക്കല്‍ ശിര്‍ക്കാണെന്ന് നബി(സ) പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. നഹ്‌സ് നോക്കല്‍ വിശുദ്ധ ഖുര്‍ആനിനും സ്വഹീഹായ ഹദീസുകള്‍ക്കും വിരുദ്ധവുമാണ്. മാലകളിലും മൗലിദുകളിലും ഖുത്ബിയ്യത്തിലും ഒരുപാട് ശിര്‍ക്കുപരമായ വരികളുണ്ട്. അതൊക്കെ ശരിയാണെന്ന് സമസ്തക്കാര്‍ പറഞ്ഞുപോകാറുണ്ടെങ്കിലും സ്ഥാപിക്കാന്‍ മെനക്കെടാറില്ല. എന്നാല്‍ സംസ്ഥാന സുന്നികള്‍ നൂറുശതമാനവും അവയൊക്കെ ശരിയാണെന്ന് സ്ഥാപിക്കുന്നവരാണ്. താഴെ വരുന്ന ചോദ്യവും ഉത്തരവും പരിശോധിച്ചാല്‍ അക്കാര്യം ബോധ്യപ്പെടും.
”ഒഴിഞ്ഞ സ്ഥലത്തിരുന്ന് ശുദ്ധിയോടുകൂടി എന്നെ ആരെങ്കിലും ദൃഢനിശ്ചയത്തോടെ ആയിരം വട്ടം വിളിച്ചാല്‍ ഞാന്‍ ഉടനെ ഉത്തരം ചെയ്യുമെന്ന് മുഹ്‌യിദ്ദീന്‍ ശൈഖ് പറഞ്ഞതായി മുഹ്‌യിദ്ദീന്‍ മാലയിലുണ്ടല്ലോ. അല്ലാഹുവെ കൂടാതെ ശൈഖവര്‍കള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കുമോ? ഉത്തരം: അല്ലാഹുവിന്റെ സമ്മതം കൂടാതെ ഉത്തരം നല്‍കുമെന്ന് മുഹ്‌യിദ്ദീന്‍ ശൈഖ് പറഞ്ഞിട്ടില്ലല്ലോ. മുഹ്‌യിദ്ദീന്‍ മാലയിലും അങ്ങനെയില്ല. എന്നിരിക്കെ, ചോദ്യകര്‍ത്താവിന് അതെങ്ങനെ കിട്ടി എന്നാവോ?” (നുസ്‌റത്തുല്‍ അനാം, പുസ്തകം 4, പേജ് 24,25)
മേല്‍ പറഞ്ഞ ചോദ്യത്തില്‍ ഒരബദ്ധം വന്നിട്ടുണ്ട്. ആയിരം വട്ടം ശൈഖിനെ വിളിച്ചാല്‍ ശൈഖ് ഉത്തരം നല്‍കുമെന്ന് പറഞ്ഞത് മുഹ്‌യിദ്ദീന്‍ മാലയിലല്ല. മറിച്ച്, ഖുത്വ്ബിയ്യത്ത് ബയ്ത്തിലാണ്. അതിന്റെ മറുപടി അബദ്ധം നിറഞ്ഞതുമാണ്. ഒന്ന്, ഖുതുബിയ്യത്ത് ബയ്ത്തില്‍ അല്ലാഹുവിന്റെ സമ്മതത്തോടെ ശൈഖ് മറുപടി പറയും എന്നില്ല. മറിച്ച് ‘അവന്റെ പ്രാര്‍ഥനയുടെ ഫലമായി ഞാനവന് ഉടനെ (ധൃതിയില്‍) ഉത്തരം നല്‍കും’ എന്നാണ്. രണ്ട്, പ്രാര്‍ഥന അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഇബാദത്താണ്. അത് ഖുര്‍ആന്‍ കൊണ്ടും ഹദീസുകൊണ്ടും സ്ഥിരപ്പെട്ടതും മുസ്്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത കാര്യവുമാണ്. മൂന്ന,് അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണ്. നാല്, ഖുതുബിയ്യത്ത് ബയ്ത്തില്‍ പറഞ്ഞത് ആയിരം പ്രാവശ്യം വിളിച്ചാല്‍ ഉത്തരം നല്‍കുമെന്നാണ്. മുഹ്‌യുദ്ദീന്‍ മാലയില്‍ പറഞ്ഞത്, ഒരു പ്രാവശ്യം വിളിച്ചാല്‍ മതിയെന്നാണ്. അതിപ്രകാരമാണ്:
വല്ല നിലത്തിന്നും
എന്നെ വിളിപ്പോര്‍ക്ക്
വായ് കൂടാതുത്തിരം
ചെയ്യും ഞാനെന്നോവര്‍

അഞ്ച്, അല്ലാഹുവിന്റെ അനുവാദത്തോടെ ഉത്തരം നല്‍കുമെന്ന് മുഹ്‌യുദ്ദീന്‍ മാലയിലുമില്ല. ഒരു കളവ് സ്ഥാപിക്കാന്‍ ഒരുമ്പെടുമ്പോള്‍ നിരവധി കളവുകള്‍ പറയേണ്ടിവരും എന്നത് ഒരു വസ്തുത മാത്രമാണ്.
ദീനീരംഗത്ത് ശാസ്ത്രീയമായ ഒരുപാട് അനുഗ്രഹങ്ങള്‍ അല്ലാഹു നമുക്ക് നല്‍കിയിട്ടുണ്ട്. ബാങ്കും ഇഖാമത്തും ജനങ്ങളെ കേള്‍പ്പിക്കാനുള്ള ലൗഡ് സ്പീക്കര്‍ അതില്‍പെട്ടതാണ്. അത് ഉപയോഗിച്ച് ഖുതുബ നടത്തല്‍ ഇവര്‍ക്ക് ഹറാമാണ്. അത് യഥാര്‍ഥ ശബ്ദമല്ല, അതിനാല്‍ അത് ബിദ്അത്താണെന്നാണ് ഇവരുടെ വാദം. ജുമുഅ ഖുതുബക്ക് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടുണ്ടോ എന്ന ചോദ്യത്തിന് നുസ്‌റത്തുല്‍ അനാമില്‍ കൊടുത്ത മറുപടി ശ്രദ്ധിക്കുക:
”ആ യന്ത്രത്തിലൂടെയുള്ള ജുമുഅ ഖുതുബ സ്വഹീഹാവുകയില്ലെന്ന് നുസ്‌റത്ത് പ്രസ്താവിക്കുന്നതാകട്ടെ, ഖുതുബ സ്വഹീഹാകുന്നതിന് ബഹു. ഫുഖഹാഅ് നിര്‍ദേശിച്ച ശര്‍ത്വ് (നിബന്ധന) മൈക്കിലൂടെ നിര്‍വഹിക്കുമ്പോള്‍ നഷ്ടപ്പെടുന്നതു കൊണ്ടാണ്.” (ഫതാവാ നുസ്‌റത്തുല്‍ അനാം, പുസ്തകം 5, പേജ് 85). ശരിയാകാതിരിക്കാന്‍ കാരണം യഥാര്‍ഥ ശബ്ദമല്ല എന്നതാണ്.
അങ്ങനെയെങ്കില്‍ ശ്രവണയന്ത്രം ഉപയോഗിച്ച് ഖുതുബ കേള്‍ക്കുന്നതും കണ്ണടവെച്ച് ഖുര്‍ആന്‍ ഓതുന്നതും സ്വഹീഹാകുമോ? നബി(സ)യും സ്വഹാബത്തും നമസ്‌കരിച്ചിരുന്നത് മണലിലും ഈത്തപ്പനയുടെ പായയിലുമായിരുന്നു. നാം സുജൂദുകള്‍ നിര്‍വഹിക്കുന്നത് ടൈല്‍സ്, മാര്‍ബിള്‍, തുടങ്ങിയവകളിന്മേലാണ്. നമ്മുടെ സുജൂദുകള്‍ സ്വഹീഹാകുമോ?
ഭൂമിയിലെ സകല വസ്തുക്കളെയും അല്ലാഹു മനുഷ്യര്‍ക്കുവേണ്ടി സൃഷ്ടിച്ചതാണ്. അതിന്മേല്‍ നമ്മോട് നിരോധിച്ചവ മാത്രമേ നാം ഉപേക്ഷിക്കേണ്ടതുള്ളൂ. അല്ലാഹു പറയുന്നു: ”ഭൂമിയിലുള്ളത് മുഴുവന്‍ അവന്‍ നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചിരിക്കുന്നു.” (അല്‍ബഖറ). നബി(സ) പറയുന്നു: ”നിങ്ങളുടെ ഭൗതികമായ കാര്യങ്ങള്‍ ഏറ്റവും അറിയുന്നവര്‍ നിങ്ങള്‍ തന്നെയാകുന്നു.” (മുസ്‌ലിം)
മാലകളിലും മൗലിദുകളിലും വന്ന അടിസ്ഥാനരഹിതങ്ങളും അസംഭവ്യങ്ങളുമായ മായാവിക്കഥകള്‍ സ്ഥാപിച്ചെടുക്കാന്‍ പോലും സംസ്ഥാന സുന്നികള്‍ വിശുദ്ധ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. അതില്‍ പെട്ടതാണ് രിഫാഈ ശൈഖിന് പ്രസവിക്കുന്നതിന് മുമ്പുതന്നെ നാല് സ്വര്‍ഗം നല്‍കിയെന്നത്. അതിനെക്കുറിച്ച് നുസ്‌റത്തില്‍ വന്ന ഒരു ചോദ്യവും ഉത്തരവും ഇപ്രകാരമാണ്: ”രിഫാഈ മാലയില്‍ ഇപ്രകാരം ഉണ്ടല്ലോ: അവര്‍ക്ക് നാല് സുവര്‍ഗം കൊടുത്താരെ ഉടനെ ദുനിയാവില്‍ പിറന്ന് വളര്‍ന്നോവര്‍. നാല് സ്വര്‍ഗം കൊണ്ടുള്ള വിവക്ഷ നാല് കവാടം എന്നാണോ? എങ്കില്‍ നാല് കവാടത്തിലൂടെ ഒരാള്‍ എങ്ങനെ കടക്കും? അതോ രിഫാഈ മാല അടിസ്ഥാനരഹിതമോ? ഉത്തരം: റബ്ബിന്റെ മുന്നില്‍ വിചാരണക്ക് നില്‍ക്കുന്നത് ഭയപ്പെട്ട ഓരോരുത്തര്‍ക്കും രണ്ട് സ്വര്‍ഗമുണ്ട്. ഇത് രണ്ടും കൂടാതെ വേറെ രണ്ട് സ്വര്‍ഗവും അവര്‍ക്കുണ്ട്. ആകെ നാല് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചതാണ്.” (ഫതാവാ നുസ്‌റത്തുല്‍ അനാം, പുസ്തകം 4, പേജ് 80-81)
ഇവിടെ സൂറത്തുര്‍റഹ്മാനിലെ 46, 62 വചനങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചിരിക്കുകയാണ്. 46-ാം വചനത്തില്‍ പറഞ്ഞ രണ്ട് സ്വര്‍ഗം ഉന്നതമായ സത്യവിശ്വാസം പുലര്‍ത്തിയവര്‍ക്കുള്ള പ്രതിഫലമാണ്. 62-ാം വചനത്തിലെ രണ്ട് സ്വര്‍ഗം അതിനു താഴെ സത്യവിശ്വാസം പുലര്‍ത്തിയവര്‍ക്കുള്ള പ്രതിഫലവുമാണ്. സ്വര്‍ഗം ഗര്‍ഭാശയത്തിലേക്കല്ല, അല്ലാഹു നല്‍കുന്നത്. മറിച്ച്, അന്ത്യദിനത്തിലാണ്.
അല്ലാഹു പറയുന്നു: ”നിങ്ങളുടെ കര്‍മങ്ങള്‍ക്ക് സമ്പൂര്‍ണമായും പ്രതിഫലം നല്‍കപ്പെടുന്നത് അന്ത്യദിനത്തിലാണ്.” (ആലുഇംറാന്‍ 185). രണ്ട്, അല്ലാഹു പ്രതിഫലം നല്‍കുന്നത് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കല്ല. നന്മ മുന്തി നിന്നവര്‍ക്കാണ്. അല്ലാഹു പറയുന്നു: ”അപ്പോള്‍ ഏതൊരാളുടെ തുലാസ്സുകള്‍ (നന്മയില്‍) ഘനം തൂങ്ങിയോ അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.” (ഖാരിഅ 6,7)

Back to Top