21 Tuesday
October 2025
2025 October 21
1447 Rabie Al-Âkher 28

ചരിത്രം മായ്ക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റം: പ്രൊഫ. ഷിറിന്‍ മൂസ്‌വി ‘1921 മലബാര്‍ സമരം’ ഗ്രന്ഥപരമ്പര: ഒന്നാം വാള്യം പ്രകാശനം ചെയ്തു


കോഴിക്കോട്: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടം നയിച്ച സ്വാതന്ത്ര്യസമര നായകരെ ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മായ്ച്ചുകളയുകയും അധിനിവേശ ശക്തികള്‍ക്ക് പാദസേവ ചെയ്തവരെ ദേശീയ നേതാക്കളായി ചിത്രീകരിക്കുകയും ചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് പ്രശസ്ത ചരിത്രകാരിയും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ പ്രഫസറുമായ ഷിറിന്‍ മൂസ്‌വി.
ആറ് വാള്യങ്ങളിലായി യുവത ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘1921 മലബാര്‍ സമരം’ ഗ്രന്ഥപരമ്പരയിലെ ‘പ്രതിരോധങ്ങളുടെ ചരിത്രവും പ്രത്യയശാസ്ത്രവും’ എന്ന ഒന്നാം വാള്യം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. 1921-ലെ മലബാര്‍ സമരത്തെ കുറിച്ചുള്ള പഠനം കേരള ചരിത്രത്തെ മാത്രമല്ല, ബഹുമുഖ മുന്നേറ്റങ്ങളിലുടെ യാഥാര്‍ഥ്യമായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം കൂടിയാണ് അനാവരണം ചെയ്യുന്നത് എന്ന് പ്രൊഫ. ഷിറിന്‍ മൂസ്‌വി പറഞ്ഞു.
രാജ്യത്തെ പരമോന്നത ചരിത്ര പഠനകേന്ദ്രമായ ഐ സി എച്ച് ആര്‍ ചരിത്രം വളച്ചൊടിക്കുന്നത് ലജ്ജാവഹമാണന്നും മതേതര ബോധമുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും ജനറല്‍ എഡിറ്റര്‍ കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. പ്രകാശന പരിപാടിയില്‍ യുവത ബുക്‌സ് ഡയരക്ടര്‍ പ്രഫ. കെ പി സകരിയ്യ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോ. ഫുക്കാര്‍ അലി പുസ്തകം പരിചയപ്പെടുത്തി. യുവത അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. കെ ടി അന്‍വര്‍ സാദത്ത്, സി ഇ ഒ ഹാറൂന്‍ കക്കാട്, കണ്‍വീനര്‍ പി ടി നൗഫല്‍ പ്രസംഗിച്ചു.

Back to Top