21 Saturday
December 2024
2024 December 21
1446 Joumada II 19

കെ ആര്‍ ഹംസ ഹാജി

വി കെ ജാബിര്‍


പൂനൂര്‍: പ്രദേശത്തും പരിസരങ്ങളിലും ഇസ്‌ലാമിന്റെ ആശയം പ്രചരിപ്പിക്കാന്‍ മുന്നില്‍നിന്നിരുന്ന കോളിക്കല്‍ കെ ആര്‍ ഹംസ ഹാജി (71) നിര്യാതനായി. ഇസ്‌ലാഹി ആദര്‍ശ പ്രബോധന വഴിയില്‍ വിട്ടുവീഴ്ചയില്ലാതെ അദ്ദേഹം ജീവിച്ചു. കുലീനമായ പെരുമാറ്റവും ഹൃദ്യമായ ചിരിയും ആരെയും ആകര്‍ഷിക്കുമായിരുന്നു. ശുദ്ധ പ്രകൃതക്കാരനായതുകൊണ്ട് ആളുകളോട് ഇണങ്ങാനും പിണങ്ങാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നു തോന്നിയിട്ടുണ്ട്. കുട്ടികളോടും ചെടികളോടും വല്ലാത്ത ഇഷ്ടമായിരുന്നു. പള്ളിയിലെത്തുന്ന കുട്ടികള്‍ക്കായി അദ്ദേഹം കാറില്‍ മിഠായിപ്പൊതികള്‍ സൂക്ഷിച്ചുവെക്കുമായിരുന്നു. വീട്ടില്‍ വളര്‍ത്തിയ ചെടികളെ സംരക്ഷിക്കാനും പഴങ്ങള്‍ പറിച്ച് അതിഥികള്‍ക്കു നല്‍കാനും വല്ലാത്ത ഇഷ്ടമായിരുന്നു.
മുജാഹിദ് നേതാക്കളും പണ്ഡിതന്മാരുമായി ഹൃദയ ബന്ധം കാത്തുസൂക്ഷിച്ചു. മുജാഹിദ് സമ്മേളനങ്ങള്‍ ആവേശമായി കൊണ്ടുനടന്ന അദ്ദേഹം, സമ്മേളന നഗരിയില്‍ എത്തിയാല്‍ കാര്യമായി സന്ദര്‍ശിക്കുക പുസ്തക സ്റ്റാളുകളായിരിക്കും. അമൂല്യ ഗ്രന്ഥങ്ങളുടെ നല്ലൊരു ശേഖരം തന്നെ വീട്ടിലുണ്ട്. മുജാഹിദ് പ്രവര്‍ത്തകരെ സംബന്ധിച്ച് പ്രതിസന്ധികളില്‍ ആശ്രയവും ആവേശവുമായി അദ്ദേഹം നിലയുറപ്പിച്ചു. പൂനൂരില്‍ പി സെയ്ദ് മൗലവി നടത്തിയ മതപ്രഭാഷണ പരിപാടിക്കുണ്ടായ പ്രതിസന്ധികള്‍ നീക്കാന്‍ പിന്തുണയുമായി അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. പ്രദേശത്ത് ആദ്യമായി ഈദ്ഗാഹ് സംഘടിപ്പിക്കാന്‍ അദ്ദേഹം മുന്നില്‍ നിന്നു. 1980-കളിലും 90-കളിലും കോളിക്കല്‍ നിരവധി ഇസ്‌ലാഹി പ്രഭാഷണങ്ങള്‍ക്കു നേരെ അതിശക്തമായ കായിക എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നപ്പോഴും ഉറച്ച മതിലായി ഹംസ ഹാജി മുന്നില്‍ നിന്നു.
ഒട്ടേറെ പ്രദേശങ്ങളില്‍ തൗഹീദിന്റെയും മത സ്ഥാപനങ്ങളുടെയും വളര്‍ച്ചക്ക് അദ്ദേഹം കാരണക്കാരനായി. അദ്ദേഹത്തിന്റെ ചുരുട്ടിപ്പിടിച്ച കൈക്കുള്ളില്‍ സംഘാടകര്‍ പ്രതീക്ഷിക്കാത്ത നോട്ടുകെട്ടുകളാകും ഉണ്ടാവുക എന്ന് ഹാജിയെ സന്ദര്‍ശിച്ച നിരവധി പേര്‍ക്ക് അനുഭവമുണ്ടാകും. അര്‍ഹരായവരെ രഹസ്യമായി കണ്ടെത്തി സഹായിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസദാര്‍ഢ്യം രൂപപ്പെടുത്തുന്നതില്‍ ഗുരുനാഥനായ പി പി അബൂബക്കര്‍ ഹാജി വലിയ സ്വാധീനം ചെലുത്തിയിരുന്നു.
കോളിക്കല്‍ മഹല്ല് ജുമാ മസ്ജിദ്, കോളിക്കല്‍ സലഫി മസ്ജിദ്, പൂനൂര്‍ മസ്ജിദുല്‍ മുജാഹിദീന്‍, മങ്ങാട് മഹല്ല് ജുമാ മസ്ജിദ് എന്നിവയുടെ ട്രസ്റ്റിയും കോളിക്കല്‍ സലഫി മദ്‌റസ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. കോളിക്കല്‍ മഹല്ല് ജുമാ മസ്ജിദ്, മങ്ങാട് മഹല്ല് ജുമാ മസ്ജിദ് എന്നിവയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിച്ചു. കോളിക്കല്‍ സലഫി മസ്ജിദിന്റെയും മദ്‌റസയുടെയും നിര്‍മാണത്തില്‍ മുഖ്യ ശക്തിസ്രോതസ്സായി വര്‍ത്തിച്ചു. പൂനൂര്‍ മുബാറക് മദ്‌റസയുടെയും അറബിക് കോളെജിന്റെയും തുടക്കത്തിലും പുരോഗതിയിലും പങ്ക് വഹിച്ചു. ആസിയ കണ്ണങ്കണ്ടിയാണ് ഭാര്യ. മക്കള്‍: ഡോ. അനസ്, ഹാരിസ്, ഡോ. ആശിര്‍, ആയിശ അനീന. അല്ലാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സ്വര്‍ഗീയാനുഭവങ്ങളുടേതാക്കി മാറ്റട്ടെ. (ആമീന്‍)

Back to Top